Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമനുഷ്യപ്പറ്റിന്‍െറ...

മനുഷ്യപ്പറ്റിന്‍െറ മലയാളത്തിന് യത്നിക്കാം

text_fields
bookmark_border
മനുഷ്യപ്പറ്റിന്‍െറ മലയാളത്തിന് യത്നിക്കാം
cancel

ഐക്യകേരള പിറവിയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് നാം. തിരു-കൊച്ചി-മലബാര്‍ എന്നിങ്ങനെ ഭരണപരമായി മൂന്നായി വിഘടിച്ചു കിടന്നിരുന്ന പ്രദേശങ്ങളെ ഭാഷാടിസ്ഥാനത്തില്‍ ഒരുമിപ്പിച്ച് കേരളമുണ്ടാക്കിയെടുക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കേണ്ട ഘട്ടമാണിത്. ഒപ്പം, അവര്‍ വിഭാവനം ചെയ്ത വിധത്തിലുള്ള കേരളം രൂപപ്പെട്ടുവോ എന്ന് ആത്മപരിശോധന നടത്തുകയും വേണം. സമഭാവനയുടെ, സൗഹാര്‍ദത്തിന്‍െറ, സാഹോദര്യത്തിന്‍െറ അന്തരീക്ഷത്തില്‍ സമഗ്രമായ കേരള വികസനം സാധ്യമാക്കാന്‍, മറ്റെന്തിലുമുപരി മനുഷ്യത്വമുയര്‍ത്തിപ്പിടിക്കുന്ന മലയാളികളുടെ സാംസ്കാരികമായ ഉല്‍ക്കര്‍ഷം ശക്തിപ്പെടുത്താന്‍ കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ നമുക്ക് സ്വയം പുനരര്‍പ്പിക്കാം. ഭാഷയെയും സംസ്കാരത്തെയും പരിരക്ഷിച്ച് ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വത്തെ ശക്തിപ്പെടുത്താം.

ഇന്ന് കാണുന്ന ആധുനികകേരളം സൃഷ്ടിക്കപ്പെടുന്നതിനു പിന്നില്‍ നവോത്ഥാനപ്രസ്ഥാനങ്ങളുടെ വലിയ സംഭാവനയുണ്ട്. അതിന്‍െറ പൈതൃകം ഉള്‍ക്കൊണ്ട് രൂപപ്പെട്ട വൈക്കം-ഗുരുവായൂര്‍-പാലിയം സത്യഗ്രഹങ്ങളുടെ സംഭാവനയുണ്ട്. പുന്നപ്ര-വയലാറിന്‍െറയും കരിവെള്ളൂര്‍, കാവുമ്പായി, മുനയംകുന്ന്, തില്ലങ്കരി, ഒഞ്ചിയം സമരങ്ങളുടെയും കയ്യൂര്‍ സമരത്തിന്‍െറയും ഒക്കെ സംഭാവനകളുണ്ട്. ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസനിയമം, അധികാരവികേന്ദ്രീകരണം, സാക്ഷരതാ പ്രസ്ഥാനം, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയുടെ സംഭാവനകളുണ്ട്. ഇങ്ങനെ രൂപപ്പെട്ടുവന്ന ആധുനിക കേരളത്തെ പുതിയ കാലത്തിന്‍െറ വെല്ലുവിളികളേറ്റെടുക്കാന്‍ പ്രാപ്തമാക്കണം. ഒരു നാടിന്‍െറ വികസനപ്രക്രിയകളിലേറ്റവും പ്രധാനമാണ് വിഷയാധിഷ്ഠിത സംവാദങ്ങള്‍. ജനാധിപത്യത്തിന്‍െറ ശക്തിതന്നെ ഇത്തരം സംവാദങ്ങളാണ്. അതുപോലെ പ്രധാനമാണ് വികസനത്തെക്കുറിച്ചുള്ള മൗലികമായ കാഴ്ചപ്പാടും അത് പിന്‍പറ്റാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും. വികസനം എന്ന പദം ഏറെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. എല്ലാവരും പറയുന്നത് വികസനത്തെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ വാക്കിലെ വികസനമല്ല, പ്രവൃത്തിയിലെ വികസനമാണ് അളവുകോലാകേണ്ടത്.

ആധുനികകേരളത്തിന്‍െറ രൂപപ്പെടലിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1956ലെ സമ്മേളനം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും അതനുസരിച്ച്  മുമ്പോട്ടുപോയ ആദ്യ ഗവണ്‍മെന്‍റിനെയും മറക്കാനാവില്ല. ഭൂവുടമ സമ്പ്രദായം മാറ്റുക, വിദേശ മുതലാളി മേധാവിത്തത്തില്‍നിന്ന് ഭൗതികവിഭവങ്ങള്‍ മോചിപ്പിച്ചെടുക്കുക, മൗലികവ്യവസായങ്ങള്‍ പൊതു ഉടമസ്ഥതയിലാക്കുക, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ച് ആസൂത്രണ നിര്‍വഹണം നടത്തുക, വിദ്യാഭ്യാസം സാര്‍വത്രികമാക്കുക, ജനാധിപത്യാവകാശങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയൊക്കെ ആ സമ്മേളനത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളാണ്. 60 കൊല്ലം മുമ്പ് കേരളപ്പിറവി വര്‍ഷത്തില്‍ നടന്ന സമ്മേളനനിര്‍ദേശങ്ങളാണിത്. ഈ കാഴ്ചപ്പാടിന്‍െറ അടിസ്ഥാനത്തിലാണ് പിന്നീട് പുരോഗമനകേരളം മുമ്പോട്ടുപോയത്.

