മദ്യനയവും നിയമത്തിന്റെ വഴിയും
text_fieldsകുറ്റകൃത്യം നടക്കുമ്പോൾ കാവൽ നായ്ക്കൾ കുരക്കാതിരുന്നെങ്കിൽ അന്വേഷണം അവിടെനിന്ന് തുടങ്ങണം എന്നാണ് കുറ്റാന്വേഷണശാസ്ത്രം പറയുന്നത്. ഡൽഹി വിലാസത്തിലുള്ള ഒരു മദ്യനിർമാണ കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട്ട് മദ്യനിർമാണ ശാലയുടെ സംയോജിത യൂനിറ്റ് തുടങ്ങാൻ സംസ്ഥാന മന്ത്രിസഭ പ്രാഥമിക അനുവാദം നൽകിയത് സുതാര്യവും വിശ്വസനീയവുമായ കൂട്ടായ ആലോചനയിലൂടെ അല്ലെന്നതാണ് ബ്രൂവറി വിവാദത്തിൽ ഉയർന്നുവന്നിട്ടുള്ള യഥാർഥ പ്രശ്നം.
മന്ത്രിസഭ അനുമതി നൽകിയ വിവരം 2025 ജനുവരി 16 ന് പരസ്യമായപ്പോൾ മാത്രമാണ് ഭരണകക്ഷിയും പ്രതിപക്ഷവും നാട്ടുകാരും വിവരമറിയുന്നത്. കഴിഞ്ഞ മൂന്നുവർഷത്തോളമായി മദ്യ പ്ലാന്റുകൾ തുടങ്ങുന്നതിന് വേണ്ട സ്ഥലമെടുപ്പ് അടക്കം പാലക്കാട്ട് നടന്നുവന്നിരുന്നു. എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും തമ്മിൽ ഇതുസംബന്ധിച്ച് പ്രത്യേക ഹോട്ട് ലൈൻ തന്നെ പ്രവർത്തിച്ചിരുന്നു.
2024 നവംബർ എട്ടിന് തീരുമാനം സംബന്ധിച്ച എക്സൈസ് വകുപ്പിന്റെ ഫയൽ നയപരമായ തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നുവെങ്കിലും അത് മാറ്റിവെക്കപ്പെട്ടു.
വർഷങ്ങളായി കുടിവെള്ളത്തിന് വേഴാമ്പലുകളെപോലെ കാത്തുകഴിയുന്ന, ഭൂഗർഭജലം ഊറ്റിയെടുക്കുന്ന പ്ലാച്ചിമടയിലെ കോളക്കമ്പനിക്കെതിരെ സമരം നടത്തിയ ഒരു ജനതയോട് പത്തുലക്ഷം ലിറ്റർ ജലം ഉപയോഗിച്ച് അഞ്ചുലക്ഷം ലിറ്റർ വിവിധയിനം മദ്യം നിർമിക്കുന്ന മദ്യസംയോജിത യൂനിറ്റ് ആണ് വരുന്നതെന്ന വിവരം മന്ത്രിസഭാ തീരുമാനം പുറത്തുവരുന്നതുവരെ മറച്ചുവെച്ചു.
ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് വിദേശമദ്യ ചട്ടപ്രകാരം വിവിധ പ്ലാന്റുകൾ ആരംഭിക്കുന്നതിന് പ്രാരംഭ അനുമതി നൽകുന്നത് സംബന്ധിച്ച വിഷയമാണ് ഒറ്റവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഒപ്പുവെച്ച കുറിപ്പായി 2025 ജനുവരി 15ന് സംസ്ഥാന മന്ത്രിസഭ മുമ്പാകെ വന്നത്. വിഷയം ധനകാര്യ വകുപ്പടക്കം മറ്റൊരു വകുപ്പുമായി ആലോചിക്കുകയോ അഭിപ്രായം മന്ത്രിസഭായോഗക്കുറിപ്പിൽ ഉൾക്കൊള്ളിക്കുകയോ ചെയ്തിട്ടില്ലെന്നും കാബിനറ്റ് രേഖകൾ വെളിപ്പെടുത്തുന്നു. മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പ് വകുപ്പ് സെക്രട്ടറിയായ അഡീഷനൽ ചീഫ് സെക്രട്ടറി അംഗീകരിച്ചപ്പോഴും ചീഫ് സെക്രട്ടറി അംഗീകരിച്ചപ്പോഴും വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഫയലിൽ ഒപ്പുവെച്ചിട്ടില്ല. മുഖ്യമന്ത്രി ഒറ്റക്ക് തീരുമാനിച്ചതാണ് ഒയാസിസ് കൊമേഴ്സ്യലിന് മദ്യ പ്ലാന്റുകൾ നൽകുന്നതിനുള്ള പ്രാരംഭ അനുമതി. എക്സൈസ് മന്ത്രി അടക്കമുള്ള മറ്റ് മന്ത്രിസഭാംഗങ്ങളെല്ലാം നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ് തയാറാക്കിയ കുറിപ്പ് മാത്രം വായിച്ചാണ് ഒയാസിസിന് അംഗീകാരം നൽകിയതെന്ന് രേഖകൾ ബോധ്യപ്പെടുത്തുന്നു.
എക്സൈസ് കമീഷണർ പ്രാരംഭ അനുമതി നൽകുന്നതിന് ശിപാർശ ചെയ്തിട്ടുണ്ടെന്ന് പറയുന്ന റിപ്പോർട്ടിനെ ഉദ്ധരിച്ച് നികുതി അഡീഷനൽ ചീഫ് സെക്രട്ടറി തയാറാക്കിയ കുറിപ്പാകട്ടെ വസ്തുതാവിരുദ്ധമെന്ന് സ്വയം വെളിപ്പെടുത്തുന്നതുമാണ്.
