Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമാപ്പിള ലഹളയോ കർഷക...

മാപ്പിള ലഹളയോ കർഷക കലാപമോ അല്ലെന്ന് മൊയ്തു മൗലവി

text_fields
bookmark_border
മാപ്പിള ലഹളയോ കർഷക കലാപമോ അല്ലെന്ന് മൊയ്തു മൗലവി
cancel

1921ലെ മലബാർ ലഹള ഏറ്റവും വലിയ വിള്ളൽ സൃഷ്ടിച്ചത് കോൺഗ്രസ്സിന് അകത്തു തന്നെയാണ്. ഇതു തെളിയിക്കുന്നതാണ് ദേശീയ മുസ ്​ലിം തറവാട്ടിലെ കാരണവരായ ഇ. മൊയ്തു മൗലവിയുടെ കൃതികൾ. 'മൗലവിയുടെ ആത്മകഥ' ഖിലാഫത്ത് ലഹളയെ വിശദമായി അവലോകനം ചെയ് യുന്നുണ്ട്. ഇതെഴുതും മുൻപേ, ഖിലാഫത്ത് ലഹളയെയും അതിലേക്ക് മുസ്​ലിംകളെ നയിച്ച രാഷ്ട്രീയ പശ്ചാത്തലത്തേയും വിശകല നം ചെയ്യാൻ മാത്രമായി എഴുതിയതാണ് 'ചരിത്ര ചിന്തകൾ'.

കെ. മാധവൻ നായരുടെ 'മലബാർ കലാപം' എന്ന കൃതിയെ കീറിമുറിച്ച് പരിശോധിക്കാനാണ് ചരിത്രചിന്തകൾ ഉപയോഗിക്കുന്നത്. ഏതർത്ഥത്തിലും 'മലബാർ കലാപം' എന്ന കൃതിയുടെ ഖണ്ഡന വിമർശനമാണ് 'ചരിത്ര ചിന്തകൾ'. ആ സംഭവത്തെ മാപ്പിള ലഹളയായോ കാർഷിക കലാപമായോ വിലയിരുത്തുന്നത് ശരിയല്ല എന്നാണ് മൗലവി പലവട്ടം ആവർത്തിക്കുന്നത്. അത് സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗം മാത്രമാണ് എന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു.

1891ലാണ് മൊയ്തു മൗലവി ജനിക്കുന്നത്. പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിൽ. പഠനം വാഴക്കാട്. അത് ഏറനാട് താലൂക്കിൽ. അതു കഴിഞ്ഞ് രാഷ്ട്രീയ പ്രവർത്തനം കോഴിക്കോട്. ലഹളനടക്കുമ്പോൾ വയസ് 30. ആ ലഹളയുടെ ഭൂമികയിൽ ജനിച്ചു വളർന്ന ഒരാളുടെ ആത്മകഥയുടെ നടുക്കണ്ടമായി ലഹള കടന്നു വരുമെന്ന് ഉറപ്പാണ്. സ്വാഭാവികമായും സ്വന്തം അനുഭവം സ്വന്തം കാഴ്ചപ്പാടിലൂടെയാകും വിവരിക്കുക. എന്നാൽ ഖിലാഫത്ത് ലഹളയുടെ കാര്യമാകുമ്പോൾ വഞ്ചിക്കപ്പെട്ടവന്‍റെ നീറ്റൽ മൗലവിയുടെ വാക്കുകളിൽ കലരുന്നു.

