കശ്മീർ: പരിഹാരമുണ്ട്; പകർത്താൻ തയാറുണ്ടോ?
text_fieldsഉത്തരേന്ത്യയിൽ ഇപ്പോൾ രൂപപ്പെട്ട പ്രക്ഷോഭങ്ങൾ അടുത്തകാലത്തായി രാജ്യത്തെ ജനങ്ങളുടെ അതൃപ്തി പാരമ്യതയിലെത്തിയതിെൻറ തെളിവാണ്. തൊഴിൽരഹിതരുടെയും പട്ടിണിക്കാരുടെയും എണ്ണം വർധിക്കുകയാണ്; അതോടൊപ്പം രാഷ്ട്രീയ ഭരണാധികാരികളുടെ പാഴ് വാഗ്ദാനങ്ങളും. ‘അച്ഛേ ദിൻ’ അല്ല ‘ബൂരെ ദിൻ’ ആണിപ്പോൾ ജനത്തെ തുറിച്ചുനോക്കുന്നത്. രാഷ്ട്രീയക്കാർ നൂറുകണക്കിനുണ്ടെങ്കിലും നേതൃശൂന്യതയാണ് പ്രശ്നം. നേതാക്കളില്ലാതായതോടെ ഇടപെടലുകൾ ഇല്ലാതായിരിക്കുന്നു. കാണാവുന്നതാകെട്ട, അലോസരപ്പെടുത്തുന്ന സംഭവങ്ങൾ മാത്രം. തെരുവിൽ ജനത്തിെൻറ വിലാപമാണ്. 2019ലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇൗ കരച്ചിൽ വർധിച്ചുകൊണ്ടിരിക്കും. ജനാധിപത്യ ചട്ടക്കൂടിെൻറ അവശേഷിക്കുന്ന ഭാഗങ്ങൾകൂടി തകരുന്നതിന് നാം സാക്ഷിയാകും. രാഷ്ട്രീയ യുദ്ധം ഇപ്പോൾ സമൂഹമാധ്യമങ്ങളിലേക്ക് ചേക്കേറിയതോടെ ഇതിലേറെ ഇനിയെന്തുണ്ടാകാൻ. അപരനെ കൂടുതൽ അകറ്റാനും പുറന്തള്ളാനുമാണ് നമ്മുടെ ഭരണാധികാരികളുടെ ശ്രമം. അതിനാൽതന്നെ നിലവിലെ പൊട്ടിത്തെറികൾ അവരെ അലട്ടുന്നേയില്ല.
യഥാർഥത്തിൽ 2014ലെ വേനൽക്കാലത്ത് ബി.ജെ.പി കേന്ദ്രസ്ഥാനത്തെത്തിയതു മുതൽ രാഷ്ട്രീയരംഗം കൂടുതൽ കുട്ടിച്ചോറായിരിക്കുകയാണ്. രാഷ്ട്രീയ സംവിധാനത്തെ നിർലജ്ജമായി ദുരുപയോഗം ചെയ്യുകയാണവർ. ഭരണത്തിെൻറ പരമ്പരാഗത കാഴ്ചപ്പാടുകളെല്ലാം മാറി. ഉത്തർപ്രദേശിലെ ബി.എസ്.പി^എസ്.പി സഖ്യത്തിന് ബി.ജെ.പിയുടെ കുതിപ്പിന് പ്രഹരമേൽപിക്കാൻ കഴിഞ്ഞെങ്കിലും വരും മാസങ്ങളിൽ ഫാഷിസ്റ്റ് ശക്തികൾ നടത്തിയേക്കാവുന്ന അതിക്രമങ്ങളെ കുറിച്ച ആശങ്ക ഭീതിദമാണ്. സംസ്ഥാനത്ത് ഏറ്റുമുട്ടലുകളും ഏറ്റുമുട്ടൽ കൊലകളും വർധിക്കുന്നതിെൻറ കണക്ക് മാത്രമല്ല, ചെറിയ കലാപങ്ങളിലൂടെ സൃഷ്ടിക്കുന്ന സാമുദായിക സ്പർധയും ഇൗ ആശങ്കയെ വർധിപ്പിക്കുന്നു. ഇതിലൂടെ മൃതാവസ്ഥയിലെത്തിയ മനുഷ്യരുടെ യാഥാർഥ്യങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുകയാണ് ഭരണകൂടം. ‘മാർ, കാത്, ദാർസ്’ എന്ന ഫാഷിസ്റ്റ് അജണ്ട കൂടുതൽ ശക്തിപ്പെടുകയും ചെയ്യുന്നു.
