ആരാണ് ഇന്ത്യയിലെ ഇത്തിക്കണ്ണികൾ ?
text_fieldsഇന്ത്യയിലെ തൊഴിലില്ലാത്ത യുവജനങ്ങൾ ‘പാറ്റ’കളും ഇത്തിക്കണ്ണികളുമാണെന്നും, ജോലി കണ്ടെത്താൻ കഴിയാത്തപ്പോൾ അവർ മാധ്യമപ്രവർത്തനം, സോഷ്യൽ മീഡിയ അല്ലെങ്കിൽ വിവരാവകാശ പ്രവർത്തനം എന്നിവയിലേക്ക് തിരിഞ്ഞ് വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നുമുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിനെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയരുകയാണ്.
2026 മേയ് 15-ന് ഒരു അഭിഭാഷകനെ സീനിയർ അഭിഭാഷകനായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസ് നമ്മുടെ രാജ്യത്തെ തൊഴിലില്ലാത്ത യുവതയെക്കുറിച്ച് ഞെട്ടിക്കുന്ന ഈ പരാമർശങ്ങൾ നടത്തിയത്. രാജ്യത്തെ വലിയൊരു വിഭാഗം യുവാക്കൾക്ക് തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുകയും, സമ്പദ്‌വ്യവസ്ഥ കടുത്ത തൊഴിലില്ലായ്മ നേരിടുകയും ചെയ്യുന്ന സമയമാണിത്. പോരാത്തതിന്, ദരിദ്രർക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകിയിരുന്ന ‘തൊഴിലുറപ്പ് പദ്ധതി’ പിൻവലിച്ച സാഹചര്യവും നിലനിൽക്കുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ചിലരെ ഇത്തിക്കണ്ണികൾ അഥവാ പരാന്നഭോജികൾ എന്ന് വിളിച്ചിട്ടുണ്ട്; എന്നാൽ അത് സമീന്ദാർമാരെയും ഭൂപ്രഭുക്കളെയുമായിരുന്നു. മുതലാളിത്ത-നാടുവാഴിത്ത വ്യവസ്ഥിതിയിൽ അധിഷ്ഠിതമായ, സമൂഹത്തിന് ബാധ്യതയായ പരാദവർഗ്ഗങ്ങൾക്കെതിരെ കർഷകർ, കർഷകത്തൊഴിലാളികൾ, വ്യവസായ തൊഴിലാളികൾ, കടക്കാർ, വിവിധ തൊഴിൽ മേഖലകളിലുള്ളവർ, കൈത്തൊഴിലുകാർ, തൊഴിലില്ലാത്ത ബുദ്ധിജീവികൾ എന്നിവരെല്ലാം ഒന്നിക്കണമെന്ന് സ്വാതന്ത്ര്യലബ്ധിക്ക് മുൻപുതന്നെ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുമുണ്ട്.
ഈ രണ്ട് വിരുദ്ധ ഉദാഹരണങ്ങൾ, നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളുടെ നേതൃത്വത്തിന് വർത്തമാനകാലത്ത് സംഭവിച്ചിരിക്കുന്ന ദാരുണമായ മൂല്യച്യുതിയെയും അവയുടെ വിശ്വാസ്യതക്കും സമഗ്രതക്കുമേറ്റ വൻ തിരിച്ചടിയെയുമാണ് അടയാളപ്പെടുത്തുന്നത്.
വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നപ്പോൾ, കോടതിയിൽ താൻ നടത്തിയ വാക്കാലുള്ള പരാമർശങ്ങളെ മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചതാണെന്നും യുവാക്കൾ ‘‘വികസിത ഇന്ത്യയുടെ തൂണുകളാ’’ണെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ഇത്തിക്കണ്ണികൾ എന്ന വാക്ക് ഉപയോഗിച്ചതിനെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘വ്യാജ ബിരുദങ്ങളുടെ സഹായത്തോടെ നിയമമേഖല പോലുള്ള ഉദാത്ത തൊഴിലുകളിൽ പ്രവേശിച്ചവരെയാണ് ഞാൻ പ്രത്യേകം വിമർശിച്ചത്. സമാനമായ ആളുകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും മറ്റ് മാന്യമായ തൊഴിലുകളിലും കടന്നുകൂടിയിട്ടുണ്ട്; അതിനാൽ അവർ ഇത്തിക്കണ്ണികളെപ്പോലെയാണ്’’. എന്നാൽ, ന്യായീകരിക്കാൻ കഴിയാത്ത ഒരു നിലപാടിനെ പ്രതിരോധിക്കാനുള്ള തികച്ചും ബാലിശമായ ഒരു ഒഴികഴിവ് മാത്രമാണിത്.