''ഖിലാഫത്ത് - കോൺഗ്രസ് പ്രവർത്തനങ്ങളിൽ തങ്ങളോടൊപ്പം തോളോടു തോൾ ചേർന്ന് ഒന്നിച്ചു പ്രവർത്തിച്ചിരുന്നവർ ഇംഗ്ലീഷ് മദയാന കയറൂരി മർദ്ദനങ്ങൾ നടത്തിയപ്പോൾ സുരക്ഷിതമായ മാളങ്ങളിൽ ഒളിച്ചെങ്കിൽ സ്വരക്ഷക്കാണ് എന്നതിന്‍റെ പേരിൽ മനസിലാക്കാവുന്നതേയുള്ളു. എന്നാൽ മദോന്മത്തനായ ആ മദയാന ചിഹ്നംവിളികളോടെ നാടാകെ കുത്തിമറിച്ച് നിരപരാധികളും സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള ഒരു വലിയ ജനസമൂഹത്തെ ഉന്മൂലനാശം വരുത്തുന്നതു കണ്ടിട്ടും ആ മദയാനക്ക് പട്ടവെട്ടാൻ നടക്കുന്ന ക്രൂര വിനോദം മൗലവി സാഹിബിന്‍റെ വികാരത്തെ വീര്യം കേറ്റി'' -എന്ന് 'ചരിത്ര ചിന്ത'യുടെ ആമുഖത്തിൽ പറഞ്ഞത് തികച്ചും ശരിയാണ്. വീര്യമുള്ള ഭാഷയിലാണ് ചരിത്ര ചിന്തകൾ. ഡോ. സി.കെ കരീമാണ് ആമുഖം എഴുതിയത്.

ചരിത്രചിന്തകൾക്ക് രണ്ടു ഭാഗമുണ്ട്. അഖിലേന്ത്യാ തലത്തിലും ദക്ഷിണേന്ത്യയിലും മലബാറിലും മുസ്​ലിംകൾ ദേശീയ പ്രസ്ഥാനമായി ബന്ധപ്പെട്ടത് എങ്ങനെയെന്ന് വിശദീകരിക്കാനാണ് ആദ്യഭാഗം. ജം ഇയ്യത്തുൽ ഉലമായേ ഹിന്ദ്, മജ്​ലിസുൽ ഉലമ എന്നീ സംഘടനകളെക്കുറിച്ചൊക്കെ ഈ ഭാഗത്ത് വിശദീകരിക്കുന്നുണ്ട്. 1920 നവംബറിലാണ് ജം ഇയ്യത്തുൽ ഉലമാ എ ഹിന്ദിന്‍റെ ആദ്യ സമ്മേളനം ദില്ലിയിൽ ചേരുന്നത്. 1930ൽ ലാഹോർ സമ്മേളനത്തിൽ വെച്ച് കോൺഗ്രസ് പൂർണസ്വാതന്ത്ര്യം ആവശ്യപ്പെട്ടതോടെ ജംഇയ്യത്തുൽ ഉലമ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയാണ്. ഇതിനിടയിലാണല്ലോ ലഹള നടക്കുന്നത്.

ഉത്തരേന്ത്യയിൽ ജം ഇയ്യത്തുൽ ഉലമ എന്നപോലെ ദക്ഷിണേന്ത്യയിൽ മുസ്​ലിം പണ്ഡിതന്മാരുടെ രാഷ്ട്രീയവേദിയായി സ്ഥാപിച്ചതാണ് മജ്​ലിസുൽ ഉലമ. 1921ൽ ഏപ്രിൽ മാസത്തിൽ ഒറ്റപ്പാലത്ത് ചേർന്ന കോൺഗ്രസ് - ഖിലാഫത്ത് രാഷ്ട്രീയ സമ്മേളനത്തിൽ വെച്ച് മജ്​ലിസുൽ ഉലമയുടെ കേരള ഘടകം രൂപീകരിച്ചു. മൊയ്തു മൗലവിയെയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

