അനുകമ്പയുടെയും നീതിയുടെയും പാഠങ്ങൾ
text_fieldsചിത്രം- അജീബ് കൊമാച്ചി /2005
നഗരത്തിലെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശകർക്ക് അനുവദിക്കപ്പെട്ട ഏതാനും മിനിറ്റുകളിൽ, മറിയയുടെ കുടുംബം അവരുടെ കട്ടിലിന് ചുറ്റും നിൽക്കുന്നു. 70 വയസ്സുള്ള ഈ റിട്ടയഡ് അധ്യാപിക അർബുദത്തിന്റെ അവസാനഘട്ടത്തിലെത്തി മരണത്തിന് സാവധാനം കീഴടങ്ങുകയാണ്. അവരുടെ ശോഷിച്ച ശരീരം മരണത്തിനെതിരെ പോരാടുന്ന, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രതീകങ്ങളായ ബീപ് ചെയ്യുന്ന അനേകം യന്ത്രങ്ങളുമായി പിണഞ്ഞുകിടക്കുന്ന വയറുകൾകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. അസുഖം ഭേദമാകാനുള്ള സാഹചര്യങ്ങൾ ഒന്നും മുന്നിലില്ല എന്നറിയാമെങ്കിലും ആശങ്കയോടെ, അവരുടെ കുടുംബാംഗങ്ങൾ മറ്റൊരു റൗണ്ട് കീമോതെറപ്പിക്ക് സമ്മതിക്കുകയാണ്.
കിലോമീറ്ററുകൾ അകലെയുള്ള ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ, 45 വയസ്സുള്ള കര്‍ഷകനായ അരവിന്ദ് തന്റെ വീടിന് പുറത്ത് ഒരു കയറു കട്ടിലിൽ കിടക്കുന്നു. അർബുദത്തിന് കീഴടങ്ങുമ്പോഴും അദ്ദേഹത്തെ അസ്വസ്ഥകളില്ലാതെ പരിചരിക്കാൻ ആ കുടുംബം വളരെ കഷ്ടപ്പെടുന്നുണ്ട്. വേദനസംഹാരികളോ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരോ ഇല്ലാത്തതിനാൽ, അരവിന്ദിന്റെ അവസാന നാളുകൾ ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. അസഹനീയ വേദന കൊണ്ടു ഇടക്കിടെ നിലവിളിക്കുന്നുണ്ട്. വയർ നീരുവന്ന് വീർത്തിരിക്കുന്നു, ശ്വാസതടസ്സവുമുണ്ട്. ഗ്രാമത്തിലെ ഏക ഹെൽത്ത് സെന്ററിൽ അടിസ്ഥാന പരിചരണങ്ങൾ കൃത്യമായി നൽകാനുള്ള സൗകര്യങ്ങൾ പോലുമില്ല.
ഈ അനുഭവങ്ങൾ ഇന്നത്തെ ആരോഗ്യരംഗത്ത് അവസാനകാല പരിചരണത്തെ സമീപിക്കുന്ന രീതി എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് തുറന്നുകാട്ടുന്നവയാണ്. മറിയ മരണത്തിന്റെ വൈദ്യവത്കരണത്തെ സൂചിപ്പിക്കുന്നു, ആശ്വാസത്തെയും മാന്യമായ പരിഗണനയെയും അപേക്ഷിച്ച് ശക്തമായ ചികിത്സാ ഇടപെടലുകൾ മുൻഗണന നേടുന്നു. അരവിന്ദിന്റെ കഥയാകട്ടെ, ആരോഗ്യപരിപാലനത്തിലെ വ്യവസ്ഥാപരമായ അസമത്വങ്ങളുടെ അനന്തരഫലമായ അസൗകര്യങ്ങൾമൂലമുള്ള മരണത്തിന്റെ ഭീകരമുഖത്തെ പ്രതിഫലിപ്പിക്കുന്നു.
