ഒട്ടും ശുദ്ധമല്ല, കൊച്ചി ശുദ്ധജല വിതരണ പദ്ധതി
text_fields2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിൽ (RKDP) ഉൾപ്പെടുത്തിയതാണ് എ.ഡി.ബി സഹകരണത്തോടെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും ശുദ്ധജലവിതരണം നവീകരിക്കാനുള്ള പദ്ധതി. 2050ലെ ആവശ്യം മുൻനിർത്തി സമഗ്രമായ ശുദ്ധജലവിതരണ നവീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ കൊച്ചിയിലും തുടർന്ന് തിരുവനന്തപുരത്തും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്കെതിരെ തൊഴിലാളി സംഘടനകൾ കടുത്ത എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. എന്നിരിക്കിലും മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ഒപ്പുവെക്കാനായി കഴിഞ്ഞ ഒരു വർഷത്തിനിടെ എ.ഡി.ബിയുമായി നിരന്തര ചർച്ചകൾ നടത്തിയ സർക്കാർ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആഗോള ടെൻഡർ വിളിച്ച് കരാർ ഉറപ്പിക്കൽ, വാട്ടർ അതോറിറ്റിയെ ബോധ്യപ്പെടുത്തൽ, നഗരപദ്ധതിയായതുകൊണ്ട് കൊച്ചി കോർപറേഷനുമായുള്ള ചർച്ചകൾ എന്നിവയെല്ലാം തുടരുകയാണ്.
പദ്ധതി പലതുകൊണ്ടും സുതാര്യമല്ല എന്നുള്ളതും എ.ഡി.ബി പോലുള്ള വിദേശ ഫണ്ടിങ് ഏജൻസികളുടെ താൽപര്യങ്ങൾ കേരളത്തിലെ പൊതുസമൂഹത്തിന് സ്വീകാര്യമായിരുന്നില്ല എന്നതുമാണ് എതിർപ്പിനുള്ള പ്രധാന കാരണങ്ങൾ. പൊതുമേഖല ശക്തമായി നിലനിൽക്കെ ഒരു സ്വകാര്യ ഏജൻസിക്ക് ശുദ്ധജല വിതരണം പൂർണമായും കൈമാറി വാട്ടർ അതോറിറ്റിക്ക് മേൽനോട്ടച്ചുമതല മാത്രമാക്കി ചുരുക്കുന്നത് ഒട്ടുംതന്നെ ആശാസ്യമല്ല.
കൊച്ചിയിലെ നിർദിഷ്ട കേരള അർബൻ വാട്ടർ സർവിസ് ഇംപ്രൂവ്മെന്റ് പ്രോജക്ടിൽ പ്രധാനമായും നടപ്പാക്കുന്നത് പുതിയ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കൽ, നിലവിലെ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിക്കൽ, ജലശുദ്ധീകരണ പ്ലാന്റ് നവീകരണം, പഴയത് മാറ്റി പുതിയ മീറ്ററിങ് സംവിധാനം ഏർപ്പെടുത്തൽ എന്നിവയാണ്.
നിലവിൽ 15 പമ്പിങ് സ്റ്റേഷനുകളിലായി ദിനംപ്രതി 325 മെഗാലിറ്റർ വെള്ളമാണ് ശുദ്ധീകരിച്ച് വിതരണംചെയ്യുന്നത്. ഇതോടൊപ്പം പദ്ധതിപ്രകാരം 190 മെഗാലിറ്റർ പ്രതിദിന ശേഷിയുള്ള പുതിയ ഒരു പ്ലാന്റ് കൂടി ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമിക്കും. 700 കിലോമീറ്റർ പഴയ പൈപ്പുകൾ മാറ്റി കൂടുതൽ കാര്യക്ഷമതയുള്ള പുതിയ പൈപ്പുകൾ സ്ഥാപിക്കും. ഒരുദിവസം 135 ലിറ്റർ എന്നതോതിൽ കൊച്ചിയിൽ 24 മണിക്കൂറും തടസ്സമില്ലാതെ ശുദ്ധജലം ലഭ്യമാക്കും.
1,46,000 മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും. റീഡിങ് എടുക്കുന്ന ജോലി കുടുംബശ്രീയെ ഏൽപിക്കും. 10 വർഷത്തേക്ക് വെള്ളം ശുദ്ധീകരിക്കുന്നത് മുതൽ വീട്ടിൽ എത്തിക്കുന്നതുവരെയുള്ള ചുമതല സ്വകാര്യ ഏജൻസിയെ ഏൽപിക്കും. കൊച്ചി കോർപറേഷന് പുറമെ ആലുവ, തൃക്കാക്കര, മരട്, ഏലൂർ നഗരസഭകളും കുമ്പളം, കുമ്പളങ്ങി, ചെല്ലാനം, വരാപ്പുഴ, ചേരാനെല്ലൂർ, കടമ്പക്കുടി, മുളവുകാട്, എളംകുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം, കീഴ്മാട്, എടത്തല, ചൂർണിക്കര എന്നീ 13 ഗ്രാമപഞ്ചായത്തുകളും പദ്ധതിയിൽ ഉൾപ്പെടും.