ഇതൊക്കെയും അനുക്രമമായി വിവരിച്ച ശേഷമാണ് രണ്ടാംഭാഗത്തിലേക്ക് കടക്കുന്നത്. അതിൽ കാര്യമായും മലബാർ കലാപമാണ്. ''1921 ജൂലായി 21ന് പൊന്നാനി പതാറിൽ രാജഭക്തതരുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടുന്ന വിവരം പ്രസിദ്ധമായി. അതിനെ തുടർന്ന് കെ.പി. കേശവമേനോൻ എന്നെ വിളിപ്പിച്ചു. കോൺഗ്രസ് - ഖിലാഫത്ത് യോഗങ്ങൾ പൊന്നാനിയിലും പരിസരങ്ങളിലും നടത്താൻ പാടില്ലെന്ന് 144 അനുസരിച്ച് നിരോധിച്ചിരുന്നു. രാജഭക്തരുടെ സമ്മേളന ദിവസംതന്നെ അതിനെതിരായ ഒരു യോഗം പൊന്നാനിയിലോ അടുത്ത സ്ഥലത്തോ നടത്തുന്നതിനെ പറ്റി ആലോചിക്കാനായിരുന്നു എന്നെ വിളിപ്പിച്ചത്. ഞങ്ങൾ തമ്മിൽ ആലോചന നടത്തി. പുതുപൊന്നാനിയിൽ വെച്ച് മജ്​ലിസുൽ ഉലമയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച നിലയിലുള്ള ഒരു സമ്മേളനം നടത്താൻ തീരുമാനിച്ചു. കേരളക്കരയിലെ മുസ്​ലിം പണ്ഡിതരാരുംതന്നെ ഖിലാഫത്ത് പ്രസ്ഥാനത്തിനും മഹാത്മാഗാന്ധിയുടെ സിദ്ധാന്തം അനുസരിച്ചു നടത്തപ്പെടുന്ന അഹിംസാ സമരത്തിനും എതിരെ പ്രവർത്തച്ചിരുന്നില്ല. എന്നാൽ പാതാർ യോഗത്തിൽ ഒരൊറ്റ മുസ്​ലിം പണ്ഡിതനേയും പങ്കെടുപ്പിക്കാൻ ഗവൺമെണുദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.''

ഇത്തരത്തിൽ, താനുൾപ്പടെയുള്ളവർ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടത് എങ്ങനെയെന്ന് പറഞ്ഞുകൊണ്ടാണ് മൗലവി ലഹളയിലേക്ക് കടക്കുന്നത്. ''1921ലെ ലഹള ആരംഭിച്ചത് സാമ്രാജ്യ വിരുദ്ധ സമരമായിട്ടായിരുന്നു. അതുകൊണ്ടാണ് എം.പി നാരായണമേനോൻ, മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി, ചെർപ്പുളശേരി ഗോവിന്ദൻനായർ, മണ്ണാർക്കാട് മൂപ്പിൽ നായർ, കെ.യു ബാലകൃഷ്ണ മേനോൻ, കെ.യു രാമുണ്ണി മേനോൻ തുടങ്ങിയ അനേകം ഹൈന്ദവ ദേശാഭിമാനികളെ ഗവൺമെന്‍റ് ലഹളക്കാരെന്ന നിലയിൽ അറസ്റ്റ് ചെയ്തു ശിക്ഷിച്ചതും.
കുപ്രസിദ്ധമായ വാഗൺ ട്രാജഡിയിൽപെട്ട് ശ്വാസം മുട്ടി ദയനീയമായി മരിച്ചവർ മുഴുവൻ മുസ്​ലിംകൾ ആയിരുന്നില്ല. അവരിൽ ലഹളയിൽ പങ്കെടുത്തതിന് അറസ്റ്റിലായ ഹിന്ദുക്കളും ഉണ്ടായിരുന്നു. ലഹളക്കാരെന്ന നിലയിൽ പട്ടാളം പിടികൂടി ദീർഘകാലത്തേക്ക് ശിക്ഷിച്ച പലഹിന്ദുക്കളും എന്നോടൊപ്പം ബല്ലാരി ജയിലിലുണ്ടായിരുന്നു. അവരിലധികവും തിയ്യരും ഹരിജനങ്ങളും ആയിരുന്നു.''

''ഞങ്ങൾ തിരൂരങ്ങാടി ഭാഗത്ത് സഞ്ചരിക്കുമ്പോൾ പല ഹൈന്ദവ ഗൃഹങ്ങൾക്കും മാപ്പിളമാർ കാവൽ നിൽക്കുന്നത് കാണുകയുണ്ടായി. ഹിന്ദുക്കളെ ലഹളക്കാർ ഉപദ്രവിക്കാതിരിക്കാൻ വേണ്ടി ആലി മുസ്​ല്യാരുടെ നിർദ്ദേശപ്രകാരമാണ് ഹൈന്ദവ ഗൃഹങ്ങൾക്ക് മാപ്പിളമാർ കാവൽ നിന്നത്.''

