Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅൻവറിന്റെ അങ്കം...

അൻവറിന്റെ അങ്കം തുടങ്ങുന്നേയുള്ളൂ

text_fields
bookmark_border
അൻവറിന്റെ അങ്കം തുടങ്ങുന്നേയുള്ളൂ
cancel
camera_alt

അൻവർ ഇബ്രാഹീം അനുയായികളെ അഭിവാദ്യം ചെയ്യുന്നു

ഈ മാസം 19ന് നടന്ന മലേഷ്യൻ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ മാത്രമല്ല, മലേഷ്യൻ രാഷ്ട്രീയത്തിലെ ദുഃഖ പുത്രനായി അറിയപ്പെടുന്ന അൻവർ ഇബ്രാഹീമിന്റെയും ഭാവി തീരുമാനിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തിയിരുന്നത്. ഇക്കുറിയും പ്രധാനമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിൽ 75 കഴിഞ്ഞ അൻവർ പുതുതലമുറക്ക് വഴിമാറിക്കൊടുക്കണമെന്നും അഭിപ്രായമുയർന്നിരുന്നു.

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ കരസ്ഥമാക്കിയ മുന്നണിയുടെ നായകനായിട്ടും അൻവർ അധികാരത്തിലെത്താതിരിക്കാനുള്ള പല നീക്കങ്ങളും നടന്നു. എന്നാൽ, അതെല്ലാം നിഷ്ഫലമായിരിക്കുന്നു. 98 മുതൽ 2022 വരെ അൻവറിനെതിരെ നിലയുറപ്പിച്ച, 'അംനോ' (UMNO) ആണ് 1998ൽ മഹാതീർ നിഷേധിച്ച പ്രധാനമന്ത്രിപദം ഇപ്പോൾ ലഭിക്കാൻ നിമിത്തമായത് എന്നതാണ് ഏറ്റവും വലിയ ട്വിസ്റ്റ്. മഹാതീർ മുഹമ്മദ് കെട്ടിവെച്ച കാശുപോലും ലഭിക്കാതെ പരാജയപ്പെട്ടിരിക്കുമ്പോഴാണിത്.

മലായ് ചൈനീസ് ഇന്ത്യൻ വംശജർ അധിവസിക്കുന്ന മലേഷ്യയിലെ വംശീയരാഷ്ട്രീയത്തിനെതിരെ വിശാല ബഹുകക്ഷി രാഷ്ട്രീയം എന്ന ആശയമാണ് മൂന്നു പതിറ്റാണ്ടായി അൻവർ മുന്നോട്ടുവെക്കുന്നത്. മലായ് വോട്ടുകൾ ഇസ്ലാമിക കക്ഷിയായ 'പാസ്' ചോർത്തുമെന്ന് തോന്നിയപ്പോഴാണ് 90കളിൽ മലായ് യുവതയുടെ ആവേശമായിരുന്ന അൻവർ ഇബ്രാഹീമിനെ മഹാതീര്‍ മലയ വംശജരുടെ പൊതു രാഷ്ട്രീയപ്രസ്ഥാനമായ 'അംനോ'വിലേക്ക് കൊണ്ടുവരുന്നത്.

അതേ മഹാതീർ 98ൽ ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി ഡെപ്യൂട്ടി പ്രസിഡൻറ് സ്ഥാനത്തുനിന്നും പുറത്താക്കി അൻവർ ഇബ്രാഹീമിനെ ജയിലിൽ അടച്ചതോടെ രാജ്യത്ത് ഒരു പുതിയ പ്രതിപക്ഷം രൂപംകൊണ്ടു. രണ്ടു ധ്രുവങ്ങളിൽ നിലയുറപ്പിച്ചിരുന്ന ചൈനീസ് വംശജർക്ക് ആധിപത്യമുള്ള മതേതര പാർട്ടിയായ ഡി.എ.പിയെയും മലായ് വംശജരുടെ ഇസ്ലാമിക രാഷ്ട്രീയ സംഘമായ 'പാസി'നെയും കൂടെ നിർത്തി പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി അൻവർ.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ സഖ്യം സ്വീകാര്യത നേടിയെങ്കിലും വൈകാതെ 'പാസ്' അൻവറിന്റെ മുന്നണി വിട്ടു. ആ ഘട്ടത്തിൽ ബഹുസ്വര രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ പാസിൽനിന്ന് വിഘടിച്ച് രൂപംനൽകിയ പാർട്ടിയാണ് 'അമാന'. നാമമാത്ര പിന്തുണയുള്ള ഈ ഇസ്ലാമിക കക്ഷിയെയും ഡി.എ.പിയെയും കൂടെ നിർത്തി അൻവർ മുന്നേറ്റം തുടർന്നെങ്കിലും ഈ മുന്നണിയിൽ ആധിപത്യം മലായ് വംശജർക്കല്ല എന്ന ആഖ്യാനം വ്യാപകമായി പ്രചരിപ്പിച്ചു 'അംനോ'.