മരണത്തെ ചികിത്സിക്കുന്നതിനുള്ള ചെലവ്
അതിനൂതന ആശുപത്രികളിൽ, മരണം ആസൂത്രിതമായി നിയന്ത്രിക്കപ്പെടുന്ന ഒരു സംഭവമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയിലെ പുരോഗതികൾ ജീവിതം, എത്ര ദുരിതപൂർവമാണെങ്കിലും, നീട്ടി നിർത്താനുള്ള ഉപാധികൾ ആവുകയാണ്. പക്ഷേ, അതിന് എന്ത് വിലയാണ് നൽകേണ്ടിവരുന്നത്?
ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത രോഗികൾ പ്രായോഗികതയില്ലാത്ത ചികിത്സകൾ അനുഭവിക്കേണ്ടി വരുന്നു - വെന്റിലേറ്ററുകൾ, അതിരുകടന്നുള്ള ശസ്ത്രക്രിയകൾ, ആവർത്തിച്ചുള്ള ആശുപത്രിവാസം എന്നിവയെല്ലാം പലപ്പോഴും രോഗിയുടെ സ്വന്തം ആശ്വാസത്തിനെക്കാൾ അവരുടെ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനും സമാധാനത്തിനുമായി മാറുകയാണ്. പല ആരോഗ്യ പ്രവർത്തകരും രോഗിയുടെ മരണം തങ്ങളുടെ പരാജയമായി കരുതുന്നു. ആ ചിന്ത, അന്തസ്സ് ഉറപ്പാക്കാതെ, ജീവിതം നീട്ടി നിർത്താൻ വേണ്ട ചികിത്സകൾ ശിപാർശ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു. പാലിയേറ്റീവ് ചികിത്സയുടെ സാന്ത്വന സാധ്യതകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണം.
മാന്യതയില്ലാതെ മരിക്കേണ്ടി വരുമ്പോൾ...
ഏറ്റവും അടിസ്ഥാനപരമായ പരിചരണംപോലും ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ വേദനസംഹാരികളോ വൈകാരിക സാമൂഹിക പിന്തുണയോ ലഭിക്കാത്തതിനാൽ, രോഗികൾ പലപ്പോഴും അനാവശ്യമായി ദുരിതം അനുഭവിക്കേണ്ടതായി വരുന്നു. കൃത്യമായ ഇടപെടലുകൾ രോഗിക്ക് വലിയ ആശ്വാസം നൽകുമായിരുന്നു. അതിന്റെ അഭാവംമൂലം രോഗിയുടെ ബന്ധുക്കൾ വേദനക്കും രോഗപീഡകൾക്കും മുമ്പിൽ പകച്ചുനിൽക്കാൻ വിധിക്കപ്പെട്ടു.
ദാരിദ്ര്യം, അപര്യാപ്തമായ ആരോഗ്യസംരക്ഷണം, അടിസ്ഥാനസൗകര്യങ്ങളുടെ തുല്യതയില്ലാത്ത വിതരണം എന്നിങ്ങനെ വ്യവസ്ഥാപരമായ വലിയ പ്രശ്നങ്ങളിൽ വേരൂന്നിയതാണ് ഈ അസമത്വം. ഈ രണ്ടു മുഖങ്ങൾ വളരെ വിരൂപമായ വലിയൊരു വാസ്തവത്തെ വെളിവാക്കുന്നുണ്ട്. ചില രോഗികൾ യന്ത്രങ്ങളാൽ ചുറ്റിപ്പറ്റി വൈദ്യസംഘത്താൽ ശ്വാസംമുട്ടി മരിച്ചുപോകുമ്പോൾ, മറ്റു ചിലർ ഏറ്റവും ലളിതമായ മനുഷ്യസഹജമായ ആശ്വാസങ്ങൾപോലും നിഷേധിക്കപ്പെട്ട് മരണമടയുന്നു.
