പ്രത്യാശകളുടെ തെരഞ്ഞെടുപ്പ്

jayaprakash narayan, c achutha menon
ജയപ്രകാശ് നാരായൺ, സി. അച്യുതമേനോൻ

പുതിയ ലോക്​സഭയിലേക്കു വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഏപ്രില്‍-മേയ് മാസങ്ങളിലായി അത് പൂർത്തിയാവുകയാണ്. ഇത്രയും ആകാംക്ഷയോടെ സമീപിച്ച ഒരു തെരഞ്ഞെടുപ്പ്​ 1977നുശേഷം ഉണ്ടായിട്ടില്ല എ​​​െൻറ അനുഭവത്തില്‍. 77ല്‍നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ പരക്കെ ഒരു ശുഭാപ്തിവിശ്വാസം ഭരണമാറ്റത്തെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. അന്നത്തെ വിനിമയ സാങ്കേതികവിദ്യയുടെ നിലവാരം​െവച്ചോ അന്ന് നിലവിലുണ്ടായിരുന്ന മാധ്യമസമീപനം​െവച്ചോ പ്രത്യാശയുടെ അലകള്‍ മനസ്സിലുണ്ടാവുക ഏതാണ്ട് അസാധ്യമായിരുന്നു. മാത്രമല്ല, കേരളത്തില്‍ അച്യുതമേനോന്‍ സർക്കാറിന് അഭൂതപൂർവമായ ജനപിന്തുണയും സ്വീകാര്യതയും ഉണ്ടായിരുന്നു.

പിൽക്കാലത്തെ കേരളത്തി​​​െൻറ സാമൂഹിക പുരോഗതിയുടെ പല മാനകങ്ങളും രൂപപ്പെടുത്തിയ സർക്കാർ‍കൂടിയായിരുന്നു അത്. അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വിമർശനങ്ങള്‍ ശക്തമായുണ്ടെങ്കിലും സർക്കാർ‍-സിവിൽസമൂഹ ബന്ധങ്ങള്‍ പൊളിച്ചെഴുതുകയും സാമൂഹിക-സാമ്പത്തിക ബന്ധങ്ങളില്‍ നിയമനിർമാണങ്ങളിലൂടെ വ്യാപകമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത സർക്കാറായിരുന്നു അത്. പൊതുവില്‍ ഭൂപരിഷ്കരണം നടപ്പാക്കിയത് കൂടാതെ അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചുകൊടുക്കണം എന്ന നിയമനിർമാണത്തിലൂടെ ആദിവാസി സ്വത്വരാഷ്​ട്രീയത്തി​​​െൻറ അടിസ്ഥാനമായി മാറിയ പിൽക്കാല ഭൂസമരങ്ങളുടെ വിത്തുപാകിയതും ആ സർക്കാറായിരുന്നു. ഈ നിയമമാണ് അനുകൂലമായ നിരവധി കോടതി ഉത്തരവുകള്‍ ഉണ്ടായശേഷം ആധുനിക ഭരണകൂടങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന രീതിയില്‍ ആദിവാസിവിരുദ്ധമായ ഒരു നിയമനിർമാണത്തിലൂടെ തൊണ്ണൂറുകളില്‍ നായനാർ‍ സർക്കാർ‍ അട്ടിമറിച്ചത്.

അടിയന്തരാവസ്ഥക്കാലത്തെ തെരഞ്ഞെടുപ്പില്‍ കേരളവും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളും കോൺഗ്രസിനൊപ്പം അടിയുറച്ചുനിന്നു എന്നതുകൊണ്ടുതന്നെ അഖിലേന്ത്യാതലത്തിൽ ഒരു കോൺഗ്രസ്​ വിരുദ്ധ തരംഗം അന്നുണ്ടായിരുന്നു എന്നുപറയാന്‍ കഴിയുമായിരുന്നില്ല. ആർ.എസ്​.എസ് ശക്തമായിരുന്ന സ്ഥലങ്ങളിലും ജയപ്രകാശ് നാരായണ​ി​​െൻറ പ്രസ്ഥാനവും ആർ.എസ്​.എസും ചേർന്ന്് എഴുപതുകളില്‍ ഉണ്ടാക്കിയ മുന്നണി ശക്തമായിരുന്ന ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും കോൺഗ്രസിന്​ അടിയന്തരാവസ്ഥക്കു മുന്പുനതന്നെ മേൽക്കൈ നഷ്​ടപ്പെട്ടിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും മൂന്നുമാസം മുന്പ് നടന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ജനസംഘം-ജയപ്രകാശ് കൂട്ടുകെട്ടിലുണ്ടായ ജനതാമോർച്ച വൻവിജയം കൈവരിക്കുകയും അധികാരത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍, അതിൽനിന്ന്​ വ്യത്യസ്തമായി ഇപ്പോള്‍ കാണുന്നത് ഇന്ത്യയില്‍ പൊതുവേ ശക്തമായ ഒരു ഭരണവിരുദ്ധ വികാരം, വിശേഷിച്ച് ഗ്രാമീണ-കാർഷിക മേഖലകളിലും ചെറുനഗരങ്ങളിലും രൂപപ്പെട്ടിട്ടുള്ളതാണ്.

