Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതൊ​ഴി​ലാ​ളി​യെ...

തൊ​ഴി​ലാ​ളി​യെ പ്ര​തി​യാ​ക്കു​ന്ന രാ​ഷ്ട്രീ​യം

text_fields
bookmark_border
തൊ​ഴി​ലാ​ളി​യെ പ്ര​തി​യാ​ക്കു​ന്ന രാ​ഷ്ട്രീ​യം
cancel

കേരള നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ ‘റിവേഴ്സ് റെമിറ്റൻസ്’ പരാമർശം വലിയ പൊതുചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ സമ്പാദിക്കുന്ന വരുമാനത്തിന്റെ വലിയൊരു വിഹിതം സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് സമ്മർദമുണ്ടാകുന്നുവെന്ന ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്. ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് മുഖ്യമന്ത്രി ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ, ആ ആശങ്കയുടെ കേന്ദ്രത്തിൽ ഏറ്റവും ദുർബലരായ മനുഷ്യരെ പ്രതിഷ്ഠിക്കുമ്പോൾ, അതിനെ സൂക്ഷ്മമായി വിലയിരുത്തേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട്.

മറുനാടുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ സ്വന്തം കുടുംബത്തിലേക്ക് പണം അയച്ചുകൊടുക്കുന്നത് ലോകത്തെ എല്ലാ തൊഴിൽ കുടിയേറ്റങ്ങളിലും കാണുന്ന സ്വാഭാവികമായ സാമ്പത്തിക പ്രവാഹമാണ്. സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച വരുമാനം കുടുംബത്തിന്റെ ആവശ്യങ്ങൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വയോധികരായ മാതാപിതാക്കളുടെ സംരക്ഷണത്തിനുമായി അയക്കുക എന്നത് ഏതൊരു വ്യക്തിയുടെയും അവകാശമാണ്. അതിനെ സാമ്പത്തിക പ്രശ്നമായി അവതരിപ്പിക്കുന്നതിന് മുമ്പ് ഒരു അടിസ്ഥാന സത്യം അംഗീകരിക്കേണ്ടതുണ്ട്; ആ പണം കേരളത്തിന്റെ ദാനമല്ല, തൊഴിലാളിയുടെ അധ്വാനത്തിന്റെ പ്രതിഫലമാണ്.

ഒരു തൊഴിലാളി ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് സ്വന്തം കുടുംബത്തിന് അയക്കുന്ന പണം സാമ്പത്തികശാസ്ത്രത്തിലും കുടിയേറ്റ പഠനങ്ങളിലും ‘Labour remittance’ എന്നാണ് അറിയപ്പെടുന്നത്. ‘Reverse remittance’ എന്ന ആശയം കുടുംബം കുടിയേറ്റക്കാരന് തിരിച്ചയക്കുന്ന സാമ്പത്തിക സഹായത്തെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി സ്വന്തം വീട്ടിലേക്ക് അയക്കുന്ന വേതനത്തെ ‘റിവേഴ്സ് റെമിറ്റൻസ്’ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ തെറ്റാണ്. ഇത് ഒരു പദപ്രയോഗത്തിന്റെ പ്രശ്നം മാത്രമല്ല. തൊഴിലാളിയുടെ അധ്വാനത്തെക്കാൾ അയാൾ അയക്കുന്ന പണം ചർച്ചയുടെ കേന്ദ്രമാകുമ്പോൾ, തൊഴിലാളിയുടെ സാമൂഹിക സംഭാവന അദൃശ്യമാക്കപ്പെടുന്നു; ചർച്ച അധ്വാനത്തിൽനിന്ന് പണമൊഴുക്കിലേക്കും, ഉൽപാദനത്തിൽനിന്ന് സംശയത്തിലേക്കും വഴിമാറുന്നു.

ഇന്ന് സംസ്ഥാനത്തിന്റെ ഉൽപാദന സംവിധാനത്തിന്റെ വലിയൊരു ഭാഗം ഇതരസംസ്ഥാന തൊഴിലാളികളുടെ അധ്വാനത്തെയാണ് ആശ്രയിക്കുന്നത്. ആയിരക്കണക്കിന് ചെറുകിട വ്യവസായങ്ങളും നിർമാണ പദ്ധതികളും കൃഷിയിടങ്ങളും ചരക്കുഗതാഗത ശൃംഖലകളും മത്സ്യബന്ധന തുറമുഖങ്ങളും ഈ തൊഴിൽശക്തിയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അവർ ഇല്ലാത്ത ഒരു കേരളത്തെ സങ്കൽപ്പിച്ചാൽ, അന്ന് ചർച്ച ചെയ്യേണ്ടി വരിക ഉൽപാദനത്തിന്റെ തകർച്ചയെക്കുറിച്ചായിരിക്കും.തൊഴിലുടമകൾക്കും വ്യവസായികൾക്കും കർഷകർക്കും ഇത് നന്നായി അറിയാം. തൊഴിലാളികളെ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത് കേരളത്തിലെ തൊഴിൽദാതാക്കളാണ്.