മരണസമയ പരിചരണത്തിലെ അസമത്വങ്ങൾ
മറിയയുടെയും അരവിന്ദന്റെയും അനുഭവങ്ങളെ ഒരുമിപ്പിക്കുന്നത് മരണസമയത്ത് അവർക്ക് ലഭിച്ച പരിചരണത്തിലെ തുല്യതയുടെ അഭാവമാണ്. ഇത് പരിഹരിക്കാൻ, രോഗികളെ അവരുടെ അവസ്ഥയെ അടിസ്ഥാനമാക്കി സമീപിക്കണം. എല്ലാവർക്കും ഒരേ മാതൃകയിൽ പരിചരണം നൽകുന്നതിനെക്കാൾ, കരുണക്കും ന്യായത്തിനും മുൻതൂക്കം നൽകുന്ന ആരോഗ്യസംരക്ഷണ സമ്പ്രദായം ആവശ്യമാണ്.
തുല്യതയിൽ തന്നെയാണ് ഈ പ്രശ്നത്തിന്‍റെ പരിഹാരം - ഓരോ വ്യക്തിയുടെയും അവസ്ഥയെ ആശ്രയിച്ച് അവർക്ക് വേണ്ട സൗകര്യങ്ങളും പരിചരണവും നൽകുകയാണ് വേണ്ടത്
മരണവും ജീവിതവും: ഒന്ന് മാറി ചിന്തിക്കാം
അവസാനകാല പരിചരണത്തിലെ സമത്വവും അനുകമ്പയും ആരോഗ്യ സംരക്ഷണത്തിനും അതീതമാണ് - അവ ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. മരണത്തെ, ജീവിതത്തിന്റെ ഒരു സ്വാഭാവിക പരിണാമമായി സ്വീകരിച്ചു, സകല മനുഷ്യരും സാമ്പത്തിക സാമൂഹിക അസമത്വങ്ങൾ പരിഗണിക്കാതെ, അന്തസ്സുള്ളതും വേദനയില്ലാത്തതുമായ ഒരു അവസാനയാത്ര അനുഭവിക്കുന്നുവെന്ന് ഉറപ്പാക്കാൻ നമുക്ക് കഴിയണം. അതിലൂടെ, നാം എങ്ങനെ മരിക്കുന്നു എന്നതിനെ ഒരു പുതിയ കാഴ്ചപ്പാടിലൂടെ കാണുക മാത്രമല്ല, ജീവിതത്തിന്റെ യഥാർത്ഥ അർഥം എന്താണെന്നുള്ള ഒരു പുതിയ തിരിച്ചറിവുകൂടെയാണ് നാം നേടുന്നത്.
പരിചരണത്തിലെ തുല്യത ഉറപ്പാക്കാൻ ചില മാർഗങ്ങൾ
1. പാലിയേറ്റീവ് കെയറിലേക്ക് സാർവത്രികമായ പ്രവേശനം
• സമ്പന്നൻ, ദരിദ്രൻ എന്നീ വേർതിരിവില്ലാതെ ഓരോ രോഗിക്കും വേദനാസംഹാരികൾ, രോഗം കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് ആശ്വാസത്തിനുള്ള സഹായം, മാനസിക-സാമൂഹിക പിന്തുണ എന്നിവ ലഭ്യമാകണം. ഇതിന് ഗവൺമെന്റുകൾ പാലിയേറ്റീവ് കെയർ നയങ്ങളും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കേണ്ടത് അനിവാര്യമാണ്.
