Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപാഠപുസ്തകത്തിലെ...

പാഠപുസ്തകത്തിലെ കർണാടകയും കർണാടകയിലെ പാഠങ്ങളും

text_fields
bookmark_border
പാഠപുസ്തകത്തിലെ കർണാടകയും കർണാടകയിലെ പാഠങ്ങളും
cancel
camera_alt

മതംമാറ്റം തടയൽ ഓർഡിനൻസിനെതിരെ ബംഗളുരുവിൽ ക്രൈസ്തവ- മനുഷ്യാവകാശ കൂട്ടായ്മകൾ സംഘടിപ്പിച്ച റാലിയിൽ നിന്ന്

ബംഗളൂരുവിൽ എത്തി നാലാംദിവസമാണ് വാടകവീട് കിട്ടാനുള്ള അന്വേഷണം തുടങ്ങിയത്. താൻ താമസിച്ചിരുന്ന വീട് നോക്കാമെന്നും ഉടമസ്ഥർ വലിയ ഭക്തരായതിനാൽ മുസ്‍ലിമിന് വീട് നൽകുമോ എന്ന് സംശയമാണെന്നുമായിരുന്നു സുഹൃത്ത് പറഞ്ഞത്. എന്നെ ആശ്വസിപ്പിക്കാനായിട്ടാവണം അവൻ 'ഭക്തർ' എന്ന വാക്ക് ഉപയോഗിച്ചത്. മറ്റൊരു മാധ്യമപ്രവർത്തക സുഹൃത്ത് കാര്യം നേരെയങ്ങ് പറഞ്ഞു. ഇവിടെ ചിലയിടത്ത് മുസ്‍ലിംകൾക്ക് വീട് കിട്ടില്ലെന്ന് തന്നെ.

ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് ബി.ജെ.പി സർക്കാറിന്റെ നേതൃത്വത്തിൽ അതിവേഗമാണ് വിഭജനപ്രക്രിയ നടത്തുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുകയെന്ന വിചാരങ്ങൾക്കിടയിൽ സാധാരണ ജനങ്ങൾക്ക് മുസ്‍ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമൊന്നുമില്ല ഇപ്പോഴും. അവർക്ക് ഉപജീവനം തന്നെയാണ് പരമപ്രധാനം. പക്ഷേ, മനുഷ്യർക്കിടയിൽ വിടവ് സൃഷ്ടിക്കാനായി ബോധപൂർവമുള്ള ശ്രമങ്ങൾ നിരന്തരം തുടരുന്നു.

പള്ളികൾക്ക് നേരെ അയോധ്യ, കാശി മോഡൽ

കർണാടകയിലെ പ്രസിദ്ധമായ രണ്ട് പള്ളികൾക്ക് പിറകെയാണ് ഇപ്പോൾ തീവ്രഹിന്ദുത്വശക്തികൾ. മംഗളൂരുവിലെ അതിർത്തിപ്രദേശമായ മലാലിയിലെ ജുമാമസ്ജിദിന്റെ നവീകരണപ്രവൃത്തിക്കിടെ ക്ഷേത്രത്തിന്റേതെന്ന് തോന്നിക്കുന്ന നിർമിതി കണ്ടുവെന്നാണ് അവകാശവാദം. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പൂജകളും തുടങ്ങിയിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ഏപ്രിൽ 21നാണ് 700 വർഷം പഴക്കമുള്ള പള്ളിയുടെ നവീകരണപ്രവൃത്തികൾ നടക്കുന്നതിനിടെ പുരാതനമായ മരപ്പണികളാലുള്ള നിർമിതി കണ്ടെത്തിയത്. മസ്ജിദ് ഇന്തോ-അറബ് മാതൃകയിലാണ് നിർമിച്ചതെന്നും മരംകൊണ്ടുള്ള കൊത്തുപണികളാൽ സമ്പന്നമാണ് പള്ളിയെന്നും പള്ളികമ്മിറ്റി പറയുന്നു. മരത്തിന്റെ ഈ കൊത്തുപണികളാണ് ക്ഷേത്രത്തിന്റേതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്.