''മറ്റൊരു പ്രധാന വസ്തുത ലഹളക്കാർ ഹിന്ദുക്കളെ മാത്രമല്ല കൊന്നിട്ടുള്ളത് എന്നതാണ്‌. ബ്രിട്ടീഷു സാമ്രാജ്യഭക്തന്മാരായ പല മുസ്​ലിംകളേയും ലഹളക്കാർ കൊന്നിട്ടുണ്ട്. പൊന്നാനിയിലെ ബെഞ്ച് മജിസ്ട്രേറ്റ് കെ.വി മുഹമ്മദ്, സർക്കിൾ ഇൻസ്പെക്ടർ ചേക്കുട്ടി സാഹിബ്, ഹെഡ് കോൺസ്റ്റബിൾ മൊയ്തീൻ എന്നിവർ ഇക്കൂട്ടത്തിൽ പെടുന്നു.''
''1921 ലെ മലബാർ കലാപത്തെ ഒടുവിൽ ഒരു സാമുദായിക ലഹളയായി അധഃപതിപ്പിക്കുന്നതിൽ ബ്രിട്ടീഷ് സാമ്രാജ്യത്തം ഒരതിർത്തി വരെ ജയിച്ചു എന്നത് വാസ്തവമാണ്. 1921 ലെ മലബാർ കലാപത്തെപ്പറ്റി വസ്തുനിഷ്ഠമായ പഠനം നടത്തിയ ഹൈന്ദവ പണ്ഡിതർ ഈ നിഗമനത്തിലാണെത്തിയിട്ടുള്ളത്.'' -ഇത്രയും പ്രസ്താവിച്ച ശേഷമാണ് വിമർശനത്തിലേക്ക് കടക്കുന്നത്.

''മലബാർ കലാപം എന്ന വിമർശവിധേയമായ ഗ്രന്ഥത്തിന്‍റെ കർത്താവ് കെ. മാധവൻ നായർ ഹോം റൂൾ പ്രസ്ഥാനകാലം മുതൽ മരണം വരെ രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. മലബാർ കലാപത്തിന്‍റെ ദൃക്സാക്ഷിയും അനുഭവസ്ഥനുമാണ്. 1921 ലെ കലാപം കഴിഞ്ഞയുടനെ എഴുതിയതാണത്. 1923ലാണ് മാതൃഭൂമി പത്രം പുറപ്പെടുന്നത്. പത്രാധിപരും പ്രസ്സ് നടത്തിപ്പുകാരനും എല്ലാം അദ്ദേഹം തന്നെയാണ്. ലഹള കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കുള്ളിൽതന്നെ അദ്ദേഹം ഖിലാഫത്ത് ലഹളയെ സംബന്ധിച്ച ചരിത്രം ഖണ്ഡശ്ശഃ മാതൃഭൂമിയിൽ എഴുതിത്തുടങ്ങിയിരുന്നു. പ്രസ്തുത ലേഖനത്തിലെ അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അബ്ദുറഹ്മാനും ഇ.കെ മൗലവിയും ഈയെഴുതുന്ന ഞാനുമെല്ലാം ശബ്ദിച്ചു. അൽ അമീന്‍റെ എതിർപ്പിന്‍റെ ഫലമായി കെ. മാധവൻ നായർ ലേഖന പരമ്പര നിർത്തി. ഈ സംഗതി കെ.പി. കേശവമേനോനെ പോലുള്ളവർ വിസ്മരിച്ചിട്ടുണ്ടായിരിക്കില്ല.''