അതിനിടയിലാണ് അന്നത്തെ പ്രധാനമന്ത്രി നജീബ് അബ്ദു റസാഖ് നടത്തിയ അഴിമതികളിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്ന് പുറത്തുപോയ മഹാതീർ അംനോ ഡെപ്യൂട്ടി പ്രസിഡൻറ് മുഹ്‍യിദ്ദീൻ യാസീൻ അടക്കമുള്ള നേതാക്കളെ ചേർത്ത് 'ബെർസാതു' പാർട്ടിക്ക് രൂപംനൽകിയത്. പുതിയ പാർട്ടിക്ക് ഭരണകക്ഷിയെ പരാജയപ്പെടുത്താൻ കരുത്തില്ലെന്ന് നന്നായറിയാവുന്ന മഹാതീർ അൻവർ ഇബ്രാഹീമിനെ ജയിലിൽ സന്ദർശിച്ച് ഒരു പുതിയ രാഷ്ട്രീയപരീക്ഷണത്തിന് സന്നദ്ധനായി.

രണ്ടു പതിറ്റാണ്ട് സമയമെടുത്ത് അൻവർ വളർത്തിക്കൊണ്ടുവന്ന പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിൽ മഹാതീർ അവരോധിതനാവുന്നത് അങ്ങനെയാണ്. മലേഷ്യയിലെ വംശീയരാഷ്ട്രീയത്തിന്റെ വക്താവായ മഹാതീർ ഏറ്റവും വലിയ എതിരാളികളായി വിലയിരുത്തുന്ന ചൈനീസ് പാർട്ടിയായ ഡി.എ.പിയോടൊപ്പം ചേർന്നുകൊണ്ടുള്ള ഈ മഴവിൽസഖ്യം ഒരു വലിയ പ്രതീക്ഷയായിരുന്നു.

അധികാരത്തിൽ വന്നാൽ ആദ്യ രണ്ടു വർഷം പ്രധാനമന്ത്രിയായി മഹാതീറും പിന്നീട് അൻവർ ഇബ്രാഹിമും മാറി മാറി ഭരിക്കും എന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം. ആ മുന്നണി ചരിത്രത്തിൽ ആദ്യമായി 'അംനോ'വിനെ പുറന്തള്ളി അധികാരം പിടിച്ചെടുത്തു. അൻവറിന് അധികാരം കൈമാറേണ്ട കാലാവധിയായപ്പോഴേക്ക് പ്രതിയോഗികളെ അദ്ദേഹത്തിന്റെ പാർട്ടിയിൽതന്നെ വളർത്തിക്കൊണ്ടുവന്നിട്ടുണ്ടായിരുന്നു മഹാതീർ.

അൻവറിന്റെ വലംകൈയും പാർട്ടി ഡെപ്യൂട്ടി പ്രസിഡന്റുമായ അസ്മിൻ അലിയും കൂട്ടരും അൻവറിന് പകരം മഹാതീർ തന്നെ പ്രധാനമന്ത്രിയായാൽ മതിയെന്ന നിലപാടെടുത്തു. ഈ വിമത വിഭാഗവും മഹാതീറിന്റെ പാർട്ടിയും പ്രതിപക്ഷത്തുള്ള പാസും അംനോവിലെ ഒരു വിഭാഗവും ചേർന്ന് ഒരു പുതിയ മുന്നണിക്ക് രൂപംനൽകിയതോടെ അൻവർ ഭരണസഖ്യത്തിൽനിന്ന് പുറത്തായി.