2. സാംസ്കാരികമായ സഹാനുഭൂതി
• മരണസമയ പരിചരണം രോഗിയുടെ മൂല്യങ്ങളോടും സാംസ്കാരിക വിശ്വാസങ്ങളോടും സഹാനുഭൂതി പ്രകടിപ്പിക്കണം. രോഗിയുടെ വ്യക്തിഗതമായ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കുമ്പോൾ, മരണസമയ പരിചരണം മാന്യതയോടും സഹാനുഭൂതിയോടും കൂടെ ചെയ്യുന്ന ഒന്നായി മാറുന്നു
3. . മെഡിക്കൽ വിദ്യാഭ്യാസത്തിൽ പാലിയേറ്റീവിന്റെ പ്രാധാന്യം
• പാലിയേറ്റീവ് പരിചരണം എന്ന വിഷയം മെഡിക്കൽ വിദ്യാഭ്യാസത്തിൽ പ്രാധാന്യത്തോടെ പഠിപ്പിക്കേണ്ടതുണ്ട്. നമ്മുടെ മെഡിക്കൽ കോളജുകളിൽ കമ്യൂണിറ്റി മെഡിസിൻ എന്ന വിഷയത്തിന്റെ പ്രാധാന്യത്തോടെ സാമൂഹിക ഇടപെടലുകൾ ഉൾപ്പെടുന്ന സാന്ത്വന ചികിത്സയും പഠന വിഷയമാകണം.
4. സമൂഹം അടിസ്ഥാനമാക്കിയുള്ള മോഡലുകൾ
• കേരളത്തിലെ മലബാർ മേഖലയിൽ, കമ്യൂണിറ്റി പാലിയേറ്റീവ് കെയർ പ്രോഗ്രാമുകൾ വഴി, സൗകര്യങ്ങൾ പരിമിതമായ ഇടങ്ങളിൽ പരിചരണം നൽകാൻ സന്നദ്ധപ്രവർത്തകരെ വിജയകരമായി ശാക്തീകരിച്ചിട്ടുണ്ട്. അയൽപക്ക ക്ലിനിക്കുകൾ (Neighbourhood Network in Palliative Care) എന്ന ഈ ആശയം പരിചരണത്തിലെ വിടവുകൾ എങ്ങനെ പരിഹരിക്കാനാകുമെന്ന മാതൃകയാണ്.
5. വിദ്യാഭ്യാസവും ബോധവത്കരണവും
• മരണം വൈദ്യപരമായ പരാജയമാണെന്ന സാമൂഹിക ധാരണ മാറ്റി മരണം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നുള്ള അവബോധം ഉയർന്നുവരണം. മാറാരോഗങ്ങളുടെ ആരംഭത്തിൽതന്നെ, രോഗികളുമായും കുടുംബങ്ങളുമായും പാലിയേറ്റീവ് കെയർ സംബന്ധിച്ച പ്രാരംഭ ചർച്ചകൾ നടത്തുന്നുവെങ്കിൽ, തെറ്റിദ്ധാരണകൾ പരിഹരിക്കാനും രോഗികൾക്കുണ്ടാകുന്ന അനാവശ്യ ബുദ്ധിമുട്ടുകൾ കുറക്കാനും സഹായിക്കും.
6. സൗകര്യങ്ങളുടെ സമത്വപരമായ വിതരണം
• ഗവൺമെന്റുകളും ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളും സൗകര്യങ്ങൾ തുല്യമായി വിതരണം ചെയ്യേണ്ടതാണ്. ഇതിനായി ഗ്രാമപ്രദേശങ്ങളിൽ അടിസ്ഥാനപരമായ പരിചരണം ഉറപ്പാക്കുകയും നഗരങ്ങളിലെ ആശുപത്രികളിലെ അതിവൈദ്യവത്കരണ പ്രവണത ഇല്ലാതാക്കുകയും ചെയ്യണം.
ലേഖകൻ വളാഞ്ചേരി പാലിയേറ്റീവ് കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി, സർജറി സീനിയർ കൺസൾട്ടന്റായും അയൽപക്ക ക്ലിനിക്കുകളിൽ വളണ്ടറി പാലിയേറ്റീവ് കെയർ ഫിസിഷ്യനായും പ്രവർത്തിക്കുന്നു, drnmmujeeb@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

