അപവാദച്ചുഴിയിൽ
text_fieldsമുഖ്യമന്ത്രി പിണറായി നടത്തിയ മുൻ പ്രസ്താവനകളിലൊന്ന് ഇങ്ങനെയാണ്: ‘‘കുറ്റവാളികളെ പിടിക്കുക എന്നതും കുറ്റകൃത്യങ്ങള്‍ തെളിയിക്കുക എന്നതും വളരെ പ്രധാനമാണ്. എന്നാല്‍, കുറ്റവാളികളാവാനിടയുള്ളവരെ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുക, കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുക എന്നിവ അതിനെക്കാള്‍ പ്രധാനമാണ്...’’ മുഖ്യമന്ത്രി പറഞ്ഞ രണ്ടാമത്തെ കാര്യം ആദ്യം നടപ്പാക്കേണ്ടത് പൊലീസിലാണ് എന്ന് വന്നിട്ടുണ്ട്.
പൊലീസ് അസോസിയേഷനുകൾ രാഷ്ട്രീയ ചേരിതിരിവിെൻറ കൂടാരങ്ങളാണ്. ‘ഇടത്, വലത്, സംഘി, നിഷ്പക്ഷം എന്നിങ്ങനെ പോകുന്നു ഇൗ ചേരിതിരിവ്. അസോസിയേഷനിലെ ഇൗ തുരുത്തുകളിൽനിന്നാണ് സേനയിലെ വിവാദങ്ങളുടെ നുരയും പതയും പൊങ്ങുന്നത്. കേരളത്തിലെ പൊലീസിന് എന്തുപറ്റിയെന്ന് ചോദിക്കുന്നവരെല്ലാം, അസോസിയേഷെൻറ പേരിലുള്ള രാഷ്ട്രീയം വടംവലി എന്ന് അവസാനിക്കുമെന്നുകൂടി ചേർത്ത് ചോദിച്ചാലേ, ഉത്തരം പൂർണമാവൂ.
പൊലീസ് അസോസിയേഷനുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്ന ഇൻറലിജൻസ് റിപ്പോർട്ട് ഇൗയിടെ ഡി.ജി.പിയുടെ മേശപ്പുറത്തു വന്നു. അതുമായി ബന്ധപ്പെട്ട് ഡി.ജി.പി വിവരങ്ങൾ തേടി. പേക്ഷ, വകുപ്പിനുള്ളിൽനിന്ന് ഉയർന്ന വിശദീകരണത്തിൽ പറഞ്ഞത്, ഇൻറലിജൻസ് ആരാ? സേനയിൽ രാഷ്ട്രീയമായി ശിക്ഷിക്കപ്പെടുന്നവർ മാറ്റി നിയമിക്കപ്പെടുന്ന ലാവണമല്ലേയെന്നായിരുന്നു. മറുപടി കേട്ട് ഡി.ജി.പി വിഷയം അവസാനിപ്പിച്ചു.
അസോസിയേഷനുകളിലെ തിരഞ്ഞെടുപ്പ് കാലമാണിത്. ആഗസ്റ്റ് 30ന് പൊലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്നതോടെ ഇൗ പ്രക്രിയ അവസാനിക്കും. രണ്ട് പ്രധാന അസോസിയേഷനുകളിൽ (ഒാഫിസേഴ്സ് അസോസിയേഷനും പൊലീസ് അസോസിയേഷനും) എല്ലാ ജില്ലകളിലും സി.പി.എം നിയന്ത്രണമുള്ള ജില്ല കമ്മിറ്റികളും സംസ്ഥാന കമ്മിറ്റികളുമാണ് നിലവിൽ വന്നിരിക്കുന്നത്. സമ്പൂർണമായ സി.പി.എം കേഡർ എന്നനിലയിലേക്ക് സംഘടനകൾ നയിക്കപ്പെടുകയാണ് എന്ന പ്രതീതിയാണ് ഉണ്ടായിട്ടുള്ളത്. എന്നിട്ടും, മറ്റൊരു വകുപ്പിൽനിന്നും നേരിടാത്തത്ര അപവാദങ്ങളുടെ ചുഴിയിൽ പൊലീസിനെക്കൊണ്ട് കറങ്ങിപ്പോവുകയാണ് പിണറായി സർക്കാർ.