കേന്ദ്ര സർക്കാറിനുകീഴിലെ ഓയിൽ കമ്പനികൾ എഥനോൾ വിതരണത്തിന് വിളിച്ച ടെൻഡറിൽ ഉൽപാദനത്തിന് പരിചയസമ്പന്നരായ സംരംഭകരുടെ ലിസ്റ്റിൽ ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് മാത്രമാണ് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടതെന്നും ഇതുപോലെയുള്ള പ്രോജക്ടുകൾ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഇരുപത് വർഷമായി നടത്തി വിജയിപ്പിച്ച പരിചയസമ്പന്നത, സാങ്കേതികപ്രാവീണ്യം എന്നിവ കൊണ്ടാണ് ഇത് സാധ്യമായതെന്നും വിശ്വസിപ്പിക്കാൻ ഒയാസിസ് കൊമേഴ്സ്യൽ, എണ്ണക്കമ്പനികൾക്ക് സമർപ്പിച്ച ഉദ്ദേശ്യ വിശദീകരണ പത്രത്തിന്റെ പകർപ്പ് മാത്രമാണ് മന്ത്രിസഭായോഗത്തിൽ വെച്ചത്. ഇതിന്റെ വിശ്വാസ്യതയോ ആധികാരികതയോ എണ്ണക്കമ്പനികൾ പോലും അംഗീകരിച്ചിട്ടില്ല. എലപ്പുള്ളി ഗ്രാമത്തിലെ വെങ്ങോടിയിൽ തുടങ്ങാൻ പോകുന്ന പ്ലാന്റിന്റെ പേരിലാണ് ഡൽഹി പഞ്ചാബി ബാഗിലെ 40, നോർത്ത് അവന്യൂ എന്ന വിലാസത്തിൽ പ്രവർത്തിക്കുന്ന ഒയാസിസ് കൊമേഴ്സ്യൽ എണ്ണക്കമ്പനികൾക്കു ലേല അപേക്ഷ സമർപ്പിച്ചത്.
എണ്ണക്കമ്പനികൾ ഒയാസിസുമായി ലേലക്കരാർ ഒപ്പു വെച്ചില്ലെങ്കിൽ ഈ ഉദ്ദേശ്യ വിശദീകരണ പത്രം അസാധുവാകും. മാത്രമല്ല, കമ്പനി ആവശ്യപ്പെട്ട പരിധിക്കുള്ളിൽ പ്ലാന്റ് എഥനോൾ ഉൽപാദനം ആരംഭിച്ച് അതിന്റെ ഗുണമേന്മ എണ്ണക്കമ്പനികൾ ആവശ്യപ്പെട്ട നിലവാരത്തിലാണെന്ന് ബോധ്യപ്പെടുത്തണം. എങ്കിൽ മാത്രമേ ബിഡ് പരിഗണിക്കൂ. അത്തരം കർശനമായ നിബന്ധനകൾ എഥനോൾ നിർമാണ കാര്യത്തിൽ എണ്ണക്കമ്പനികൾ ബാധകമാക്കിയിട്ടുണ്ട്. അതൊന്നും പരിഗണിക്കാതെ കേവലം ഒരു ഉദ്ദേശ്യ വിശദീകരണ പത്രം കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരമായി വ്യാഖ്യാനിച്ച് സംസ്ഥാന മന്ത്രിസഭ ഒയാസിസ് ഗ്രൂപ്പിന് വിവിധോദ്ദേശ്യ മദ്യോൽപാദന സംയോജന പദ്ധതിക്ക് നിർമാണാനുമതി നൽകിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി 14ന് കെ.എസ്.ഐ.ഡി.സി, സംസ്ഥാന സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് ഓൺലൈനായി അധികാരം നൽകി. കേരള വാട്ടർ അതോറിറ്റി പത്തുലക്ഷം ലിറ്റർ വെള്ളം കിൻഫ്ര മുഖേന മലമ്പുഴ ഡാമിൽനിന്ന് ലഭ്യമാക്കാനും തീരുമാനമെടുത്തു.
മരുന്നിനും മദ്യത്തിനും പുറമെ ഹരിതപെട്രോൾ എന്ന നിലക്കും നിർമിച്ചുവരുന്ന ഒന്നാണ് എഥനോൾ. 2025–2026 ആവുന്നതോടുകൂടി 20 ശതമാനം എഥനോൾ കലർത്തിയ പെട്രോളാണ് ഇന്ത്യയിൽ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ഉന്നം വെക്കുന്നത്. ഇതിനു വേണ്ടിയുള്ള ലിസ്റ്റിലാണ് ഒയാസിസ് ഇടംപിടിച്ചത്. അതുകൊണ്ട് കഞ്ചിക്കോട് ഇന്ത്യൻ നിർമിത വിദേശമദ്യവും ബ്രൂവറിയും സ്പിരിറ്റുമടക്കമുള്ള സംയോജിത മദ്യനിർമാണ കമ്പനി തുടങ്ങാൻ എണ്ണവിൽപനക്കമ്പനികൾ ഒയാസിസിനെ കേരളത്തിലേക്കയച്ചു എന്നുപറയുന്നത് മലയാളികളെ പരിഹസിക്കലാകും.
നാളെ: മദ്യക്കമ്പനിയുടെ വരവ് മൂടിവെച്ചതിന് പിന്നിലെന്ത്?
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.