വോട്ടുയന്ത്രങ്ങളില്‍ സംഭവിക്കുന്നത്

pm-modi-roadshow

പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഡല്‍ഹിയിലെ ഇന്ത്യ ഇൻറര്‍നാഷനല്‍ സ​​െൻററില്‍ ‘ലോക്നീതി’യും സി.എസ്.ഡി.എസും വിശദമായ ഒരു തെരഞ്ഞെടുപ്പ് വിശകലനം നടത്തുകയാണ്. ഡല്‍ഹിയിൽ ആദ്യമായി ഒരു തുറന്ന സദസ്സില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പു വിശകലനമായതു കൊണ്ടാവണം മണി ശങ്കര്‍ അയ്യര്‍ അടക്കം രാഷ്​ട്രീയക്കാരും സാമൂഹികവിമര്‍ശകരും എല്ലാം അടങ്ങുന്ന പ്രൗഢഗംഭീരമായ സദസ്സ്​. മുന്നില്‍ വെച്ചുതന്ന വോട്ടുകളും സീറ്റുകളും വെച്ച് എക്സിറ്റ് പോളുകളുടെ ന്യായാന്യായങ്ങളുമായി സെഫോളജിസ്​റ്റ്​ യോഗേന്ദ്ര യാദവും വലതുപക്ഷ മാധ്യമപ്രവര്‍ത്തകനെ പോലെ ശേഖര്‍ ഗുപ്തയും മോദിയുടെ ജനക്ഷേമപദ്ധതികളും അമിത്​ ഷായുടെ തന്ത്രങ്ങളും ബി.ജെ.പിക്ക് ഇത്ര വലിയ ജയം സമ്മാനിച്ചത്​ വിശദീകരിക്കുകയായിരുന്നു.

കൂട്ടത്തിൽ സംസാരിക്കാന്‍ ക്ഷണം ലഭിച്ച ജി. സമ്പത്ത് എന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്യം കണ്ടതില്‍ വെച്ചേറ്റവും പക്ഷപാതപരവും നീതിരഹിതവുമായ ഒരു തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ഈ നടന്നതെന്നും ഭൂരിപക്ഷ വികാരത്തിന് ആധിപത്യമുള്ള ഈ പാനല്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ലെന്നും പ റഞ്ഞ് ശേഖര്‍ ഗുപ്തയും യോഗേന്ദ്രയാദവും പറയാതെ പോയ കാരണങ്ങളിലേക്ക് സദസ്സി​​​െൻറ ശ്രദ്ധ ക്ഷണിച്ചു.

SUNIL-GOHIL-SAMPATH
സുനിൽ അറോറ (മുഖ്യ തെര. കമീഷണർ), ശക്തിസിങ്​ ഗോഹിൽ, ജി. സമ്പത്ത്​
 


തുല്യതയില്ലാത്ത തെരഞ്ഞെടുപ്പ്
ലോകത്തൊരിക്കലും ഒരു ജനാധിപത്യത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള അസമത്വത്തി​​​െൻറ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേതെന്ന് ചൂണ്ടിക്കാണിച്ച സമ്പത്ത് അവയേതൊക്കെയായിരുന്നുവെന്ന് അക്കമിട്ടു നിരത്തി. ഇലക്ടറല്‍ ബോണ്ടിലൂടെ തെരഞ്ഞെടുപ്പി​​​െൻറ രണ്ടു മാസം മുമ്പ് ഒരു പാര്‍ട്ടിക്ക് മാത്രമായി കിട്ടിയ കോടികളും ആര്‍.എസ്.എസ് അടക്കം അവര്‍ക്കുള്ള മനുഷ്യവിഭവങ്ങളും പണമൊഴുക്കി നടത്തിയ നിലമൊരുക്കലും കൈപ്പിടിയിലുള്ള മാധ്യമങ്ങളും ഭരണഘടനാ സംവിധാനങ്ങള്‍ പോലും തുല്യത ഉറപ്പുവരുത്താതിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും അതി​​​െൻറ ഫലമാണ് കണ്ടതെന്നും സമ്പത്ത് വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാഥമിക ഉത്തരവാദിത്തമുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായല്ല പ്രവര്‍ത്തിച്ചതെന്ന് വ്യാപകമായ പരാതി ഉയര്‍ന്ന തെരഞ്ഞെടുപ്പാണിത്. ഈ അസമത്വങ്ങളിലൂടെ കൃത്യമായി മാനേജ് ചെയ്ത തെരഞ്ഞെടുപ്പാണിതെന്നും ഇതിനെകുറിച്ച് പറയാത്ത വിശകലനങ്ങളത്രയും അപൂര്‍ണമാണെന്നും അദ്ദേഹം വസ്തുതാപരമായി സമര്‍പ്പിച്ചത് ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ്​ വരവേറ്റത്. ശേഖര്‍ ഗുപ്തയും ഗോഗേന്ദ്ര യാദവും പറഞ്ഞതത്രയും അപ്രസക്തമാക്കിയ വാക്കുകളായിരുന്നു അത്. മറുഭാഗത്ത് പ്രചാരണത്തിനിറങ്ങാന്‍ വൈകിയതും പ്രകടന പത്രികയും ന്യായ് പദ്ധതിയുമൊന്നും ജനങ്ങളിലേക്കത്തെിക്കാന്‍ സാവകാശം കിട്ടാതിരുന്നതും മോദിയുടെ വ്യാജ ദേശീയതക്ക് മറുപടി നല്‍കാതിരുന്നതും കോണ്‍ഗ്രസി​​​െൻറ ഭാഗത്തുനിന്നുള്ള വീഴ്ചകളായി സമ്പത്ത് പറഞ്ഞു. സ്വാതന്ത്ര്യസമര നായകരുടെ ദേശീയതയുള്ള കോണ്‍ഗ്രസിന് ആര്‍.എസ്എസി​​​െൻറയും സവര്‍ക്കറുടെയും ദേശീയതയെ അതുവെച്ചുതന്നെ എതിര്‍ക്കാമായിരു​െന്നന്നും ഓര്‍മിപ്പിച്ചു.