സംഘ്പരിവാർ വരുന്ന വഴി
ഭരണത്തിനനുസരിച്ച് മയങ്ങിനിൽക്കലാണ് നല്ലതെന്ന നിലപാടിലാണ് സേനയിലെ സംഘ്പരിവാർ ഗ്രൂപ്. കന്യാകുമാരി കേന്ദ്രീകരിച്ച് നടത്തിയ രഹസ്യയോഗത്തിെൻറ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സേനയിലെ സമാന്തരപ്രവർത്തനം വർഗീയമായി തരംതാഴുന്നുവെന്ന് തെളിഞ്ഞത്.
സി.പി.എം അനുകൂലികളോടൊപ്പം ചേർന്ന് തിരിച്ചറിയപ്പെടാത്ത രീതിയിലാണ് അവരുടെ സമാന്തര നീക്കമെന്ന് യു.ഡി.എഫ് അനുകൂലികൾ ചൂണ്ടികാണിക്കുന്നു. തത്ത്വമസി എന്ന വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച് എല്ലാ മാസവും ഒത്തുചേരണമെന്നാണ് ഇവരുടെ തീരുമാനം. അംഗങ്ങള്‍ക്ക് മാസവരി മുതൽ സംഘടനാശേഷിയുടെ എല്ലാ ചിട്ടകളും തത്ത്വമസി ഗ്രൂപ്പിനുണ്ട്. തന്ത്രപ്രധാനമായ സ്പെഷൽ ബ്രാഞ്ച് അടക്കമുള്ള ഏജൻസികളിലും ഇവരുടെ പ്രതിനിധികളുണ്ടെന്നാണ് കണ്ടെത്തൽ. കേരള പൊലീസിൽ സംഘ്പരിവാറിെൻറ നേതൃത്വത്തിൽ ആർ.എസ്.എസ് സെൽ പ്രവർത്തിക്കുന്നതായി ഇൻറലിജൻസ് സംസ്ഥാന സർക്കാറിനു മുന്നറിയിപ്പു നൽകിയിരുന്നു.
മാറ്റിപ്പണിയും പണികിട്ടും
പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാര്‍ക്ക് ഇരിക്കാന്‍ ഒരു െബഞ്ച് എല്ലാ സ്റ്റേഷനിലും ഇട്ടത് ആദ്യ ഇ.എം.എസ് മന്ത്രിസഭയായിരുന്നു. അവകാശസമരങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി പൊലീസിനെ ഉപയോഗിക്കില്ലെന്നും ഇ.എം.എസ് വ്യക്തമാക്കി. എന്നിട്ടും, ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് നിരവധി പൊലീസ് വെടിവെപ്പുകളുണ്ടായി. എങ്ങനെ ഭരിച്ചാലും പൊലീസ് മാറുകയില്ല എന്ന സന്ദേശത്തിെൻറ തുടക്കമായിരുന്നു അത്. തൊഴില്‍സമരങ്ങളില്‍ പൊലീസ് ഇടപെടില്ല എന്ന സുചിന്തിതവും തികഞ്ഞ രാഷ്ട്രീയബോധത്തോടെയുമുള്ള നിലപാട് സ്വീകരിച്ച കമ്യൂണിസ്റ്റ് സര്‍ക്കാറിെൻറ നയം പിന്നീട് വന്ന ഇടത് സർക്കാറുകൾ മാറ്റിയിട്ടില്ല. പക്ഷേ, ഇടതു മുന്നണി അധികാരത്തിലുണ്ടായിരുന്നപ്പോൾ നടന്ന ജനകീയ സമരങ്ങൾ പൊലീസിനെ ഉപയോഗിച്ച് എങ്ങനെ അടിച്ചമർത്താമെന്നതിന് ഏറ്റവും ഒടുവിൽ ഗെയിൽവിരുദ്ധ സമരം, ദേശീയപാതാസമരം എന്നിങ്ങനെ ഉദാഹരണങ്ങൾ ഏറെയുണ്ട്.

