Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right‘മീ ടൂ’: ആഘാതശേഷിയുള്ള ...

‘മീ ടൂ’: ആഘാതശേഷിയുള്ള കാമ്പയിൻ

text_fields
bookmark_border
‘മീ ടൂ’: ആഘാതശേഷിയുള്ള കാമ്പയിൻ
cancel

പാ​​ട്രിയാർക്കൽ ആയ സമൂഹത്തിന്റെ ഒരു വികലവീക്ഷണം ഏറ്റവും സൂക്ഷ്മമായ അംശത്തിൽ വ്യാപകമായി പേറുന്ന മനുഷ്യരാണ് നമ്മൾ.
വിദ്യാഭ്യാസം, പദവി, ബൗദ്ധിക നിലവാരം ഒന്നും ഇക്കാര്യത്തിൽ ഒരു പരിഗണനാ വിഷയമല്ല. നമ്മൾ മാന്യന്മാരെന്ന് കരുതുന്ന പലരുടേയും യഥാർത്ഥ വ്യക്തിത്വം അത്രയും നിഷ്കളങ്കമല്ല എന്നു വെളിപ്പെടുമ്പോൾ അതിനെതിരെയുള്ള ശക്തമായ ഒരു ചൂണ്ടുവിരൽ ആയിത്തീരണം മീ ടൂ കാമ്പയിൻ.

സമൂഹത്തിന്റെ ജാഗ്രതയ്ക്കുള്ള ഒരവസരമായി ഈ മൂവ്മെന്റിനെ കാണാനാവണം. കാരണം ഉണർന്നിരിക്കുന്ന ഒരു സമൂഹത്തിന്, നിലനിൽക്കുന്ന നിയമ സംവിധാനങ്ങളേക്കാൾ പുരോഗമനപരമായും നീതിപൂർവമായും ഇടപെടാനും അതിക്രമങ്ങളെ ചെറുക്കാനും കഴിയും. ഏത് മേഖലയിലായാലും അധികാരം അക്രമത്തിലേക്കോ ചൂഷണത്തിലേക്കോ ഉള്ള വഴിയാണ് തുറക്കുന്നത്. ഇപ്പോൾ ഉയർന്നു വന്ന ആരോപണങ്ങളിലെല്ലാം ആരോപണവിധേയർ ഇരയേക്കാൾ അധികാരം ഉള്ളവരാണെന്ന് കാണാം. ഇരയുടെ ഭാഗധേയം നിർണയിക്കാൻ കഴിവുള്ളവർ.

Me too

കുടുംബഘടനയ്ക്കകത്തു നടക്കുന്ന ലൈംഗികാതിക്രമങ്ങൾ പരിശോധിച്ചാലും അതിൽ ഉടമ /അടിമ ബന്ധത്തിന്റെ രാഷ്ട്രീയം കാണാം. അധികാരം ഭീഷണിയുടെ രീതിയിൽ മാത്രമല്ല പ്രവർത്തിക്കുക. അനുനയ ഭാവത്തിലും അത്​ സൂക്ഷ്മമായി ഇടപെടും. ഇരയാക്കപ്പെടുന്നതുവരെ അതു നമ്മൾ തിരിച്ചറിയണമെന്നില്ല. പിതൃ /ഗുരു/മാർഗദർശി (mentor) തുടങ്ങി സ്​നേഹബഹുമാനങ്ങളിൽ അധിഷ്ഠിതമായ ബന്ധങ്ങളിൽ നിന്നുപോലും ഞെട്ടിപ്പിക്കുന്ന പെരുമാറ്റങ്ങൾ ഉണ്ടാകുന്നു. ഒരു വ്യക്തിയുടെ മേൽ undue influence/coersion ചെലുത്തി ലഭിക്കുന്ന സമ്മതി, free will ആണെന്ന് പറഞ്ഞ്, ഉഭയസമ്മതപ്രകാരമാണ് ആ ബന്ധം നടന്നത് എന്ന് ഇന്ന് പ്രതിസ്ഥാനത്തുള്ള എല്ലാവരും പറയുന്നത് കേൾക്കാം.