ELECTION Campaign


ഒത്തുകളിച്ച കമീഷനും മോലൊപ്പിട്ട കോടതിയും

ഈ പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങിയ നാള്‍ തൊട്ട് ബി.ജെ.പിയെ ഭരണത്തി​െലത്തെിക്കാനുള്ള ലക്ഷ്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ എന്ന് വോട്ടുയന്ത്രങ്ങളും വിവിപാറ്റുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങള്‍ തെളിയിച്ചതാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒട്ടും സുതാര്യമല്ലാതെ ഭരണകക്ഷിക്കു വേണ്ടി ഏകപക്ഷീയമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കഴിഞ്ഞതും ആ ഒത്തുകളിക്ക് സുപ്രീംകോടതി അനുകൂലമായി വന്നതുമാണ് 17ാം ലോക്സഭ ബി.ജെ.പിക്ക് താലത്തില്‍ വെച്ചുകൊടുത്തത്.

പ്രതിപക്ഷത്തി​​​െൻറ തമ്മിലടിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഇല്ലാത്തതും ആര്‍.എസ്.എസി​​​െൻറ വാട്ട്സ്ആപ് നുണകളും ഉജ്ജ്വൽ ഗ്യാസും കക്കൂസുമൊക്കെ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മേല്‍ക്കൈയുണ്ടാക്കിയെന്നതിൽ തർക്കമില്ല. ഹിന്ദുത്വവും ദേശീയതയും ആളിക്കത്തിക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങളെ തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതിയുമൊന്നും തടഞ്ഞിട്ടുമില്ല.  എന്നാല്‍, ആ മേൽക്കൈ പോലും കേവലം ഏറ്റവും വലിയ ഒറ്റകക്ഷി എന്നതിനപ്പുറം കേവലമായ ഭൂരിപക്ഷത്തിലേക്ക് ബി.ജെ.പിയെയോ എന്‍.ഡി.എയെയോ എത്തിക്കുന്നതായിരുന്നില്ല. ആ കുറവാണ് വോട്ടുയന്ത്രത്തിലും വിവിപാറ്റിലും സ്വീകരിച്ച നിഷേധാത്മക സമീപനത്തിലൂടെ കമീഷനും സുപ്രീംകോടതിതന്നെയും പരിഹരിച്ചു കൊടുത്തത്.

Bjp


ബി.ജെ.പി അടക്കം രാജ്യത്തെ പ്രധാന രാഷ്​ട്രീയകക്ഷികളെല്ലാം വിമര്‍ശിച്ച വോട്ടുയന്ത്രം വേണ്ടെന്ന് വെക്കാന്‍ തയാറാകാതിരിക്കുകയോ, അതിനെ സുതാര്യമാക്കാന്‍ കൊണ്ടു വന്ന വിവിപാറ്റ് ഒരു കാരണവശാലും മുഴുവന്‍ എണ്ണരുതെന്ന് തീരുമാനിക്കുകയോ മാത്രമല്ല കമീഷന്‍ ചെയ്തത്. അതിനെതിരെ വന്ന ഓരോ പരാതിയും വിമര്‍ശനങ്ങളും നുണകളും കുതന്ത്രങ്ങളും കൊണ്ട് നേരിട്ട് അതിന് സുപ്രീംകോടതിയുടെ മേലൊപ്പ് നേടിയെടുക്കുകയാണ് കമീഷന്‍ ചെയ്തത്. വോട്ടുയന്ത്ര അട്ടിമറി കൈയോടെ പിടിച്ചതി​​​െൻറ കേസ് ഗുജറാത്ത് ഹൈകോടതിയിലും 20 ലക്ഷത്തോളം വോട്ടുയന്ത്രങ്ങള്‍ കാണാതായതി​​​െൻറ കേസ് ബോംബെ ഹൈകോടതിയിലും ഉത്തരാഖണ്ഡിലെ മുഴുവന്‍ വിവിപാറ്റുകളും എണ്ണാന്‍ ഉത്തരാഖണ്ഡ് ഹൈകോടതിയിലും ഉള്ള കേസുകള്‍ അനക്കമില്ലാതെ കിടക്കുന്നത് കമീഷന്‍ കാണിക്കുന്ന ജാഗ്രത കൊണ്ടാണ്. ഈ നിതാന്ത ജാഗ്രത കണ്ടാലറിയാം കമീഷന് എന്തോ ഒളിച്ചുവെക്കാനുണ്ടെന്ന്.