അഴിഞ്ഞാടിയ കരുണാകര യുഗം
കെ. കരുണാകരന് ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് കേരള പൊലീസ് ഏറ്റവുമധികം മാനക്കേടുണ്ടാക്കിയത്. കക്കയം ക്യാമ്പ് വിവാദം കുപ്രസിദ്ധമാണ്. അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയതിനു പിന്നിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന് പങ്കുണ്ടായിരുന്നുവെന്ന് പ്രതിപക്ഷനേതാവായിരുന്ന ഇ.എം.എസ് നിയമസഭയിൽ ആരോപിച്ചിരുന്നു. തൃശൂരിലെ തട്ടിൽ എസ്റ്റേറ്റ് അഴിമതിയാരോപണങ്ങളുടെ പേരിലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നായിരുന്നു ആരോപണം.
ജോഗിയുടെ കുരുതി കണ്ട ആൻറണിയുടെ ‘നിഷ്പക്ഷ’ സേന
ആൻറണിയുടെ പൊലീസ് നയത്തിന് ‘നിഷ്പക്ഷത’യുടെ മുഖമുണ്ടായിരുന്നു. ശിപാർശകളുമായി പൊലീസ് സ്റ്റേഷനുകളിൽ കോൺഗ്രസുകാർ കടന്നുചെല്ലരുതെന്ന് ആൻറണി കൽപിച്ചു. പക്ഷേ, മുത്തങ്ങ വെടിവെപ്പും പൊലീസുകാരൻ ജോഗിയുടെ മരണവും വിവാദവുമാണ് പൊലീസ് ആൻറണിക്ക് സമ്മാനിച്ചത്. മാറാട് കൂട്ടക്കൊലയും കൂടി ചേർന്ന് ആൻറണി ഭരണത്തിലെ ക്രമസമാധാനം കുശാലാക്കി.

കോടിയേരി, പിണറായി
കോടിയേരിയുടെയും പിണറായിയുടെ ശൈലികളെക്കുറിച്ച് പൊലീസ് അസോസിയേഷനിലെ ഒരു ഭാരവാഹി പറഞ്ഞതിങ്ങനെയാണ്: ‘കോടിയേരി ഉദ്യോഗസ്ഥരെ അടുപ്പിച്ചുനിർത്തി പാർട്ടി നയം നടപ്പിലാക്കി. പിണറായി ഭയപ്പെടുത്തി നിർത്തി സേനയെ നേരെയാക്കാൻ നോക്കുന്നു.....’ സേനയിൽ ഉദ്യോഗസ്ഥരുടെ അപ്രീതി നേടാനുള്ളതൊന്നും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവിൽ ചെയ്തില്ല. കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയ അന്നത്തെ എസ്.പി. പത്മകുമാർ ഉൾപ്പെടയുള്ളവരെ ലോക്കൽ സേനയിൽതന്നെ തുടരാൻ അനുവദിച്ചു. എന്നാൽ, പിണറായി തുടക്കത്തിൽതന്നെ പൊലീസിനെ അഴിച്ചു പണിതു. ഡി.ജി.പി സെന്‍കുമാറിെൻറ തല ആദ്യം ഉരുണ്ടു. വിവാദത്തിെൻറ നിഴലിലുള്ള ലോക്നാഥ് ബെഹ്റയെ ഡി.ജി.പിയായി നിയമിച്ചപ്പോള്‍തന്നെ പലരും നെറ്റിചുളിച്ചു. മുഖ്യമന്ത്രി പിണറായി നടത്തിയ മുൻ പ്രസ്താവനകളിലൊന്ന് ഇങ്ങനെയാണ്: ‘‘കുറ്റവാളികളെ പിടിക്കുക എന്നതും കുറ്റകൃത്യങ്ങള്‍ തെളിയിക്കുക എന്നതും വളരെ പ്രധാനമാണ്. എന്നാല്‍, കുറ്റവാളികളാവാനിടയുള്ളവരെ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുക, കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുക എന്നിവ അതിനെക്കാള്‍ പ്രധാനമാണ്...’’ മുഖ്യമന്ത്രി പറഞ്ഞ രണ്ടാമത്തെ കാര്യം ആദ്യം നടപ്പാക്കേണ്ടത് പൊലീസിലാണ് എന്ന് വന്നിട്ടുണ്ട്. കുറ്റവാസനയുള്ള പൊലീസുകാരെ കണ്ടെത്തിയാലും അസോസിയേഷനിലെ രാഷ്ട്രീയമാണ് അയാൾ ശിക്ഷിക്കപ്പെടാനും സംരക്ഷിക്കപ്പെടാനുമുള്ള മാനദണ്ഡമാക്കിയിരിക്കുന്നത്.