എ.ഡി.ബിക്കു വേണ്ടി കള്ളക്കണക്ക്
എന്തിനാണീ പദ്ധതിയെന്ന ചോദ്യത്തിന് എ.ഡി.ബിയുടെ പദ്ധതി റിപ്പോർട്ടിലെ വിവരണം ഇപ്രകാരമാണ്: നിലവിൽ 325 മെഗാലിറ്റർ പ്രതിദിന വിതരണ ശേഷിയുണ്ടെങ്കിലും, മീറ്റർപ്രകാരം ഇതിൽ 51 ശതമാനത്തിന്റെ പണം ലഭിക്കുന്നില്ല. 49 ശതമാനം ജലം വിവിധ കാരണങ്ങളാൽ പാഴായിപ്പോവുകയാണ്. സ്ഥിരമായ പൈപ്പ് പൊട്ടലാണ് അതിൽ പ്രധാനം. അനുവദനീയമായ അളവിന്റെ പത്തിരട്ടിയാണത്രെ കൊച്ചിയിലെ പൈപ്പ്പൊട്ടൽ. ഇതുമൂലം ആവശ്യമായ ജലം ലഭ്യമാക്കാൻ കഴിയുന്നില്ല.
2020ലെ കണക്ക് പ്രകാരം 67 മെഗാലിറ്റർ വെള്ളത്തിന്റെ കുറവുള്ളത് 2050 ആകുമ്പോഴേക്കും 143 മെഗാലിറ്റർ ആയി ഉയരും. അത് പരിഹരിക്കാനാണ് പുതിയ പദ്ധതി. 51 ശതമാനം ജലനഷ്ടത്തിന്റെ കണക്ക് എവിടെനിന്ന് കിട്ടിയെന്നാണ് വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ ചോദിക്കുന്നത്. നിർദിഷ്ട പദ്ധതിപ്രദേശത്തെ ജനങ്ങളിൽ എത്രപേർ വാട്ടർ അതോറിറ്റിയെ ആശ്രയിക്കുന്നുണ്ട്? വീടുകളിൽ സ്വന്തമായുള്ള ശുദ്ധജല സ്രോതസ്സുകളുടെ ഉപയോഗം എത്രയാണ്?
കുളം, കിണർ, ചാമ്പ്പൈപ്പ് എന്നീ ശുദ്ധജല സ്രോതസ്സുകൾ എത്രമാത്രം ഉപയോഗിക്കുന്നു, അവയുടെ സംരക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എത്ര തുക ചെലവഴിക്കുന്നുണ്ട്, അതിന്റെ ഗുണദോഷങ്ങളും ജയപരാജയങ്ങളും എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ വളരെ വിശദമായി വിലയിരുത്തേണ്ടതുണ്ട്. വിതരണ നഷ്ടവും ഭാവിയിലെ ആവശ്യവും ഊന്നിപ്പറയുന്ന പദ്ധതി റിപ്പോർട്ടിൽ ഇത്തരം സുപ്രധാന വിഷയങ്ങളൊന്നും പരാമർശിക്കുന്നുപോലുമില്ല.
വിതരണനഷ്ടം വാട്ടർ അതോറിറ്റിയുടെയും സർക്കാറിന്റെയും പരാജയമായല്ലേ കാണേണ്ടത്. 211 മെഗാലിറ്റർ ശുദ്ധീകരിച്ച ജലം കൊച്ചി കോർപറേഷനിൽ വിതരണംചെയ്യുമ്പോൾ 103 മെഗാലിറ്ററിന്റെ മാത്രമേ ബില്ലിങ് നടക്കുന്നുള്ളൂ എന്നാണ് ജലവിതരണ ചുമതലയുള്ള മന്ത്രി പറയുന്നത്. ഇത് വാട്ടർ അതോറിറ്റിയുടെ കാര്യക്ഷമത ഇല്ലായ്മയുടെ തെളിവാണ്. അതിന് കൃത്യമായി പരിഹാരം കാണുന്നതിനു പകരം ബഹുരാഷ്ട്ര ജലവിതരണ കോർപറേഷനായ ‘സോയൂസി’നെ കെട്ടിയാനയിക്കാനൊരുങ്ങുന്നു സർക്കാർ.