വിവിപാറ്റുകള്‍ മുഴുവന്‍ എണ്ണാന്‍ ഹൈകോടതിയെ സമീപിച്ചാല്‍ മതിയെന്ന് പറയുന്ന കമീഷന്‍തന്നെയാണ് വോട്ടുയന്ത്ര അട്ടിമറി നടന്നുവെന്ന പരാതി പരിഹരിക്കാന്‍ ഉത്തരാഖണ്ഡിലെ വിവിപാറ്റുകള്‍ മുഴുവന്‍ എണ്ണണമെന്ന ഹൈകോടതി വിധി തടയാന്‍ സുപ്രീംകോടതിയില്‍ ഓടിവന്ന് സ്​റ്റേ വാങ്ങിയത്. കമീഷന്‍ ചോദിച്ച സ്​റ്റേ കൊടുത്ത അതേ സുപ്രീംകോടതിയാണ് ഈ പൊതുതെരഞ്ഞെടുപ്പില്‍ വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് വന്ന ഹരജിക്കാരോട് ജനങ്ങള്‍ അവരുടെ സര്‍ക്കാറിനെ തെരഞ്ഞെടുക്കട്ടെ, വിവിപാറ്റ് എന്നും പറഞ്ഞ്് ഇൗ വഴി ഇനിയും വന്നേക്കരുത്​ എന്നും പറഞ്ഞത്.

17ാം ലോക്സഭയിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പി​​​െൻറ വോട്ടുകളുടെ എണ്ണവും വോട്ടുയന്ത്രത്തില്‍ മൊത്തം കിട്ടിയ വോട്ടുകളുടെ എണ്ണവും 373 മണ്ഡലങ്ങളില്‍ വലിയ അന്തരം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന ലളിതമായ ചോദ്യത്തിന് പോലും മറുപടി നല്‍കാന്‍ കഴിയാത്ത കമീഷനാണ് വോട്ടുയന്ത്രത്തി​​​െൻറ സുതാര്യത എന്ന കളവ് നിരന്തരം ആവര്‍ത്തിക്കുന്നത്. ആ ചോദ്യം ഇനിയാരും ചോദിക്കരുത് എന്നു കരുതി വോട്ടെണ്ണും മുമ്പ് വെബ്സൈറ്റിലിട്ട വോട്ടുകളുടെ എണ്ണം അപ്പാടെ പിന്‍വലിക്കേണ്ടി വരുന്നതിലൂടെ അപഹാസ്യമാകുകയാണ് കമീഷന്‍.

evm-strongroom


യന്ത്രവോട്ടി​​​െൻറ ഗുജറാത്ത് മോഡല്‍

2012ലെയും 2017ലെയും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടുയന്ത്രങ്ങള്‍ അട്ടിമറിച്ചത് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നേതാവ് ശക്തി സിങ്​ ഗോഹിലി​​​െൻറ അനുഭവം വോട്ടുയന്ത്രങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. ജയമുറപ്പിച്ച സീറ്റില്‍ 2012ല്‍ വോട്ടുയന്ത്രങ്ങള്‍ അട്ടിമറിച്ചത് ഗോഹില്‍ കണ്ടു പിടിച്ചത് വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയ യന്ത്രങ്ങള്‍ മാറ്റിയത് പിടികൂടിയപ്പോഴാണ്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍നിന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി മുദ്ര വെച്ച കവറിനുള്ളില്‍നിന്ന് വോട്ടുയന്ത്രങ്ങള്‍ മാറ്റിയാണിത് ചെയ്തതെന്ന് ഗോഹില്‍ കണ്ടു പിടിച്ചു. മാറിയ വോട്ടുയന്ത്രങ്ങളുടെ സീരിയല്‍ നമ്പറും ഗോഹില്‍ പറഞ്ഞു കൊടുത്തു. എന്നാൽ,അത്​ ക്ലറിക്കൽ മിസ്​റ്റേക്​ ആണെന്ന് നുണ പറഞ്ഞ് ആ തെരഞ്ഞെടുപ്പില്‍ കമീഷന്‍ രക്ഷപ്പെട്ടു.