‘അസോസിയേഷനുകള്‍ക്ക് വിലങ്ങുവെക്കണം’
കെ.ജെ. ജോസഫ് (റിട്ട. ഡി.ജി.പി)

ഇന്നത്തെ സ്ഥിതിവെച്ചുനോക്കുമ്പോള്‍ കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും വരാപ്പുഴ സംഭവിക്കാത്തതില്‍ അത്ഭുതപ്പെടുകയാണ്. സേനയുടെ അച്ചടക്ക രാഹിത്യമാണ് പ്രശ്നം. ‘എ’ക്ക് പകരം ‘ബി’യെ പിടിക്കുന്നത് ഭൂഷണമല്ല. അച്ചടക്കം തിരിച്ചുപിടിക്കാന്‍ പൊലീസ് അസോസിയേഷനുകളെ നിയന്ത്രിക്കണം. മേലുദ്യോഗസ്ഥരെ അനുസരിക്കുക എന്നത് സേനയുടെ കെട്ടുറപ്പിന് അനിവാര്യമാണ്. സംഘടന സ്വാതന്ത്ര്യം വന്നതോടെ സമാന്തര അധികാരസ്ഥാനങ്ങള്‍ രൂപപ്പെട്ടു. പൊലീസുകാര്‍ക്ക് സ്റ്റേഷന് ചുമതലയുള്ള ഓഫിസറെ അനുസരിക്കുന്നതിന് പകരം അസോസിയേഷന് നേതാവിനെ അനുസരിച്ചാല്‍ മതി എന്നായി.
അസോസിയേഷനുകള്‍ ട്രേഡ് യൂനിയൻ നിലവാരത്തിലേക്ക് അധഃപതിച്ചു. സേനയിലെ യൂനിയന്‍ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാത്ത പക്ഷം ഗുരുതരമായ ഭവിഷ്യത്തുക്കളായിരിക്കും ഉണ്ടാവുക. അനാവശ്യ പ്രമോഷനുകളാണ് മറ്റൊരു പ്രശ്നം. പ്രമോഷന് കൂടിയതോടെ സ്റ്റേഷനുകളില്‍ പൊലീസ് കോൺസ്റ്റബ്ള്‍മാര്‍ ഇല്ലാതായി. ഉള്ളവര്‍ മുഴുവന്‍ എ.എസ്.ഐമാരും എസ്.ഐമാരും ആയാല്‍ കോൺസ്റ്റബ്ളിെൻറ ജോലി ആരെടുക്കും എന്ന ചോദ്യം അവശേഷിക്കുന്നു.
പൊലീസ് ക്രിമിനലുകള്‍ എന്നത് മാധ്യമങ്ങളുടെ പ്രയോഗം മാത്രമാണ്. ഒരു ശതമാനം ക്രിമിനലുകള്‍ ഉണ്ടായേക്കാം. സെലക്ഷനില്‍ കുറ്റകൃത്യവാസനയുള്ളവരെ കണ്ടുപിടിച്ച് ഒഴിവാക്കാനാകില്ല. അതുകൊണ്ടുതന്നെ കുറച്ചുപേര്‍ കടന്നുകൂടും.