നെഹ്‌റുവിന്റെ പ്രയോഗം
ഈ വിഷയത്തെ ചരിത്രപരമായ പശ്ചാത്തലത്തിൽ മനസ്സിലാക്കാൻ, 1954-ൽ സമീന്ദാർമാരെ നെഹ്‌റു ‘‘ഇത്തിക്കണ്ണികൾ’’ എന്ന് വിളിച്ച സാഹചര്യം ഓർക്കുന്നത് നന്നായിരിക്കും. സമീന്ദാരി സമ്പ്രദായം നിർത്തലാക്കാനുള്ള നിയമനിർമ്മാണങ്ങൾ നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെയും ഹൈകോടതികളുടെയും ചില തീരുമാനങ്ങൾ തടസ്സം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. സുപ്രീം കോടതിയുടെ വിധിയെ മാനിച്ചുകൊണ്ടുതന്നെ, സമീന്ദാരി സമ്പ്രദായം നിർത്തലാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ അദ്ദേഹം ഭരണഘടന ഭേദഗതി ചെയ്തു. സമീന്ദാർമാർ മറ്റുള്ളവരുടെ അധ്വാനം കൊണ്ട് ജീവിക്കുന്നവരാണെന്നും അതിനാൽ അവർ പരാദങ്ങളും ചൂഷകരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുതലാളിത്ത-നാടുവാഴിത്ത വ്യവസ്ഥിതിയുടെ വേരറുത്ത് സമൂഹത്തെ പുരോഗമനപരമായി മാറ്റാൻ "തൊഴിലില്ലാത്ത ബുദ്ധിജീവികളെ" കർഷകരും തൊഴിലാളികളുമായി ഒന്നിപ്പിക്കാൻ 1929-ൽ നെഹ്‌റു ആഹ്വാനം ചെയ്ത വിമോചന ചിന്തയും, 2026-ൽ തൊഴിലില്ലാത്തവരെ പാറ്റകളെന്നും പരാന്നഭോജികളെന്നും വിളിക്കുന്ന ചീഫ് ജസ്റ്റിസിന്റെ മനോഭാവവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
സമീന്ദാർമാരെ മാത്രമല്ല, സ്വന്തം ജനത പട്ടിണി കിടക്കുമ്പോൾ ആഡംബര ജീവിതം നയിച്ചിരുന്ന നാട്ടുരാജാക്കന്മാരെയും രാജകുടുംബങ്ങളെയും കുറിച്ചും നെഹ്‌റു ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. 1933-ൽ തന്റെ ജയിൽ ഡയറിയിൽ അദ്ദേഹം എഴുതി:
"രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും അവരുടെ അനുയായികളുടെയും പരാദങ്ങളുടെയും ഘോഷയാത്ര ഒരു ശവനൃത്തം പോലെ ഞാൻ കണ്ടു. കാരണം, വിശന്നുപൊരിയുന്ന ഒരു ജനതയുടെ മുകളിലാണ് അവർ നൃത്തം ചെയ്തത്. ആ നൃത്തം അവരെ പെട്ടെന്നൊരു അഗാധമായ കയത്തിലേക്ക് എത്തിക്കുകയും അവർ അവിടെ വീണ് അപ്രത്യക്ഷരാവുകയും ചെയ്തു."
രാജകുടുംബങ്ങളുടെയും സമ്പന്നരുടെയും അമിതവ്യയത്തെ ചോദ്യം ചെയ്യുകയും അവരെ പരാദങ്ങൾ എന്ന് വിളിക്കുകയും ചെയ്ത നെഹ്‌റുവിന്റെ വിമർശനാത്മക വീക്ഷണം വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതിനുള്ള മികച്ച മാതൃകയായിരുന്നു.
1959 മാർച്ച് 9-ന് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്‌റു പറഞ്ഞത്, കായികമായോ ബൗദ്ധികമായോ യാതൊരു സംഭാവനയും നൽകാതെ ഒരാളെയും ബഹുമാനിക്കാത്ത ഒരു സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കണമെന്നാണ്. "ആരെയും പരാദമായി ജീവിക്കാനോ മറ്റുള്ളവരുടെ അദ്ധ്വാനം കൊണ്ട് ജീവിക്കാനോ അനുവദിക്കരുത്," അദ്ദേഹം പറഞ്ഞു.
1961 മാർച്ച് 28-ന് റൂർക്കലയിൽ നടന്ന പൊതുയോഗത്തിൽ നെഹ്റു ഇപ്രകാരം പ്രസംഗിച്ചു:
"സമ്പന്നരാണെങ്കിലും, അവർ മറ്റുള്ളവരുടെ അധ്വാനം കൊണ്ടാണ് ജീവിക്കുന്നതെങ്കിൽ, അവർ സമൂഹത്തെ കൊള്ളയടിക്കുന്നവരായി കണക്കാക്കണം. സമൂഹത്തിന് ഒന്നും തിരിച്ചുനൽകാതെ ജീവിക്കുന്നവർ പരാദങ്ങളാണ്, അവർ സമൂഹത്തിന് ഒരു ഭാരമാണ്."
തീവ്ര നവ-ഉദാരവൽക്കരണ സമ്പദ്‌വ്യവസ്ഥ പിന്തുടരുന്ന മോദി ഭരണകൂടത്തിൽ, സമൂഹത്തിന്റെ ചെലവിൽ വളരുന്ന ക്രോണി കാപ്പിറ്റലിസ്റ്റുകളെയാണ് യഥാർഥത്തിൽ പരാദങ്ങളായി കണക്കാക്കേണ്ടത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, താൻ ഇരിക്കുന്ന പദവിയുടെ അന്തസ്സും ബഹുമാനവും ഉയർത്തിപ്പിടിക്കാൻ ഇത്തരം പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കേണ്ടതായിരുന്നു.
(മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായിരുന്ന ലേഖകൻ theindiacable.com-ൽ എഴുതിയ കുറിപ്പിന്റെ സംഗ്രഹം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