അതിന് പിന്നിലെ സമ്മർദ തന്ത്രങ്ങളെക്കുറിച്ച് / അധികാരഘടനയെക്കുറിച്ച് പഠിക്കുന്നതിനപ്പുറം ഏകപക്ഷീയമായി ‘അവളന്ന് കാര്യം നേടാൻ സഹകരിച്ചു, കാര്യം നടന്നപ്പോൾ കാലുമാറി’ എന്ന രീതിയിൽ ചിന്തിക്കാൻ വലിയ രീതിയിൽ പാകപ്പെടുത്തപ്പെട്ട സമൂഹമാണിത്. ഉർവശി, രംഭ, മേനക, തിലോത്തമമാരുടെ കഥകളിൽ നിന്ന് പകർന്നു കിട്ടിയ Seducing Girls ന്റെ നിറം പിടിപ്പിച്ച ആധുനിക പരിഭാഷ സിനിമ / പരസ്യചിത്രങ്ങളിലൂടെ വിനിമയം ചെയ്യുന്നതും ഇതേ മനോഭാവമാണ്.

metoo

ദിനംപ്രതി ഇത്തരം അനുഭവങ്ങൾ ഇല്ലാത്ത സ്ത്രീകൾ, ഏതു പ്രായത്തിലുമുള്ളവരാകട്ടെ ഉണ്ടാവില്ല. അത്രയ്ക്കും അരോചകമായ പെരുമാറ്റ രീതികളിൽ 99 ശതമാനവും അവഗണിക്കാൻ പെണ്ണ് ശീലിപ്പിക്കപ്പെട്ടിരിക്കുന്നു. പൊതു സ്ഥലത്തു കൂടി നടക്കുന്ന / പെരുമാറുന്ന ഒരു സ്ത്രീ ബധിരയും മൂകയും അന്ധയുമായി കഴിയുന്നതുകൊണ്ടാണ് ഈ സമൂഹത്തിൽ ഇത്രയെങ്കിലും സ്വാസ്ഥ്യം നാമനുഭവിക്കുന്നത്!
രാവിലെ യൂണിഫോം ഇട്ട് ഒരു പെൺകുട്ടി ബസിൽ കയറുമ്പോൾ ബസ് ജീവനക്കാരുടെ പെരുമാറ്റം കണ്ടിട്ടുണ്ടോ...? ഒരു മനുഷ്യനെന്ന നിലയിലുള്ള പരിഗണനപോലുമില്ലാത്ത തീർത്തും അവഹേളനപരമായ രീതി. ഒരു ദിവസത്തിന്റെ തുടക്കമാണെന്ന് ഓർക്കണം. ഇങ്ങനെ നിരന്തരം ആത്മാഭിമാനക്ഷതമേൽക്കുന്ന ഒരു കുഞ്ഞ് ആണോ/പെണ്ണോ ആവട്ടെ എങ്ങനെ ഭാവിയിൽ നല്ല വ്യക്തിയാവും ?
പിന്നെ, ഏത് വിഷയത്തിലും അഭിപ്രായം പറയുമ്പോൾ ആ വ്യക്തിയെ അടിച്ചിരുത്താൻ ഉപയോഗിക്കുന്ന ചോദ്യമാണ് ‘നിങ്ങൾക്കങ്ങനെ ഒരനുഭവമുണ്ടോ..?’ എന്നത്. നൂറ്റാണ്ടുകളായി തുടരുന്ന ചോദ്യമാണിത്. കന്യകയായ വിദുഷി, രതിയനുഭവത്തെ വ്യാഖ്യാനിച്ചതിന്റെ പേരിൽ ക്രൂശിക്കപ്പെട്ടതിൽ നിന്നാണ് വടക്കേ മലബാറിൽ മുച്ചിലോട്ടമ്മയുടെ മിത്ത് രൂപപ്പെടുന്നത്. അന്നും പ്രമാണിമാർ ഉയർത്തിയ ചോദ്യം കന്യകയായ സ്ത്രീയ്ക്ക് ഇതെങ്ങനെ അറിയാം എന്നായിരുന്നു..