എന്നാൽ, അധികാരമോഹികളായ പാർട്ടിയിലെ എം.പിമാർ രാഷ്ട്രീയഗുരുവായ മഹാതീറിനെ പുറന്തള്ളി പാർട്ടി ഡെപ്യൂട്ടി പ്രസിഡൻറ് മുഹ്‍യിദ്ദീൻ യാസീന്റെ നേതൃത്വത്തിൽ പുതിയ മുന്നണിക്ക് രൂപംനൽകി അംനോവിന്റെയും പാസിന്റെയും പിന്തുണയോടെ ഭരണംപിടിച്ചു. ഈ രാഷ്ട്രീയ പരീക്ഷണവും അധികകാലം നിലനിന്നില്ല.

പ്രധാനമന്ത്രിപദം അംനോവിന് അർഹതപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം അത് ലഭിക്കാനുള്ള ഗൂഢാലോചനകളിൽ ഏർപ്പെട്ടു. മുന്നണിക്ക് അധികാരം നഷ്ടമായാൽ ഏറ്റവും വലിയ നഷ്ടം തങ്ങൾക്കായിരിക്കുമെന്ന് തിരിച്ചറിഞ്ഞ മുഹ്യിദ്ദീൻ യാസീൻ ഉൾപ്പെടെയുള്ളവർക്ക് അംനോവിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ പിന്തുണക്കുകയല്ലാത്ത മറ്റൊരു നിർവാഹവുമുണ്ടായിരുന്നില്ല.

ബഹുകോണ തെരഞ്ഞെടുപ്പ് ഇതാദ്യം

നാലര വർഷത്തിനിടയിൽ മൂന്നു പ്രധാനമന്ത്രിമാർ മാറിമാറി ഭരിച്ച രാഷ്ട്രീയ അനിശ്ചിതത്വം മലേഷ്യ സാക്ഷ്യംവഹിക്കുന്നത് അങ്ങനെയാണ്. ഈ ഘട്ടത്തിലാണ് കാലാവധി പൂർത്തീകരിക്കുന്നതിനുമുമ്പ് പാർലമെൻറ് പിരിച്ചുവിട്ട് ഇലക്ഷൻ നടത്തണമെന്ന സമ്മർദം അംനോ പ്രസിഡന്റ് നിലവിലെ പ്രധാനമന്ത്രി ഇസ്മയിൽ സബ്രി യാക്കൂബിൽ അടിച്ചേൽപിക്കുന്നത്.

പ്രതിപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകൾ അൻവറിനും യാസീനും മഹാതീറിനും ഇടയിൽ വിഭജിക്കപ്പെടുമെന്നും അതോടെ അംനോവിന് ഭരണത്തിലേറാൻ സാധിക്കുമെന്നുമാണ് അവർ കണക്കുകൂട്ടിയത്.

മലേഷ്യൻ ചരിത്രത്തിലെ ആദ്യ ബഹുകോണ മത്സരമാണ് ഇക്കുറി നടന്നത്. അംനോ നേതൃത്വം നൽകുന്ന മുന്നണി, അൻവറിന്റെ പാർട്ടിയും ഡി.എ.പിയും അമാന പാർട്ടിയും ചേർന്ന മുന്നണി, അൻവറിനെ പുറത്താക്കാൻവേണ്ടി രൂപംകൊണ്ട കുറുമുന്നണിയുടെ ഭാഗമായവർ പാസിനോടൊപ്പം ചേർന്നുണ്ടാക്കിയ മുന്നണി, ഇവരോട് എല്ലാവരോടും വിയോജിച്ച് മഹാതീറിന്റെ നേതൃത്വത്തിലുള്ള മുന്നണി എന്നിവയായിരുന്നു രംഗത്ത്.

പ്രതിപക്ഷത്തിന്റെ വോട്ട് അൻവർ ഇബ്രാഹീമിനും യാസീനും ഇടയിൽ വിഭജിപ്പിക്കപ്പെടും എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. അവയിൽ ഒരു വിഹിതം മഹാതീറിനുംകൂടി കിട്ടുന്നതോടെ പരമ്പരാഗത കക്ഷിയായ അംനോ തന്നെ ഭരണംപിടിക്കും എന്നാണ് പലരും കണക്കുകൂട്ടിയത്.

