അതിജീവനത്തിന്‍റെ വെടിയൊച്ചകൾ 

  • പരമ്പര-1

ടി. ജുവിൻ
08:02 AM
08/11/2019

"ശാന്തമായി കിടന്ന കേരളത്തിലെ കാടുകളിൽ പതിവില്ലാത്ത വിധം  വെടിയൊച്ചകൾ മുഴങ്ങുകയാണ്. ഉത്തരേന്ത്യയിൽ നിന്ന് ദിനം പ്രതി കേൾക്കാറുള്ള മാവോയിസ്റ്റ് വാർത്തകൾ ഇവിടെയും സുപരിചിതമാകുന്നു. കൊല്ലലും കൊല്ലിക്കലും പുത്തരിയല്ലാതിരുന്നിട്ടും കേരളം ഈ കോലാഹലങ്ങൾ കണ്ട് അന്തിച്ച്​ നിൽക്കുന്നു. അസമത്വം വളർത്തുന്ന ഭരണകൂടത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിച്ച് സന്തോഷം നിറഞ്ഞ നവലോകം സൃഷ്​ടിക്കാമെന്ന് സ്വപ്നം കാണുന്നവർ അതിനായി ശ്രമിക്കുന്നതിനിടെ മരിച്ചുവീഴുന്നു. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലപ്പെട്ടവർ അവരുടെ ജോലി ചെയ്യുന്നതിനിടെ കൊലപാതകികളാകുന്നു. എതാണ്​ സത്യമെന്ന്​ അറിയാതെ അന്ധാളിച്ചു നിൽക്കാനേ സാധാരണക്കാരന് കഴിയുന്നുള്ളൂ."

കഴിഞ്ഞ ദീപാവലി ദിനം. അട്ടപ്പാടിയിലെ ആദിവാസി ഉൗരുകൾ ആഘോഷത്തിമിർപ്പിലായിരുന്നു. പാതിരാത്രിയിലും പടക്കങ്ങൾ പൊട്ടിക്കൊണ്ടിരുന്നു. രാത്രി രണ്ടോ​ടെ ധാനം ഊരിൽ പൊലീസ് വാഹനങ്ങൾ വന്നു നിന്നു. സ്​ഥലവാസികളോട് മേലേ മഞ്ചിക്കണ്ടിയിലേക്കുള്ള വഴിചോദിച്ചു. ഈ നേരത്ത് എന്തിനാണ് അവിടേക്ക് എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ വാഹനം ഓടിച്ചുപോയി. പിന്നീടാണ് കാട്ടിനുള്ളിലെ ഏറ്റുമുട്ടലിൽ മാവോവാദികൾ കൊല്ലപ്പെട്ടുവെന്ന വിവരം പരക്കുന്നത്. രാത്രി കേട്ട വെടിശബ്​ദങ്ങൾ ദീപാവലി പടക്കങ്ങളുടേത് മാത്രമായിരുന്നില്ല.

കേരളത്തിൽ ഇടതുമുന്നണി സർക്കാർ ഇത്തവണ അധികാരത്തിൽ വന്ന ശേഷം കാട്ടിനുള്ളിൽ മൂന്നു മാവോവാദി ഏറ്റുമുട്ടലുകളിലായി ഏഴു പേർ പൊലീസി​​​െൻറ വെടിയേറ്റു മരിച്ചു. ഓരോ സംഭവം കഴിയുേമ്പാഴും ഏറ്റുമുട്ടൽ നേരോ വ്യാജമോ എന്ന തർക്കം  ഉയരാറുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായിയിൽ മാവോവാദികളായ കുപ്പു ദേവരാജനും അജിതയും കൊല്ലപ്പെടുന്നത് 2016 നവംബർ അവസാന വാരത്തിൽ. ഇരുവരുടെയും ദേഹത്തുനിന്ന് 19 വെടിയുണ്ടകൾ പോസ്​റ്റ്​മോർട്ടത്തിൽ കണ്ടെടുത്തു. അപ്പോൾ തന്നെ വ്യാജ ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളും  മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. എന്നാൽ, നിലമ്പൂർ ഏറ്റുമുട്ടൽ വ്യാജമല്ലെന്നാണ് ഇതെക്കുറിച്ച് അന്വേഷിച്ച ശേഷം അന്നത്തെ മലപ്പുറം ജില്ല കലക്ടർ അമിത് മീണ റിപ്പോർട്ട് നൽകിയത്​. മാവോവാദി ആക്രമണത്തി​​​​െൻറ പ്രതിരോധത്തിൽ രണ്ടു പേർക്ക് വെടിയേറ്റെന്നായിരുന്നു വാദം. വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയിക്കാൻ ഒരു രേഖയും പൊതുതെളിവെടുപ്പിൽ ആരും ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 

