അകലുന്ന ഇവാഞ്ചലിസ്റ്റുകൾ, ടിക്ടോക്, സ്വതന്ത്ര മാധ്യമപ്രവർത്തകർ; പൊളിയുന്ന ഇസ്രായേൽ ആഖ്യാനം
text_fieldsഗസ്സ വംശഹത്യയിൽ എല്ലാ പിന്തുണയും നൽകി യു.എസ് ഭരണകൂടം കൂടെയുണ്ടെങ്കിലും ആഗോളതലത്തിൽ അതിവേഗം ഒറ്റപ്പെടുന്നതിന്റെ അങ്കലാപ്പിലാണ് ഇത്തവണ യു.എൻ പൊതുസഭയിലെ പ്രഭാഷണത്തിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലേക്ക് വിമാനം കയറിയത്.
ട്രംപ് സർക്കാറിന്റെ പിന്തുണ ഉറപ്പാണെങ്കിലും എന്നും സയണിസ്റ്റ് ആഖ്യാനത്തിന് വലിയ കേൾവിസമൂഹം ഉണ്ടായിരുന്ന യു.എസിലും കാര്യങ്ങൾ അത്ര പന്തിയല്ല. വിവിധ മാധ്യമങ്ങളും ഏജൻസികളും അടുത്തിടെ നടത്തിയ സർവേകളിൽ ഇസ്രായേലിനെതിരായ പൊതുവികാരം പ്രകടം.
സെപ്റ്റംബർ 29 ന് ന്യൂയോർക് ടൈംസ് പുറത്തുവിട്ട സർവേ ഫലം ലോകത്തിന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. ഇസ്രായേൽ മനഃപൂർവം ഗസ്സയിലെ സിവിലിയന്മാരെ കൊല്ലുകയാണോ എന്ന ചോദ്യത്തിന് 40 ശതമാനം പേരുടെയും ഉത്തരം ‘അതേ’ എന്നായിരുന്നു. 2023 ഡിസംബറിൽ ഇതേ ചോദ്യത്തിന് ഈ ഉത്തരം നൽകിയത് 21 ശതമാനം പേർ മാത്രമായിരുന്നു. 1998ൽ ന്യൂയോർക് ടൈംസ് ഈ രീതിയിൽ സർവേ തുടങ്ങിയതിന് ശേഷം ഇതാദ്യമായി ഇസ്രായേലിനെക്കാൾ ഫലസ്തീനികളെ പിന്തുണക്കുന്നവരുടെ ശതമാനം കൂടുകയും ചെയ്തു.
ലെഗസി മീഡിയയുടെ പതനം
സർവേ നടത്തിയ ന്യൂയോർക് ടൈംസ് ഉൾപ്പെടെ സകല മാധ്യമങ്ങളും ഇസായേലി ആഖ്യാനത്തിന് വലിയ പ്രാമുഖ്യം നൽകുകയും ഫലസ്തീനി യാതനയെ യാന്ത്രികമായി മാത്രം അവതരിപ്പിക്കുകയും ചെയ്യുമ്പോൾ, എങ്ങനെയാണ് ഈ കണ്ണഞ്ചിപ്പിക്കുന്ന മാറ്റം ഉണ്ടായതെന്നാണ് പ്രസക്തമായ ചോദ്യം.വമ്പൻ പാരമ്പര്യമുള്ള മുഖ്യധാര മാധ്യമങ്ങളുടെ പക്ഷപാതപരമായ റിപ്പോർട്ടിങ് കണ്ട് ലോകത്ത് എന്താണ് യഥാർഥത്തിൽ നടക്കുന്നതെന്ന് സാധാരണക്കാരന് തിരിച്ചറിയാൻ കഴിയാത്ത കാലം അവസാനിച്ചിരിക്കുന്നു. സ്വന്തം രാജ്യത്തിന്റെ പിന്തുണയോടെ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരമേധത്തിന്റെ തൽസമയ സംപ്രേഷണം യു.എസ് പൗരന്മാർ സോഷ്യൽ മീഡിയ വഴി കാണുന്നു. യു.എസ് ടെക് ഭീമന്മാരായ മെറ്റയുടെ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഗൂഗിളിന്റെ യുട്യൂബും സ്നാപ് ചാറ്റുമൊക്കെ അതിന് വഴിയാകുന്നു.