''1933ൽ മാധവൻനായർ നിര്യാതനായി. എന്നാൽ 1970ലാണ് അദ്ദേഹത്തിന്‍റെ ധർമ്മപത്നി കെ. കല്യാണിയമ്മ ആ ഗ്രന്ഥം മാതൃഭൂമി പ്രസ്സിൽ നിന്നും അച്ചടിച്ച് വിതരണം ആരംഭിച്ചത്. മാധവൻ നായർക്ക് തന്‍റെ ജീവിതകാലത്ത് എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയിട്ടും ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്താൻ തോന്നിയില്ല. പല കാരണങ്ങളും മുൻനിർത്തി ആ കൃതി പ്രസിദ്ധപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലാ എന്നതാണ് സത്യം. ഭർത്താവ് മരിച്ച് ഏറെക്കാലം കഴിഞ്ഞാണ് ആ കൃതി വെളിക്കിറക്കണമെന്ന ജ്ഞാനോദയം ഭാര്യയുടെ ഹൃദയത്തിൽ അങ്കുരിച്ചത്. ആരെല്ലാമാണ് ഇതിനു പിന്നിൽ പ്രോത്സാഹനച്ചരട് വലിച്ചതെന്ന കാര്യവും അജ്ഞാതമാണ്. പുസ്തകം പുറത്തു വന്ന് ഏറെക്കാലം കഴിയും മുമ്പുതന്നെ കല്യാണിയമ്മ കാലയവനികക്കുള്ളിൽ മറഞ്ഞു പോയി''.

''മാധവൻ നായരുടെ പുസ്തകം സാമുദായിക മൈത്രിക്കോ മലബാർ കലാപത്തിന്‍റെ വസ്തുനിഷ്ഠമായ ചരിത്ര പഠനത്തിനോ വഴിയൊരുക്കില്ല. ഈ കലാപകഥ സമുദായങ്ങൾ തമ്മിലുള്ള സ്പർദ്ധക്കും വിരോധത്തിനും മൂർച്ച കൂട്ടാൻ മാത്രമേ പര്യാപ്തമാകൂ എന്നാണ് എന്റെ വിനീതാഭിപ്രായം. മാപ്പിള സമുദായത്തിന്‍റെ നേരെ അദ്ദേഹം പുലർത്തിയിരുന്ന ഈർഷ്യ എത്രയും ഊക്കേറിയതാണ് എന്ന് ഈ ഗ്രന്ഥം വിളിച്ചോതുന്നു. ദേശീയ വാദിയായ ഗ്രന്ഥകാരൻ പൂക്കോട്ടൂരിലെ മാപ്പിളമാരെ പട്ടാളം വകവരുത്തിയതിൽ സന്തോഷം പ്രകടിപ്പിക്കുന്നത് അൽഭുതം തന്നെ.''

''ഈ പുസ്തകത്തിൽ സ്മരിച്ചിട്ടുള്ള വ്യക്തികളിൽ ചിലരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ട്. ഗ്രന്ഥകാരന്‍റെ സത്യസന്ധയെക്കുറിച്ച് തീരുമാനിക്കേണ്ടത് അവരാണ് -എന്ന് കെ. കേളപ്പൻ എഴുതിയ പ്രസ്താവനയിൽ കാണുന്നുണ്ട്. അങ്ങനെ ജീവിച്ചിരിക്കുന്നവരിൽ ഒരാളാണ് ഞാൻ. ആ നിലയിൽ ഈ ക്ഷുദ്രകൃതിയെക്കുറിച്ചുള്ള ചില യാഥാർഥ്യങ്ങൾ വെളിപ്പെടുത്തേണ്ടത് എന്‍റെ കർത്തവ്യമാണല്ലോ.''

'മലബാർ കലാപം' പുസ്തകമാക്കിയപ്പോൾ അവതാരികയെഴുതിയ കേശവ മേനോനും മൗലവിയുടെ ചിന്തക്ക് ശരവ്യമാകുന്നുണ്ട്: ''ക്രിസ്തു ദേവനെ ദൈവസ്ഥാനത്തേക്ക് ഉയർത്തി ക്രൈസ്തവരുടെ സ്നേഹാദരവ് നേടിയ വ്യക്തി മലബാർ കലാപകാരന്‍റെ മാപ്പിള ശകാരത്തെ സഹിഷ്ണുതാപൂർവ്വം വീക്ഷിച്ചത് അൽഭുതം തന്നെ. അത്ലാന്‍റിക് സമുദ്രത്തോളം വിശാലമായ ഹൃദയത്തിന്‍റെ ഉടമസ്ഥരാണെന്ന് പലരും ധരിക്കുന്ന ചിലർ മാപ്പിളമാരുടെ കാര്യത്തിൽ ഇന്നും ഒരു ചിറ്റമ്മനയം പ്രകടിപ്പിക്കുന്നതൊരു ഖേദകരമായ വസ്തുതയാണ്.''

