Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജനുവരി 1: ഭീമ കൊറേഗാവ്...

ജനുവരി 1: ഭീമ കൊറേഗാവ് ജ്വലിക്കുന്ന സ്മരണകൾ

text_fields
bookmark_border
ജനുവരി 1: ഭീമ കൊറേഗാവ് ജ്വലിക്കുന്ന സ്മരണകൾ
cancel

ബ്രാഹ്മണാധിപത്യത്തിനും ജാതീയ അടിച്ചമർത്തലുകൾക്കുമെതിരെ രചിക്കപ്പെട്ടിട്ടുള്ള ദലിത് മുന്നേറ്റ ചരിത്രത്തിലെ ജ്വലിക്കുന്ന രജതരേഖകളിൽ അവിസ്മരണീയമായ ഒന്നാണ് 1818 ജനുവരി 1-ലെ ചരിത്രപ്രസിദ്ധമായ ഭീമ കൊറേഗാവ് യുദ്ധം. മറാത്ത സാമ്രാജ്യത്വത്തിന് കീഴിൽ ഒരു നൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന അതിഭീകരമായ ബ്രാഹ്മണ പേഷ്വാ ഭരണത്തിന് അന്ത്യംകുറിച്ച ഭീമ കൊറേഗാവ് യുദ്ധത്തിൽ പേഷ്വാ ഭരണാധികാരി ബാജിറാവു രണ്ടാമൻ്റെ 28,000 പട്ടാളക്കാരോട് 500 മഹർ സൈനികർ ഉൾപ്പെട്ട 800 ബ്രിട്ടീഷ് സൈന്യം ഏറ്റുമുട്ടി വെന്നിക്കൊടി പാറിച്ച് ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു.

ഭീമ കൊറേഗാവ് യുദ്ധം പേഷ്വാ ഭരണത്തിന് അന്ത്യം കുറിച്ച് കൊളോണിയൽ സർവാധിപത്യ ഭരണത്തിന് വഴിതുറന്നെങ്കിലും മഹറുകളെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം ബ്രാഹ്മണിസത്തിനെതിരെ നീതിക്കും സമത്വത്തിനും വേണ്ടിയുള്ള തങ്ങളുടെ ഉയർത്തെഴുന്നേൽപ്പിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതിരോധത്തിന്റെയും ആത്മാവിഷ്കാര ദിനമായാണ് അടയാളപ്പെടുത്തപ്പെടുന്നത്. മറാത്താ സാമ്രാജ്യത്വത്തിന് കീഴിൽ 1713 -ൽ പേഷ്വാ ഭരണം സ്ഥാപിതമായതോടെയാണ് മഹാരാഷ്ട്രയിൽ മഹറുകളുടെ അടിമത്ത കാലഘട്ടം ആരംഭിക്കുന്നത്.

ബ്രാഹ്മണിക നീതി സംഹിതയായ മനുസ്മൃതിയെ മുറുകെപിടിച്ച് ഭരണം നടത്തിയ പേഷ്വാ ഭരണാധികാരികൾ ചാതുർവർണ്യ വ്യവസ്ഥയും ജാതി നിയമങ്ങളും പരിപാലിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. തൊട്ടുകൂടായ്മയുടെ ഭീകരത ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന മഹറുകൾ കടുത്ത വിലക്കുകളും സാമൂഹ്യ വിവേചനവും ബഹിഷ്കരണവും നേരിട്ടുകൊണ്ടാണ് മൃഗങ്ങളെക്കാൾ താഴ്ത്തപ്പെട്ട അടിമത്ത ജീവിതം തള്ളിനീക്കിയിരുന്നത്. അവർക്ക് പൊതുവഴികൾ ഉൾപ്പടെ പൊതുയിടങ്ങൾ ഉപയോഗിക്കാൻ വിലക്കുണ്ടായിരുന്നു. അവരുടെ നിഴലുകൾ പോലും സവർണരെ മലിനപ്പെടുത്തുമെന്നു വിശ്വസിച്ചിരുന്നു. സഞ്ചരിക്കുമ്പോൾ കാൽപ്പാടുകൾ മായ്ച്ചു കളയാൻ അരയിൽ ചൂൽ കെട്ടിത്തൂക്കാനും നിലത്ത് തുപ്പൽ വീഴാതിരിക്കാൻ കഴുത്തിൽ മൺപാത്രം കെട്ടിത്തൂക്കാനും നിർബന്ധിതരായിരുന്നു.