പക്ഷേ, ഈ പറഞ്ഞവയുടെ അൽഗോരിതത്തെ വിദഗ്ധമായി നിയന്ത്രിക്കാൻ കമ്പനികൾക്ക് കഴിയുന്നുണ്ടെങ്കിലും ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ‘ടിക്ടോക്’ സെൻസറിങ്ങും ബാഹ്യനിയന്ത്രണവുമില്ലാതെ ഗസ്സ സംഭവവികാസങ്ങൾ യു.എസ് പ്രേക്ഷകരിലെത്തിക്കുകയാണ്. കാമ്പസുകളിലും നിരത്തുകളിലും ഓഫിസുകളിലും ഇസ്രായേലി നൃശംസതയുടെ കരാള നൃത്തം കണ്ട് അമേരിക്കൻ യുവത്വം വിറങ്ങലിച്ചു നിൽക്കുന്നു. അങ്ങനെയാണ് കാമ്പസുകളിലും മറ്റും വലിയ പ്രക്ഷോഭങ്ങളുണ്ടായത്.
കിർക്ക് കൊലപാതകം
അതിനിടെയാണ് യു.എസിലെ തീവ്ര വലതുപക്ഷക്കാരനും ഇവാഞ്ചലിക്കൽ വിശ്വാസിയും ഇസ്രായേലി ഏജന്റാണെന്ന് പൊതുവെ കരുതപ്പെടുകയും ചെയ്തിരുന്ന ചാർലി കിർക്കിന്റെ കൊലപാതകം സംഭവിക്കുന്നത്. പകൽവെളിച്ചത്തിൽ കാമറകൾക്ക് മുന്നിൽ സംഭവിച്ചതാണെങ്കിലും സമീപകാലത്തൊന്നുമില്ലാത്ത നിലയിൽ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ പെരുമഴയായിരുന്നു ഇതിന് പിന്നാലെ. ഇസ്രായേലുമായി അകലാൻ ആലോചിക്കവെയാണ് കിർക്ക് കൊല്ലപ്പെട്ടതെന്ന വാദമാണ് ഒരു വശത്തുനിന്ന് ഉയർന്നത്.
ലോകമെങ്ങുമുള്ള എതിരാളികളെ അതിർത്തികൾ വകവെക്കാതെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ നിഷ്ഠൂര പ്രതിച്ഛായക്ക് വർണം പകരുന്ന ഈ ആഖ്യാനം തിരിച്ചടിക്കുമെന്ന ഉത്തമ ബോധ്യത്തിലാണ് മുമ്പൊരിക്കലുമില്ലാത്തവണ്ണം അഭ്യൂഹങ്ങളെ തള്ളാൻ നെതന്യാഹു രംഗത്തുവന്നുവെന്നതും ശ്രദ്ധേയം.പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ഇസ്രായേലാണ് കിർക്കിനെ കൊന്നതെന്ന പ്രചാരണത്തെ ഗീബൽസിനെ ഉദ്ധരിച്ച് ‘ഭ്രാന്തമായ നുണ’യെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. മാത്രമല്ല, കിർക്കുമായി രണ്ടാഴ്ച മുമ്പ് സംസാരിച്ചുവെന്നും അദ്ദേഹത്തെ ഇസ്രായേലിലേക്ക് ക്ഷണിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. മുമ്പ് ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവരെ ഗസ്സക്ക് സമീപം വരെ കൊണ്ടുപോയി ‘യുദ്ധം കാണിച്ച’തുപോലെ ഒരു കണ്ടക്ടഡ് ടൂറിനാണ് കിർക്കിനെ ക്ഷണിച്ചതെന്നാണ് മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തത്. പക്ഷേ, ക്ഷണിച്ചുവെന്ന കാര്യം മാത്രമേ നെതന്യാഹു പറഞ്ഞുള്ളൂ.
