Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജറൂസലം: വഞ്ചനയുടെ കഥ...

ജറൂസലം: വഞ്ചനയുടെ കഥ പൂർത്തിയാകുമ്പോൾ

text_fields
bookmark_border
ജറൂസലം: വഞ്ചനയുടെ കഥ പൂർത്തിയാകുമ്പോൾ
cancel

ഗസ്സയിൽ ഇസ്രായേലി ഗൺഷിപ്പുകൾ അഗ്നി വർഷിച്ചു കൊണ്ടിരിക്കുന്ന 2014 കാലഘട്ടം. ലബനാനിലെ ദുറൂസ്​ നേതാവ് വലീദ് ജംബലത്ത്, അപ്രതീക്ഷിതമായൊരു സന്ദർശനത്തിലൂടെ ഹിസ്​ബുല്ല സെക്രട്ടറി ജനറൽ ഹസ്സൻ നസ്​റുല്ലയെ അദ്ഭൂതപ്പെടുത്തി. പശ്ചിമേഷ്യയിൽ കുമിഞ്ഞു കുടുന്ന കബന്ധങ്ങളും നിർബാധം തുടരുന്ന ചോരച്ചാലുകളും മണിക്കൂറുകൾ നീണ്ട സംസാരത്തിൽ വിഷയീഭവിച്ചു. മടങ്ങാൻ നേരത്ത് ജംബലത്ത് നസ്​റുല്ലക്ക് വിലപ്പെട്ട ഒരു ഉപഹാരം കൈമാറി. ജെയിംസ്​ ബാർ രചിച്ച ‘ലെയിൻ ഇൻ ദി സാൻഡ് ’ (‘Line in the Sand: Britian, France, and the Struggle That Shaped the Middle East’) എന്ന വായനക്ഷമതയുള്ള ഒരു പുസ്​തകം. ഇന്നീ കാണുന്ന മധ്യപൗരസ്​ത്യദേശത്തെ രൂപപ്പെടുത്തുന്നതിൽ ബ്രിട്ടന്‍റെയും ഫ്രാൻസിന്‍റെയും കൊളോണിയൽ മസ്​തിഷ്ക്കങ്ങൾ എങ്ങനെ പ്രവർത്തിച്ചു എന്ന് മാത്രമായിരുന്നില്ല പുസ്​തകത്തിന്‍റെ പ്രതിപാദ്യം. പടിഞ്ഞാറൻ യജമാനന്മാർക്ക് ദാസ്യവേല ചെയ്യുന്നതിൽ, അല്ലെങ്കിൽ കോളിനശക്തികൾ വിരിച്ച വലയിൽ ബുദ്ധിശൂന്യമായി എടുത്തുചാടുന്നതിൽ  അറബ് നേതാക്കൾ ഏത് പാതാളം വരെ അധഃപതിച്ചു എന്നുകൂടി വിവരിക്കുന്നുണ്ട്  ആ പുസ്​തകത്തിൽ. ഗസ്സയിൽ പൊരുതി മരിക്കുന്ന ഓരോ ഫലസ്​തിനിയുടെയും രക്തസാക്ഷ്യത്തിൽ പടിഞ്ഞാറൻ ശക്തികൾക്ക് മാത്രമല്ല, അറബ് ലോകത്തിനും ഒരു പങ്കുണ്ടെന്ന് സമർഥിക്കാനുള്ള ശ്രമമായിരുന്നു ദുറൂസ്​ നേതാവിന്‍റേത്. 

