Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപലമയുടെ കാലത്തെ...

പലമയുടെ കാലത്തെ പുസ്​തക പ്രസാധനവേദി

text_fields
bookmark_border
K K Baburaj
cancel
camera_alt

കെ.കെ. ബാബുരാജ്

'മാധ്യമം' പ്രസിദ്ധീകരണങ്ങളുടെ ഭാഗമായി പുതിയൊരു പുസ്​തക പ്രസാധക സ്​ഥാപനം ഉദ്​ഘാടനം ചെയ്യ​െ​പ്പടുന്നതായുള്ള അറിയിപ്പ്​ വളരെയധികം സന്തോഷം ഉളവാക്കുന്നതാണ്​. മുഖ്യധാര സ്​ഥാപനങ്ങൾക്ക്​ ഒപ്പം നിൽക്കു​േമ്പാൾതന്നെ വേറിട്ട സ്​ഥാനം നിലനിറുത്താനും കഴിഞ്ഞ കേരളത്തിലെ മികച്ച സ്​ഥാപനങ്ങളാണ്​ മാധ്യമം പത്രവും വീക്കിലിയും മീഡിയവൺ ചാനലും. പലപ്പോഴും അന്യായ വിചാരണകൾക്കും ഒറ്റപ്പെടുത്തലുകൾക്കും വിധേയമായിട്ടുണ്ടെങ്കിലും തങ്ങളുടെ സ്വതന്ത്രവും ധീരവുമായ നിലപാടുകളിൽ അധികം ഉലച്ചിൽ വരുത്താതെ പ്രവർത്തിക്കാൻ ഇവക്കായിട്ടുണ്ട്​.

ഇതിന്​ കാരണം വിപുലമായൊരു കീഴാള പൊതു​ജന സഞ്ചയത്തെയും യുവജനങ്ങളെയും സ്​ത്രീകളെയും ഉൾക്കൊള്ളുന്നതിനൊപ്പം സമൂഹത്തിലെ സ്വതന്ത്ര ചിന്താഗതിക്കാരെയും നിഷ്​പക്ഷമതികളെയും ആകർഷിക്കാൻ കഴിയുന്ന വിധത്തിൽ തങ്ങളുടെ ഉള്ളടക്കത്തിലും അലങ്കരണത്തിനും മികവും വൈവിധ്യവും പുലർത്താൻ കഴിഞ്ഞതിലൂടെയാണ്​. ഏറക്കുറെ 35 വർഷമായിട്ടുള്ള അനുഭവസമ്പത്തും മാനേജ്​മെൻറും വൈദഗ്​ദ്യവും വായനക്കാരോടും എഴുത്തുകാരോടും പുലർത്തുന്ന പക്ഷപാതിത്വരഹിത സമീപനവും വിപുലമായ വികരണ ശൃംഖലയും പുതിയ പുസ്​തക പ്രസിദ്ധീകരണ വിഭാഗത്തിന്​ മുതൽക്കൂട്ടാവുമെന്ന്​ പ്രതീക്ഷിക്കാം.

കേരളത്തിൽ അറുപതുകളുടെ അവസാനമാണ്​ ചെറുകിട പ്രസാധക സംരംഭങ്ങളും ലിറ്റിൽ മാഗസിനുകളും ഉയർന്നുവരാൻ തുടങ്ങിയത്​. അക്കാലത്തെ സാഹിത്യത്തിലെ ആധുനിക പ്രസ്​ഥാനവുമായി കണ്ണിചേർന്നാണ്​ അവ രൂപപ്പെട്ടത്​. മലയാളത്തിലെ സ്വതന്ത്ര ചെറുകിട പ്രസാധക സംരംഭങ്ങളിൽ ആദ്യമായി ശ്രദ്ധേയമായത്​ കെ. അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തിലുണ്ടായ 'കേരള കവിതാ ഗ്രന്ഥാവലി' ആണെന്നു തോന്നുന്നു. ഇതേ കാലയളവിൽ എം. ഗോവിന്ദ​ന്‍റെ പരിശ്രമ ഫലമായി ചില പുസ്​തകങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. കെ. സച്ചിദാനന്ദ​ന്‍റെ 'ജ്വാല' എന്ന പ്രസിദ്ധീകരണവും മേൽപറഞ്ഞ ഭാവുകത്വ പരിസരത്ത്​ നിന്നുമാണ്​ ഉണ്ടായത്​.