പള്ളിയുടെ 500 മീറ്റർ അകലെയുള്ള രാമ ആഞ്ജനേയ ക്ഷേത്രത്തിൽ വി.എച്ച്.പിയുടെയും ബജ്റങ്ദളിന്റെയും നേതൃത്വത്തിൽ ബുധനാഴ്ച പൂജകൾ നടത്തി. താമ്പൂല പ്രശ്നത്തിന് നേതൃത്വം നൽകിയതാകട്ടെ കേരളത്തിൽ നിന്നുള്ള പൂജാരി. മസ്ജിദിന്റെ ചരിത്രമറിയാൻ 'താമ്പൂലപ്രശ്നം' ഉടൻ നടത്തും. മസ്ജിദിന്റെ സ്ഥലം തിരിച്ചുകിട്ടാനായി സമിതി രൂപവത്കരിച്ച് രാംമന്ദിർ കാമ്പയിൻ പോലുള്ള തുടർപ്രചാരണം നടത്തും. ഇരുകൂട്ടരും കോടതിയിൽ പോകാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും നിലവിൽ സമാധാനാന്തരീക്ഷമാണെന്നുമാണ് മംഗളൂരു പൊലീസ് കമീഷണർ എൻ.എസ്. കുമാർ പറയുന്നത്.

മൈസൂരുവിനടുത്ത മാണ്ഡ്യ ശ്രീരംഗപട്ടണയിലെ ജാമിയ മസ്ജിദിലും ഹിന്ദുത്വശക്തികൾ അവകാശം സ്ഥാപിച്ചുകഴിഞ്ഞു. ഹനുമാൻ ക്ഷേത്രം തകർത്താണോ പള്ളി പണിതത് എന്നറിയാൻ പരിശോധനയും സർവേയും നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ജില്ല കമീഷണർ എസ്. അശ്വതി സ്വീകരിച്ചിട്ടുണ്ട്. സർക്കാറിലേക്ക് താൻ നിലവിൽ തന്നെ ഇക്കാര്യം ഉന്നയിച്ച് അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കമീഷണർ അറിയിച്ചതായും നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നരേന്ദ്രമോദി വിചാർ മഞ്ച് സംസ്ഥാന സെക്രട്ടറി സി.ടി. മഞ്ജുനാഥ് പറഞ്ഞു.

1786-87 കാലത്ത് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ നിർമിച്ച ഈ പള്ളിയുടെ പരിപാലനം നിർവഹിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ബംഗളൂരു സർക്കിളാണ്. ആദ്യം പല രൂപത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുക, ശേഷം അധികൃതർക്ക് പരാതി നൽകുക, ക്രമസമാധാനം പാലിക്കാനായി പള്ളി അടച്ചിടുക, പ്രശ്നം കോടതിയിലെത്തുക, ഐതിഹ്യങ്ങളുടെയും കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിൽ കോടതി വിധി പറയുക... ബാബരി മസ്ജിദിന്റെയും ഗ്യാൻവ്യാപി മസ്ജിദിന്റെയും കാര്യത്തിലെന്ന പോലെയാണ് കർണാടകയിലും സംഭവിക്കാനിരിക്കുന്നത്.

ഹിജാബിന് ശേഷം ക്രൈസ്തവ സ്കൂളുകൾക്കെതിരെ

മുസ്‍ലിം വിദ്യാർഥിനികളുടെ വിദ്യാഭ്യാസമുന്നേറ്റം തടയുകയെന്ന ലക്ഷ്യവുമായാണ് ഹിജാബ് വിവാദം ഉയർത്തിക്കൊണ്ടുവന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ തലമറയ്ക്കുന്ന വസ്ത്രം ധരിക്കരുതെന്ന കോടതി വിധിയിലാണ് അത് കലാശിച്ചത്. ആയിരക്കണക്കിന് പെൺകുട്ടികളുടെ പഠനം മുടക്കിയ ശേഷം കർണാടകയിലെ ക്രൈസ്തവ സ്കൂളുകൾക്കെതിരെയാണ് ഹിന്ദുത്വരുടെ നീക്കം.