1011 കോടി രൂപയാണ് കൊച്ചിയിലെ പദ്ധതിച്ചെലവായി പ്രതീക്ഷിക്കുന്നത്. ഇതിൽ 70 ശതമാനം എ.ഡി.ബി വായ്പയായി നൽകും, 30 ശതമാനം കേരള സർക്കാർ വഹിക്കണം. നിർമാണ, വിതരണ, മീറ്റർ സംവിധാനങ്ങൾക്കായി 798.13 കോടിയാണ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. സോയൂസ് കമ്പനി 982.13 കോടിക്കാണ് കരാർ ഏറ്റെടുത്തിരിക്കുന്നത് എന്നറിയുന്നു. മുൻകാല അനുഭവങ്ങൾ പരിശോധിക്കുമ്പോൾ നിർമാണഘട്ടത്തിൽതന്നെ തുക വർധിപ്പിച്ച് നൽകേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല. അത്യന്തം ഗുരുതരമായ സാമ്പത്തിക പ്രയാസത്തിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എ.ഡി.ബി വ്യവസ്ഥകൾക്ക് വിധേയമായി സ്വകാര്യ കമ്പനികളെ ശുദ്ധജലവിതരണം ഏൽപിച്ചാൽ കുടിവെള്ളം കൂടി മുട്ടിപ്പോകുന്ന സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളക്കരം അടച്ചില്ലെങ്കിലും വാട്ടർ അതോറിറ്റി മീറ്ററുകൾ ക്ലോസ് ചെയ്യാറില്ല. കുടിവെള്ളം മനുഷ്യന്റെ പ്രാഥമിക ആവശ്യവും അവകാശവുമാണെന്ന ബോധ്യമാണ് ഇതിന് പിറകിലുള്ളത്. എന്നാൽ, സ്വകാര്യ കമ്പനിക്ക് സർക്കാർ നൽകേണ്ട തുകയിൽ ഉപേക്ഷയുണ്ടായാൽ പോലും കൊച്ചിയിലെ കുടിവെള്ളം മുട്ടും.
ജല അതോറിറ്റിയെ ശക്തമാക്കലാണ് പരിഹാരം
51 ശതമാനം ശുദ്ധജലം വിലകിട്ടാതെ പാഴായിപ്പോകുന്നത് പരിഹരിക്കാൻ വാട്ടർ അതോറിറ്റിക്ക് സാധിക്കാത്തതുകൊണ്ട് സ്വകാര്യവത്കരണം നടപ്പിൽ വരുത്തിയേക്കാം എന്ന് തീരുമാനിക്കുന്നത് ന്യായീകരിക്കാനാവില്ല എന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിലപാട്. ശരാശരി 38 ശതമാനമാണ് ജലനഷ്ടമെന്നും എ.ഡി.ബിയുടെ താൽപര്യങ്ങളനുസരിച്ച് വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) ഉണ്ടാക്കിയവർ പഠനങ്ങളുടെ പിൻബലമില്ലാതെയാണ് 51 ശതമാനത്തിന്റെ കണക്ക് കൊണ്ടുവന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഒരു പ്രദേശത്തെ വിതരണമേഖലയിൽ എത്തിച്ചേരുന്ന ജലത്തിന്റെ അളവ്, യഥാർഥത്തിൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ജലത്തിന്റെ അളവ്, അവ തമ്മിലെ വ്യത്യാസം എന്നീ മൂന്ന് കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ ഒരു വിതരണമേഖലയിലെ യഥാർഥ ജലനഷ്ടം കണക്കാക്കാൻ കഴിയൂ. ഇതിനാകട്ടെ, ശുദ്ധീകരിക്കുന്ന ജലത്തിന്റെ അളവും ഉപയോഗിക്കുന്ന ജലത്തിന്റെ അളവും കണക്കാക്കേണ്ടതുണ്ട്. ഇത്തരത്തിലെ ഒരു ശാസ്ത്രീയപഠനവും എ.ഡി.ബിയുടെ കൺസൽട്ടന്റുമാർ നടത്തിയിട്ടില്ല. പുതിയ പദ്ധതി നടപ്പിൽവരുന്നതോടെ നഷ്ടം 20 ശതമാനമായി കുറയുമെന്നാണ് പദ്ധതി വക്താക്കളുടെ വാദം. എന്നാൽ, നിലവിലെ യഥാർഥ നഷ്ടമായ 38 ശതമാനം എന്നത് 20 ശതമാനമാക്കാൻ ഇപ്പോൾ ഉള്ള വാട്ടർ അതോറിറ്റി സംവിധാനത്തിനുതന്നെ സാധിക്കുമെന്നിരിക്കെ പിന്നെന്തിനാണ് സോയൂസ് കമ്പനിയെ ആ ദൗത്യം ഏൽപിക്കുന്നത്?