ആധുനികതയുടെ സാഹിത്യ ഭാവുകത്വ മണ്ഡലത്തിൽനിന്നും വേറിട്ടുകൊണ്ട്​, അന്നത്തെ സാർവദേശീയ-ദേശീയ സ്​ഥിതിഗതികളും മാർക്​സിസത്തി​ന്‍റെ പുത്തൻ മുന്നേറ്റമായി കണകാക്കപ്പെട്ട ചൈനീസ്​ വിപ്ലവത്തിൽനിന്നും കമ്യൂണിസ്​റ്റ്​ പാർട്ടിയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട്​ കരളത്തിൽ ഇടതുപക്ഷ റാഡിക്കൽ മൂവ്​മെൻറുകൾ ആരംഭിച്ചത്​ ഇതേ കാലയളവിൽ തന്നെയാണ്​. തുടക്കത്തിൽ 'ഇൻക്വിലാബ്' പോലുള്ള രഹസ്യ പ്രസിദ്ധീകരണങ്ങൾ നടഖത്തിയ ഈ മൂവ്​മെൻറ്​ കെ. വേണുവി​ന്‍റെ 'വിപ്ലവത്തി​ന്‍റെ ദാർശനിക പ്രശ്​നങ്ങൾ' എന്ന പുസ്​തകവും മാവോ സേതുങ്ങി​ന്‍റെ ചില ചെറിയ കൃതികളും പ്രസിദ്ധീകരിക്കുകയുണ്ടായി. എങ്കിൽ പോലും ഇവർ കൂടുതൽ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചത്​ എൺപതുകളുടെ തുടക്കത്തിലാണ്​. ഇതി​ന്‍റെ ഫലമായി ന്‍റെ കൃതികൾ മാവോ സേതുങ്ങി​ന്‍റെ തിരഞ്ഞെടുത്ത വോള്യങ്ങൾ എന്നിവക്കും ചുരുക്കം ചില സാഹിത്യകൃതികളും പ്രസിദ്ധീകരിക്കപ്പെട്ടു. പിൽക്കാലത്ത്​ ജനകീയ സാംസ്​കികാരിക വേദിയുടെ പ്രവർത്തനഫലമായി നിരവധി പുസ്​തകങ്ങളും പുറത്തിറങ്ങുകയുണ്ടായി. മാർക്​സിസത്തെ സംബന്ധിച്ച്​ വ്യവസ്​ഥാപിത വഴികളിൽനിന്ന്​ വിട്ടുമാറിയ വലിയ മാറ്റങ്ങളാണ്​ ഇവ രൂപപ്പെടുത്തിയത്​.

സി.പി.(എം.എൽ) പ്രസ്​ഥാനം പല വിധത്തിലുള്ള ഗ്രൂപ്പുകളായി വേർതിരിയുകയും ജനകീയ സാംസ്​കാരിക വേദിയുടെ പ്രവർത്തനം നിലക്കുകയും ചെയ്​തതിലൂടെ കേരളത്തിൽ സ്വതന്ത്ര വീക്ഷണമുള്ള, എന്നാൽ, ഇടതുപക്ഷത്തോട്​ വിശാലമായ സാഹോദര്യം പുലർത്തുകയും ചെയ്​ത നിരവധി ചെറുകിട പ്രസാധക സംരംഭങ്ങളാണ്​ ഉയർന്നുവന്നത്​. ഇത്തരം സ്​ഥാപനങ്ങളാണ്​ ഡി.ഡി. കോസാംബിയുടെ വിത്ത്​ ആൻഡ്​ റിയാലിറ്റി പോലുള്ള കൃതികൾ പ്രസിദ്ധീകരിച്ചത്​.