സംസ്ഥാനത്തെ ക്രൈസ്തവസ്കൂളുകളുടെയും സിലബസ് പരിശോധിക്കണമെന്ന് േബ്ലാക്ക് എജുക്കേഷൻ ഓഫിസർമാർക്ക് വിദ്യാഭ്യാസവകുപ്പ് ഉത്തരവ് നൽകിയതാണ് ഒടുവിലത്തെ സംഭവം. നിർബന്ധപൂർവം ബൈബിൾ വായിപ്പിക്കുന്നുണ്ടോ എന്ന് അറിയുകയാണത്രേ ലക്ഷ്യം. മതപരമായ കാര്യങ്ങൾ പഠിപ്പിക്കാൻ കർണാടകയിലെ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്നും കർശനനടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറയുന്നു.

ഓർഡിനൻസ് വഴി മതപരിവർത്തന നിരോധന നീക്കം

കർണാടകയിൽ മതപരിവർത്തന നിരോധന നിയമം ഓർഡിനൻസ് വഴി നടപ്പാക്കുകയാണ് ബി.ജെ.പി സർക്കാർ. മന്ത്രിസഭ യോഗം അംഗീകാരം നൽകിയ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു കഴിഞ്ഞു.

നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കൽ, നിർബന്ധിക്കൽ, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒരാളെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും. മതംമാറ്റത്തിനു വേണ്ടിയുള്ള വിവാഹങ്ങൾ അസാധുവാക്കുകയും കുറ്റകൃത്യമായി പരിഗണിക്കുകയും ചെയ്യും. മതം മാറാൻ ആഗ്രഹിക്കുന്നയാൾ രണ്ടു മാസം മുമ്പ് ജില്ല ഡെപ്യൂട്ടി കമീഷണർക്ക് (ഡി.സി) അപേക്ഷ നൽകണമെന്നാണ് മറ്റൊരു വ്യവസ്ഥ.

എസ്.സി, എസ്.ടി വിഭാഗത്തിൽനിന്നോ പ്രായപൂർത്തിയാകത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുന്നവർക്ക് മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവും അരലക്ഷത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. പൊതുവിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ ജയിൽ ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും.


കൂട്ട മതപരിവർത്തനത്തിന് മൂന്നുവർഷം മുതൽ പത്തുവർഷം വരെ ജയിൽ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാമെന്നതാണ് വ്യവസ്ഥ. ചുരുക്കത്തിൽ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയാലും മേൽപറഞ്ഞ ഏതെങ്കിലും ഗണത്തിൽപെടുത്തി ഇതുമായി ബന്ധമുള്ളവരെ ആപ്പിലാക്കാൻ കഴിയുന്ന തരത്തിലാണ് നിയമത്തിലെ വ്യവസ്ഥകൾ. നിയമം സാമൂഹിക വിഭജനത്തിനും സ്പർധക്കും വഴിവെക്കുമെന്ന് കർണാടക മേഖല കാത്തലിക് ബിഷപ്സ് കൗൺസിൽ അധ്യക്ഷൻ ആർച്ച് ബിഷപ് പീറ്റർമച്ചാഡോ പറയുന്നു.

ആശ്വാസമായി സാംസ്കാരിക പ്രതിരോധം

ഒരു ജനസമൂഹത്തെയാകെ സംശയത്തിന്റെയും കുപ്രചാരണങ്ങളുടെയും മറവിൽ തളച്ചിടുന്നതിനെതിരെ കർണാടകയിൽ പ്രതിരോധമുയരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. അതും സാംസ്കാരിക പുരോഗമന നാട്യം പുലർത്തുന്ന കേരളത്തിലേതിനേക്കാൾ ശക്തമായിത്തന്നെ. പാഠപുസ്തകത്തിലെ കാവിവത്കരണത്തിനെതിരെ എഴുത്തുകാരും സാമൂഹികപ്രവർത്തകരും ഒച്ചവെക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി തങ്ങളുടെ കഥകൾ പത്താംക്ലാസിലെ കന്നട പാഠപുസ്തകത്തിൽ നിന്ന് പിൻവലിക്കണമെന്ന് ദലിത് ആക്ടിവിസ്റ്റും സാഹിത്യകാരനുമായ ദേവനൂർ മഹാദേവയും ചിന്തകനും എഴുത്തുകാരനുമായ ഡോ. ജി. രാമകൃഷ്ണയും വിദ്യാഭ്യാസവകുപ്പിനോട് ആവശ്യപ്പെട്ടു. ആർ.എസ്.എസ് സ്ഥാപകൻ ഹെഡ് ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയ പുസ്തകങ്ങളിൽ ഭഗത് സിങ്, ശ്രീനാരായണ ഗുരു എന്നിവരെ കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്.

