പെൺപെരുമയുടെ കണ്ണിമുറിയാതെ അറക്കൽ സ്വരൂപം
text_fieldsഅറക്കൽ സ്വരൂപത്തിെൻറ 37ാമത്തെയും പെൺതാവഴിയിൽ 11ാമത്തെയും ബീവി ഇന്നലെ മരണപ്പെട്ടപ്പോൾ പിന്തുടർച്ചയിൽ വീണ്ടും എത്തുന്നത് അവരുടെ ഇളയസഹോദരി ഫാത്തിമ മുത്തുബി. 86കാരിയായ ഫാത്തിമ അറക്കൽ പെൺതാവഴിയുടെ 12ാമത്തെയും സ്വരൂപത്തിെൻറ 38ാമത്തെയും കിരീടാവകാശിയാവുേമ്പാൾ ചരിത്രത്തിൽ അതൊരു വിസ്മയമാണ്. കേരളത്തിലെ യൂറോപ്യന്‍ മേധാവിത്വത്തിനെതിരെ അറബിക്കടലിലെ രാഷ്ട്രാന്തരീയ വാണിജ്യ സ്വാതന്ത്ര്യത്തിനായി ധീരമായി പോരാടിയ മുസ്‌ലിം രാജകുടുംബമാണ് അറക്കല്‍ സ്വരൂപം.
ലക്ഷദ്വീപ് മുതല്‍ ബംഗാള്‍ വരെയുള്ള കടലിടുക്കുകള്‍ ഈ കുടുംബത്തിെൻറ വ്യാപാര സ്വാധീനത്തിലായിരുന്നു. കേരളത്തില്‍ മറ്റാര്‍ക്കുമില്ലാത്ത നാവികപ്പട അറക്കലിന് അന്ന് സ്വന്തം. അറബിക്കടലില്‍ പോർചുഗീസുകാരുടെ നിരന്തര വേട്ടയാടലുകളും അതിനെതിരായ ചെറുത്തുനില്‍പും അരങ്ങേറിയ 16ാം നൂറ്റാണ്ടില്‍ അറക്കല്‍ സ്വരൂപത്തിെൻറ നാവികശേഷി മാതൃരാജ്യത്തിന് വേണ്ടുവോളം ഉപയോഗപ്പെട്ടു. പടയോട്ടത്തിെൻറ കാലം മുതൽ ബീവിമാർ മാറിമാറി ഭരിച്ചിരുന്ന ഗതകാല പ്രൗഢിയിൽ ഇപ്പോഴും പെൺഭരണം തുടരുകയാണ് അറക്കൽ സ്വരൂപത്തിൽ.
പോര്‍ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും അറക്കല്‍ പ്രതാപം തട്ടിയെടുക്കാന്‍ വട്ടമിട്ട് പറന്ന കാലഘട്ടത്തില്‍ ഒരു വലിയ പങ്ക് ബീവിമാരുടെ ഭരണത്തിലായിരുന്നുവെന്നത് കൗതുകകരമാണ്. അറക്കല്‍ സ്വരൂപത്തിലെ വനിത സാരഥ്യത്തിെൻറ സവിശേഷമായ മുഖം, മുസ്‌ലിം യാഥാസ്ഥിതിക മനസ്സിനെ മാത്രമല്ല, മുസ്‌ലിംകളിലെ ആധുനിക സ്ത്രീപദവി വാദക്കാരെയും വിസ്മയിപ്പിക്കുന്നതാണ്. അറക്കല്‍ സ്വരൂപത്തില്‍ പുരുഷന് നേടിയെടുക്കാനാവാത്ത പലതും സ്ത്രീകള്‍ കരസ്ഥമാക്കി. യുദ്ധവും സന്ധിയും വ്യാപാരവും അന്താരാഷ്ട്ര വിനിമയവും എന്നു വേണ്ട നാട്ടുകോടതികളിലെ നീതിപാലകർ പോലും സ്ത്രീ സാരഥിയുടെ മേല്‍നോട്ടത്തിലായിരുന്നു.
താവഴി സ്ഥാനാരോഹണമെന്ന നിലയിലാണ് ഇന്ന് ബീവിമാരുടെ നിയോഗം. പണ്ടും അങ്ങനെയായിരുന്നെങ്കിലും ഏറ്റവും വലിയ നാട്ടുരാജ്യമെന്ന നിലയില്‍ സാമ്രാജ്യത്വത്തിന് മുന്നിലൂടെ നടന്നുനീങ്ങുകയായിരുന്നു ബീവിമാര്‍. മലബാര്‍ ജോയൻറ് കമീഷന്‍ രേഖയനുസരിച്ച് ബീവി നിശ്ചയിക്കുന്ന മന്ത്രിയോ, മകളുടെ ഭര്‍ത്താവോ ആണ് അന്നത്തെ ചീഫ് ജസ്റ്റിസ്. പണ്ഡിതന്മാരടങ്ങിയ ഒരു ഗ്രൂപ്പാണ് കോടതിയില്‍ ശരീഅത്തിന് വിധേയമായ വിധിന്യായങ്ങള്‍ കെണ്ടത്തിയിരുന്നത്. അതായത്, പണ്ഡിതന്മാര്‍ ബീവിക്ക് കീഴിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥ പദവിയില്‍ മാത്രമാണെന്ന് ചുരുക്കം.