കിർക്ക് ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ പിന്നീട് വ്യക്തമാക്കി. ഇതിന് പിന്നാലെ നെതന്യാഹുവിന്റെ അടുപ്പക്കാരനും ശതകോടീശ്വരനുമായ ബിൽ അക്മാൻ കിർക്കിനെ ഭീഷണിപ്പെടുത്തിയെന്ന റിപ്പോർട്ടും വന്നു. ഈ ചർച്ചകളും കോലാഹലങ്ങളും പി.ആർ തിരിച്ചടിക്കൊപ്പം യു.എസിലെ ഇവാഞ്ചലിക്കൽ സമൂഹത്തിന്റെ പിന്തുണ ഒലിച്ചുപോകുന്നതിലേക്കും നയിച്ചതാണ് നെതന്യാഹുവിനെ അസ്വസ്ഥനാക്കുന്നത്.
വളരുന്ന സമാന്തര ലോകം
കിർക്കിന്റെ അടുത്ത സുഹൃത്തും സ്വതന്ത്ര മാധ്യമ പ്രവർത്തകയുമായ കാൻഡിസ് ഓവൻസ്, സോഷ്യൽ മീഡിയ താരവും പ്രശസ്ത മാധ്യമപ്രവർത്തകനുമായ ടക്കർ കാൾസൺ, മുഖ്യധാര മാധ്യമ പ്രവർത്തനം വിട്ട് സ്വന്തം സംരംഭം തുടങ്ങിയ മെഹ്ദി ഹസൻ തുടങ്ങി അനവധി മാധ്യമ പ്രതിഭകൾ ഇസ്രായേലിന്റെ യുദ്ധാഖ്യാനത്തിനെതിരെ നിരന്തരം സംസാരിക്കാൻ തുടങ്ങിയതും അവർക്ക് പൊതുജന സ്വീകാര്യത ലഭിച്ചതും ഇസ്രായേലിന് തലവേദനയായിട്ടുണ്ട്.യു.എസ് സോഷ്യൽ മീഡിയ രംഗത്ത് ഇസ്രായേൽ വിരുദ്ധ തരംഗം സൃഷ്ടിച്ച ഈജിപ്ഷ്യൻ സ്റ്റാൻഡപ് കൊമേഡിയൻ ബാസിം യൂസുഫിനെപോലുള്ളവർക്കും ഇതിൽ വലിയ പങ്കുണ്ട്. വലതുപക്ഷ, ഇസ്രായേലി വാദത്തിന് നല്ലതോതിൽ ഇടം നൽകുന്ന ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗന് പോലും സ്വന്തം ചാനലിൽ ഫലസ്തീൻ, അറബ് ശബ്ദങ്ങൾ കേൾപ്പിക്കേണ്ടിവരുന്ന സാഹചര്യവും ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്.
ഗെയിം പ്ലാൻ വെളിവായ ഇൻഫ്ലുവൻസർ മീറ്റ്
ഇതെല്ലാം കൂടിച്ചേരുന്ന പ്രതിസന്ധി മറികടക്കാനാണ് നെതന്യാഹു ന്യൂയോർക്കിൽവെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പ്രത്യേക യോഗം വിളിച്ചത്. ആളൊഴിഞ്ഞ സദസ്സിനെ മുൻനിർത്തി യു.എന്നിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
വലിയ സ്വാധീനശേഷിയുള്ള ഇൻഫ്ലുവൻസറും സയണിസ്റ്റ് ആശയക്കാരിയുമായ ഡെബ്ര ലീയുടെ എക്സ് അക്കൗണ്ടിൽ ഷെയർ ചെയ്ത ഈ യോഗത്തിന്റെ ഒരു വിഡിയോയിൽ നെതന്യാഹു തന്റെ ഗെയിം പ്ലാൻ വ്യക്തമാകുന്നു. ‘ചരിത്രപരമായി എന്നും ഇസ്രായേലിനൊപ്പം നിലയുറപ്പിച്ച യു.എസിലെ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ പിന്തുണ നഷ്ടപ്പെട്ടാൽ എന്താണ് ബദൽ പദ്ധതി’യെന്നായിരുന്നു ഡെബ്ര ലീയുടെ ചോദ്യം. ഇസ്രായേലിന് യു.എസിലുള്ള അടിത്തറ ഇളക്കാൻ വലിയതോതിൽ തന്ത്രപരമായ നീക്കങ്ങൾ നടക്കുന്നുവെന്ന് വ്യക്തമാക്കിയ നെതന്യാഹു അതിനെതിരെ തിരിച്ചടിക്കണമെന്ന് ആവശ്യപ്പെടുന്നു.