ബ്രാഹ്മണനും ദലിതനും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാന്‍ കഴിയുംവിധമുള്ള ഒരു പൊതുമണ്ഡലം ഇതിനനുബന്ധമായും നവോത്ഥാന ശ്രമങ്ങളുടെ തുടര്‍ച്ചയായും ഇവിടെ രൂപപ്പെടുക കൂടിയായിരുന്നു അന്ന്. ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സാമൂഹികസുരക്ഷ എന്നീ രംഗങ്ങളില്‍ അന്ന് കൈക്കൊണ്ട നടപടികളാണ് ‘കേരള മോഡല്‍’ വികസനത്തിന് അടിത്തറയായി മാറിയത്. എന്നാല്‍, ആ വികസനസങ്കല്‍പം പൂര്‍ണതയിലത്തെിക്കാനായിട്ടില്ല. സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ പരിരക്ഷ, സാമൂഹികസുരക്ഷാ പദ്ധതികള്‍, മിനിമം കൂലി, ജന്മിത്തം അവസാനിപ്പിക്കാനുള്ള നടപടികള്‍, ന്യൂനപക്ഷാവകാശ സംരക്ഷണം തുടങ്ങിയവയൊക്കെ ചരിത്രപ്രാധാന്യം നേടി. നിരവധി പരിഷ്കാരങ്ങള്‍ പല ഘട്ടങ്ങളിലുണ്ടായി.

ഭക്ഷ്യമേഖലയിലെ ഇടപെടലുകള്‍, പൊതുവിതരണം ശക്തിപ്പെടുത്തല്‍, സാക്ഷരതാ പ്രസ്ഥാനം ശക്തിപ്പെടുത്തല്‍, ദുര്‍ബലവിഭാഗങ്ങളുടെ ശാക്തീകരണം, വിദ്യാഭ്യാസത്തിന്‍െറ സാര്‍വത്രികവത്കരണം, വിദ്യാഭ്യാസനീതി ഉറപ്പാക്കല്‍, വീടുവെക്കാന്‍ ഭൂമി കൊടുക്കല്‍, ജാതിവ്യവസ്ഥയുടെ നുകത്തില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കല്‍ തുടങ്ങിയവക്ക് പ്രാധാന്യം നല്‍കി. അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം തുടങ്ങിയവയിലൂടെ കേരളം ലോകത്തിന് മുമ്പില്‍ വീണ്ടും മാതൃകയായി ഉയര്‍ന്നുനിന്നു. പിന്നീടിങ്ങോട്ട് ഐ.ടി സാധ്യതകള്‍, ബയോടെക്നോളജി സാധ്യതകള്‍, ടൂറിസം സാധ്യതകള്‍ എന്നിവ പുതിയ കാലത്തിനനുസരിച്ച് പ്രയോജനപ്പെടുത്താനുള്ള പരിപാടികളുമായി മുമ്പോട്ടുപോയി. ചരിത്രം ആ വഴിക്കാണ് കേരളത്തില്‍ പുരോഗമിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസരംഗങ്ങളില്‍ നമ്മള്‍ അസൂയാവഹമായ നേട്ടം കൈവരിച്ചു. ഭൂപരിഷ്കരണം നടന്ന, സാമൂഹികസുരക്ഷക്ക് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനം, മാതൃ-ശിശു മരണനിരക്ക് കുറവും ആയുര്‍ദൈര്‍ഘ്യം കൂടുതലുമുള്ള നാട് എന്നിങ്ങനെ ലോകരാഷ്ട്രങ്ങള്‍ക്കുപോലും മാതൃകയായ പല സൂചികകളും ഇവിടെയുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം നവകേരളത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത്.

