Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകശ്മീർ: ഹിന്ദുത്വ...

കശ്മീർ: ഹിന്ദുത്വ അജണ്ടക്കു മുന്നിൽ നീതിപീഠം കീഴടങ്ങുകയോ?

text_fields
bookmark_border
കശ്മീർ: ഹിന്ദുത്വ അജണ്ടക്കു മുന്നിൽ നീതിപീഠം കീഴടങ്ങുകയോ?
cancel

‘‘ഏതാനും പേർ അധികാരം നേടിയെടുക്കുന്നതല്ല, അധികാരം ദുർവിനിയോഗം ചെയ്യപ്പെടുമ്പോൾ അതിനെ ചെറുക്കാനുള്ള ശേഷി എല്ലാവരും നേടിയെടുക്കുന്നതാണ് യഥാർഥ സ്വരാജ്’’– ലോകത്തെ ഈ തത്ത്വം പഠിപ്പിച്ച മഹാത്മജിയുടെ 150ാം ജന്മവാർഷികം കൊണ്ടാടുന്നതി​െൻറ തലേന്നാൾ, സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പൗരസ്വാതന്ത്ര്യത്തെ കുറിച്ച് ഗൗരവതരമായ ഒരു നിരീക്ഷണം നടത്തി. ജമ്മു–കശ്മീരിൽ മാധ്യമങ്ങൾക്കും വാർത്താവിനിമയ സംവിധാനങ്ങൾക്കും കൂച്ചുവിലങ്ങേർപ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്തു ഫയൽ ചെയ്ത ഒരുകൂട്ടം റിട്ട് ഹരജികൾ പരിഗണനക്കെടുക്കവെ ജസ്​റ്റിസ്​ ബി.ആർ. ഗവായി പറഞ്ഞു: ‘‘വ്യക്തിസ്വാതന്ത്ര്യം ദേശസുരക്ഷയെ ആശ്രയിച്ചാണിരിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യവും രാജ്യസുരക്ഷയും ഒത്തുപോകണം.’’ പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ മേൽ കൈവെക്കാൻ ദേശസുരക്ഷയുടെ പേരിൽ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് ചുരുക്കം. ജമ്മു–കശ്മീരിനു സ്വയംഭരണവും പ്രത്യേകപദവിയും പ്രദാനം ചെയ്യുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കപ്പെട്ട ആഗസ്​റ്റ് അഞ്ചിനു ശേഷം, താഴ്വരയിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ ഭരണകൂടഭീകരതക്കു ന്യായീകരണം കണ്ടെത്താൻ നരേന്ദ്രമോദി സർക്കാർ അസത്യങ്ങളും വ്യാജവാദങ്ങളും മുന്നോട്ടുവെക്കുമ്പോൾ പൗരസ്വാതന്ത്ര്യത്തി​െൻറ കാവലാളായ സുപ്രീംകോടതിയുടെ നിലപാട് പൗരന്മാരുടെ അവസാന പ്രതീക്ഷയും തകർക്കും വിധം പ്രതിലോമപരമല്ലേ എന്ന് ഇതിനകം ഉത്​കണ്ഠ ഉയർന്നിട്ടുണ്ട്.

അടിയന്തരാവസ്​ഥയോ യുദ്ധസമാന സാഹചര്യമോ ഇല്ലാതെ തന്നെ, അസ്വസ്​ഥബാധിത പ്രദേശത്ത് ആളുകൾ സംഘം ചേരുന്നത് തടയുന്ന ക്രിമിനൽ നടപടി ചട്ടം 144ാം വകുപ്പ് ദുർവിനിയോഗം ചെയ്തു, താഴ്വരയിൽ കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന പൗരാവകാശലംഘനങ്ങൾ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അനുഭവമാണ്​. മുഖ്യധാര രാഷ്​ട്രീയപാർട്ടികളിലെ നേതാക്കളടക്കം (രണ്ടു മുഖ്യമന്ത്രിമാരും എം.പിമാരും എം.എൽ.എമാരും അതിലുൾപ്പെടും ) നാലായിരത്തോളം പേരെ ജയിലുകളിലും വീടുകളിലും തടവിലിട്ട് പീഡിപ്പിക്കുമ്പോൾ, അതിലൊന്നും കാര്യമായ മൗലികാവകാശലംഘനം ദർശിക്കാത്ത നീതിപീഠത്തി​െൻറ നിലപാട് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണിന്ന്.