തൊണ്ണൂറുകൾക്ക് ശേഷമുണ്ടായ അമിത സ്വകാര്യവത്കരണത്തിന്റെയും പ്രകൃതിചൂഷണത്തിന്റെയും ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നവരാണ് ഈ തലമുറ. ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥയും നമ്മുടെ നിയന്ത്രണത്തിലല്ലാതായി. മനുഷ്യന്റെ അത്യാർത്തിയുടെ ഭാഗമായി, നിലവിലെ സാഹചര്യങ്ങൾ എല്ലാം അട്ടിമറിച്ച് പുതിയ ജീവനസാഹചര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ പഠിക്കാനാണ് ഇപ്പോൾ ആഗോള കോർപറേറ്റുകളും ഫണ്ടിങ് ഏജൻസികളും അവർ നിയന്ത്രിക്കുന്ന ഭരണകൂടങ്ങളും ഉപദേശിക്കുന്നത്.
ഇതിനെതിരായ ഒട്ടേറെ പ്രതിരോധങ്ങൾക്ക് മാതൃകയായ സംസ്ഥാനമാണ് കേരളം. സ്വാശ്രയത്വ കാമ്പയിനും, ഉൽപാദനാധിഷ്ഠിത വികസനവും, ജനകീയാസൂത്രണവും തകർന്ന വികസനമോഡലുകൾ അല്ല. കൊച്ചി കോർപറേഷന് ഈ പദ്ധതിയെക്കുറിച്ച് അറിയില്ലെന്നു വരുകിൽ ഇതിനെ അട്ടിമറി എന്നല്ലാതെ എന്താണ് പറയുക. ശുദ്ധജലത്തിന്റെ കാര്യത്തിലെങ്കിലും പൂർണമായും സ്വാശ്രിതരാകാൻ നമുക്ക് കഴിയും. വാട്ടർ അതോറിറ്റി നൽകുന്ന ശുദ്ധജലം കൂടാതെ ഓരോ കുടുംബത്തിനും ശുദ്ധജല സ്വാശ്രയത്വം എത്രമാത്രം നേടാൻ കഴിയും?
ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് പലവട്ടം ചർച്ചചെയ്തതും, എറണാകുളം ജില്ലയിലെ തുരുത്തിക്കരയിൽ മാതൃകകൾ രൂപപ്പെടുത്തിയതുമാണ്. ഇത്തരം മാതൃകയുടെ വ്യാപനമല്ലേ യഥാർഥത്തിൽ വേണ്ടത്? ശുദ്ധജല വിതരണം പൂർണമായും കേന്ദ്രീകരിച്ച് സ്വകാര്യവത്കരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയെ കീഴടങ്ങലെന്നേ നമുക്ക് പറയാൻ കഴിയൂ. സമ്പൂർണ സ്വകാര്യവത്കരണത്തിന്റെ ഇരകളെ സൃഷ്ടിക്കുന്ന ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ ചൂണ്ടയിൽ നമ്മൾ കുരുങ്ങരുത്.
എ.ഡി.ബി നൽകുന്ന വായ്പകൾ ഉപാധിരഹിതവും നാം നിർദേശിക്കുന്ന പദ്ധതികൾക്ക് അനുസൃതവുമായിരിക്കണമെന്നു പറയാൻ കേരളത്തിന് കഴിയണം.
അതിശക്തമായ സംവിധാനങ്ങളുള്ള കേരള വാട്ടർ അതോറിറ്റിയെ ആധുനികവത്കരിച്ച് സ്വന്തമായിത്തന്നെ പദ്ധതി നടപ്പാക്കാനുള്ള കാര്യപ്രാപ്തി ഉറപ്പാക്കുകയാണ് വേണ്ടത്. നമ്മുടെ നാടിന്റെ സമ്പത്തായ ജലേസ്രാതസ്സുകളെ നിയന്ത്രണത്തിലാക്കി അതിൽനിന്നുള്ള വെള്ളമൂറ്റി നമുക്ക് വിറ്റ് തടിച്ചുകൊഴുക്കാൻ ഒരു ബഹുരാഷ്ട്ര കമ്പനിയെ അനുവദിക്കുകയെന്നാൽ ജലത്തെയും ജനങ്ങളെയും നിരുപാധികം ചൂഷണം ചെയ്യാൻ അരുനിന്നു കൊടുക്കലാണ്, അത് സമ്മതിക്കാനാവില്ല.
kpraviprakash@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