പൊലീസ് ഭാഷ്യം തെറ്റാണെന്ന് തെളിയിക്കാൻ ഗ്രോ വാസു അടക്കമുള്ള വസ്തുതാന്വേഷണസംഘം സംഭവസ്ഥലം സന്ദർശിക്കാൻ തയാറായി. ചെെന്നെയിൽ നിന്നെത്തിയ ബാലിസ്​റ്റിക് വിദഗ്ധരും രസതന്ത്രജ്ഞരും സംഘത്തിലുണ്ടായിരുന്നു. ഏറ്റുമുട്ടൽ ഏകപക്ഷീയമാണോ എന്ന് പരിശോധിച്ച് അറിയുകയായിരുന്നു ലക്ഷ്യം. ഏറ്റുമുട്ടൽ നടന്ന പ്രദേശത്തെ മരങ്ങൾ, പാറകൾ, വെടിയേറ്റ ഇലകൾ തുടങ്ങിയവയൊക്കെ പരിശോധിക്കുന്ന വിദഗ്ധർക്ക് ഏറ്റുമുട്ടലിനെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടും. ഏതൊക്കെ ആയുധങ്ങൾ എത്രപേർ ഉപയോഗിച്ചു എന്നുവരെ കൃത്യമായി മനസ്സിലാക്കാനാവും. എന്നാൽ, ഈ സംഘത്തെ വനംവകുപ്പ് ചെക്പോസ്​റ്റിൽ നൂറോളം വരുന്ന പൊലീസും വനം ഉദ്യോഗസ്ഥരും തടഞ്ഞു. ഇവരുടെ ഗുണ്ടാസംഘം നാട്ടുകാർ എന്ന പേരിൽ സംഘത്തെ നേരിട്ടു. തങ്ങളുടെ നാട് മാവോയിസ്​റ്റ്​ മേഖലയായി അറിയപ്പെടാൻ അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്​. സംഘർഷത്തിലേക്ക് വഴിമാറുമെന്ന് ഉറപ്പായതോടെ മനുഷ്യാവകാശ പ്രവർത്തകർ പിന്തിരിഞ്ഞു.

വയനാട് ലക്കിടിയിൽ മാവോവാദി​ നേതാവ് സി.പി. ജലീൽ വെടിയേറ്റു മരിച്ചത് 2019 മാർച്ച് ആറിനാണ്. ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന ഉപവന്‍ റിസോര്‍ട്ടില്‍ മാവോവാദികളെത്തി പണം ആവശ്യപ്പെട്ടെന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയും ഇവിടെയെത്തിയ പൊലീസ്, തണ്ടർബോൾട്ട് സംഘങ്ങളുമായി മാവോവാദികള്‍ നേര്‍ക്കുനേര്‍ വെടിവെപ്പ്​ നടത്തുകയുമായിരുന്നു. ജലീലി​​​െൻറ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ സി.പി. റഷീദ് നിയമ പോരാട്ടത്തിലാണ്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് മൂന്നു വിഡിയോകൾ പൊലീസ് പുറത്തുവിട്ടു.

ഇതിലൊന്നിൽ ഓടിപ്പോകുന്നയാളെ വെടിവെച്ച് വീഴ്ത്തുന്ന ദൃശ്യം വ്യക്തമാണെന്ന് റഷീദ് പറയുന്നു. മുട്ടിന് താഴെ വെടിവെക്കാൻ ശ്രമിക്കാതെ തലക്കാണ് വെടിവെക്കുന്നത്. ഇക്കാര്യത്തിൽ നൽകിയ ഹരജിയിൽ  മരിച്ചയാളുടെ കുടുംബത്തി​​​െൻറ പരാതികൂടി പരിഗണിക്കണമെന്ന്  കോടതി നിർദേശിച്ചിട്ടും പൊലീസി​​​െൻറ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന പരാതിയും റഷീദ് ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഏറ്റുമുട്ടൽ കൊലകളിൽ കൊന്നവർക്കെതിരെ എഫ്.ഐ.ആർ ഇട്ട് കേസ് എടുക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്​. അതി​​​​െൻറ അടിസ്ഥാനത്തിൽ തണ്ടർ ബോൾട്ടിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ല കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ് റഷീദ്.

അതിനിടയിലാണ് അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ ഏറ്റുമുട്ടലിൽ നാലു മാവോവാദികളുടെ കൊല നടക്കുന്നത്. ഇതു വ്യാജ ഏറ്റുമുട്ടലാണെന്ന്​​ ഭരണപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയുടെ വസ്തുതാന്വേഷണ സംഘം പറയുന്നു. സംഭവ സ്ഥലം സന്ദർശിച്ച വി.കെ. ശ്രീകണ്ഠൻ എം.പിയും അത്​ ശരി​െവക്കുന്നു. സേലം സ്വദേശി മണിവാസകം, രമ, അരവിന്ദ് എന്നിവരാണ് മരിച്ചത്. നാലാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. രമക്ക്​ വെടിയേറ്റത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണെന്നാണ്​ പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. മണിവാസകത്തിന് വെടിയേറ്റതിനു പുറമേ രണ്ടു കാലുകളും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും എന്നാല്‍, വീഴ്ചയുടെ ലക്ഷണങ്ങള്‍ ശരീരത്തിലില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തിന് ബലംപകരുന്നതാണ് ഈ വിവരം.