നേട്ടങ്ങളിലഭിമാനിച്ചു കൊണ്ടിരുന്നാല്‍ മാത്രം പോരാ; ജീവിക്കുന്ന ഈ സഹസ്രാബ്ദഘട്ടം ശാസ്ത്ര-സാങ്കേതിക വിജ്ഞാന വിപ്ളവത്തിന്‍േറതാണ്. അതിന്‍െറ വെളിച്ചമാകെ നമുക്ക് പകര്‍ത്തിയെടുക്കണം. അതിനുതകുന്ന വികസന പരിപ്രേക്ഷ്യം തയാറാക്കാന്‍ പുതിയ മില്ളേനിയത്തിന്‍െറ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തിന് സാധിച്ചിട്ടില്ല. പുതിയ കാലഘട്ടത്തിനുതകുന്ന ഒരു ബ്ളൂപ്രിന്‍റുണ്ടാക്കി അത് നടപ്പാക്കാനുള്ള സമയബന്ധിത കര്‍മപദ്ധതി പല ലോക രാജ്യങ്ങളും ആവിഷ്കരിച്ചു. നാം ആവിഷ്കരിച്ചിട്ടില്ല. ഈ അവസ്ഥ മാറണം. പരമ്പരാഗത ചിന്താരീതികള്‍ക്കപ്പുറത്തേക്കു പോയി വിപ്ളവാത്മകമായി ഉയര്‍ന്നുചിന്തിക്കാന്‍ കഴിയണം. ആഗോളീകരണനയങ്ങള്‍ രാജ്യത്തിനുമേല്‍ പിടിമുറുക്കിയതോടെ നാം അഭിമാനിച്ചിരുന്ന പല സൂചികകളും താഴേക്ക് ചലിക്കാന്‍ തുടങ്ങി. സാമൂഹികക്ഷേമ രംഗങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന ആഗോളീകരണ കാഴ്ചപ്പാട് കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പിച്ചതോടെ വിചാരിച്ച നിലയിലുള്ള മുന്നേറ്റം നിലനിര്‍ത്താനാവില്ല എന്നുവന്നു. ചില രംഗങ്ങളില്‍ മുരടിപ്പ് ഉണ്ടായി. അവയൊക്കെ ഫലപ്രദമായി തരണം ചെയ്തുവേണം മുന്നേറാന്‍.
ജനക്ഷേമവും വികസനവും ഉറപ്പാക്കുന്ന പ്രായോഗിക പദ്ധതികള്‍ മുമ്പോട്ടുവെച്ചാല്‍ അതിനെ അംഗീകരിക്കുന്ന മനസ്സാണ് കേരളത്തിനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  അഴിമതിരഹിതവും മതനിരപേക്ഷവുമായ വികസിത കേരളത്തിനുള്ള ഇച്ഛാശക്തിയാണ് ജനം പ്രകടിപ്പിച്ചത്. അതുള്‍ക്കൊണ്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.  സുസ്ഥിരവികസനത്തിന്‍െറ സമാനതകളില്ലാത്ത മാതൃകകള്‍ ലോകത്തിനുമുന്നില്‍ സമര്‍പ്പിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണ്.

ദീര്‍ഘവീക്ഷണത്തോടെയുള്ള സംസ്ഥാനവികസനവും അടിയന്തരാശ്വാസ നടപടികളും എന്നതാണ് സര്‍ക്കാര്‍ നയം. അടിസ്ഥാനസൗകര്യ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) രൂപവത്കരിച്ചതും ആയിരങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കടാശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ചതും ഇതിന്‍െറ ഭാഗമാണ്. കേരളത്തിന്‍െറ മുഖച്ഛായ മാറ്റുന്ന ഹരിതകേരളം, ലൈഫ് എന്നീ രണ്ട് നൂതനപദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ചുവര്‍ഷം കൊണ്ട് വീട് നല്‍കലാണ് ലൈഫ് പദ്ധതിയുടെ ഉദ്ദേശ്യം. പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

തോടുകള്‍, ജലാശയങ്ങള്‍ എന്നിവ ശുദ്ധീകരിച്ച് സംരക്ഷിക്കുകയും അതുവഴി നാട്ടിലെ ജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണുകയും ചെയ്യും. കേരളപ്പിറവി ദിനത്തോടെ കേരളത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ പോകുകയാണ്. കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാകും. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. 45 മീറ്റര്‍ വീതിയില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ദേശീയപാത വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്‍.എന്‍.ജി വാതക പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ താപോര്‍ജാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പുതുജീവന്‍ ലഭിക്കും. 2017 മാര്‍ച്ചോടെ കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ജോലി നിഷേധിക്കുന്ന  പഴയരീതി ഇനിയുണ്ടാകില്ല. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയാണ്. ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകള്‍ 10 ദിവസത്തിനകം പി.എസ്.സിയെ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭരണഭാഷയും കോടതിഭാഷയും മലയാളമാക്കാന്‍ നടപടി സ്വീകരിക്കും. തൊഴില്‍ പരീക്ഷകളും മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളും മറ്റും മലയാളത്തില്‍ എഴുതാന്‍ അവസരമുണ്ടാക്കും. യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ 1500ഓളം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുകയായി. വന്‍കിട ഐ.ടി കമ്പനികളെ ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 150 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. കേരളത്തിന്‍െറ ഭാവി യുവജനങ്ങളുടെ കൈയിലാണ്. അതുകൊണ്ടുതന്നെ ഈ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള തീരുമാനങ്ങളാണ് നിങ്ങളെടുക്കേണ്ടത്. നാളത്തെ വികസനത്തെക്കുറിച്ചുള്ള ഏതു ചിന്തയും കേരളമാതൃകയെ പരിരക്ഷിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാവണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala piravikerala@60
News Summary - keralam celebrated birth day
Next Story