MeToo

മോശമായ അനുഭവങ്ങൾ ഉണ്ടായവരിൽ ഒരു ശതമാനം പോലും അത്​ തുറന്നു പറയാൻ തയാറാവാത്തതിന് കാരണമുണ്ട്.. പല തരം വിലക്കുകൾ അതിൽ നിന്ന് പിൻവലിയാൻ പ്രേരിപ്പിക്കുന്നു. റേപിന് ശേഷം മറ്റൊരു verbal rape ന് വിധേയമാക്കുന്നതു പോലെ ഇത്തരം ചോദ്യങ്ങൾ വരും. അത്ര നല്ലതല്ലാത്ത പെരുമാറ്റങ്ങളുടെ സൂചന കണ്ടാൽ അത് സധൈര്യം ചുണ്ടിക്കാണിക്കാൻ കുറച്ചു സ്ത്രീകൾ ശ്രമിക്കാറുണ്ട്. അങ്ങനെ തെറ്റുതിരുത്തിക്കാൻ പറ്റിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാകാം. നിർഭാഗ്യവശാൽ ഒരു സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ‘വ്യക്തിത്വം’ ആൺ കാഴ്ചാ ശീലങ്ങളുടേതാണ്. അത് മാറ്റിയെടുക്കാൻ ചിലപ്പോൾ പരുഷമായും പെരുമാറേണ്ടി വരും!.

ഈ വിഷയത്തിൽ നിയമ നടപടികളിലേക്ക് എപ്പോൾവേണമെങ്കിലും പോകാം. പക്ഷേ, നിയമ നടപടികളിൽ തെളിവുകൾക്കാണ് പ്രാധാന്യം. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയേണ്ട ബാധ്യതയേ കുട്ടിക്കുള്ളൂ. അത് തിരിച്ചറിയേണ്ടതും ഉൾക്കൊള്ളേണ്ടതും സമൂഹമാണ്. me too ഒരു വെളിപ്പെടുത്തൽ കാമ്പയിനാണ്​. പെണ്ണ് പറയുന്നത് വിശ്വസിക്കാൻ തയാറാവുന്നുണ്ടോ എന്നതാണ് ആദ്യത്തെ കാര്യം.

Me Tooo

നിരവധി കൗണ്ടറുകൾ/ട്രോളുകൾ ഈ വിഷയത്തിൽ ഇറങ്ങുന്നുണ്ട്. അതിന്റെ വ്യാപ്തിയും സ്ത്രീവിരുദ്ധതയും കൊണ്ടു തന്നെ എന്തുമാത്രം വികലമാണ് നമ്മളുടെ മനസ്സെന്ന് മനസ്സിലാക്കാനാകും. കേവല വിനോദമെന്ന നിലയിൽ പൊതു സമ്മതി നേടിയെടുത്ത മനുഷ്യ വിരുദ്ധ സിനിമാതമാശകൾക്കു പിന്നിലുള്ള അതേ ലളിത/കപട മാനസിക തലം തന്നെ ഇത്തരം ട്രോളുകൾക്ക് പിന്നിലും എന്ന് നമ്മൾ തിരിച്ചറിയണം.
ഭർത്താവ് പോലും സ്ത്രീയുടെ ഉടമയല്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്ന ഒരു കാലത്ത് ‘Me too’ ന് പ്രസക്തിയും ആഘാതശേഷിയും കൂടുകയേ ഉള്ളൂ.

Show Full Article
TAGS:Me Too Me too Campaign Me too Movement malayalam news opinion article malayalam news online 
Next Story