‘നിയമം നടപ്പാക്കിയത് അയോഗ്യതയായി’
ജേക്കബ് തോമസ് (മുൻ വിജിലൻസ് ഡയറക്ടർ)

അധികാരത്തിൽനിന്നു പുറത്താക്കപ്പെടുന്നവർ സേനയെക്കുറിച്ച് പറയാൻ യോഗ്യരല്ല. ഞാൻ ഇൗ അവസ്ഥയിലാണ്. നിയമം നടപ്പാക്കാൻ ശ്രമിച്ചതാണ് തെൻറ അയോഗ്യതക്ക് കാരണം. നിലവിലെ ഭരണസംസ്കാരത്തിെൻറ ഭാഗമായിരിക്കാനുള്ള യോഗ്യത എനിക്കില്ല. അതോടൊപ്പം ഒരുയോഗ്യതയും ഇല്ലാത്ത ഭരണസംസ്കാരത്തിെൻറ ഭാഗമാകാൻ ഞാനും ആഗ്രഹിക്കുന്നില്ല.
പൊലീസിെൻറ പരിശീലനം ഇപ്പോഴും 50 വർഷം പിന്നിലാണ്. അക്കാദമികൾക്ക് നിലവാരമില്ല. നൂതന അന്വേഷണ സംവിധാനങ്ങളുടെ അഭാവം ഇപ്പോഴും തുടരുന്നു. കാമറ സംവിധാനം മെച്ചപ്പെടുത്താൻ നടപടിയില്ല. കേസന്വേഷണത്തിനും തെളിവുകൾക്കും പൊലീസ് ആശ്രയിക്കുന്നത് കച്ചവടസ്ഥാപനങ്ങളുടെ നിരീക്ഷണ കാമറകളെയാണ്. ഇതിൽപരം ഒരപമാനം ഉണ്ടോ? കാണാതായ ജസ്നക്കായുള്ള അന്വേഷണവും ദേശീയപാതയിൽ നടി ആക്രമിക്കപ്പെട്ട സംഭവവും ഇതിന് ഉദാഹരണമാണ്.
ഫോറൻസിക്-കെമിക്കൽ ലാബുകളില്ല. ലാബ് റിപ്പോർട്ട് വൈകുന്നുവെന്ന പേരിൽ ആയിരക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. പല കേസുകളും ഇതിെൻറ മറവിൽ എഴുതിത്തള്ളുന്നുമുണ്ട്. ട്രാഫിക് നിയമങ്ങളും അവതാളത്തിലാണ്. നവീകരണ ഫണ്ടിൽ 70-80 ശതമാനവും പൊലീസ് തലപ്പത്തുള്ളവർക്ക് ആഡംബര വാഹനങ്ങൾ വാങ്ങാൻ ചെലവഴിക്കുകയാണ്. രണ്ടും മൂന്നും പുതിയ വാഹനങ്ങൾ വരെ ഉപയോഗിക്കുന്നവരാണ് ഉന്നതരിൽ ഏറെയും. മികച്ച കമ്യൂണിക്കേഷൻ സംവിധാനത്തിെൻറ അഭാവവും പരിഹരിക്കപ്പെട്ടിട്ടില്ല. നൂതന സംവിധാനം ഉണ്ടായിരുന്നെങ്കിൽ കോട്ടയത്തെ കെവിനെ രക്ഷിക്കാമായിരുന്നു. 50 സ്റ്റേഷൻ പിന്നിട്ടിട്ടും വിവരം കൈമാറാൻ കഴിഞ്ഞില്ല.
(അവസാനിച്ചു)
തയാറാക്കിയത്:
സി.കെ.എ. ജബ്ബാർ,
സി.എ.എം. കരീം,
ബിജു ചന്ദ്രശേഖർ,
സുഗതൻ പി. ബാലൻ,
ബിനീഷ് തോമസ്,
കെ.പി. യാസിർ,
പി. ചന്ദ്രൻ,
രാഘവൻ കടന്നപ്പള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