ചത്തമൃഗങ്ങളുടെ മാംസം ഭക്ഷിക്കാനും അവയെ കുഴിച്ചുമൂടാനും വിധിക്കപ്പെട്ട മഹറുകൾക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ഉൾപ്പടെ എല്ലാവിധ പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ടു. ചണ്ഡാളരെന്നോ അസ്പൃശ്യരെന്നോ കാട്ടാളരെന്നോ മുദ്രകുത്തപ്പെട്ടിരുന്ന അവർക്ക് നല്ല വസ്ത്രങ്ങളും ആഭരണങ്ങളും നിഷിദ്ധമായിരുന്നു. ഇത്തരത്തിൽ അന്തസ്സാർന്ന ജീവിതവും പൗരാവകാശങ്ങളും വിലക്കപ്പെട്ടിരുന്ന, ഒരുനാൾ മഹാരാഷ്ട്രയുടെ അധിപരായിരുന്ന മഹറുകൾ തൊട്ടുകൂടായ്മയും ജാത്യാധിഷ്ഠിത വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ ഒരു സാമൂഹ്യ വിമോചന മുന്നേറ്റത്തിനായി കാതോർത്തിരിക്കുമ്പോഴാണ് മഹാരാഷ്ട്ര ഉൾപ്പടെയുള്ള വടക്കേയിന്ത്യൻ പ്രദേശങ്ങളിൽ കൊളോണിയൽ ഭരണത്തിൻ്റെ അലയൊലികൾ ഉണ്ടാവുന്നതും മഹറുകളെ വൻതോതിൽ ബ്രിട്ടീഷ് പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതും. ബ്രിട്ടീഷ് പട്ടാളത്തിൻ കീഴിൽ 1750ൽ രൂപീകരിക്കപ്പെട്ട മഹർ റെജിമെൻറാണ് ഇതിന് മാർഗദർശിയായത്‌. ഇത് സാമൂഹ്യ വിവേചനങ്ങൾക്കെതിരെ ഉയർത്തെഴുന്നേൽക്കാൻ മഹറുകൾക്ക് പ്രേരണാശക്തിയാവുകയും ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിക്കാൻ അവരെ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുകയായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാത്ത സമ്രാജ്യവും തമ്മിൽ നടന്ന ആംഗ്ലോ -മറാത്ത യുദ്ധങ്ങളിൽ ഏറ്റവും അവസാനത്തെ യുദ്ധങ്ങളിൽ (1817-1818 ) ഏറ്റവും പ്രധാനപ്പെട്ട യുദ്ധമായിരുന്നു 1818 ജനുവരി 1ലെ ഭീമ കൊറേഗാവ് യുദ്ധം. ഈ യുദ്ധത്തിലാണ് മറാത്തസൈന്യം പൂർണമായും തകർന്നടിയുന്നതും ബ്രാഹ്മണ പേഷ്വാ ഭരണത്തിന് അന്ത്യം കുറിക്കപ്പെടുന്നതും. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിൻ കീഴിലാവുന്നതും ഈ യുദ്ധത്തിലൂടെയാണ്.

1917 ഡിസംബർ 31ന് ബ്രിട്ടീഷ് ക്യാപ്റ്റൻ ഫ്രാൻസിസ് സ്റ്റാൻറണിന്റെ നേതൃത്വത്തിൽ ശിരൂരിൽ നിന്നും പുറപ്പെട്ട 500 മഹർ പട്ടാളക്കാർ ഉൾപ്പെട്ട 800 കമ്പനി പട്ടാളക്കാർ രാത്രിമുഴുവൻ സഞ്ചരിച്ച് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിലെത്തി പിറ്റേ ദിവസം പുലർച്ചെ (ജനുവരി 1 ) അവിടെ ക്യാമ്പ് ചെയ്തിരുന്ന 28000 മറാത്ത സൈന്യത്തോട് ഏറ്റുമുട്ടി വിജയക്കൊടി പാറിക്കുകയുമായിരുന്നു. 12 മണിക്കൂർ നീണ്ടുനിന്ന രക്തരൂക്ഷിതമായ യുദ്ധത്തിൽ കമ്പനി സൈന്യത്തിലെ 49 പട്ടാളക്കാർക്ക് ജീവഹാനി സംഭവിച്ചു. ഇതിൽ 22 പേർ മഹറുകളായിരുന്നു. ഈ യുദ്ധം കേവലം ബ്രിട്ടീഷ് സർവാധിപത്യത്തിന് അടിത്തറ പാകിയ യുദ്ധം മാത്രമായിരുന്നില്ല. മറിച്ച് പേഷ്വാ ഭരണത്തിൻ കീഴിൽ ദലിതർ അനുഭവിച്ചിരുന്ന സാമൂഹ്യ വിവേചനത്തിനും അടിച്ചമർത്തലിനുമെതിരെയുള്ള പോരാട്ടവിജയം കൂടിയായിരുന്നു. യുദ്ധാനന്തരം ബ്രിട്ടീഷുകാർ ഭീമ കൊറേഗാവിൽ വിജയ സ്മാരക സ്തംഭം സ്ഥാപിക്കുകയും പ്രസ്തുത സ്തംഭത്തിൽ യുദ്ധത്തിൽ മരിച്ച കമ്പനി പട്ടാളക്കാരുടെ പേരുകൾ ആലേഖനം ചെയ്യുകയും ചെയ്തതോടെ ഭീമ കൊറേഗാവ് ചരിത്രത്തിന്റെ ഭാഗമായി.