എന്നാൽ, ബഹുജനങ്ങളെ പിടിച്ചുലച്ചുകൊണ്ട് അൻവറും മുഹ്‍യിദ്ദീൻ യാസീനും നടത്തിയ മുന്നേറ്റം തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ആകുമ്പോഴേക്കും മലേഷ്യൻ രാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിച്ചിരുന്നു. മലയ വംശജരുടെ വോട്ടുകൾ പിടിക്കാൻ യാസീൻ ശ്രമിച്ചപ്പോൾ ചൈനീസ് വംശജരുടെയും ഇന്ത്യക്കാരുടെയും വോട്ട്ബാങ്ക് നഷ്ടപ്പെടാതിരിക്കാനാണ് അൻവർ ശ്രമിച്ചത്. ഇത് മലേഷ്യൻ രാഷ്ട്രീയത്തിൽ ഇതുവരെ കാണാത്ത ധ്രുവീകരണത്തിന് നിമിത്തമായി.

ഫലം വന്നപ്പോൾ ഈ ധ്രുവീകരണത്തിന്റെ ആഴം ഏറെ വ്യക്തമായിരുന്നു. 82 സീറ്റ് നേടിയ അൻവറിന്റെ മുന്നണി മലയ വംശജർക്ക് ആധിപത്യമുള്ള ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും പരാജയം നേരിട്ടു. വ്യത്യസ്ത വംശീയ ജനവിഭാഗങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമാണ് അൻവറിന് പിന്തുണ ലഭിച്ചത്. നേരത്തേ 18 സീറ്റുണ്ടായിരുന്ന പാസ് ഒറ്റക്ക് 49 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി.

മുന്നണി 73 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. അംനോ നേതൃത്വം നൽകുന്ന മുന്നണി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിട്ട് 30 സീറ്റിലൊതുങ്ങി. മഹാതീർ നേതൃത്വം നൽകുന്ന മുന്നണിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. ആർക്കും ഭൂരിപക്ഷമില്ലാത്ത ഈ അവസ്ഥ ഉപയോഗപ്പെടുത്തി അൻവറിനെ അധികാരത്തിൽനിന്ന് പുറന്തള്ളാൻ പല കോണുകളിൽനിന്നും ശ്രമമുണ്ടായി.

ഒരു നിലക്കും അൻവറുമായി സഖ്യം ചേർന്ന് ഭരണം പങ്കിടില്ല എന്ന് പ്രഖ്യാപിച്ച യാസീൻ അംനോവിനെയും ഈ മുന്നണിയുടെയൊന്നും ഭാഗമാകാതെ സ്വതന്ത്രാസ്തിത്വം അവകാശപ്പെടുന്ന സബാ, സറവാക്ക് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കക്ഷികളെയും ചേർത്ത് അധികാരമുറപ്പിക്കാൻ ആവുംപോലെ ശ്രമിച്ചു.

ഈ ഘട്ടത്തിൽ അംനോ പ്രസിഡന്റ് ഉൾപ്പെടെയുള്ള പാർട്ടിയിലെ ഒരു വിഭാഗം തങ്ങളുടെ വോട്ട്ബാങ്ക് തകർത്ത പാസിനും മുഹ്‍യിദ്ദീൻ യാസീനുമെതിരെ അൻവറിനെ പിന്തുണക്കാൻ നടത്തിയ നീക്കമാണ് രാഷ്ട്രീയ അനിശ്ചിതത്വം നീങ്ങി അൻവറിന് പ്രധാനമന്ത്രിപദം ലഭിക്കാൻ നിമിത്തമായത്.

അതിനുവേണ്ടി തന്റെ നിലപാടുകളിൽ അൻവർ ഇബ്രാഹീം വിട്ടുവീഴ്ച ചെയ്യുകയാണെങ്കിൽ ഈ അധികാരാരോഹണം അൻവറിന്റെ മാത്രമല്ല, മലേഷ്യയിലെ ബഹുസ്വര രാഷ്ട്രീയത്തിന്റെയും തകർച്ചക്കുതന്നെ തുടക്കംകുറിക്കും. അഴിമതിക്കാർ എന്ന് താൻ നിരന്തരം വിശേഷിപ്പിക്കുന്ന ഒരു വിഭാഗത്തോട് അൻവർ സ്വീകരിക്കുന്ന നിലപാടുകൾ എന്തായിരിക്കും എന്നതും അംനോവിനെ പിണക്കാതെ തന്റെ ന്യൂനപക്ഷ ഗവൺമെന്റിനെ അൻവർ എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്നതും ഒരു വലിയ ചോദ്യംതന്നെയാണ്.

Show Full Article
TAGS:malaysia election anwar ibrahim 
News Summary - malaysia election-anwar ibrahim
Next Story