‘‘യുദ്ധത്തിൽ അതിന്റേതായ ആയുധങ്ങൾ ഉപയോഗിക്കണം. ആയുധങ്ങൾ കാലങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഏറ്റവും പ്രധാനപ്പെട്ട കച്ചവടം ഇപ്പോൾ നടക്കാൻ പോകുകയാണ്. ടിക്ടോക്. വലിയ പരോക്ഷഫലമാകും അതുണ്ടാക്കുക. പിന്നെ എക്സ്. നമുക്ക് ഇലണുമായി (മസ്ക്) സംസാരിക്കേണ്ടതുണ്ട്. അദ്ദേഹം ശത്രുവല്ല. ചങ്ങാതിയാണ്.’’- നെതന്യാഹു തുടർന്നു. ടിക്ടോകും എക്സും വരുതിയിലാകുന്നത് വഴി ഇസ്രായേലിന് വലിയ നേട്ടമാണെന്നും പിന്നീട് അദ്ദേഹം കൂട്ടിച്ചേർത്തു.
ടിക്ടോകിന് കടിഞ്ഞാൺ
ഗസ്സയിൽ ഇസ്രായേലിനെ ഏറ്റവും വലച്ച ടിക്ടോകിനെ എങ്ങനെ നിയന്ത്രിക്കാമെന്ന ആലോചന വിവിധ തലങ്ങളിൽ കുറേക്കാലമായി നടക്കുന്നുണ്ട്. കമ്പനിയുടെ ഉടമസ്ഥത ലഭിച്ചില്ലെങ്കിലും ഡാറ്റയിലും അൽഗോരിതത്തിലും നിയന്ത്രണം ലഭിക്കുന്നതരത്തിലുള്ള ഇടപാടിനാണ് തീവ്രശ്രമം. അതിന്റെ ഭാഗമായി ടിക്ടോകിന്റെ യു.എസിലെ ഓപറേഷൻ ബഹുരാഷ്ട്ര ടെക് കമ്പനിയായ ഓറക്കിൾ നേതൃത്വം നൽകുന്ന കൺസോർട്യം ഏറ്റെടുക്കാൻ ധാരണയായി കഴിഞ്ഞിരിക്കുന്നു
81 കാരനായ, യു.എസ് പൗരനും അതിസമ്പന്നനുമായ ലാറി എല്ലിസൻ ആണ് ഓറക്കിളിന്റെ ഉടമ. നെതന്യാഹുവുമായും ഇസ്രായേലുമായും അടുത്ത ബന്ധം പുലർത്തുന്ന സയണിസ്റ്റ് പക്ഷപാതിയാണ് ലാറി എല്ലിസൻ. ഇസ്രായേലിന്റെ യുദ്ധകാല ഫണ്ടിങ്ങിന്റെ നട്ടെല്ലെന്ന് അടുത്തിടെ ജറൂസലം പോസ്റ്റ് പത്രം വിശേഷിപ്പിച്ച ആറുപേരിൽ പ്രമുഖനുമാണ്.
ഇടപാടിനുള്ള എക്സിക്യൂട്ടിവ് ഓർഡറിൽ കഴിഞ്ഞയാഴ്ച പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. കരാർ വഴി ടിക്ടോകിന്റെ കണ്ടന്റിന് മുകളിൽ ഓറക്കിൾ കൺസോർട്യത്തിന് വലിയ സ്വാധീനം വരും. ടിക്ടോകിന്റെ അൽഗോരിതത്തെ ‘റീ ട്രെയിൻ’ ചെയ്യുകയാണ് അവരുടെ പ്രഥമ ദൗത്യം. അതായത് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേൽ വിരുദ്ധ കണ്ടന്റിന് കടിഞ്ഞാണിടുക. ഗസ്സയിൽനിന്നുള്ള നേർക്കുനേർ വിഷ്വലുകൾ വാട്സ്ആപ് ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നതിന് പിന്നിലെ പ്രധാന ചാനലും ടിക്ടോക് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