മണിവാസകം ഒഴികെ മറ്റു മൂന്നുപേര്‍ക്കുമേറ്റ വെടിയുണ്ടകളില്‍ ഭൂരിഭാഗവും ശരീരത്തി​​​െൻറ പിന്‍ഭാഗത്താണ്. രമയുടെ ശരീരത്തില്‍ അഞ്ചു വെടിയുണ്ടകളുണ്ടായിരുന്നു. ഭവാനിപ്പുഴയിൽ മീൻ പിടിക്കാൻ പോയ മുക്കാലിയിലെ ഫോട്ടോഗ്രാഫർ ചോലക്കാട് ബെന്നിയുടെ മരണം കൂടിയാകുേമ്പാൾ മാവോവാദി പ്രശ്​നത്തിൽ കേരളത്തിൽ മരിച്ചവരുടെ എണ്ണം എട്ടാകും. 2015 ഫെബ്രുവരി 13ന് പുലർച്ചയാണ് സുഹൃത്ത് ഷെല്ലിയോടൊപ്പം തടുക്കുണ്ട് കുമ്പളമലയിൽ വനഭാഗത്ത്​ മീൻപിടിക്കുന്നതിനിടെ ബെന്നി ​വെടിയേറ്റു മരിച്ചത്. വെടിവെച്ചത് തങ്ങളല്ലെന്ന് മാവോവാദികളിൽ ചിലർ എടവാണി ഊരിലെത്തി പറഞ്ഞതായി ഊരുവാസികൾ അറിയിച്ചിരുന്നു. മാവോവാദികളാണെന്ന് തെറ്റിദ്ധരിച്ച്  തണ്ടർബോൾട്ട് വെടിയുതിർത്തതാണെന്ന വാദം പൊലീസും നിഷേധിച്ചു. 

ഒക്ടോബർ 28, 29 തീയതികളിലാണ് മഞ്ചിക്കണ്ടി വനമേഖലയിൽ അവസാന ഏറ്റുമുട്ടലും കൊലപാതകവും നടന്നത്. ജില്ല കലക്ടർ സി. ആർ.പി.സി. 176 പ്രകാരം വെടിവെപ്പും മരണവുമൊക്കെ അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെ പാലക്കാട് എസ്.പി രണ്ട് ഹരജികൾ പാലക്കാട് കോടതിയിൽ സമർപ്പിച്ചു. സി.ആർ.പി.സി. 176 (1) എ പ്രകാരം സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. ഇൗ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് നിയമവിദഗ്ധർ ആരോപിക്കുന്നത്. കസ്​റ്റഡി മരണമല്ലെങ്കിൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ആണ് അന്വേഷിക്കേണ്ടതെന്നിരിക്കെ എന്തിന് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു എന്നതാണ് ഉയരുന്ന ചോദ്യം. അതും ഏറ്റുമുട്ടൽ കൊലയാണെന്ന് ആവർത്തിച്ചു പറയുന്ന സാഹചര്യത്തിൽ.

പൊലീസ് ഹാജരാക്കിയ രേഖകൾ പ്രകാരം ഏറ്റുമുട്ടൽകൊല തന്നെയാണ് നടന്നതെന്ന വിധി ലഭിക്കാനാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.  ആദ്യം ദിനം ഏറ്റുമുട്ടൽ നടന്നയിടത്തേക്ക് പൊലീസിന് പുറമെ വിവിധ വകുപ്പുകളിലെ സാധാരണ ഉദ്യോഗസ്ഥരും പോയിരുന്നു. ഇൻക്വസ്​റ്റ്​ നടപടികൾ നടത്തുന്നതിനിടെയാണ് രണ്ടാമത് ആക്രമണം നടന്നത്. 150 ഓളം തണ്ടർബോൾട്ട് അംഗങ്ങൾ ഇവിടെ സുരക്ഷയൊരുക്കിയിരുന്നു. ആക്രമണം നടത്തിയെന്ന് പറയപ്പെടുന്ന മണിവാസകം ആദ്യത്തെ മൃതദേഹങ്ങൾ കിടന്നയിടത്തുനിന്ന് ഏതാണ്ട് 30 മീറ്റർ അകലെയാണ് കിടന്നതെന്ന് സ്ഥലം സന്ദർശിച്ചവർ പറയുന്നു. അസുഖങ്ങൾ അലട്ടിയിരുന്ന, നടക്കാൻപോലും ആയാസപ്പെട്ടിരുന്ന മണിവാസകം പഴയൊരു തോക്കുമായി ഇവിടം വരെ ആക്രമിച്ചു കയറി എന്ന പൊലീസ് ഭാഷ്യം കേൾക്കുേമ്പാഴാണ് ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തിന് വിശ്വാസ്യത ഏറുന്നത്.
(നാളെ: തണ്ടർബോൾട്ട് കൊലയാളി സംഘമോ)

Loading...
COMMENTS