പടിയിറക്കം
text_fields‘നിയമത്തെ താഴെ വീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ മുറുകെപ്പിടിക്കുന്ന സംവിധാനം’ എന്നൊക്കെ വടിവൊത്ത അക്ഷരങ്ങളിൽ ജുഡീഷ്യറിയെക്കുറിച്ച് ഭരണഘടനയിലെഴുതിപ്പിടിപ്പിച്ചിട്ടുണ്ടെങ്കിലും, കാര്യത്തോടടുക്കുമ്പോൾ ആ സംവിധാനം ഏതെങ്കിലുമൊരു വശത്തേക്ക് ഏകപക്ഷീയമായി ചരിഞ്ഞുപോകുന്നുവെന്നതാണ് നമ്മുടെ നേരനുഭവം.
മോദിയുടെ ബുൾഡോസർ രാജ് തുരുമ്പുപിടിച്ച മൂന്നാം തൂണിലും പിടിമുറുക്കിയിരിക്കുന്നുവെന്നത് ആളുകൾ വെറുതെ പറയുന്നതല്ല. സംവിധാനമാകെ കുത്തഴിഞ്ഞുപോയിരിക്കുന്നുവെന്ന് മുമ്പ് നാട്ടുകാരോട് വിളിച്ചുപറഞ്ഞത് അവിടത്തെ മുഖ്യ ന്യായാധിപൻ തന്നെയായിരുന്നു.
എങ്കിലും, ജനാധിപത്യമല്ലേ? അവിടെ പ്രതീക്ഷക്ക് വലിയ സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ, മൂന്നാം തൂണിനെ വല്ലാതെ പരിക്കേൽക്കാതെ താങ്ങിനിർത്തുമെന്ന് തോന്നിപ്പിക്കുന്ന വിധിപ്രസ്താവങ്ങളുണ്ടാകുമ്പോൾ ജനാധിപത്യവിശ്വാസികളുടെ പ്രതീക്ഷക്കും കനംവെക്കും. അങ്ങനെ പ്രതീക്ഷ പകരുന്നതിൽ വലിയ പങ്കുവഹിച്ചയാളായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ്. അധികാരിവർഗത്തിന്റെ ബുൾഡോസർ പ്രയോഗങ്ങൾക്ക് വഴങ്ങാത്ത അപൂർവം ചിലരിലൊരാൾ.
അങ്ങനെയൊരാളുടെ സേവന കാലാവധി അവസാനിക്കുമ്പോൾ നമ്മുടെ പ്രതീക്ഷകൾക്ക് എന്തായിരിക്കും സംഭവിക്കുക? നാലേമുക്കാൽ വർഷത്തെ സുപ്രീംകോടതി സേവനത്തിനുശേഷം ജസ്റ്റിസ് ജോസഫ് കഴിഞ്ഞദിവസം പടിയിറങ്ങി.
ഔദ്യോഗികമായി വിരമിക്കാൻ ഇനിയുമുണ്ട് മൂന്നാഴ്ച. എന്തുചെയ്യാം. നാളെ മുതൽ രണ്ടു മാസത്തേക്ക് കോടതി അവധിയാണ്. അതുകൊണ്ട് തട്ടിക്കൂട്ടിയൊരു യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ച് വേഗം പറഞ്ഞുവിട്ടു. സഹപ്രവർത്തകരൊക്കെ നല്ലവാക്ക് പറഞ്ഞെങ്കിലും സോളിസിറ്റർ ജനറലും മറ്റും അനിഷ്ടം മറച്ചുവെച്ചില്ലെന്നാണ് റിപ്പോർട്ട്.
അതെന്തായാലും, മൂന്നാഴ്ചയുടെ സാങ്കേതികക്കുരുക്കിൽ നഷ്ടം സംഭവിക്കുക നീതി കാത്തുനിൽക്കുന്ന സാധാരണക്കാർക്കുതന്നെയാണ്. ഉദാഹരണത്തിന് ബിൽക്കിസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ടവരെ വെറുതെ വിട്ട ഗുജറാത്ത് സർക്കാറിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ നടക്കുന്ന കേസുതന്നെ എടുക്കുക. കെ.എം. ജോസഫിന്റെ ബെഞ്ച് കേട്ടുകൊണ്ടിരിക്കുന്ന കേസായിരുന്നു അത്; തുടക്കത്തിൽ പ്രതികൾക്കും ഗുജറാത്ത് സർക്കാറിനുമെതിരെ ജഡ്ജിയദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തതാണ്.
പറഞ്ഞിട്ടെന്തുകാര്യം, പ്രതിഭാഗത്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെ കേസ് ജൂലൈ മാസത്തിലേക്ക് മാറ്റിവെക്കേണ്ടിവന്നു. എന്നുവെച്ചാൽ, ഇനി കേസ് വിളിക്കുമ്പോൾ ബെഞ്ചിൽ കെ.എം. ജോസഫ് ഉണ്ടാകില്ല. പ്രതിഭാഗത്തിന് അത്രയും മതി. അവരും അതാണുദ്ദേശിച്ചത്. കേസിൽനിന്ന് അദ്ദേഹം ഒഴിവായാൽതന്നെ പകുതി രക്ഷപ്പെട്ടതുപോലെയാണ്. അപ്പോൾ, ആരൊക്കെയാണ് ജസ്റ്റിസിനെ ഭയപ്പെടുന്നതെന്ന് വ്യക്തം.