ഇതേ കാലയളവിൽ മഹാരാജാസ്​ കോളജിൽ ബിരുദ വിദ്യാർഥിയായിരുന്ന ഈ ലേഖകൻ 'നവംബർ ബുക്​സ്​' സ്​ഥാപനം നടത്തിയിരുന്നു. അതും വിശാല ഇടതു വീക്ഷണത്തോടൊപ്പം അക്കാലത്തെ യുദ്ധവിരുദ്ധ പ്രസ്​ഥാനത്തി​ന്‍റെയും പുതിയ പൗരാവകാശ-മനുഷ്യാവകാശ മൂവ്​മെൻറുകളുടെയും ആശയങ്ങളെ പ്രചരിപ്പിക്കാൻ ലക്ഷ്യം വെച്ചതായിരുന്നു. ഇത്തരം സംരംഭങ്ങളെ പറ്റി 'അപരചിന്തനം' എന്ന പുസ്​തകത്തിൽ എഴുതിയിട്ടുള്ള ഒരു ഭാഗം ഇവിടെ പകർത്തുകയാണ്​. 1980-90കളിൽ ലോകവ്യാപകമായി ഇടതുപക്ഷ പ്രസ്​ഥാനങ്ങൾ തകർച്ചയെ നേരിട്ടപ്പോഴും കേരളത്തിൽ സമാനമായ സ്​ഥിതിയുണ്ടാകാത്തത്​ തങ്ങളുടെ ക്രെഡിറ്റായി വ്യവസ്​ഥാപിത മാർക്​സിസ്​റ്റുകൾ അവകാശപ്പെടാറുണ്ട്​. എന്നാൽ, കടവും സാമൂഹികവു ബഹിഷ്​കരണങ്ങളും ഏറ്റെടുത്തുകൊണ്ട്​ ഞങ്ങളെ പോലുള്ള ചെറുസംഘങ്ങൾ നടത്തിയ ചെറുത്തുനിൽപാണ്​ അക്കാലത്തെ ഇടതുപക്ഷ ധാർമികതക്കും വൈജ്​ഞാനികതക്കും പുത്തൻ ദൃശ്യത നൽകിയതെന്നതാണ്​ വസ്​തുത!

മേൽപറഞ്ഞ പ്രസാധക സ്​ഥാപനങ്ങൾ ഒന്നൊന്നായി തകരുകയും പലരും കടത്തിൽ മുങ്ങുകയോ മറ്റിതര മേഖലകൾ തേടുകയോ ചെയ്​തു. സമാന്തര പ്രസിദ്ധീകരണ രംഗത്ത്​ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ 'മൾബറി ബുക്​സി'​ന്‍റെ ഷെൽവി ആത്​മഹത്യ ചെയ്യുകയാണുണ്ടായത്​. എന്നാൽ, ഇത്തരം പ്രസിദ്ധീകരണ സ്​ഥാപനങ്ങളുടെ തകർച്ചക്ക്​ പിന്നിൽ ആധുനികതയുടെ തളർച്ചയും ഇടതുപക്ഷ പ്രസ്​ഥാനത്തി​ന്‍റെ ശൈഥില്യവും മാനേജ്​മെൻറ്​ ശേഷിയുടെ അഭാവവും വിതരണത്തിലെ അമേച്വറിസ്​റ്റ്​ ഘടകങ്ങളും മാത്രമല്ല ഉള്ളത്​ എന്നാണ്​ തോന്നുന്നത്​. ഏറ്റവും പ്രധാനപ്പെട്ട കാരണം ആഗോളവത്​കരണത്തി​ന്‍റെ ആഘാതമാണെന്നാണ്​ കരുതേണ്ടത്​.