2017ലെ തെരഞ്ഞെടുപ്പില്‍ ഇതു തടയാന്‍ ഗോഹില്‍ ഓരോ ബുത്തില്‍നിന്നും സ്​ട്രോങ്​റൂമിലേക്ക് കൊണ്ടുപോകുന്ന വോട്ടുയന്ത്രങ്ങള്‍ക്ക് ബൈക്കുകളില്‍ പ്രവര്‍ത്തകരെ അകമ്പടി പോകാന്‍ ഏര്‍പ്പാട് ചെയ്തു. എന്നാല്‍, 14 ബൂത്തുകളില്‍ ഗോഹില്‍ ശട്ടം കെട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് അസൗകര്യമുണ്ടെന്ന് വിളിച്ച് പറഞ്ഞ് അവസാനനിമിഷം പിന്മാറി. വോട്ടെണ്ണിയ ദിവസം അകമ്പടി പോകാത്ത ആ 14 ബൂത്തുകളിലെ വോട്ടുയന്ത്രങ്ങള്‍ മാത്രം മാറിയെന്ന് സീരിയല്‍ നമ്പര്‍ നോക്കിയപ്പോള്‍ വ്യക്തമായി. ഇക്കാര്യം ആ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥികളും കമീഷനോട് ചൂണ്ടിക്കാട്ടി. ക്ലറിക്കല്‍ എറര്‍ ആണെന്ന റൂളിങ്ങിലൂടെ അതിനെ മറികടന്ന് ഫലം പ്രഖ്യാപിച്ചു. ഇതിനെതിരെ 2017ല്‍ ഫയല്‍ ചെയ്ത കേസ് ഗുജറാത്ത് ഹൈകോടതിയില്‍ അനങ്ങാതെ കിടക്കണമെന്നത് കമീഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

വോട്ടുയന്ത്ര അട്ടിമറിയുടെ മോഡസ് ഓപറാണ്ടി ഏറ്റവും നന്നായറിയുന്ന ശക്തി സിങ്​ ഗോഹിലിനെ പോലുള്ള നേതാക്കളെ പോലും നിസ്സഹായരാക്കുകയാണ് കമീഷനും കോടതിയും പുലര്‍ത്തുന്ന സമീപനം. നീതി ലഭിക്കില്ല എന്ന് ബോധ്യമായി കഴിഞ്ഞാല്‍ ഇത്രയും പണം ചെലവിട്ട് ഒരാളും വോട്ടുയന്ത്രത്തിനെതിരായി മേലില്‍ കോടതികളില്‍ പോകില്ല. ജനാധിപത്യത്തില്‍ തോല്‍വി സമ്മതിക്കാനുള്ള മനസ്സില്ലാത്തവരാണ് വോട്ടുയന്ത്ര അട്ടിമറി എന്നു വിളിച്ചുപറയുന്നതെന്ന് ബി.ജെ.പിയും കമീഷനും മാധ്യമങ്ങളും ഒരു പോലെ നടത്തുന്ന വ്യാപകമായ പ്രചാരണവും ഇതിനെതിരെ രംഗത്തുവരുന്നതില്‍നിന്ന് നേതാക്കളെയും പാര്‍ട്ടികളെയും  തടയുന്നു.

കമീഷനും കോടതിയും തങ്ങള്‍ക്കെതിരു നില്‍ക്കില്ല എന്ന ആത്മവിശ്വാസമാണ് ഇത്തരം അട്ടിമറി നടത്തുന്നവര്‍ക്കുള്ള ആത്മവിശ്വാസവും. വോട്ടുയന്ത്ര അട്ടിമറി വ്യാപകമായി നടത്തുന്ന ഒന്നല്ലെന്നും അതാവശ്യമില്ലെന്നും ശക്തി സിങ്​ കോഹില്‍ പറയുന്നു. ജയമുറപ്പിക്കുന്ന സീറ്റുകള്‍ക്ക് പുറമേ, ഭൂരിപക്ഷത്തിന് കുറവുള്ള എണ്ണം തികക്കാന്‍ തെരഞ്ഞെടുത്ത സീറ്റുകളിലേ ഇത് ചെയ്യേണ്ടതുള്ളൂ. അതും ആ സീറ്റുകളിലെ ഏതാനും ബൂത്തുകളില്‍ മാത്രം ചെയ്താല്‍ മതിയെന്നും കോഹില്‍ പറയുന്നു.

Loading...
COMMENTS