ഞെട്ടിപ്പിക്കുന്ന കണക്കുകൾ
കശ്മീർ താഴ്വരയിൽ ഇൗയടുത്തുണ്ടായ കൊലപാതകങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് മാത്രമല്ല, ചില അടിസ്ഥാനപരമായ ചോദ്യങ്ങളുയർത്താൻ പ്രേരിപ്പിക്കുന്നതുമാണ്. കൊലകൾ പ്രശ്നം പരിഹരിക്കുകയാണോ അല്ലെങ്കിൽ വിടവ് വർധിപ്പിക്കുകയാണോ ചെയ്യുന്നത്? ഇൗ വധങ്ങൾക്കൊക്കെ എന്ത് സുതാര്യതയാണുള്ളത്? എന്തുകൊണ്ടാണ് നിരപരാധികളായ ആളുകൾ കൂടുതലായി കൊല്ലപ്പെടുന്നത്? എന്തുകൊണ്ടാണ് കൂടുതൽ കൂടുതൽ കശ്മീരികൾ സൈന്യത്തെ വെറുക്കുന്നത്?
താഴ്വരയിലെ സാഹചര്യം മുെമ്പാരിക്കലുമുണ്ടാകാത്ത വിധം മോശമാണെന്നാണ് കശ്മീരികൾ പറയുന്നത്. വിഭജനത്തിെൻറ നാൾ മുതൽ കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നത് ശരിയാണ്. ഇത് വളരെ ആഴത്തിലുള്ള ആഘാതമാണ് ആ നാട്ടുകാരിൽ, പ്രത്യേകിച്ച് യുവാക്കളിൽ സൃഷ്ടിക്കുന്നത്. ജമ്മു^കശ്മീർ സിവിൽ സൊസൈറ്റി കൂട്ടായ്മ മാർച്ച് 29ന് പുറത്തുവിട്ട ജമ്മു^കശ്മീരിലെ കുട്ടികളിൽ ഹിംസയുടെ ആഘാതം’ എന്ന റിപ്പോർട്ടിൽ ‘2003 മുതലുള്ള 15 വർഷത്തിനിടയിൽ 318 കുട്ടികൾ (ഒരു വയസ്സിനും 17 വയസ്സിനും ഇടയിലുള്ളവർ) കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു. എന്നാൽ, ഇൗ നീചമായ സംഭവങ്ങളിലൊന്നിലും ഇന്നേവരെ പ്രതികളായവരെ ശിക്ഷിച്ചിട്ടില്ല’. കഴിഞ്ഞ 15 വർഷം ജമ്മു^കശ്മീരിലെ കുട്ടികൾക്കു നേരെയുണ്ടായ അതിക്രമങ്ങളുടെ വിലയിരുത്തലാണ് ഇൗ റിപ്പോർട്ടിലുള്ളത്. പൊതുസുരക്ഷ നിയമപ്രകാരം നൂറു കണക്കിന് കുട്ടികൾ പ്രതിയാക്കപ്പെട്ട സംസ്ഥാനത്ത് ഇവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമപരമോ മറ്റോ ആയ സംവിധാനങ്ങളില്ലെന്നുമുള്ള യാഥാർഥ്യവും റിപ്പോർട്ട് അടിവരയിടുന്നു.
റിപ്പോർട്ട് തുടരുന്നു: ‘ജമ്മു^കശ്മീരിലെ കുട്ടികൾ ലോകത്തിലെ ഏറ്റവും സൈനികവത്കൃതമായ പ്രദേശത്താണ് കഴിയുന്നത്. ഏഴു ലക്ഷം സൈനികർക്കിടയിൽ ജീവിക്കുന്ന ഇവർക്ക് യു.എൻ കുട്ടികൾക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങളായി നിർണയിച്ചവയൊന്നും അനുഭവിക്കാതെയാണ് കഴിയുന്നത്. 2003 മുതൽ 2017 വരെയുള്ള കാലത്ത് 318 കുട്ടികൾ ഇവിടെ കൊല്ലപ്പെട്ടു. ഇക്കാലയളവിൽ ആെക കൊല്ലപ്പെട്ട 4571 സിവിലിയന്മാരുടെ 6.95 ശതമാനം വരും കുട്ടികൾ. ഇൗ 15 വർഷക്കാലത്ത് ആകെ 16,436 പേർ സംസ്ഥാനത്ത് കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവരിൽ കൂടുതൽ പേരും തീവ്രവാദികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇൗ കണക്കനുസരിച്ച് ജമ്മു^കശ്മീരിൽ ഒാരോ വർഷവും ശരാശരി 1095 പേർ കൊല്ലപ്പെട്ടു. ഇത് ‘സാധാരണ നില തിരിച്ചുവന്നു’ എന്ന സർക്കാർ അവകാശവാദം പൊളിക്കുന്നു.