ചെറുതും വലുതുമായ നിരവധി സർക്കാർ‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ നൈസർഗികമായിത്തന്നെ ഉയർന്നുവന്നിട്ടുണ്ട്. ഇതെല്ലാം വോട്ടുകളായി മാറുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണെങ്കിലും കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണം വരുത്തിയ വലിയ കെടുതികൾക്ക്​ ഉത്തരമില്ലാതെ പോകും എന്നു കരുതേണ്ട സാഹചര്യം ഇപ്പോഴില്ല.

‘കോൺഗ്രസ് സ്കൂള്‍ ഓഫ് തോട്ട്’ എന്നാണ്​ ഇന്ത്യയുടെ ഭരണഘടനയില്‍ അധിഷ്​ഠിതമായ സാമൂഹിക-സാമ്പത്തികഘടനക്ക് അമിത്​ ഷാ പേരിട്ടത്. അതിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ബി.ജെ.പി സർക്കാർ‍ ഓരോ ചുവടുകളും മുന്നോട്ടു​െവച്ചത്.  കോൺഗ്രസ് ചിന്താധാര എന്നു പറയുന്നത് യഥാർഥത്തില്‍ കോൺഗ്രസി​​െൻറ മാത്രം നയമായിരുന്നില്ല. ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയിലും വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക മേഖലയിലും നിലനിന്നിരുന്ന ഭരണഘടനാനുസാരിയായ ജനാധിപത്യ സ്ഥാപനങ്ങളുടെയും സമീപനങ്ങളുടെയും ഒരു സമുച്ചയമായിരുന്നു അത്.

കൊളോണിയല്‍വിരുദ്ധ സമരത്തി​​​െൻറ മൂശയിലാണ് ഈ ജനാധിപത്യ സങ്കൽപങ്ങളും ഭരണമനോഗതിയും രൂപപ്പെട്ടത്. അതിനു ധാരാളം പരിമിതികളുണ്ടായിരു​െന്നങ്കിലും ക്രമാനുഗതമായ പുരോഗതിയെക്കുറിച്ചും സാമൂഹികമായ സഹവർത്തിത്വത്തെക്കുറിച്ചും വൈവിധ്യപൂർണമായ ഒരു സമൂഹത്തില്‍ പുലർത്തേണ്ട സഹിഷ്ണുതകളെക്കുറിച്ചും ചില മൂല്യങ്ങള്‍ അത് മുറുകെപിടിച്ചിരുന്നു. എന്നാല്‍, രണ്ടു കാരണങ്ങള്‍കൊണ്ട് ബി.ജെ.പി ഭരണത്തിന്​ ആ സമീപനം സ്വീകാര്യമായിരുന്നില്ല. ഒന്ന്, കൊളോണിയല്‍വിരുദ്ധ സമരത്തി​​​െൻറ പാരമ്പര്യം ആ സമരത്തി​​​െൻറ പാതയില്‍ നിലകൊണ്ടിട്ടില്ലാത്ത ആർ.എസ്​.എസ്-ബി.ജെ.പി രാഷ്​ട്രീയത്തിന് അരോചകമായിരുന്നു.

തങ്ങൾക്ക്​ പങ്കില്ലാത്ത ആ ഇന്ത്യന്‍ ആത്മാഭിമാന പാരമ്പര്യത്തോട് അവർ‍ അടങ്ങാത്ത അമർഷമാണ്‌ ​െവച്ചുപുലർത്തുന്നത്. രണ്ട്, ഏകശിലാരൂപമായ ഒരു ഹിന്ദുമത സമൂഹസൃഷ്​ടിയെക്കുറിച്ചുള്ള ധാരണകളുടെയും അതി​​​െൻറ അടിസ്ഥാനത്തിലുള്ള ഭൂരിപക്ഷ മതഭരണത്തി​​​െൻറയും ചിന്താചരിത്രത്തില്‍നിന്നാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. പരമതനിന്ദയുടെയും, വിശേഷിച്ച്​ ഇസ്​ലാമിക വിരുദ്ധതയുടെയും കലാപരാഷ്​ട്രീയത്തി​​​െൻറ ആ പാരമ്പര്യം അപരവത്​കരണത്തി​​​െൻറയും വെറുപ്പി​​​െൻറതുമാണ്. അത്, വിശാലമായ ജനാധിപത്യ സംസ്കാരത്തെയല്ല, സങ്കുചിതമായ ഫാഷിസ്​റ്റ്​ സാംസ്കാരിക ദേശീയതയെയാണ് മാനിക്കുന്നത്.

ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥക്ക് അധിനിവേശാനന്തര കാലം മുതല്‍ കടുത്ത നിയോലിബറല്‍ സാമ്പത്തിക യുക്തിയിലേക്ക് ഇന്ത്യ മാറിയ തൊണ്ണൂറുകൾവരെ നേരിട്ടും, അതിനുശേഷം പരോക്ഷമായും മാർഗനിർദേശം നൽകുകയും സാമ്പത്തിക പുരോഗതി സൃഷ്​ടിക്കുന്നതില്‍ ക്രിയാത്മകമായി ഇടപെടുകയും ചെയ്തിരുന്ന ആസൂത്രണ കമീഷന്‍ ഇല്ലായ്മ ചെയ്തത് സാമ്പത്തിക അരക്ഷിതത്വം പടർത്താനുള്ള ഗൂഢാലോചനതന്നെയായിരുന്നു എന്ന് നിസ്സംശയം പറയാന്‍ കഴിയും. ഒരുവശത്ത് ജീർണസ്വഭാവമുള്ള ഉപജാപമുതലാളിത്തത്തിന് ഒത്താശചെയ്യുക, മറുവശത്ത് ഇന്ത്യന്‍ സാമ്പത്തിക സംവിധാനത്തി​​​െൻറ കെട്ടുറപ്പുകള്‍ തകർത്തുകളയുക. അതേസമയംതന്നെ ഇതിൽനിന്ന് ജനശ്രദ്ധ തിരിക്കാനായി കടുത്ത സാമ്പത്തിക യാഥാസ്ഥിതികനയങ്ങള്‍ വ്യാജ വാക്​സാമർഥ്യത്തോടെ അവതരിപ്പിക്കുകയും ജനങ്ങളുടെമേല്‍ പരീക്ഷിക്കുകയും ചെയ്യുക എന്നത് ബി.ജെ.പി ഭരണത്തി​​​െൻറ മുഖമുദ്രയായിത്തീർന്നു. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ എന്നപേരില്‍ അവതരിപ്പിച്ച നോട്ടുറദ്ദാക്കല്‍ പരീക്ഷണവും ജി.എസ്​.ടിയുടെ പേരില്‍ സാമ്പത്തിക ഫെഡറലിസത്തെ അപായപ്പെടുത്തിയതും മാത്രമല്ല, ആർ.ബി.ഐ പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത നശിപ്പിച്ചതും ഈ യാഥാസ്ഥിതിക സമീപനത്തി​​​െൻറ ഭാഗമായിട്ടായിരുന്നു.

ഇന്ത്യന്‍ സാമ്പത്തിക സംവിധാനം അതി​​​െൻറ ആദ്യകാല യുക്തികളില്‍നിന്ന് നിയോലിബറല്‍ കാലഘട്ടത്തില്‍ ഏറെമാറി എന്നത് യാഥാർഥ്യമാണ്. അതിനോടുള്ള എതിർപ്പായി നിരവധി സമരങ്ങള്‍ ഇന്ത്യയിലെ പാർശ്വവത്​കൃതരും തൊഴിലാളികളും കർഷകരും ബഹുജനങ്ങളും നടത്തിയിട്ടുണ്ട്. ആ സമരങ്ങളുടെകൂടി തോളില്‍ ചവിട്ടിയാണ് ഇന്ത്യയില്‍ ഹിന്ദുത്വം 2014ല്‍ അധികാരത്തില്‍ കയറിയത്. എന്നാല്‍, ഹിന്ദുത്വത്തി​​​െൻറ സാമ്പത്തികയുക്തികള്‍ കേവലമായ നിയോലിബറല്‍ നയങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല എന്നത് മറക്കാന്‍ കഴിയില്ല. ജനസംഘകാലം മുതല്‍ അവർ‍ പിന്തുടരുന്ന യാഥാസ്ഥിതിക വലതുപക്ഷ സമ്പദ്ശാസ്ത്രവും നിയോലിബറല്‍ നയങ്ങളും ഊഹക്കച്ചവടമൂലധനവുമായുള്ള അതിരുകള്‍ ഭേദിച്ച ദാസ്യവും ഭാരതത്തി​​​െൻറ സാമ്പത്തികാടിത്തറ തകർത്തിരിക്കുന്നു. മുൻ സർക്കാറുകള്‍ ഇന്ത്യ ഭരിച്ചതില്‍ വീഴ്ചകളുണ്ടായിട്ടുണ്ട്. അവർ‍ എല്ലാ പ്രതീക്ഷകളും നിറവേറ്റിയിട്ടില്ല. പക്ഷേ, ഇതുപോലെ ഇന്ത്യന്‍ സാമ്പത്തിക മേഖലയെ അപ്പാടെ തകർത്തുകളഞ്ഞ മറ്റൊരു ഭരണം ഉണ്ടായിട്ടില്ല.