ഈ ഭയം നേരത്തേയുണ്ട്. അതുകൊണ്ടാണല്ലോ, കൊളീജിയം ശിപാർശ ചെയ്തിട്ടും കേന്ദ്രം എട്ടു മാസത്തോളം അത് തട്ടിക്കളിച്ചത്. ഒടുവിൽ, വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഏറ്റവും ജൂനിയർ ജഡ്ജിയാക്കി നിയമിച്ചത്. എങ്ങനെ ഭയക്കാതിരിക്കും.
ഹിന്ദുത്വ ഭരണകൂടത്തിന്റെ തിരുവായ്ക്കു മുന്നിൽ ജനാധിപത്യത്തിന്റെ സർവ തൂണുകളും വഴങ്ങി നിന്നപ്പോൾ, ഒഴുക്കിനെതിരെ തുഴഞ്ഞയാളാണ് കുറ്റിയിൽ മാത്യു ജോസഫ് എന്ന കെ.എം. ജോസഫ്. 2016 മാർച്ചിൽ ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലെ കോൺഗ്രസ് സർക്കാറിനെ കേന്ദ്രം പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ഓർമയില്ലേ?
അരുണാചൽ മാതൃകയിൽ ഭരണം പിടിക്കാനുള്ള അമിത് ഷായുടെ പുതിയ പരിപാടി. പക്ഷേ, സംഗതി കോടതി കയറി. ഉത്തരാഖണ്ഡ് ഹൈകോടതിയിൽ മുഖ്യ ന്യായാധിപനായിരുന്ന ജോസഫ് രാഷ്ട്രപതിഭരണം റദ്ദാക്കി. രാഷ്ട്രപതിയുടെ ഓർഡിനൻസ് റദ്ദാക്കാൻ ഹൈകോടതിക്ക് അധികാരമുണ്ടോയെന്നായി സർക്കാർ. അപ്പോഴാണ് ചരിത്രപ്രസിദ്ധമായ ആ വായടപ്പൻ മാസ് ഡയലോഗ്: ‘രാഷ്ട്രപതിയും മനുഷ്യനാണ്.
അദ്ദേഹം തെറ്റു ചെയ്താൽ കോടതിക്ക് അദ്ദേഹത്തെയും തിരുത്തേണ്ടിവരും.’ രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിെൻറ ആദ്യ സംഭവമായിരുന്നു അത്. അന്നുമുതൽ കെ.എം. ജോസഫ് കേന്ദ്രത്തിെൻറയും ഭരണ പാർട്ടിയുടെയും കണ്ണിലെ കരടാണ്. അതുകൊണ്ടുതന്നെ, ഏതുവിധേനയും അദ്ദേഹം പരമോന്നത നീതിപീഠത്തിലെത്തരുതെന്ന് അവർ അതിയായി ആഗ്രഹിച്ചു.
ആദ്യം, കൊളീജിയത്തിൽ സ്വാധീനം ചെലുത്തി പലകുറി ജഡ്ജി ലിസ്റ്റിൽനിന്ന് പേരു വെട്ടി. ജസ്റ്റിസ് ചെലമേശ്വറിനെപ്പോലുള്ളവർ ഇടപെട്ടതോടെ അത് നീങ്ങി; പട്ടികയിൽ ഉൾപ്പെട്ടപ്പോൾ തൊടുന്യായങ്ങൾ നിരത്തി അത് മടക്കി അയക്കുന്ന പണിയായി സർക്കാറിന്. നിൽക്കക്കള്ളിയില്ലാതെയാണ് ഒടുവിൽ അനുമതി നൽകേണ്ടിവന്നത്.
2018 ആഗസ്റ്റ് ഏഴിനായിരുന്നു സത്യപ്രതിജ്ഞ. അധികാരാരോഹണത്തിനുശേഷം ഭരണകൂടം ഭയപ്പെട്ടതുതന്നെ സംഭവിച്ചു. അന്നുമുതലുള്ള അദ്ദേഹത്തിന്റെ വിധിന്യായങ്ങളിലുണ്ട് എല്ലാം. വിദ്വേഷ പ്രസംഗത്തിനെതിരെ സ്വീകരിച്ച നിലപാടു മാത്രം നോക്കുക: വിദ്വേഷ പ്രസംഗം ശ്രദ്ധയിൽപെട്ടാൽ പരാതിയില്ലെങ്കിൽ പോലും കേസെടുക്കണമെന്ന് സംസ്ഥാന സർക്കാറുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ഉത്തരവിട്ടു.