അറക്കല്‍ രാജാക്കന്മാരില്‍ മൂന്നിലൊരാള്‍ എന്ന നിലയിലാണ് ബീവിമാരുടെ ഭരണം. ഇസ്ലാമിൽ അന്യമായ മരുമക്കത്തായ രീതിയാണ് അറക്കല്‍ ദായക്രമമെങ്കിലും പെണ്‍താവഴിയിൽ ഇതൊരു അപൂർവ ശ്രേണിയായി തുടരുന്നു. 17ാം നൂറ്റാണ്ടിെൻറ മുക്കാല്‍ പങ്കും (1777) ഭരിച്ച 19 രാജാക്കന്മാരും പുരുഷന്മാരായിരുന്നു. 17ാം നൂറ്റാണ്ടിെൻറ അവസാനത്തിലും 18ാം നൂറ്റാണ്ടിെൻറ ആദ്യത്തിലുമായി ഡച്ചുകാരോടും പോര്‍ചുഗീസുകാരോടുമായി നീണ്ട ചെറുത്തുനിൽപ് നടത്തി നീണ്ട നാലു പതിറ്റാണ്ടോളം അറക്കലിെൻറ ചെങ്കോലേന്തിയ ജുനൂമ്മബി തങ്കത്താരകമാണ്.
1728ല്‍ അധികാരമേറ്റ ആദ്യത്തെ അറക്കല്‍ ബീവിക്കുതന്നെ (ഹറാബിച്ചി കടവൂബി ആദിരാജ ബീവി- 1728-1732) കൊളോണിയലിസവുമായി കലഹിക്കേണ്ടിവന്നു. സുല്‍ത്താന ഇമ്പിച്ചിബീവി ആദിരാജക്കാണ് നിരന്തരമായ ചെറുത്തുനില്പിെൻറയും നിയമയുദ്ധത്തിെൻറയും കരാര്‍ ലംഘനങ്ങളുടെയും ഒടുവില്‍ ലക്ഷദ്വീപുകള്‍ പൂര്‍ണമായും ഇംഗ്ലീഷുകാര്‍ക്ക് അടിയറവ് പറയേണ്ടി വന്നത്. 1793ല്‍ കണ്ണൂര്‍കോട്ട വളഞ്ഞ് അറക്കല്‍ സൈന്യത്തെ നരനായാട്ട് നടത്തിയപ്പോള്‍ അന്നത്തെ 22ാം കിരീടാവകാശിയായ ജുനൂമ്മാബി ഏറെ പീഡനം സഹിച്ചു. കോട്ടയില്‍ അവര്‍ തടവിലാക്കപ്പെട്ടു. മക്കയിലേക്കുള്ള യാത്രക്കിടയില്‍ കടല്‍ യുദ്ധക്കാര്‍ ബീവിയുടെ മകനെ കൊലചെയ്തു. അറക്കല്‍ ബീവിമാരില്‍ പലരും ദ്വിഭാഷാ നിപുണരായിരുന്നുവെന്ന് ചരിത്രരേഖകളില്‍ കാണാം. ചില ബീവിമാര്‍ ഹിന്ദുസ്ഥാനിയും പേര്‍ഷ്യനും പഠിച്ചവരായിരുന്നു.
22ാം കിരീടാവകാശി ജുനൂമ്മാബി 42 വര്‍ഷവും 24ാം കിരീടാവകാശി ആയിഷബി 24 വര്‍ഷവും 23ാം കിരീടാവകാശി മറിയംബി 19 വര്‍ഷവും അധികാരത്തിലുണ്ടായി. ഇവരുടെ കാലം അറക്കൽ സ്വരൂപത്തിെൻറ വാണിജ്യ, സൈനിക ജീവിതത്തിെൻറ പകിട്ട് നിറഞ്ഞതായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനം തിളച്ചുമറിഞ്ഞപ്പോഴും രാജ്യം സ്വാതന്ത്ര്യത്തിലേക്ക് മുന്നേറിയ വിമോചനപ്പോരാട്ട ഘട്ടത്തിലും അറക്കല്‍ സാരഥ്യം ബീവിമാരുടെ കരങ്ങളിലായിരുന്നു. പുരുഷന് തുല്യമായ നിലയില്‍തന്നെ തങ്ങള്‍ക്ക് കിട്ടിയ അവസരം അവസാനം വരെയും അവര്‍ വിനിയോഗിച്ചു എന്നര്‍ഥം. സ്ത്രീകളെല്ലാം ചേര്‍ന്ന് 150ഒാളം വർഷമാണ് അറക്കല്‍ സ്വരൂപത്തെ നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