തന്‍റെ പ്രിയപുത്രി ഇവാൻകയുടെ കാർമികത്വത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്  തെൽഅവീവിൽ നിന്ന് ജറൂസലമിലേക്ക് യു.എസ്​ നയതന്ത്രാലയം മാറ്റുകയും ആ പുണ്യനഗരത്തെ ഇസ്രായേലിന്‍റെ തലസ്​ഥാനമായി പ്രായോഗിക തലത്തിൽ പ്രഖ്യാപിക്കുകയും ചെയ്തപ്പോഴും സമനില തെറ്റിയ ഒരു ഭരണാധികാരിയുടെ വിവേകശൂന്യമായ നടപടിയായേ ലോകം അതിനെ നോക്കിക്കണ്ടുള്ളൂ. പടിഞ്ഞാറൻ ശക്തികൾ  നൂറുവർഷം മുമ്പ് തുടക്കമിട്ട  കൊടിയ വഞ്ചനയുടെ അവസാനത്തെ അധ്യായം മാത്രമാണിതെന്ന യാഥാർഥ്യം സൗകര്യപൂർവം എല്ലാവരും വിസ്​മരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യത്തിൽ തുടക്കമിട്ട കൊടുംവഞ്ചനയുടെ ഒരു തുടർക്കഥ പരിസമാപ്തിയോട് അടുക്കുന്നതിന്‍റെ ലക്ഷണമാണ് ജറൂസലമിൽ ഇപ്പോൾ കെട്ടഴിഞ്ഞു വീഴുന്ന സംഭവ വികാസങ്ങളെന്ന സത്യം എല്ലാവരും ചേർന്നു മറച്ചുപിടിക്കുന്നത് പോലെ. നൂറുവർഷം തികച്ച ആ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാൻ ആർക്കും ഇന്ന് ധൈര്യമില്ല. 

jerusalem

കാരണം, ആധുനിക കാലഘട്ടത്തിൽ ഇതിനു സമാനമായ അധാർമികവും നിഷ്ഠൂരവുമായ രാഷ്ട്രീയ ഇടപെടലുകൾ വേറെ ഉണ്ടായിട്ടില്ല എന്നത് തന്നെ. ബൈത്തുൽ മുഖദ്ദിസ്​ അടക്കമുള്ള ചരിത്രപരമായും വിശ്വാസപരമായും അതിപ്രധാനമായ ഒരു ദേവാലയം ഉൾക്കൊള്ളുന്ന ഭൂപ്രദേശം കൈക്കലാക്കുകയും ഫലസ്​തീനികളെ അവരുടെ ജന്മഗേഹത്തിൽ നിന്ന് എന്നെന്നേക്കുമായി ആട്ടിയോടിക്കുകയും ചെയ്യുക എന്ന സയണിസത്തിന്‍റെ ആത്യന്തിക ലക്ഷ്യം പൂർത്തീകരിക്കപ്പെടുമ്പോഴും കഴിഞ്ഞ ഒരു നൂറ്റാണ്ട് എല്ലാ അനീതിയും നിസ്സംഗതമായി നോക്കിനിന്ന ആഗോളസമൂഹം കാഴ്ചക്കാരുടെ റോളിൽ മരവിച്ചു നിൽക്കുകയാണിപ്പോഴും. ഇതുവരെ മാധ്യസ്​ഥരുടെ ഉത്തരീയമണിഞ്ഞ്, സ്വതന്ത്ര ഫലസ്​തീനും ഇസ്രായേലും ഒരുമിച്ച് നിലനിൽക്കുന്ന സമാധാന സൂത്രവാക്യങ്ങൾ ചമച്ചവർ  എല്ലാം പരവതാനിക്കടിയിലേക്ക് തട്ടിമാറ്റി, ഫലസ്​തീൻ യഹൂദരുടെ ‘വാഗ്ദത്ത ഭൂമിയാണ്’ എന്ന സയണിസ്​റ്റുകളുടെ വിദണ്ഠവാദം പ്രായോഗികതലത്തിൽ അംഗീകരിച്ചതിന്‍റെ തെളിവാണ് ജറൂസലമിനെ ഇസ്രായേലിന് എന്നെന്നേക്കുമായി വിട്ടുകൊടുക്കാനുള്ള ഇപ്പോഴത്തെ നീക്കം. 