തൊഴിലാളികൾ ഉൽപാദനം വർധിപ്പിക്കുന്നു, വിപണിയിൽ ആവശ്യകത സൃഷ്ടിക്കുന്നു, ഉപഭോഗം കൂട്ടുന്നു, പ്രാദേശിക വ്യാപാരത്തെ സജീവമാക്കുന്നു, നികുതി വരുമാനത്തിന് പരോക്ഷമായി സംഭാവന ചെയ്യുന്നു. ഈ സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം അവഗണിച്ച് അവർ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ മാത്രം കണ്ണുവെക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ ഏറ്റവും വലിയ പരിമിതി, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വെറും പണമൊഴുക്കിന്റെ കണക്കായി ചുരുക്കിക്കാണുന്നു എന്നതാണ്.

കേരളത്തിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ സമ്പാദിക്കുന്ന മുഴുവൻ വരുമാനവും സ്വന്തം നാട്ടിലേക്ക് അയക്കുന്നു എന്ന ധാരണയും യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. അവർ കേരളത്തിൽ ജീവിക്കുന്നു; വാടക നൽകുന്നു; ഭക്ഷണം വാങ്ങുന്നു; ബസിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യുന്നു; ആശുപത്രികളിൽ ചികിത്സ തേടുന്നു; തിയറ്ററുകളിൽ കയറി സിനിമ കാണുന്നു; പ്രാദേശിക ഷോപ്പുകളിൽനിന്നും മാളുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നു; മൊബൈൽ സേവനങ്ങളും മറ്റ് ഉപഭോക്തൃ സേവനങ്ങളും ഉപയോഗിക്കുന്നു. അവരുടെ ജീവിതം കേരളത്തിന്റെ പ്രാദേശിക വിപണിയുടെ ഭാഗമാണ്.

ഒരു വികസിത തൊഴിൽവിപണിയിൽ തൊഴിലാളികൾ എവിടെനിന്ന് വരുന്നു എന്നതല്ല പ്രധാനം; അവരുടെ അധ്വാനം എന്താണ് സൃഷ്ടിക്കുന്നത് എന്നതാണ്.

കേരളം നേരിടുന്ന യഥാർഥ സാമ്പത്തിക വെല്ലുവിളികൾ മറ്റൊരിടത്താണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദേശപഠനത്തിനായി കേരളത്തിൽനിന്ന് പുറത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. അവരുടെ വിദ്യാഭ്യാസ ചെലവുകൾക്കായി കുടുംബങ്ങൾ വൻതോതിൽ വിദേശത്തേക്ക് പണം അയക്കുന്നു. ‘കേരള മൈഗ്രേഷൻ സർവേ 2023’ പ്രകാരം അഞ്ച് വർഷത്തിനിടെ വിദ്യാർഥി കുടിയേറ്റം ഏകദേശം ഇരട്ടിയായി. ഈ വിദ്യാർഥികൾക്കായി കുടുംബങ്ങൾ വിദേശത്തേക്ക് അയക്കുന്ന വിദ്യാഭ്യാസ ചെലവ് ഏകദേശം 43,378 കോടി രൂപയാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നടക്കുന്ന വലിയൊരു സാമ്പത്തിക പ്രവാഹമാണ്.അതോടൊപ്പം ഉയർന്ന നൈപുണ്യമുള്ള യുവാക്കളുടെ സ്ഥിര കുടിയേറ്റവും വർധിക്കുന്നു. സംസ്ഥാനത്ത് ആവശ്യത്തിന് ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്തതും നിക്ഷേപത്തിലെ മന്ദഗതിയും വിദ്യാഭ്യാസവും തൊഴിൽവിപണിയും തമ്മിൽ വർധിച്ചുവരുന്ന വിടവും നമ്മുടെ ദീർഘകാല സാമ്പത്തിക ഘടനയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഇത്തരം ഘടനാപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുപകരം, ഏറ്റവും ദുർബലരായ ഒരു വിഭാഗത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതീകമാക്കി അവതരിപ്പിക്കുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടിട്ടുള്ള ഒരു പ്രതിലോമ രാഷ്ട്രീയ പ്രവണതയാണ്. സാമൂഹികശാസ്ത്രം ഇതിനെ ‘Economic scapegoating’ എന്നാണ് വിളിക്കുന്നത്. സങ്കീർണമായ സാമ്പത്തിക പ്രതിസന്ധികൾക്ക് ഏറ്റവും ദുർബലരായ വിഭാഗങ്ങളെ പ്രതീകാത്മകമായി ഉത്തരവാദികളാക്കുന്ന രാഷ്ട്രീയം. യൂറോപ്പിലെയും അമേരിക്കയിലെയും കുടിയേറ്റവിരുദ്ധ രാഷ്ട്രീയത്തിന്റെ വളർച്ചയിൽ ഈ സമീപനം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തൊഴിലില്ലായ്മക്കും വേതനക്കുറവിനും പൊതുസേവനങ്ങളിലെ സമ്മർദങ്ങൾക്കും കാരണം കുടിയേറ്റക്കാരാണെന്ന കുറ്റപ്പെടുത്തലിൽ അഭിരമിക്കുന്നവർ നമ്മുടെ നാട്ടിലും വർധിച്ചുവരുന്നുണ്ട്.