തീവ്രവാദത്തെയും പ്രക്ഷോഭത്തെയും അടിച്ചമർത്തുന്നതിെൻറ ഭാഗമെന്നോണം നടക്കുന്ന ഇടപെടലുകളിൽ കുട്ടികൾ ഭരണകൂട ഭീകരതയുടെ നേർ ഇരകളാവുകയാണ്.15 വർഷത്തിനിടെ കൊല്ലപ്പെട്ട ആകെ കുട്ടികളിൽ 144 പേരും സൈന്യത്തിനാലോ പൊലീസിനാലോ ആണ്. ഇവരിൽ 110 പേരും വ്യത്യസ്ത സംഭവങ്ങളിലായി വെടിയേറ്റ് മരിച്ചവരാണ്. എട്ടിൽ കുറയാത്ത കുട്ടികൾ സൈന്യത്തിെൻറ പെല്ലറ്റ് ഗൺ പ്രയോഗത്തിലാണ് മരിച്ചത്. 27 പേർ സൈന്യത്തിൽനിന്ന് രക്ഷപ്പെടാനായി വൂളർ തടാകത്തിൽ ചാടിയപ്പോൾ മുങ്ങിമരിക്കുകയാണുണ്ടായത്.
ഒരു പരിഹാര മാർഗം
ആസ്ട്രേലിയൻ രാഷ്ട്രീയ ചിന്തകനായ ക്രിസ്റ്റഫർ സ്നിഡെൻറ ഇൗയടുത്ത് പ്രസിദ്ധീകരിച്ച ‘അണ്ടർസ്റ്റാൻഡിങ് കശ്മീർ ആൻഡ് കശ്മീരീസ്’ എന്ന പുസ്തകം ഭരണാധികാരികൾ വായിച്ചിരുന്നെങ്കിൽ ഒരു പരിഹാര മാർഗം കണ്ടെത്താനാവുമായിരുന്നു. എന്നാലിത് കശ്മീർ പ്രശ്നത്തിന് ഭരണാധികാരികൾ ആത്മാർഥമായി തന്നെ പരിഹാരം ആഗ്രഹിക്കുന്നെങ്കിൽ മാത്രമേ വിജയിക്കൂ. കശ്മീരിലെ സാഹചര്യത്തെ കുറിച്ചറിയാൻ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണത്. താഴ്വരയുടെ യാഥാർഥ്യം സമ്പൂർണമായും അദ്ദേഹം പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. സ്നിഡൻ എഴുതുന്നു: ‘1957 മുതൽ ജമ്മു^കശ്മീർ ജനത ഒരിക്കലും അന്താരാഷ്ട്ര പദവി അവരുടെ സംസ്ഥാനത്തിന് ആവശ്യപ്പെട്ടിട്ടില്ല.
ഒരു സാധാരണ ഇന്ത്യക്കാരനോ പാകിസ്താനിയോ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത വിഷമതകളും ബുദ്ധിമുട്ടുകളും അവരനുഭവിക്കേണ്ടി വരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും പരസ്പരം അകറ്റിയ നിയന്ത്രണ രേഖ, വമ്പിച്ച സൈനിക സന്നാഹത്തിെൻറ സാന്നിധ്യം, സൈനിക ഒാപറേഷനുകളുടെ ഭാഗമായും മറ്റുമുണ്ടാകുന്ന മറ്റു തടസ്സങ്ങൾ, നിയന്ത്രണ രേഖക്ക് ഇരു പുറത്തുനിന്നും നിരന്തരമുണ്ടാകുന്ന ചെറിയ ആക്രമണങ്ങൾ എന്നിവയെല്ലാം ഇവരനുഭവിക്കുന്ന പ്രയാസങ്ങളാണ്. അതിനാൽ, എങ്ങനെയായാലും ഇൗ പ്രശ്നം പരിഹരിക്കപ്പെടുന്നത് അവർക്ക് ഗുണകരമാകും.’