അതിനു അവലംബിച്ച മാർഗമാവട്ടെ, ഓട്ടോമൻ തുർക്കിയെ ഭൂമുഖത്തു നിന്ന് വിപാടനം ചെയ്യുന്നതിനു ഒന്നാം ലോകയുദ്ധത്തിന്‍റെ മറവിൽ ഹിജാസിലെ ഗവർണർ ശരീഫ് ഹുസൈന്‍റെ കൈയിൽ ‘അറബ് കലാപ’ത്തിന്‍റെ പതാക ഏൽപിച്ചതിനു സമാനമായ മറ്റൊരു വഞ്ചനയും. സൗദി രാജകുമാരനെ കൊണ്ട് പശ്ചിമേഷ്യൻ സമാധാനത്തിന്‍റെ പുതിയ സയണിസ്റ്റ് സൂത്രവാക്യങ്ങൾ ചൊല്ലിപ്പഠിപ്പിച്ചു. യു.എസ്​ എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള ട്രംപിന്‍റെ തീരുമാനം ഒരു രഹസ്യകരാറിന്‍റെ പിൻബലത്തിലാണെന്നും ഫലസ്​തീനികൾക്ക് വേണ്ടി വാതോരാതെ വിലപിക്കുന്നവരാണ് അതിനു പിന്നിലെന്നുമുള്ള അരമന രഹസ്യം അങ്ങാട്ടിപ്പാട്ടായിരുന്നു. ഈ ഇടപാടിൽ ഫലസ്​തീൻ പ്രസിഡന്‍റ് മുഹമ്മദ് അബ്ബാസിന്‍റെ കൈയിൽ തടഞ്ഞത് എത്ര കോടി ഡോളറാണെന്ന് ഒരു പതിറ്റാണ്ട് കഴിഞ്ഞായിരിക്കാം സി.ഐ.എ പുറത്തുവിടുക. പിറന്നമണ്ണിൽ ജീവിച്ചു മരിക്കാൻ കൊതിച്ച പാവം ഫലസ്​തീനികളെ എല്ലാവരും കൂടി വഞ്ചിച്ചുവെന്ന് ചുരുക്കം. 
palestien

വീതംവെക്കപ്പെട്ട ഭൂമിയും ജനതയും 
ഫലസ്​തീൻ പ്രശ്നത്തിന്‍റെ അടിവേര് കൊളോണിയൽ കാലഘട്ടത്തിലേക്കാണ് നീളുന്നത്. 12ദശലക്ഷം മനുഷ്യരെ കൊന്നൊടുക്കിയ യൂറോപ്യൻ രാജ്യങ്ങൾ തമ്മിലുള്ള ഒന്നാം ലോകയുദ്ധം (1914–1918) അവസാനിച്ചപ്പോൾ ഇരുസഖ്യത്തിലും അംഗമല്ലാതിരുന്ന ഓട്ടോമൻ തുർക്കിക്കാണ് ഏറ്റവും കൂടുതൽ കഷ്​ടനഷ്​ടങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഖലീഫയെ പാവയാക്കി ‘യുവതുർക്കി’കളായ മൂന്ന് പാഷന്മാരുടെ കരങ്ങളിലെത്തിയ ഓട്ടോമൻ സാമ്രാജ്യത്തെ തകർക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ബ്രിട്ടനായിരുന്നു. 1888മുതൽ ഈജിപ്തിന്‍റെമേൽ ആധിപത്യം സ്​ഥാപിച്ച ബ്രിട്ടൻ നേരത്തെ സൂചിപ്പിച്ചത് പോലെ മക്കയുടെയും മദീനയുടെയും മേൽക്കോയ്മ തുർക്കിയിൽ നിന്ന് തട്ടിയെടുക്കാൻ ശരീഫ് ഹുസൈനെയും മക്കളെയും കച്ച കെട്ടി ഇറക്കി. 