കലാപത്തിന് മുമ്പും ശേഷവുമുള്ള സംഭവങ്ങൾ മൗലവി വിവരിക്കുമ്പോൾ ഈ ക്ഷോഭത്തിന്‍റെ അടിസ്ഥാനം വ്യക്തമാകും. തുടക്കത്തിലെ ഒരു സംഭവം ആത്മകഥയിൽ പറയുന്നു: ''രാത്രി ധാരാളം റിസർവ് പൊലീസുകാരും പട്ടാളക്കാരും വന്നിട്ടുണ്ടായിരുന്നു. അവർ പതിവിനെതിരായി കിഴക്കേ പാളയത്തിൽകൂടിയാണ് (അവിടെയാണ് ഖിലാഫത്ത് ഓഫീസ് സ്ഥിതിചെയ്തിരുന്നത്) സൂപ്രണ്ടോഫീസിലേക്ക് പോയത്. ഇതോടുകൂടി ജനത പരിഭ്രാന്തരായി. എന്താണു ചെയ്യേണ്ടത് എന്നന്വേഷിക്കാൻ ഞാനും അബ്ദുറഹ്മാൻ സാഹിബും എ.പി മൊയ്തീൻ കോയയും യു. ഗോപാലമേനോന്‍റെ വീട്ടിലേക്കു പോയി. പൂക്കോട്ടൂരിലേക്ക് ഇപ്പോൾ തന്നെ പോകണമെന്നും താനും ഒന്നിച്ചു വരാമെന്നും അദ്ദേഹം ഞങ്ങളോടു പറഞ്ഞു. ഞങ്ങൾ കെ. പി. കേശവമേനോനുമായി ആലോചിച്ച ശേഷം പോകാമെന്ന് പറഞ്ഞുകൊണ്ട് പിരിഞ്ഞു. കേശവമേനോന്‍റെ വീട്ടിൽ ചെന്നപ്പോൾ, മുൻകൂട്ടി വിവരം അറിയുകയാൽ കോൺഗ്രസ് ഓഫീസിന്‍റെ ബോർഡുകൂടി എടുത്ത് അകത്തു വെച്ച് കൊണ്ട് അദ്ദേഹം വാതിൽ അടച്ചു കിടക്കുകയായിരുന്നു. അബ്ദുറഹ്മാൻ സാഹിബ് സഹജമായ സ്വരത്തിൽ കേശവമേനോനെ അത്യുച്ചത്തിൽ വിളിച്ചു. ശ്രീ മേനോനിൽ കുറച്ചൊരു ഭയം കടന്നുകൂടിയതായി ഞങ്ങൾക്കനുഭവപ്പെട്ടു. ഞങ്ങളോട് പൂക്കോട്ടൂരിലേക്ക് പോകാൻ അദ്ദേഹം പറഞ്ഞു. യു. ഗോപാലമേനോനെ കൂട്ടിയാലോ എന്നു ചോദിച്ചപ്പോൾ അതു വേണ്ടാ എന്നായിരുന്നു മറുപടി. പൊന്മാടത്തു മൊയ്തീൻ കോയയോ എന്നു ചോദിച്ചപ്പോൾ അതും വേണ്ട. അവരിപ്പോൾ ജയിലിൽ നിന്നു വന്നവരല്ലേ എന്നാണ് കേശവമേനോൻ പറഞ്ഞത്. ഈ മറുപടി സാഹിബിന് അത്ര പിടിച്ചില്ല. റോഡിൽ ഇറങ്ങി നിന്നതിനു ശേഷം ഗദ്ഗദത്തോടെ എന്നോട് പറഞ്ഞു: 'വെടികൊണ്ടു വീഴുന്നത് മാപ്പിളമാരാണ്. നിങ്ങൾ വരുന്നുണ്ടോ? ഞാനിതാ പോകുന്നു' -വികാരനിർഭരമായ ആ വാക്കുകൾ ഒരു കൂരമ്പെന്നോണം എന്‍റെ ഹൃദയത്തിൽ തുളച്ചു കയറി.''

സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചശേഷം ഉന്നതരായ കോൺഗ്രസ് നേതാക്കൾ അന്വേഷണത്തിനു വന്നു. മലബാറിലേക്ക് പ്രവേശനം കിട്ടാത്തതിനാൽ കോയമ്പത്തൂരാണ് അവർ ക്യാമ്പുചെയ്തത്. മൗലാനാ ആസാദ് സുബ്ഹാനി, മോത്തിലാൽ നെഹ്റു, വിത്തൽഭായ് പട്ടേൽ, ഹക്കീം അജ്മൽ ഖാൻ എന്നിവരാണ് സംഘത്തിൽ. മലബാറിൽ നിന്ന് ആളുകൾ കോയമ്പത്തൂരിൽ പോയി തെളിവ് കൊടുക്കുകയായിരുന്നു. അപ്പോഴുണ്ടായ ഒരു സംഭവം 'ചരിത്രചിന്ത'കളിൽ കാണാം:
''അക്കൂട്ടത്തിൽ മൂന്ന് അസ്​ലിം യുവാക്കൾ നിഷ്പക്ഷമായ തെളിവാണ് നൽകിയത്. അത് പുറത്തു ഖദറും അകത്തു വർഗീയതയും വെച്ചു പുലർത്തുന്ന ചില കോൺഗ്രസ് നേതാക്കൾക്ക് സഹിച്ചില്ല. ചെങ്ങന്നൂര് സ്വദേശിയായ മാത്തുണ്ണി തെളിവുകൾ നൽകിയവരിൽ ഒരാളായിരുന്നു. അദ്ദേഹം ക്രിസ്ത്യാനിയായിരുന്നു. പിന്നീട് ചാലപ്പുറം നേതാക്കളുടെ കുത്ത് സഹിക്കാനാകാതെ മാത്തുണ്ണിക്ക് മലബാർ വിടേണ്ടി വന്നു.'' ഇത്തരം അനുഭവങ്ങളാകാം മൗലവിയുടെ ചിന്തയുടെ കാതൽ.

പുറത്തു നിൽക്കുന്ന മുസ്​ലിംകളെക്കൂടി ഇന്ത്യൻ നാഷനൽ കോൺഗ്രസ് നയിക്കുന്ന ദേശീയ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണല്ലോ ഗാന്ധിജി ഖിലാഫത്ത് രാഷ്ട്രീയ പ്രശ്നമാക്കിയെടുത്തത്. ആ ലക്ഷ്യം സാധിക്കാനായില്ല എന്നതാണ് മലബാറിലെ അനുഭവം. മൊയ്തുമൗലവിയെ പോലുള്ളവരുടെ വിവരണങ്ങൾ അതാണ് സൂചിപ്പിക്കുന്നത്.
* * * * * * * *
ഖിലാഫത്തിൽ പ്രവർത്തിച്ചതിന് രണ്ടര വർഷം കഠിന തടവാണ് മൊയ്തു മൗലവിക്ക് കിട്ടിയ ശിക്ഷ. 1930ൽ മലബാറിലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ഒൻപത് മാസം തടവ്. ക്വിറ്റിന്ത്യാ സമരത്തിൽ 1942 ആഗസ്റ്റ് 10ന് അസ്റ്റിലായി. 1945 വരെ തടവിൽ. പലതവണ കെ.പി.സി.സി യിലും എ.ഐ.സി.സി യിലും അംഗമായിട്ടുണ്ട്. 1985ൽ അലഹാബാദിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പതാക ഉയർത്തുമ്പോൾ പ്രായം 95. പിന്നെയും ഒരു പതിറ്റാണ്ടുകൂടി ജീവിച്ചു. 1995ലാണ് വിട പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar RebellionPT Nasar
Next Story