ക്രിസ്റ്റഫർ സ്നിഡൻ താഴ്വരയിലെ യാഥാർഥ്യങ്ങളെക്കുറിച്ച് പറയുേമ്പാൾ വാക്കുകൾ വിഴുങ്ങുന്നില്ല. അദ്ദേഹം പറയുന്നു: ‘ഇന്ത്യയും പാകിസ്താനും തമ്മിലെ കഴിഞ്ഞ 67 വർഷത്തെ കശ്മീർ പ്രശ്നത്തിെൻറ ഒരുഘട്ടത്തിലും പരിഹാരമാർഗം സംബന്ധിച്ച് ജമ്മു^കശ്മീർ ജനതയുടെ അഭിപ്രായം പരിഗണിക്കപ്പെട്ടിട്ടില്ല. തങ്ങളുടെ ജന്മനാടിനെയും സംസ്ഥാനത്തെയും കുറിച്ച തർക്കമെന്ന നിലയിൽ കശ്മീർ പ്രശ്നത്തിലെ ആദ്യ കക്ഷി അവിടത്തെ ജനതയാണെന്ന സത്യമാണ് ഇവിടെ അവഗണിക്കപ്പെടുന്നത്. 1947ൽ കശ്മീർ രാജാവ് രാജ്യത്തെ ഇന്ത്യയുമായി കൂട്ടിച്ചേർക്കാൻ തീരുമാനിക്കുന്നതിനു മുമ്പ് ഇക്കാര്യത്തിൽ പോരാട്ടത്തിനിറങ്ങിയ ജമ്മു^കശ്മീരികൾതന്നെയാണ് ഇൗ പ്രശ്നത്തിലെ ആദ്യ കക്ഷി’.
തുറന്നടിക്കുന്ന ഇൗ പ്രത്യേകതയുള്ളതോടൊപ്പം തന്നെ പരിഹാരവും അദ്ദേഹം മുന്നോട്ടുവെക്കുന്നു ‘ഇന്ത്യക്കും പാകിസ്താനും ഇൗ പ്രശ്നം പരിഹരിക്കാനുള്ള ഏക മാർഗം, കാര്യങ്ങൾ കശ്മീർ ജനതക്ക് വിട്ടുനൽകുക എന്നതിൽ പരസ്പരം അംഗീകരിക്കലാണ്. അവരെ വിഷയം ചർച്ച ചെയ്യാനും സംവദിക്കാനും അവരുടെ മണ്ണിെൻറ കാര്യത്തിൽ തീരുമാനമെടുക്കാനും അനുവദിക്കുക. ഇന്ത്യക്കും പാകിസ്താനും ഇത് ഷിംല കരാറിെൻറ അടിസ്ഥാനത്തിൽ സാധ്യമാണ്. പരസ്പരം അംഗീകരിക്കുന്ന സമാധാനപരമായ മാർഗത്തിലൂടെയോ ഇരുകക്ഷികളും ചേർന്നുള്ള കൂടിയാലോചനകളിലൂടെേയാ പ്രശ്നം പരിഹരിക്കാമെന്നാണ് കരാറിലുള്ളത്. അതിനാൽ ഇരു രാജ്യങ്ങളും പ്രശ്നത്തിൽ തീരുമാനമെടുക്കാൻ ജമ്മു^കശ്മീരികളെ ഏൽപിക്കണം.
ജനം തീരുമാനിക്കെട്ട എന്നതാണ് എെൻറ ഇൗ വിഷയത്തിലുള്ള സമീപനം’. ക്രിസ്റ്റഫർ സ്നിഡൻ വളരെ സമഗ്രമായി തയാറാക്കിയിരിക്കുന്ന പുസ്തകത്തിൽ പ്രശ്നത്തിെൻറ ഒരോ സൂക്ഷ്മ വശങ്ങളും വിശദീകരിക്കുന്നുണ്ട്. ഹവായിലെ ഏഷ്യ പസഫിക് സെൻറർ ഫോർ സെക്യൂരിറ്റി സ്റ്റഡീസിൽ പ്രഫസറായി പ്രവർത്തിക്കുന്ന അദ്ദേഹം താഴ്വരയിലെ ജനങ്ങളുമായി നേരിൽ സംസാരിച്ചാണ് ഇത് തയാറാക്കിയത്. ന്യൂഡൽഹിയിലെയും ശ്രീനഗറിലെയും ഭരണാധികാരികൾ ഇൗ പുസ്തകം വായിച്ച്, സ്നിഡെൻറ പരിഹാര നിർദേശം മനസ്സിരുത്തി പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