കൊടുംവഞ്ചനയുടെയും പ്രലോഭനങ്ങളുടെയും വാഗ്ദത്ത ലംഘനത്തിന്‍റെയും വൃത്തികെട്ട മുഴുവൻ കഥകളും  സ്​കോട്ട് ആൻഡേഴ്സൺ ‘ലോറൻസ്​ ഇൻ അറേബ്യ’ എന്ന ക്ലാസിക്കിലൂടെ’ ലോകസമൂഹമധ്യെ അവതരിപ്പിക്കുന്നുണ്ട്. ഈജിപ്തിലെ ബ്രിട്ടീഷ് ഹൈകമീഷണറായിരുന്ന മക്മോഹൻ, ശരീഫ് ഹുസൈന് അയച്ച കത്തുകളിലൂടെ കണ്ണോടിച്ചാൽ മതി, ഫലസ്​തീൻ ഉൾപ്പെട്ട സിറിയയും ഇറാഖുമൊക്കെ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് പിടിച്ചെടുക്കാൻ എത്ര മ്ലേച്ഛമായ ഗൂഢാലോചനയാണ് അന്ന് നടത്തിയതെന്ന്. അറബ്ജനത കണ്ടില്ലെന്ന് നടിച്ച കലാപം അസ്​തമിച്ചപ്പോൾ ബ്രിട്ടീഷുകാർ വാക്കുമാറ്റി എന്നല്ല, അറബ്–ഇസ്​ലാമിക ലോകം മുഴുവൻ തങ്ങളുടെ കാൽകീഴിൽ കൊണ്ടുവന്നു. ശരീഫ് ഹുസൈന്‍റെ മക്കൾക്ക് കിട്ടിയത് ഉച്ചിഷ്​ടം മാത്രം. 
Al-Aqsa-Mosque

പശ്ചിമേഷ്യയുടെ ഇന്നത്തെ കാലുഷ്യവും സയണിസ്​റ്റുകളുടെ ക്രൂരതകളും വിവരിക്കുമ്പോൾ ഏത് ചരിത്രപുസ്​തകവും അതിന്‍റെ വേരുകൾ അന്വേഷിക്കുന്നത് 1916മേയ് 16ന് ഒപ്പിട്ട സൈക്സ്​–പീകോ കരാറിലാണ്. (Sykes–Picot Agreement ). ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്​ഥനായ മാർക് സൈക്സും ബെയ്റൂതതിലെ ഫ്രഞ്ച് കോൺസൽ ജനറലായ ഫ്രാൻസ്വാ ജോർജ് പീകോയും അതീവരഹസ്യമായി ഒപ്പിട്ട ഈ കരാർ പശ്ചിമേഷ്യ കോളനിശക്തികൾക്കിടയിൽ ഓഹരി വെച്ചെടുക്കാനായിരുന്നു. കരാർ അനുസരിച്ച് യുദ്ധം കഴിയുന്നതോടെ ബഗ്ദാദ് മുതൽ കുവൈത്ത് വരെയുള്ള പ്രദേശങ്ങൾ ബ്രിട്ടന്‍റെ അധീനതയിലാവും. സിറിയ ഫ്രാൻസിന്‍റെ വരുതിയിലും. ജറൂസലം എല്ലാ കക്ഷികൾക്കും അവകാശമുള്ള ‘അന്തരാഷ്ട്ര മേഖല’’ ആയിരിക്കും. ഫലസ്​തീന്‍റെ കാര്യം പിന്നീട് തീരുമാനിക്കാമെന്ന് വെച്ചത് സയണിസ്​റ്റുകളുടെ ഇസ്രായേൽ പദ്ധതി മനസ്സിൽ കണ്ടാണ്. 