തൊണ്ണൂറുകളിലാണ്​ ഇന്ത്യയിൽ ഔദ്യോഗികമായി ചിട്ടവട്ടങ്ങളോടെയും നിയന്ത്രണ/നിരോധ സംവിധാനങ്ങളിലൂടെയും ആഗോളവത്​കരണത്തിന്​ ആരംഭം കുറിച്ചത്​. ഇതോടെ അതേവരെ അമേച്വറിസ്​റ്റ്​ സ്വഭാവത്തോടെ പ്രവർത്തിച്ചിരുന്ന പുസ്​തക പ്രസാധക സംരംഭങ്ങളും ആഗോളവത്​കരണത്തി​ന്‍റെ വലയിലായി. പുത്തൻ പകർപ്പവകാശ നിയമങ്ങൾ കർശനമായി പാലിക്കപ്പെടാൻ തുടങ്ങിയതോടെ ചെറുകിട പ്രസാധക സ്​ഥാപനങ്ങളുടെ മുഖ്യ ആകർഷണമായ വിദേശ കൃതികളുടെ വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കുക അസാധ്യമായി മാറി. ഇതോടൊപ്പം പോസ്​റ്റൽ വകുപ്പ്​ ചെറുകിട പ്രസാധക സ്​ഥാപനങ്ങളുടെ പുസ്​തക വിതരണത്തിന്​ പുത്തൻ നിയന്ത്രണങ്ങൾ കൊണ്ടുവന്നുകൊണ്ട്​ കുത്തകകൾക്ക്​ മാത്രം പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്​തു. മാത്രമല്ല, കേരളത്തിലെ ഗ്രന്ഥശാലകളും സ്​കൂൾ-കോളജ്​ ലൈബ്രറികളും പുസ്​തകങ്ങൾ നേരിട്ടുവാങ്ങുന്നത്​ നിർത്തുകയും ചെയ്​തു. അവർ ഡി.സി ബുക്​സ്​ മുതലായ മുഖ്യധാരയിൽനിന്ന്​ വലിയ അളവിൽ പുസ്​തകങ്ങൾ വാങ്ങാൻ തുടങ്ങി. ചെറുകിട പ്രസാധകർക്ക്​ റോയൽറ്റി കൃത്യമായി കൊടുക്കാൻ പറ്റാത്തതിനാൽ പ്രധാനപ്പെട്ട എഴുത്തുകാർക്ക്​ ഇത്തരം സംരംഭങ്ങളോടുള്ള താൽപര്യവും കുറഞ്ഞു.

മറ്റൊരു കാര്യം, ആഗോളവത്​കരണത്തിന്​ മുമ്പ്​ ലോകത്തിലെ വിവിധ ഭാഷകളിൽനിന്ന്​ ഇംഗ്ലീഷിലേക്ക്​ വിവർത്തനം ചെയ്​ത പുസ്​തകങ്ങൾ കേരളത്തിലെ ലെൻഡിങ്​ ലൈബ്രറികളിൽ എത്തിയിരുന്നു. പുസ്​തക വിപണി കുത്തകവത്​കരിക്കപ്പെട്ടതിലൂടെ ഇത്തരം പുസ്​തകങ്ങളുടെ വരവ്​ നിലക്കുകയും ലെൻഡിങ്​ ലൈബ്രറികൾ ഓരോന്നായി അപ്രത്യക്ഷപ്പെടുകയും ചെയ്​തു. ഇതി​ന്‍റെ ഫലമായി കൃതികളുടെ വൈവിധ്യം, പുതുഭാവുകത്വം എന്നിവ അപ്രസക്​തമായി മാറി. സമാന്തരമായി എഴുത്തുകാരുടെ 'സ്​റ്റാർഡം' പോപ്പുലർ കൾച്ചറിലുള്ള സ്വാധീനത എന്നിവക്ക്​ പ്രാധാന്യവും ലഭിച്ചു. കേരളത്തിൽ നോവലുകൾ, ചെറുകഥ സമാഹരങ്ങൾ എന്നിവക്ക്​ വലിയ പ്രോത്സാഹനം കിട്ടുന്നതും വായനക്കാർ അവയുടെ ഉള്ളടക്കം പരിശോധിക്കാതെ ബെസ്​റ്റ്​ സെല്ലറുകളാക്കി മാറ്റുന്നതും ഈ പശ്ചാത്തലത്തിലാണ്​. ഇതി​ന്‍റെ പരിണിത ഫലമായി വിജ്​ഞാന കൃതികളോടുള്ള താൽപര്യം പൊതുവായനക്കാരിൽ കുറഞ്ഞു.