ജമ്മു–കശ്മീർ ഹൈകോടതിയുടെ രണ്ടു ബെഞ്ചുകളുടെ മുമ്പാകെ 250ലേറെ ഹേബിയസ്​ കോർപസ്​ റിട്ട് ഹർജികൾ കെട്ടിക്കിടക്കുന്നു. എല്ലാ കേസുകളും അഞ്ചംഗ ബെഞ്ചിനു വിട്ട ചീഫ് ജസ്​റ്റിസ്​ രഞ്ജൻ ഗൊഗോയിയുടെ നടപടി നിയമവൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ജമ്മുകശ്മീർ പുന$സംഘടന നിയമത്തി​െൻറ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന ഹരജികളും വ്യക്തിസ്വാതന്ത്ര്യം പുന$സ്​ഥാപിക്കാനുള്ള റിട്ട് ഹരജികളും ഒരേഗണത്തിൽ പെടുത്തി, നീതി ആട്ടിയകറ്റുന്ന രീതി കേട്ടുകേൾവിയില്ലാത്തതാണ്. ഒമ്പതിനും 17നും ഇടയിൽ പ്രായമുള്ള 144 കുഞ്ഞുങ്ങളെ ചോദ്യം ചെയ്യാൻ പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നുവെന്ന് സർക്കാറിന് കോടതിയിൽ സമ്മതിക്കേണ്ടിവന്നു. അപ്പോഴും അമിത് ഷാ പറയുന്നു: താഴ്വര ശാന്തമാണ്; അസ്വാസ്​ഥ്യം ചിലരുടെ മനസ്സിൽ മാത്രമാണെന്ന്.

ഭരണഘടന അട്ടിമറി മൂടിവെക്കുന്ന ദേശഭക്തി

കശ്മീരി​െൻറ പ്രത്യേക പദവി എടുത്തുകളയുകയും സംസ്​ഥാനം രണ്ടായി വിഭജിക്കുകയും ചെയ്ത നടപടിയെ ചോദ്യം ചെയ്തു സമർപ്പിക്കപ്പെട്ട ഒരു ഡസൻ റിട്ടുകളിന്മേൽ കേന്ദ്രസർക്കാരിനോടും കശ്മീർ ഭരണകൂടത്തോടും മറുപടി സമർപ്പിക്കാൻ ആഗസ്​റ്റ് 28ന് നിർദേശം നൽകിയതാണ്. ഒക്ടോബർ ഒന്നിന് വാദപ്രതിവാദങ്ങൾ തുടങ്ങുമെന്ന് അറിയിച്ചതുമാണ്. എന്നാൽ, ഒക്ടോബർ ഒന്നിന് ജസ്​റ്റീസ്​ എം.വി രമണക്ക്​ മുമ്പാകെ, അറ്റോണി ജനറൽ കെ. കെ. വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വെറുംകൈയോടെയാണ് ഹാജരായത്. മറുപടി നൽകാൻ നാലാഴ്ച വേണമെന്ന അവരുടെ ആവശ്യത്തിനു എത്ര ലാഘവത്തോടെയാണ് അഞ്ചംഗ ബെഞ്ച് വഴങ്ങിയത്. ഒക്ടോബർ 31ഓടെ വിവാദനിയമം പ്രാബല്യത്തിൽ വരുമെന്നും ജമ്മു–കശ്മീർ അതോടെ വിഭജിക്കപ്പെടുമെന്നും നീതിപീഠത്തെ ഉണർത്തിയിട്ടും നവംബർ 14വരെ സമയം അനുവദിച്ചുകൊടുത്തു. രാജ്യസുരക്ഷയുടെയും ദേശസ്​നേഹത്തി​െൻറയും ഉത്തരീയമണിയിച്ച് ഭരണഘടന അട്ടിമറിയും മൗലികാവകാശലംഘനവും മൂടിവെക്കാനുള്ള ഹിന്ദുത്വ സർക്കാരി​െൻറ ഗൂഢനീക്കങ്ങൾക്ക് അരുനിൽക്കേണ്ടത് പൗരന്മാരുടെ കടമയാണെന്ന പ്രതീതി സൃഷ്​ടിക്കാൻ നടത്തുന്ന ശ്രമങ്ങൾ ജുഡീഷ്യറിയുടെ മുന്നിൽ വിലപ്പോവുന്നു എന്നിടത്താണ് അപകടം പതിയിരിക്കുന്നത്. മാധ്യമങ്ങൾ പോലും ആ കെണിയിൽ വീണു. നീതിന്യായസംവിധാനം വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യവ്യവസ്​ഥക്കും മുൻതൂക്കം നൽകിയിരുന്നുവെങ്കിൽ മോദിസർക്കാറി​െൻറ പൊള്ളത്തരം തുറന്നുകാട്ടാൻ അവസരമുണ്ടായേനെ.

