കുട്ടിക്കൈകളിൽ വളയം നൽകുമ്പോൾ
text_fieldsകുട്ടികൾക്ക് വിലകൂടിയ മൊബൈൽ ഫോണുകളും ബൈക്കുകളും കാറുകളും വാങ്ങിക്കൊടുക്കുന്നത് പല രക്ഷിതാക്കൾക്കും പ്രസ്റ്റീജ് പ്രശ്നമാണ്. അയൽവീട്ടിലെ കുട്ടിക്ക് ബൈക്കുണ്ടെങ്കിൽ സ്വന്തം മകനും വേണം; സുഹൃത്തിന്റെ മകൻ കാറോടിക്കുന്നുണ്ടെങ്കിൽ തന്റെ മകനും അതിനുള്ള സൗകര്യമൊരുക്കണം. മക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നതിലൂടെ അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാമെന്നാണ് ചിലർ കരുതുന്നത്. എന്നാൽ, പതിനെട്ടു വയസ്സ് തികയുന്നതിനുമുമ്പ് വാഹനത്തിന്റെ സ്റ്റിയറിങ് കൈമാറുന്നതിൽ അഭിമാനിക്കാനെന്താണുള്ളത്? നിയമം അനുവദിക്കാത്ത പ്രായത്തിൽ വാഹനം പൊതുനിരത്തിൽ ഓടിക്കാൻ അനുവദിക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണ്, കുറ്റകൃത്യവുമാണ്. മക്കൾക്ക് വിലകൂടിയ വാഹനങ്ങൾ വാങ്ങിക്കൊടുക്കുന്നതിനുമുമ്പ്, ജീവന്റെ വില തിരിച്ചറിയാൻ നാം അവരെ പഠിപ്പിച്ചിട്ടുണ്ടോ എന്ന് രക്ഷിതാക്കൾ സ്വയം ചോദിക്കണം.
പതിനാറും പതിനേഴും വയസ്സുള്ള കുട്ടികൾ വിലകൂടിയ ബൈക്കുകളിലും കാറുകളിലും പാഞ്ഞുപോകുന്നത് പതിവുകാഴ്ചയാണിന്ന്. പൊതുനിരത്തുകളിൽ മത്സരയോട്ടം നടത്തുകയും അമിതവേഗവും അപകടകരമായ അഭ്യാസങ്ങളും അവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നു. ചിലർക്കിത് സാഹസികതയാണ്; മറ്റു ചിലർക്ക് സുഹൃത്തുക്കളുടെ മുന്നിൽ കഴിവു തെളിയിക്കാനുള്ള അവസരമാണ്. എന്നാൽ, ഒരു നിമിഷത്തെ ആവേശം ജീവിതകാലം മുഴുവൻ നീളുന്ന ദുരന്തമായി മാറിയേക്കാമെന്ന യാഥാർഥ്യം പലപ്പോഴും അവർ തിരിച്ചറിയുന്നില്ല.
കേരളത്തിലെ അപകടക്കണക്കുകൾ
റോഡപകടങ്ങൾ കേരളം നേരിടുന്ന ഗുരുതരമായ പൊതുജനാരോഗ്യ, സാമൂഹിക പ്രശ്നങ്ങളിലൊന്നാണ്. കേരള പൊലീസിന്റെ കണക്കുകൾ ഈ പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 2024-ൽ കേരളത്തിൽ 48,834 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ അപകടങ്ങളിൽ 3,880 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 54,796 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2025-ൽ അപകടങ്ങളുടെ എണ്ണം 49,889 ആയി ഉയർന്നു; ആ വർഷം 3,733 പേർ മരിക്കുകയും 56,922 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതായത്, 2025-ൽ കേരളത്തിൽ പ്രതിദിനം ശരാശരി 137 റോഡപകടങ്ങൾ നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായി. 2026 ജനുവരി മുതൽ ആഗസ്റ്റ് വരെ 35,873 അപകടങ്ങളാണുണ്ടായത്; 2,702 പേർ മരിക്കുകയും ചെയ്തു. ഇതേ കാലയളവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട കണക്കുകളും ആശങ്കാജനകമാണ്. കേന്ദ്ര സർക്കാരിന്റെ ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡാറ്റാബേസ് (iRAD) പ്രകാരം, 2023-ലും 2024-ലുമായി കേരളത്തിൽ പ്രായപൂർത്തിയാകാത്ത ഡ്രൈവർമാർ വരുത്തിവെച്ചത് 645 റോഡപകടങ്ങളാണ്.
അപകടത്തിൽപ്പെടുന്നത് കുട്ടി മാത്രമല്ല
പ്രായപൂർത്തിയാകാത്ത ഒരാൾ അമിതവേഗത്തിൽ വാഹനമോടിക്കുമ്പോൾ അപകടത്തിലാകുന്നത് അയാൾ മാത്രമല്ല. റോഡിലൂടെ നടന്നുപോകുന്ന ഒരു വയോധികൻ, സ്കൂളിലേക്ക് പോകുന്ന വിദ്യാർഥി, ജോലികഴിഞ്ഞ് മടങ്ങുന്ന തൊഴിലാളി, കുടുംബത്തോടൊപ്പം യാത്രചെയ്യുന്ന ഒരു പിതാവ് അങ്ങനെ ആരുമാകാം. ഏതാനും ആഴ്ചകൾക്കുമുമ്പ് ഒരു സമ്പന്ന കുടുംബത്തിലെ കൗമാരക്കാരൻ ഓടിച്ച മിനികൂപ്പർ മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് തകർത്തത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് 17-കാരൻ ഓടിച്ച ബെൻസ് കാർ പാഞ്ഞുകയറിയത് ഒരു കുടുംബത്തിന്റെ സമാധാനജീവിതത്തിലേക്കാണ്. നമ്മുടെ കുട്ടികളുടെ ആവേശത്തിന് മറ്റൊരാളുടെ ജീവൻ വിലയായി നൽകേണ്ടിവരുന്നത് എന്തിനാണ്?
മക്കളുടെ തെറ്റുകൾക്ക് കൂട്ടുനിൽക്കുന്നതല്ല സ്നേഹം; തെറ്റുകൾ തിരുത്തിക്കൊടുക്കലാണ്. മക്കൾ വാഹനം ആവശ്യപ്പെടുമ്പോൾ അവരുടെ പ്രായവും പക്വതയും നിയമപരമായ യോഗ്യതയും പരിശോധിക്കണം. ഡ്രൈവിങ്ങിന് നിയമപരമായ അർഹത നേടുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ അവരെ പഠിപ്പിക്കണം. മക്കൾക്ക് നൽകേണ്ടത് ഉത്തരവാദിത്വത്തിന്റെ താക്കോലാണ്. കൗമാരക്കാർ അമിതവേഗത്തിൽ ബൈക്കോടിക്കുന്ന ദൃശ്യങ്ങളും അഭ്യാസങ്ങളും മത്സരയോട്ടങ്ങളും ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്നു. കുടുംബവും കൂട്ടുകാരും ഇതിന് അഭിനന്ദനങ്ങളും ലൈക്കുകളും വാരിക്കോരി നൽകുന്നു. എന്നാൽ, ഒരു വീഡിയോയ്ക്ക് ലഭിക്കുന്ന ആയിരക്കണക്കിന് ലൈക്കുകൾക്ക് നഷ്ടപ്പെട്ട ജീവനെ തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് മക്കളോട് തുറന്നുപറയാൻ നാം എന്തിനാണ് മടിക്കുന്നത്?