സർ ചക്രവർത്തി നിക്കോളാസ്​ രണ്ടാമന്‍റെ റഷ്യ കരാറിനു അംഗീകാരം നൽകിയിരുന്നു. 1917ലെ റഷ്യൻ വിപ്ലവത്തിനു ശേഷം നിക്കോളാസ്​ അധികാര ഭ്രാഷ്​ടനാക്കപ്പെട്ടതോടെ കമ്യുണിസ്​റ്റ് നേതാവ് വ്ലാഡ്മിൻ ലെനിൻ ആണ് ഇങ്ങനെയൊരു രഹസ്യകരാറിനെ കുറിച്ച് ലോകത്തെ അറിയിക്കുന്നത്; 1917 നവംബർ 24നു പാർട്ടി ജിഹ്വയായ ‘ഇസ്​വെസ്​റ്റീയ’യിലൂടെ. ‘കോളനി കള്ളന്മാർ തമ്മിലുള്ള കരാർ’ എന്നാണ് ലെനിൻ ഇതിനെ വിശേഷിപ്പിച്ചത്. ഈ കരാറിനു പിന്നിൽ മുഖ്യമായും പ്രവർത്തിച്ചത് ബ്രിട്ടനിലെയും അമേരിക്കയിലെയും ജൂത ലോബിയാണെന്നും സയണിസ്​റ്റുകൾ ആവിഷ്കരിച്ച തിരക്കഥക്കനുസൃതമായാണ് എല്ലാം മുന്നോട്ടു നീങ്ങിയതെന്നും പുതിയ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. അധികം വൈകാതെ കോളനിക്കാരുടെ ഉള്ളിലിരിപ്പ് പുറത്തുചാടി. 
palestien
1917 നവംബർ രണ്ടിനു ബ്രിട്ടീഷ് വിദേശകാരമന്ത്രി ആർതർ ബാൽഫർ, തന്‍റെ ആത്മസുഹൃത്തും സയണിസ്​റ്റ് നേതാവുമായ വാൾട്ടർ റോത്ത് ഷീൽഡിനയച്ച 67വാക്കുകൾ അടങ്ങിയ കത്തിലാണ് ‘ജൂതജനതക്ക് സ്വന്തമായൊരു രാഷ്ട്രം’ നൽകുന്ന കാര്യത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തിന് അതീവ സന്തോഷമുണ്ടെന്ന പ്രഖ്യാപനം വരുന്നത്. തങ്ങൾക്ക് യാതൊരു അവകാശവുമില്ലാത്ത ഒരു രാജ്യത്തെ മൂന്നാമതൊരു രാജ്യത്തിന് ബ്രിട്ടൻ ദാനം ചെയ്യുകയായിരുന്നു. ആധുനിക ലോകം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയായിരുന്നു അത്. 1882തൊട്ട് ഫലസ്​തീനിലേക്ക് ജൂതപ്രവാഹം തുടങ്ങിയത് മുതൽ ബ്രിട്ടനും റഷ്യയും ഫ്രാൻസും മറ്റു യൂറോപ്യൻ രാജ്യങ്ങളുമെല്ലാം അതിനു പിന്നിൽ ചാലകശക്തിയായി വർത്തിക്കുന്നുണ്ടായിരുന്നു. തങ്ങൾ വെറുക്കുന്ന ഒരു ജനതയെ മുസ്​ലിം ലോകത്തിന്‍റെമേൽ കെട്ടിയേൽപിക്കാനുള്ള പദ്ധതിക്കായി പ്രത്യേക ഫണ്ട് പോലും സ്വരൂപിച്ചിരുന്നു. 