താഴ്വരയുടെ സ്വയംഭരണം റദ്ദാക്കിയ നിയമനിർമാണത്തി​െൻറ ഭരണഘടന സാധുത ചോദ്യംചെയ്യുന്ന റിട്ടുകൾ ഉന്നത നീതിപീഠത്തിനു മുന്നിൽ ആദ്യമായി എത്തിയപ്പോൾ കേന്ദ്രസർക്കാരിന് നോട്ടീസ്​ അയക്കാൻ ചീഫ് ജസ്​റ്റിസ്​ അടങ്ങുന്ന അഞ്ചംഗ ബെഞ്ച് തീരുമാനിച്ചു. അപ്പോൾ അറ്റോണി ജനറലും സോളിസിറ്റർ ജനറലും ആ നീക്കത്തെ എതിർത്തത് അതിർത്തിക്കപ്പുറത്ത് പ്രത്യാഘാതമുണ്ടാക്കും എന്ന ഉമ്മാക്കി കാണിച്ചാണ്. ഹിന്ദുത്വവാദികളുടെ കുൽസിതപദ്ധതികൾക്ക് മുന്നിൽ രാജ്യമൊന്നടങ്കം കീഴടങ്ങണമെന്നും ജുഡീഷ്യറി പോലും നീതിയുടെയും നിയമത്തി​െൻറയും പക്ഷത്തേക്ക് ചാഞ്ഞുപോകരുതെന്നും ദുശ്ശാഠ്യമുള്ള ഒരു വിചാരഗതി ഉന്നത നിയമകേന്ദ്രങ്ങളെ പോലും നിർലജ്ജം കീഴടക്കിയതി​െൻറ പരിണതിയാണിത്. താഴ്വരയിലെ അവസ്​ഥാവിശേഷത്തെ കുറിച്ച് സർക്കാർ തങ്ങൾക്ക് മുന്നിൽ സമർപ്പിച്ച വിശദാംശങ്ങൾ ആഗസ്​റ്റ് അഞ്ചിനു ശേഷം നടപ്പാക്കിയ കിരാതവാഴ്ചയും മാധ്യമവിലക്കും കൂട്ട അറസ്​റ്റും മൗലികാവകാശ ലംഘനവുമെല്ലാം ന്യായീകരിക്കുന്നുണ്ടെന്നാണ് സെപ്റ്റംബർ 17ന് സുപ്രീംകോടതി സാക്ഷ്യപ്പെടുത്തിയത്. 1990നു ശേഷം 41,866പേർക്ക് ജീവൻ നഷ്​ടപ്പെട്ടെന്നും 71,038 ഭീകരാക്രമണങ്ങളുണ്ടായെന്നും കൊല്ലപ്പെട്ടവരിൽ 14,038പേർ സിവിയന്മാരും 5,292സുരക്ഷാ ഭടന്മാരുമാണെന്നാണ് സർക്കാർ സമർപ്പിച്ച ഞെട്ടിക്കുന്ന വിവരം. കൊല്ലപ്പെട്ട സിവിലിയന്മാരിൽ എത്രപേർ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചുവെന്ന് തെളിച്ചുപറയാൻ സർക്കാർ തയാറായില്ല. ഈ കണക്കും 370ാം അനുച്ഛേദം എടുത്തുകളഞ്ഞതും തമ്മിൽ എന്തുബന്ധം എന്ന് ചോദിക്കാൻ നീതിപീഠം ആർജവം കാണിച്ചില്ല.