വർഗീയ പ്രചാരണത്തിനായി മൈസൂരിലെ മാണ്ഡ്യ ജില്ലയിൽ എത്താനിരിക്കെ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്, ഹിന്ദുത്വസംഘന നേതാവായ ഋഷികുമാർ സ്വാമി എന്നിവർക്ക് വിലക്കേർപ്പെടുത്തണമെന്ന് കർണാടക രാജ്യ റൈത്ത സംഘ, ദലിത് സംഘർഷ സമിതി എന്നീ സംഘടനകൾ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. മതസൗഹാർദം വ്രണപ്പെടുത്തിയതിന് വിവിധയിടങ്ങളിൽ കേസുള്ള ഇവരെ വിലക്കണമെന്നാണ് ആവശ്യം. ബജ്റങ്ദൾ, ശ്രീരാമസേന, ഹിന്ദു ജാഗരണ വേദിക തുടങ്ങിയവ മതസൗഹാർദം തകർക്കാൻ ശ്രമിക്കുകയാണെന്നും ഈ സംഘടനകൾ പറയുന്നു.

പാഠപുസ്തകത്തിലെ കാവിവത്കരണത്തിനെതിരെ വിദ്യാർഥികൾ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങണമെന്നാണ് നിയമനിർമാണ കൗൺസിലിലെ (എം.എൽ.സി) ബി.ജെ.പി അംഗമായ എ.എച്ച്. വിശ്വനാഥ് തന്നെ പറഞ്ഞത്. ജെ.ഡി.എസ് സംസ്ഥാന നേതാവായിരുന്ന ഇദ്ദേഹം പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. സംസ്ഥാനവ്യാപക സമരത്തിനിറങ്ങുമെന്ന് ദലിത് സംഘടനകളുടെ കൂട്ടായ്മയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എ.എച്ച്. വിശ്വനാഥ്

മുഖ്യമന്ത്രി ഉടൻ ഇടെപട്ട് കാവിവത്കരണപ്രശ്നം പരിഹരിക്കണമെന്ന് കന്നട ആക്ടിവിസ്റ്റും കർണാടക രക്ഷണ വേദികെ പ്രസിഡന്റുമായ ടി.എ. നാരായണ ഗൗഡയും ആവശ്യപ്പെടുന്നു. മേയ് 31ന് സംസ്ഥാനവ്യാപകമായി കോൺഗ്രസ്-ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടക്കും. സമരത്തിന് വിവിധ സംഘടനകളുടെ പിന്തുണയുമുണ്ട്.

കേരളത്തിന്റെ അയൽ സംസ്ഥാനമെന്ന വിശേഷണത്തോടെ സാമൂഹിക പാഠം പുസ്തകത്തിൽ പഠിച്ച,സ്കൂളിൽ നിന്ന് വിനോദയാത്രക്ക് കൊണ്ടുപോയിരുന്ന ദേശത്തിൽ നിന്ന് ഒരുപാട് മാറിയിട്ടുണ്ട് കർണാടക. ശാന്തവും സമാധാനപൂർണവുമായ ഒരു നാടിനെ വർഗീയ വിഷപ്പുക എത്രമാത്രം പ്രശ്നസങ്കീർണമാക്കും എന്നതു സംബന്ധിച്ച് മുഴുവൻ ഇന്ത്യക്കും ഒരു പാഠപുസ്തകവുമായിരിക്കുന്നു ഇവിടം.

Show Full Article
TAGS:Karnataka hindutva 
News Summary - Karnataka lessons
Next Story