ഇതരസംസ്ഥാന തൊഴിലാളികളെ ‘സാമ്പത്തിക ഭാരം’എന്ന നിലയിൽ അവതരിപ്പിക്കുന്നതിന് പകരം, അവർ നേരിടുന്ന യഥാർഥ പ്രശ്നങ്ങളാണ് നയചർച്ചകളുടെ കേന്ദ്രമാകേണ്ടത്. തൊഴിൽ രജിസ്ട്രേഷന്റെ അപര്യാപ്തത, സാമൂഹിക സുരക്ഷയുടെ അഭാവം, മോശം താമസസാഹചര്യങ്ങൾ, ബാങ്കിങ് സേവനങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം, ആരോഗ്യ സംരക്ഷണത്തിലെ തടസ്സങ്ങൾ, തൊഴിൽ നിയമങ്ങളുടെ ദുർബലമായ നടപ്പാക്കൽ എന്നിവയിലാണ് സർക്കാർ അടിയന്തരമായി ഇടപെടേണ്ടത്. ഈ മേഖലകളിൽ നിക്ഷേപം നടത്തുന്നത് തൊഴിലാളികളുടെ ക്ഷേമം മാത്രമല്ല, കേരളത്തിന്റെ ഉൽപാദനക്ഷമതയും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുത്തും.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽനിന്ന് അവർ എന്താണ് കൊണ്ടുപോകുന്നത് എന്നതിലുപരി, കേരളം അവരുടെ അധ്വാനത്തിൽനിന്ന് എന്താണ് നേടുന്നത് എന്ന ചോദ്യമാണ് കൂടുതൽ പ്രസക്തം. ഇതരസംസ്ഥാന തൊഴിലാളികളെ ‘അതിഥികൾ’ എന്ന നിലയിൽ മാത്രം കാണുന്ന സമീപനവും പുനഃപരിശോധിക്കേണ്ട സമയമാണിത്. കേരളത്തിന്റെ നഗരങ്ങളും വ്യവസായങ്ങളും കൃഷിയിടങ്ങളും നിർമ്മാണ മേഖലയും വർഷങ്ങളായി അവരുടെ അധ്വാനത്താലാണ് ചലിച്ചുകൊണ്ടിരിക്കുന്നത്. അവർ താൽക്കാലിക സന്ദർശകരല്ല; കേരളത്തിന്റെ സമകാലിക സമ്പദ്‌വ്യവസ്ഥയുടെ സജീവ ഘടകമാണ്. അവരെ ഔപചാരിക തൊഴിൽവിപണിയിലേക്കും സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലേക്കും ധനകാര്യ ഉൾക്കൊള്ളലിലേക്കും മനുഷ്യാവകാശ സംരക്ഷണത്തിലേക്കും പൂർണമായി കൊണ്ടുവരിക എന്നത് ഒരു ക്ഷേമനയമല്ല, മറിച്ച് കേരളത്തിന്റെ സാമ്പത്തിക ഭാവിയിലേക്കുള്ള നിക്ഷേപമാണ്.

കേരളത്തെ സമ്പന്നമാക്കിയത് പണം മാത്രമല്ല, അധ്വാനമാണ്. ആ അധ്വാനത്തിന് ഭാഷയില്ല, ദേശാതിർത്തികളില്ല. അതിന് ഒരൊറ്റ പേരേയുള്ളൂ-മനുഷ്യന്റെ അന്തസ്സ്.

(മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഗവേഷകനാണ് ലേഖകൻ) navasmkhadarmgu@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyeconomicworldopenforumimmigrationLaborPoliticsflows
News Summary - Politics that pits workers against each other
Next Story