1917 ഡിസംബർ 11 ആയപ്പോഴേക്കും ഫലസ്​തീനിൽ കൂട്ടക്കൊല നടക്കുകയാണെന്ന വ്യാജവാർത്തയുടെ പിൻബലത്തിൽ ബ്രിട്ടീഷ് സൈനിക മേധാവി എഡ്മണ്ട് അല്ലെൻബിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം ജറൂസലമിലേക്ക് പ്രവേശിക്കുകയാണ്. അപ്പോഴേക്കും ‘അന്താരാഷ്ട്ര മേഖല’ എന്ന പദവിയൊക്കെ കൈവിട്ട് ഫലസ്​തീൻ ബ്രിട്ടന്‍റെ നേരിട്ടുള്ള അധീനതയിലേക്ക് കുതന്ത്രങ്ങൾ വഴി കൊണ്ടു വന്നിരുന്നു. അപ്പോഴും ഓട്ടോമൻ തുർക്കിക്കാണ് ഫലസ്​തീന്‍റെയും ജറൂസലമിന്‍റെയും ഉടമസ്​ഥാവകാശമെന്ന് ഓർക്കേണ്ടതുണ്ട്. ജഫാ കവാടത്തിലൂടെ ജറൂസലമിലേക്ക് പ്രവേശിച്ച ജനറൽ എഡ്മൻറ് അലെൻബി സ്വദേശത്തേക്ക് അയച്ച ടെലിഗ്രാം സന്ദേശം ഇതായിരുന്നു: ‘The wars of the Crusades are now complete ’ –കുരിശുയുദ്ധവുമായി ബന്ധപ്പെട്ട പോരാട്ടങ്ങൾ ഇവിടെ പൂർണമായിരിക്കുന്നു.’’. ഈ കടന്നുകയറ്റിന് മതകീയ പരിവേഷം നൽകാനായിരുന്നു ഭാവം. 1918ൽ ഒന്നാം ലോകയുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടന്‍റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ വിജയം വരിച്ചതോടെ, ഓട്ടോമൻ തുർക്കിയുടെ കീഴിലുള്ള മുഴുവൻ ഭൂപ്രദേശങ്ങളും യൂറോപ്യൻ ശക്തികളുടെ കൈവശമെത്തുകയാണ്. 1922ൽ ഓട്ടോമൻ സാമ്രാജ്യം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാവുന്നു. 24ൽ ഖലീഫ ചരിത്രത്തിൽ വിലയം പ്രാപിക്കുന്നു. 

Mahboob-abbas

അറബ്ജനതയിൽ നിന്ന് പിടിച്ചെടുത്ത ഭൂമി എങ്ങനെ വീതംവെച്ചെടുക്കണമെന്ന് തീരുമാനിക്കാൻ ലീഗ് ഓഫ് നാഷൻസ്​ എന്ന ആഗോള (ഗൂഢാലോചന )സമിതി ഉണ്ടാക്കുന്നു. അറബികൾ സ്വയം ഭരിക്കാൻ പ്രാപ്തമാവുന്നത് വരെ പശ്ചിമേഷ്യ ബ്രിട്ടന്‍റെയോ ഫ്രാൻസിന്‍റെയോ മേൽനോട്ടത്തിലായിരിക്കുമെന്ന് ‘മാൻഡേറ്റ്’ നൽകുകയാണ് ലീഗ് ഓഫ് നേഷൻസ്​. 1948ൽ ഇസ്രായേൽ നിലവിൽ വരുന്നതോടെ ബ്രിട്ടീഷ് സൈന്യം സയണിസ്​റ്റുകൾക്ക് വഴി മാറി കൊടുക്കുകയാണ്. പിന്നീട് നാം കാണുന്നത് ദുരന്തങ്ങളുടെ (‘നക്ബ’ ) ഒരു ഘോഷയാത്രയാണ്. പിറന്ന മണ്ണിൽ നിന്ന് ഫലസ്​തീനികളെ തോക്കിന്‍റെ മുനയിൽ, ഭീഷണിയുടെ ആേക്രാശങ്ങൾ കൊണ്ട് ആട്ടിയോടിക്കുന്ന ഭീകരമായ കാഴ്ച. ലക്ഷക്കണക്കിന് മനുഷ്യരുടെ നിലവിളി ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഫലസ്​തീനിൽ സഹസ്രാബ്ദങ്ങളായി ജീവിച്ചുപോരുന്ന യഹൂദരെയും ക്രിസ്​ത്യാനികളെയുമാണ്. അതുവരെ അറബ് സംസ്​കാരമായിരുന്നു അവരുടെ ധമനികളിലൂടെ ഒന്നിച്ചൊഴുകിയത്. അവർ സ്വപ്നം കണ്ടത് ‘നഹദ’ (ഉയർത്തെഴുന്നേൽപ്) ആയിരുന്നു. തകർന്ന സ്വപ്നങ്ങളുടെ ഓരത്തു നിന്നാണ് ഇസ്രായേലി എന്ന ജൂതരാഷ്ട്രം പിറവി കൊള്ളുന്നതും ഇന്നീ കാണുംവിധം വളർന്നു ഭീകരസ്വത്വം പ്രാപിക്കുന്നതും.  