ഭീമ കൊറേഗാവ് യുദ്ധവിജയത്തിന്റെ ചരിത്രപ്രധാന്യം ആദ്യം തിരിച്ചറിഞ്ഞതും ഭീമ കൊറേഗാവിനെ ലോകത്തിന് പരിചയപ്പെടുത്തിയതും ബാബാസാഹേബ് അംബേദ്ക്കറായിരുന്നു. 1927 ജനുവരി 1 ന് ഭീമ കൊറേഗാവ്‌ സന്ദർശിച്ച് സ്മാരക സ്തംഭത്തിൽ പുഷ്പചക്രം സമർപ്പിച്ച ഡോ. അംബേദ്കർ, ഭീമ കൊറേഗാവ് ദലിതരുടെ ആത്മാഭിമാനത്തിന്റെയും പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും അക്ഷയ ശക്തി കേന്ദ്രമാണെന്ന് പ്രഖ്യാപിച്ചു. ഇതോടെഇവിടം ഒരു ചരിത്ര തീർഥാടന കേന്ദ്രമായി മാറി.

യുദ്ധത്തിൽ വീരചരമം പ്രാപിച്ച മഹർ യോദ്ധാക്കളെ ലോകത്തിന് പരിചയപ്പെടുത്തിയതും അദ്ദേഹമായിരുന്നു. മാത്രമല്ല, ദലിതരുടെ ആത്മാഭിമാനത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമാണ് ഭീമ കൊറേഗാവ് എന്നും യുദ്ധവിജയത്തിൽ അഭിമാനം കൊള്ളാനും ബ്രാഹ്മണിസത്തിനെതിരെയുള്ള പോരാട്ടം തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഡോ.അംബേദ്ക്കറുടെ ഭീമ കൊറേഗാവ് സന്ദർശനത്തിന് ശേഷം എല്ലാ വർഷവും ജനുവരി 1 ന് ജനലക്ഷങ്ങൾ ഇവിടം സന്ദർശിക്കുന്നതും തങ്ങളുടെ പൂർവികരുടെ പോരാട്ട വീര്യത്തെ അനുസ്മരിക്കുന്നതും പതിവാണ്. ഭീമ കൊറേഗാവ്‌ യുദ്ധവിജയത്തിന്റെ 200-ാം വാർഷികം ആഘോഷിച്ച 2018ൽ 25 ലക്ഷം പേരാണ് ഇവിടം സന്ദർശിച്ചത്. എന്നാൽ അതിവിപുലവും വർണാഭവുമായ ആഘോഷ പരിപാടികൾ മഹാരാഷ്ട്രയിലെ ഒരു കൂട്ടം യാഥാസ്ഥികരെ അസ്വസ്ഥരാക്കി. യാതൊരു പ്രകോപനവുമില്ലാതെ അവർ സംഘടിതമായി ആഘോഷ പരിപാടികളിൽ പങ്കെടുത്തവരെ ആക്രമിച്ചതും നിരവധി ബുദ്ധിജീവികൾക്കും അക്കാദമിസ്റ്റുകൾക്കുമെതിരെ പൊലീസ് കേസെടുത്തതും ജയിലിലടച്ചതും രാജ്യത്ത് വലിയതോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു. എങ്കിലും ബ്രാഹ്മണിസത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ തങ്ങളുടെ പൂർവികർ നേടിയ വിജയത്തെ അനുസ്മരിക്കാനും പ്രചോദനം ഉൾക്കൊള്ളാനും ജനലക്ഷങ്ങൾ ഇപ്പോഴും ജനുവരി 1-ന് ഭീമ കൊറേ ഗാവ് സന്ദർശിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dalit Lives MatterBhima Koregaon
News Summary - January 1: Bhima Koregaon memories
Next Story