അതുകൊണ്ടുതന്നെ ഞാന്‍ പ്രത്യാശാപൂർവമാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. വിദ്യാഭ്യാസ മേഖലയില്‍, സാംസ്കാരിക മേഖലയില്‍, ദൈനംദിന രാഷ്​ട്രീയത്തില്‍, സാമ്പത്തികരംഗങ്ങളില്‍, വിദേശകാര്യ നയങ്ങളില്‍ എന്നുവേണ്ട സമസ്ത മേഖലകളിലും ഇന്ത്യ പിന്നോട്ടുപോയിരിക്കുന്നു എന്ന വസ്തുത ബാലറ്റ് പേപ്പറിന് മുന്നില്‍ നിൽക്കുന്ന സാധാരണക്കാരായ കോടിക്കണക്കിന്​ ഇന്ത്യന്‍ പൗരന്മാരുടെ മുന്നില്‍ ഉണ്ടാകും എന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ആൾക്കൂട്ട കൊലപാതകങ്ങളുടെ, വംശീയഹത്യകളുടെ, സാംസ്കാരിക സ്ഥാപനങ്ങളുടെ ഭൂരിപക്ഷ മതവത്​കരണത്തി​​​െൻറ, സാമ്പത്തിക സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സങ്കുചിതവത്​കരണത്തി​​െൻറ അഞ്ചു വർഷങ്ങളാണ് കടന്നുപോയിരിക്കുന്നത്. തിരിച്ചുപിടിക്കാന്‍ ഏറെ അവശേഷിപ്പിക്കുന്ന ഭരണമാണിത്. ഇതിനു തുടർച്ച ഉണ്ടാവുക എന്നാല്‍ ഈ നിഷേധാത്മക സമീപനങ്ങൾക്കുള്ള സാധൂകരണവും തുടർച്ചയുമാവും എന്നത് കാണാതിരുന്നുകൂടാ.

ഈ അടിയന്തര സാഹചര്യം ഇന്ത്യന്‍ വോട്ടർമാർ കണക്കിലെടുക്കും എന്ന വിചാരമാണ് എ​​​െൻറ ശുഭപ്രതീക്ഷയുടെ അടിസ്ഥാനം. ഇത് പൂർണമായും ശരിയാവണം എന്നില്ല. എന്നാല്‍, ഇപ്പോള്‍ അതിജീവനത്തി​​​െൻറ അവസാന സമരത്തില്‍ ഏർപ്പെട്ടിരിക്കുന്ന കർഷകരും കാർഷിക തൊഴിലാളികളും, ജോലികളില്‍ നിഷ്​കാസനം ചെയ്യപ്പെടുന്ന ലക്ഷക്കണക്കായ വ്യവസായിക തൊഴിലാളികള്‍, കുതിച്ചുയരുന്ന തൊഴിലില്ലായ്മ ജീവിതസാഹചര്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയ കോടിക്കണക്കായ യുവജനങ്ങള്‍, നോട്ടുറദ്ദാക്കല്‍ മുതല്‍ ജി.എസ്​.ടി വരെയുള്ള സാമ്പത്തിക പരീക്ഷണങ്ങള്‍ സ്വന്തം വരുമാനമാർഗങ്ങള്‍ അടച്ചുകളഞ്ഞ ചെറുകിട കച്ചവടക്കാർ‍, പൊതുവിലുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ ജീവിതോപാധികള്‍ നഷ്​ടപ്പെട്ട ഗ്രാമീണ മേഖലയിലെയും നഗരങ്ങളിലെയും അസംഘടിത മേഖലയിലെയും തൊഴിലാളികള്‍ തുടങ്ങിയവർക്കൊക്കെ കണക്കുചോദിക്കാനുള്ള തെരഞ്ഞെടുപ്പുകൂടിയാണ് ഇതെന്നുള്ളത് വിസ്മരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെയാണ് ഭരണമാറ്റത്തെക്കുറിച്ചുള്ള വലിയ പ്രത്യാശകളുടെ തെരഞ്ഞെടുപ്പുകൂടിയായി ഇത് മാറുന്നത്.

Loading...
COMMENTS