ആഗോളവത്​കരണത്തിന്​ ശേഷം മാർക്​സിസത്തി​ന്‍റെ ഉദാരമായ ആകർഷണീയത ഏറെക്കുറെ നഷ്​ടപ്പെട്ടു. അതിനുശേഷമുള്ള പുതിയ വിജ്​ഞാനശാഖകളിലേക്കും ചിന്താരംഗത്തെ മാറ്റങ്ങളിലേക്കും സമൂഹത്തെ കടത്തിക്കൊണ്ടുവരാൻ കുത്തക പ്രസിദ്ധീകരണങ്ങൾ വിസമ്മതിക്കുകയാണ്​ ചെയ്​തത്​. അവരെ സംബന്ധിച്ച്​ ബെസ്​റ്റ്​ സെല്ലറുകളിൽ കേന്ദ്രീകരിക്കുക എന്നതിനപ്പുറം മറ്റു പ്രതിബദ്ധതകൾ ഒന്നുമില്ലല്ലോ!

രണ്ടായിരമാണ്ടോടെ കേരളത്തിലെ സാമൂഹിക അവബോധ മണ്ഡലത്തിൽ വ്യത്യസ്​ത തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായി എന്നാണ്​ ഈ ലേഖകൻ കരുതുന്നത്​. അതായത്​ മൾട്ടി കൾച്ചറലിസത്തി​ന്‍റെയും സാംസ്​കാരിക വൈവിധ്യങ്ങളുടെയും ദേശാന്തരീയതയുടെയും പ്രമേയങ്ങൾ കേരളത്തിലെ പൊതുമണ്ഡലത്തിൽ പതുക്കെ സ്വാധീനമുറപ്പിക്കാൻ തുടങ്ങി. ഈ മാറിയ സാഹചര്യത്തിൽ, ഞാനും ചില സുഹൃത്തുക്കളും കൂടി സബ്​ജക്​ട്​ ആൻഡ്​ ലാംഗ്വേജ്​ എന്നൊരു പുതുസംരംഭം ആരംഭിക്കുകയുണ്ടായി. ഏറെക്കുറെ പതിനാലോളം പുസ്​തകങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ വിപുലമായ ബ്രോഷർ തയാറാക്കി.

ഈ ബ്രോഷറുമായി ഒരിക്കൽ തത്ത്വചിന്തകനായ നിസാർ അഹമ്മദി​ന്‍റെ കാലടിയിലുള്ള വസതിയിൽ ഞങ്ങൾ പോവുകയുണ്ടായി. അത്​ സസൂക്ഷ്​മം വായിച്ച അദ്ദേഹം പറഞ്ഞത്​ ഇപ്രകാരമാണ്​. ഇതിൽ 14 പുസ്​തകങ്ങളും നിങ്ങൾക്ക്​ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞേക്കില്ല. ചിലപ്പോൾ നാലോ അഞ്ചോ പ്രസിദ്ധീകരിക്കാൻ പറ്റിയേക്കാം. എങ്കിൽപോലും ഈ സംരംഭത്തിന്​ ഒരു പ്രസ്​ഥാനത്തി​ന്‍റെ ആഴമുണ്ട്​. അവബോധ മാറ്റത്തി​ന്‍റെ സൂചനകൾ ഉള്ളടങ്ങുന്നുണ്ട്​. അദ്ദേഹത്തി​ന്‍റെ പ്രവചനം അതേപോലെത്തന്നെ സംഭവിച്ചു എന്നതാണ്​ യാഥാർഥ്യം. നിസാർ അഹമ്മദ്​ സൂചിപ്പിച്ചത്​ പോലെ നാലോ അഞ്ചോ പുസ്​തകങ്ങൾ ഞങ്ങൾക്ക്​ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞുള്ളൂ. ഇതേസമയം, കേരളത്തിലെ ഹിന്ദുത്വ പൊതുബോധത്തിൽ മാർക്​സിസത്തി​ന്‍റെ പിതൃരക്ഷാ സ്​ഥാനത്തുനിന്നും വിടുതൽ നേടിക്കൊണ്ട്​ മൾട്ടി കൾച്ചറലിസത്തി​ന്‍റെയും ദേശാന്തരീതയുടെയും ന്യൂനപക്ഷ-ചെറുരാഷ്​ട്രീയ സാന്നിധ്യങ്ങളുടെയും പുതുമണ്ഡലമാണ്​ കേരളത്തിൽ പ്രത്യക്ഷപ്പെട്ടത്​.