കാറ്റിൽ പറത്തിയ കരാറുകൾ 
ഗസ്സയും ജറൂസലമും ഇന്ന് രണ്ടുപ്രതീകങ്ങളാണ്. യുവതുർക്കികളിൽ നിന്ന് തുടങ്ങിയ ദുരന്തകഥ കീരിടം ചൂടിയ ഒരു യുവ തലമുറയിലൂടെ പൂർത്തിയാക്കാനാണ് ചരിത്രനിയോഗമെന്ന് വേണം സമാധാനിക്കാൻ. രണ്ടാം ഖലീഫ ഉമർ ബിനു ഖത്താബ് മോചിപ്പിച്ച, സലാഹുദ്ദീൻ അയ്യുബി പോരാടി പടിഞ്ഞാറിൽ നിന്ന് തിരിച്ചു പിടിച്ച ജറൂസലമും ബൈത്തുൽ മുഖദ്ദിസും മുസ്​ലിംകൾക്ക് എന്നെന്നേക്കുമായി നഷ്​ടപ്പെടാൻ പോകുന്നു എന്നതിന്‍റെ ലക്ഷണമാണ് ട്രംപിന്‍റെ ജറുസലം അധിനിവേശം. ഫലസ്​തീനികളുടെ ശക്തമായ എതിർപ്പ് വകവെക്കാതെ അങ്കിൾസാമിന്‍റെ കാർമികത്വത്തിൽ ഒപ്പുവെച്ച ഓസ്​ലോ കരാറിലെ വ്യവസ്​ഥകൾ പോലും അമേരിക്ക ഇന്ന് കാറ്റിൽ പറത്തുമ്പോൾ ചോദിക്കാൻ ആരുമില്ല എന്നതാണ് ഏറെ പരിതാപകരം. കരാറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഒത്തുതീർപ്പ് ഫോർമുല കിഴക്കൻ ജറൂസലമിലെ 13 ചതു. കീറ്റർ ഭൂമിയും മുസ്​ലിംകളുടെ മസ്​ജിദുൽ അഖ്സയും ഫലസ്​തീനികൾക്ക് വിട്ടുകൊടുക്കാമെന്നതായിരുന്നു. 

palestien

എന്നാൽ, അതിൽനിന്നൊക്കെ നെതന്യാഹുവിന്‍റെ ഇസ്രായേൽ ബഹുദൂരം പിറകോട്ടു പോയി. അതിന്‍റെ തുടർച്ചയാണ് പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിശ്വാസികളുടെമേലുള്ള നിയന്ത്രണവും ജറൂസലം ഇസ്രായേലിന്‍റെ ആസ്​ഥാനമാണെന്ന പ്രഖ്യാപനവും. ‘‘1,600 സംവൽസരങ്ങളായി റോം ക്രിസ്​ത്യാനികളുടെ ആസ്​ഥാനമാണ്. മക്കയും മദീനയും മുസ്​ലിംകളുടെ ആസ്​ഥാനമായിട്ട് 1400 വർഷമായി. ജറൂസലം ഇസ്രായേലിന്‍റെ തലസ്​ഥാനമായിട്ട് കൃത്യം 3030 വർഷം കഴിഞ്ഞു’– കഴിഞ്ഞ ഡിസംബർ ആറിന്, കിഴക്കൻ ജറൂസലമിനെ ഇസ്രായേൽ തലസ്​ഥാനമായി ട്രംപ് പ്രഖ്യാപിച്ചതിൽ പിന്നെ സയണിസ്​റ്റ് പക്ഷത്തു നിന്നു കേട്ട പ്രചാരണത്തിന്‍റെ മർമമിതാണ്. ചരിത്രപരമായി ഇതുപോലൊരു കള്ളം ലോകം ഇതുവരെ കേട്ടിട്ടുണ്ടാവില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineIsraelBenjamin NetanyahujerusalemOpenforum ArticleMeboob AbbasOsle TreatyDonald Trump
News Summary - Jerusalem: Lie Story will Ending -Open Forum Article
Next Story