ജബൽപൂർ കേസിൽ അന്നു കാട്ടിയ അബദ്ധം

ഇന്ദിരഗാന്ധി ആഭ്യന്തര അസ്വസ്ഥതകളുടെ പേരു പറഞ്ഞ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് 1975 ജൂൺ 25നാണ്. അതോടെ ഭരണഘടനയുടെ 14, 21, 25 വകുപ്പുകൾ പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങൾക്ക് പുല്ലു വില കൽപിച്ച്​ ആയിരക്കണക്കിന് രാഷ്​ട്രീയനേതാക്കളെയും മാധ്യമപ്രവർത്തകരെയും അറസ്​റ്റ് ചെയ്തു. ‘മിസ’ പോലുള്ള കരുതൽതടങ്കൽ നിയമങ്ങൾ ആയുധമാക്കിയായിരുന്നു വിചാരണ കൂടാതെ, ആയിരങ്ങളെ തുറുങ്കിലടച്ചത്. ഹേബിയസ്​ കോർപസ്​ റിട്ട് ഹരജികളിലൂടെ പൗരസ്വാതന്ത്ര്യം തിരിച്ചുപിടിക്കാനുള്ള വ്യവസ്ഥകൾ റദ്ദ് ചെയ്തു 1975 ജൂൺ 27ന് പ്രസിഡൻറ് ഉത്തരവിറക്കിയതോടെ, ഭരണഘടനക്കു മുകളിലാണ് ഭരണകൂടമെന്ന് രാജ്യം ഭയപ്പെട്ടു. 226ാം ഖണ്ഡിക നൽകുന്ന അവകാശം ഉപയോഗിച്ച് അറസ്​റ്റിലായ പലരും ഹേബിയസ്​ കോർപസ്​ റിട്ട് വഴി വിവിധ ഹൈകോടതികളെ സമീപിച്ചു. അലഹബാദ്, ആന്ധ്ര, ബോംബെ, രാജസ്​ഥാൻ, ഡൽഹി, കർണാടക, മദിരാശി ഹൈകോടതികൾ അടിയന്തരാവസ്ഥയായാലും ശരി, നിയമവിധേയമല്ലാത്ത അറസ്​റ്റുകൾക്ക് നിലനിൽപില്ലെന്ന് വിധിയെഴുതി. വിഷയം അതോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന് മുന്നിലെത്തി.

ഭരണഘടനയുടെ 21ാം വകുപ്പ്​ വഴി മാത്രം ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പു നൽകുന്നുണ്ടോ എന്ന ചോദ്യത്തിനാണ് പരമോന്നത നീതിപീഠത്തിന് ഉത്തരം കണ്ടെത്താനുണ്ടായിരുന്നത്. 21ാം വകുപ്പ് റദ്ദാക്കപ്പെടുന്നതോടെ ആ അവകാശം എടുത്തുകളയപ്പെടുന്നുണ്ടോ? അഞ്ചിൽ നാല് ജഡ്ജിമാരും –ജസ്​റ്റിസുമാരായ എം.എച്ച്​. ബേഗ്, വൈ.വി. ചന്ദ്രചൂഡ്, പി.എൻ. ഭഗവതി, എ.എൻ .റായ് എന്നിവർ സർക്കാറിന് അനുകൂലമായി വിധിച്ചു. അടിയന്തരാവസ്ഥ പോലുള്ള അപൂർവസാഹചര്യത്തിൽ പൗരസ്വാതന്ത്ര്യം എടുത്തുമാറ്റാൻ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് തീർപ്പാക്കി. വിധിയെ എതിർത്തത് ജസ്​റ്റിസ്​​ എച്ച്​.ആർ. ഖന്ന മാത്രം. 21ാം ഖണ്ഡികയുടെ അഭാവത്തിലും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിയമത്തിലൂടെയല്ലാതെ എടുത്തുകളയാൻ ആർക്കും അധികാരമില്ലെന്ന് അദ്ദേഹം വിധി യെഴുതി. ഒരു ഇന്ത്യൻ നഗരത്തിൽ അദ്ദേഹത്തി​െൻറ പ്രതിമ സ്ഥാപിക്കണമെന്ന് ‘ന്യൂയോർക്​ ടൈംസ്​’ മുഖപ്രസംഗമെഴുതി.

ജബൽപുർ കേസ്​ ജനാധിപത്യ ഇന്ത്യയിൽ അടിയന്തരാവസ്ഥയുടെ മറവിൽ നടമാടിയ പൗരാവകാശ ലംഘനത്തി​െൻറയും നീതിന്യായക്രമം അന്ന് സ്വീകരിച്ച ദാസ്യമനോഭാവത്തി​െൻറയും മുന്തിയ ഉദാഹരണമാണ്. ഭ്രാന്തൻദേശീയത ആയുധമായെടുത്ത് ആർ.എസ്​.എസ്​ തുടരുന്ന ന്യൂനപക്ഷവിരുദ്ധ ക്രൂരതകൾക്ക് മുന്നിൽ ജുഡീഷ്യറി പത്തി മടക്കുകയാണെങ്കിൽ , അപരിമേയമായ അത്യാഹിതത്തിലേക്കായിരിക്കും രാജ്യം വലിച്ചെറിയപ്പെടുക.

(ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്​ ലേഖകൻ)

Show Full Article
TAGS:kashmir article 370 judiciary Hindutwa Agenda open forum Opinion News malayalam news 
Web Title - kashmir: judiciary surrender before hindutwa agenda -opinion news
Next Story