മാധ്യമത്തി​ന്‍റെ പുതു പ്രസാധക സംരംഭം, മാൾട്ടി കൾചറലിസത്തി​ന്‍റെ സാംസ്​കാരിക-രാഷ്​ട്രീയ വിവക്ഷകൾ ഉൾക്കൊള്ളുന്നതിനൊപ്പം ചെറുരാഷ്​ട്രീയങ്ങളുടെ വികാസത്തിനും വിമോചനത്തിനും പ്രേരണയാകണമെന്ന്​ ആഗ്രഹിക്കുകയാണ്​. മലയാളത്തിലെ ആധുനികതയുടെ ഭാവുകത്വ മണ്ഡലം ഇപ്പോഴും സർവശക്​തമായി തുടരുന്നത്​ മികച്ച കൃതികൾ വിവർത്തനം ചെയ്​ത്​ പ്രസിദ്ധീകരിച്ചതി​ന്‍റെ ഫലവും കൂടിയാണ്​. ഇന്നത്തെ സാഹചര്യത്തിൽ ആധുനികാനന്തര മതേതരാനന്തര കൃതികൾ വിവർത്തനം ചെയ്​തു പുറത്തിറക്കിയാൽ നന്നായിരിക്കുമെന്ന്​ തോന്നുന്നു. കേരളത്തെ സംബന്ധിച്ച്​ ഇപ്പോഴും പോസ്​റ്റ്​ കൊളോണിയലിസവും പോസ്​റ്റ്​ മോഡേണിസവും എന്തോ അപകടമാണെന്ന മട്ടിലാണ്​ പ്രചരിപ്പിക്കുന്നത്​. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വാദമാണിത്​.

മറ്റൊരു കാര്യം പറയാനുള്ളത്​ കേരളത്തിൽ ആധുനികതയുടെയും നവ മാർക്​സിസത്തി​ന്‍റെയും വ്യക്​താക്കളായ കെ. അയ്യപ്പപണിക്കരും കെ. സച്ചിദാനന്ദനും കെ.ജി. ശങ്കരപ്പിള്ളയും ബി. രാജീവനുമെല്ലാം ഇംഗ്ലീഷിൽ എഴുതാനും ചിന്തിക്കാനും കഴിവുള്ളവരാണ്​. എന്നാൽ, ഇവർ എല്ലാവരും തുടക്കം മുതലേ മലയാളത്തിൽ എഴുതാനും ചിന്തിക്കാനും സന്നദ്ധത കാട്ടിയിട്ടുണ്ട്​. അതിനാലാണ്​ അവരുടെ ആശയങ്ങൾക്കും സാന്നിധ്യത്തിലും സാധാരണ ബഹുജനങ്ങൾക്കിടയിൽ ഇപ്പോഴും നല്ല സ്വാധീനതയുള്ളത്​.

ഇതേസമയം, പോസ്​റ്റ്​ ​കൊളോണിയസത്തിലും മൾട്ടി കൾച്ചറലിസത്തിലും നല്ല പാണ്ഡിത്യവും അറിവുമുള്ള നിരവധി മലയാളി എഴുത്തുകാർ കേരളത്തിലും ഇന്ത്യയിലും ലോകത്തി​ന്‍റെ വിവിധ ഭാഗങ്ങളിലുമുണ്ട്​. ഇവരിൽ അപൂർവം ചിലർ മാത്രമെ മലയാളത്തിൽ എഴുതുന്നുള്ളൂ എന്നത്​ ദൗർഭാഗ്യകരമാണ്​. ഇത്തരം ആൾക്കാരുമായി സംവദിച്ചുകൊണ്ട്​, അവരെ മലയാളത്തിൽ എഴുതാനും വിവർത്തനങ്ങൾ നടത്താൻ പ്രേരിപ്പിക്കാനും ഈ സ്​ഥാപനത്തിന്​ കഴിയ​ട്ടെ എന്നും ആഗ്രഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam BooksKK Baburaj
News Summary - KK Baburaj in Madhyamam Books
Next Story