ഒരു മലയാളി മാധ്യമപ്രവർത്തകൻ നൽകിയ കേസിൽ മറ്റൊരു മലയാളി ന്യായാധിപന്റെ ചരിത്രപരമായ വിധി. ഹിന്ദുത്വയുടെ ഏറ്റവും മൂർച്ചയേറിയ ആയുധത്തിനുമേലുള്ള ജനാധിപത്യ പ്രതിരോധമായി അത് കൊണ്ടാടപ്പെട്ടു. തികഞ്ഞ മോദിഭക്ത സംഘമായി തെരഞ്ഞെടുപ്പ് കമീഷൻ മാറിയപ്പോൾ, അതിന്റെ തലപ്പത്തിരിക്കുന്നവരുടെ നിയമനത്തിലും അദ്ദേഹമൊരു തീരുമാനമുണ്ടാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, തെരഞ്ഞെടുപ്പ് കമീഷണർമാർ എന്നിവരെ പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങളായ സമിതിയുടെ ശിപാർശപ്രകാരം, രാഷ്ട്രപതി നിയമിക്കണമെന്ന് സംശയത്തിനിടയില്ലാത്ത വിധം ഉത്തരവിട്ടു. പ്രധാനമന്ത്രി പറയുംപ്രകാരം വെറുതെയങ്ങ് രാഷ്ട്രപതി ഒപ്പിടുന്ന പരിപാടി അതോടെ അവസാനിച്ചു. ഭരണകൂടം അർബൺ നക്സലുകളെന്ന് മുദ്രകുത്തി ജയിലിലടച്ചവരുടെ ഭാഗം കേൾക്കാനും അദ്ദേഹം സന്നദ്ധനായി.
ഗൗതം നവ് ലഖയുടേതടക്കമുള്ളവരുടെ ജയിൽവാസത്തിന് അറുതിവന്നത് അതോടെയാണ്. റഫേൽ ഇടപാടിൽ മോദി സർക്കാറിന് കോടതി ക്ലീൻ ചിറ്റ് നൽകിയപ്പോൾ വിയോജിച്ച് വിധിയെഴുതിയതും ചരിത്രമായി. ഇതിനിടെ, ജെല്ലിക്കെട്ട് പോലുള്ള സെൻസിറ്റീവ് വിഷയങ്ങളിലും നിയമവും വകുപ്പും നോക്കി വിധി പറഞ്ഞു.
ഏത് വിധിപ്പകർപ്പെടുത്തുനോക്കിയാലും ഒരു കാര്യം വ്യക്തമാകും: അതെല്ലാം ഭരണകൂടത്തിന്റെ ജനാധിപത്യവേട്ടക്കെതിരായ പ്രതിരോധങ്ങളായിരുന്നു . പ്രതീക്ഷയുടെ ആ നിലാവെളിച്ചമാണ് പടിയിറങ്ങിയിരിക്കുന്നത്.
1958 ജൂൺ 17ന് കോട്ടയം ജില്ലയിലെ അതിരംപുഴയിൽ ജനനം. പിതാവ് ജസ്റ്റിസ് കെ.കെ. മാത്യുവാണ് ഒൗദ്യോഗിക ജീവിതത്തിൽ വഴികാട്ടി. സുപ്രീംകോടതി ജഡ്ജിയായിരുന്നു അദ്ദേഹം. 80കളിൽ പ്രസ് കമീഷെൻറയും ലോ കമീഷെൻറയും ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആ കാലത്താണ് കെ.എം. ജോസഫ് നിയമപഠനം പൂർത്തിയാക്കി ഡൽഹിയിലെത്തുന്നത്. സുപ്രീംകോടതിയിൽ പ്രമുഖ അഭിഭാഷകനായ ഭണ്ഡാരിയുടെ ജൂനിയറായിട്ടായിരുന്നു തുടക്കം. 2004 ൽ കേരള ഹൈകോടതി ജഡ്ജിയായി. കാപിക്കോ റിസോർട്ട് പൊളിച്ചുകളയാനൊക്കെ ഉത്തരവിട്ടത് ഇക്കാലത്താണ്. 10 വർഷത്തിനുശേഷം ഉത്തരാഖണ്ഡ് ഹൈകോടതിയിലെത്തി.
തരക്കേടില്ലാതെ പാട്ടുപാടും. പ്രളയബാധിതർക്കുള്ള സഹായത്തിനായി സുപ്രീംകോടതിയിലെ നിയമകാര്യ ലേഖകർ ഒരുക്കിയ കലാസന്ധ്യയിൽ പാടിയ ‘അമരം’ സിനിമയിലെ ‘വികാര നൗകയുമായ്, തിരമാലകളാടിയുലഞ്ഞു’ എന്ന ഗാനമാലപിച്ചപ്പോൾ സാക്ഷാൽ ദീപക് മിശ്രപോലും എഴുന്നേറ്റുനിന്ന് കൈയടിച്ചു പോലും. ചേർത്തല മൂലേതരകൻ കുടുംബാംഗം അമ്മിണിയാണ് മാതാവ്. ഭാര്യ: ആൻസി. രണ്ട് മക്കൾ: അഡ്വ. വിനയ്, ടാനിയ.