Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇസ്‍ലാമോഫോബിയയും മാനസികാരോഗ്യവും
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightഇസ്‍ലാമോഫോബിയയും...

ഇസ്‍ലാമോഫോബിയയും മാനസികാരോഗ്യവും

text_fields
bookmark_border

ഇങ്ങനെയൊരു തലക്കെട്ട് ചിലർക്കെങ്കിലും അരോചകവും അരുചികരവുമായി തോന്നിയേക്കാം. എന്തിലും ഏതിലും ഇസ്‍ലാമോഫോബിയ കാണുന്നു, ഇരവാദം ഉന്നയിക്കുന്നു എന്നൊക്കെ അക്കാദമീഷ്യൻമാരും ആക്ടിവിസ്റ്റുകളും ന്യൂനപക്ഷ സമുദായ അംഗങ്ങളും അവരുടെ സഹകാരികളും കുറച്ചുകാലമായി നേരിടുന്ന ആക്ഷേപമാണ്. വലതുപക്ഷ വർഗീയ വിചാരധാര പിൻപറ്റുന്നവർ മാത്രമല്ല, ലിബറലുകൾ/സ്വതന്ത്ര ചിന്തകർ എന്ന് അവകാശപ്പെടുന്നവരും ആക്ഷേപം ഉന്നയിക്കുന്നവരിലുണ്ട്.

ആർക്ക് അഹിതകരമാണെങ്കിലും വസ്തുതകൾ സത്യസന്ധമായി പറയുക എന്നതാണ് നാം പഠിച്ചിരിക്കുന്ന ഭാരതീയ പാരമ്പര്യം. സത്യമേവ ജയതേ എന്നാണ് നമ്മുടെ ദേശീയ ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ആപ്തവാക്യം. ആകയാൽ ഊന്നിപ്പറയുന്നു- വർധിച്ചുവരുന്ന ഇസ്‍ലാമോഫോബിയയും അതിക്രമങ്ങളും ആക്ഷേപങ്ങളുമെല്ലാം രാജ്യത്തെ മുസ്‍ലിം ന്യൂനപക്ഷ സമൂഹത്തിന്റെ മാനസിക-ശാരീരിക ആരോഗ്യത്തെ കടുത്തരീതിയിൽ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വർഗീയ ധ്രുവീകരണം ന്യൂനപക്ഷ സമൂഹത്തിന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നതു സംബന്ധിച്ച് നിരവധി പഠനങ്ങൾ മുമ്പും നടന്നിട്ടുണ്ട്. ഉത്കണ്ഠ, വിഷാദരോഗം, ഉറക്കം നഷ്ടപ്പെടൽ മുതൽ ആത്മഹത്യാപ്രവണതവരെ അതുമൂലം സംഭവിക്കുന്നു എന്നാണ് ഗവേഷണഫലങ്ങൾ.

സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പും ശേഷവും നിരവധി വർഗീയ കലാപങ്ങൾക്ക് നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചെറു സംഘർഷങ്ങൾ മുതൽ ആസൂത്രിത വംശഹത്യകൾവരെ ഇക്കാലത്തിനിടയിൽ രാജ്യത്ത് നടമാടിയിട്ടുണ്ട്. ഇപ്പോൾ വലിയതോതിൽ ജീവനഷ്ടം വരുത്തിവെക്കുന്ന അതിക്രമങ്ങൾ ഉണ്ടാകുന്നില്ലായിരിക്കാം. എന്നാൽ മാംസം കൈയിൽ സൂക്ഷിച്ചതിന്റെ പേരിൽ, ഹിജാബ് ധരിച്ചതിന്റെ പേരിൽ, പൊതുസ്ഥലത്ത് നമസ്കരിച്ചതിന്റെ പേരിൽ, പുസ്തകമോ ലഘുലേഖകളോ സൂക്ഷിച്ചതിന്റെ പേരിൽ, നാടകം കളിച്ചതിന്റെ പേരിൽ, കോമഡി അവതരിപ്പിച്ചതിന്റെ പേരിൽ അക്രമിക്കപ്പെടാനോ അപരവത്കരിക്കപ്പെടാനോ അറസ്റ്റ് ചെയ്യപ്പെടാനോ സാധ്യതയുള്ളവരാണ് ഞങ്ങൾ എന്ന ഭീതി മുസ്‍ലിം ന്യൂനപക്ഷ സമുദായ മനസ്സിൽ നിലനിൽക്കുന്നു. അത് വെറും ഭീതിയല്ല, ഏറിയും കുറഞ്ഞും അവരുടെ അനുഭവമാണ്.

യു.പിയിലും എം.പിയിലും രാജസ്ഥാനിലുമെല്ലാം പണ്ടേക്കുപണ്ടേ മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങൾക്കുനേരെ അതിക്രമങ്ങൾ നടക്കാറുണ്ട്. രണ്ട് വിഭാഗം ആളുകൾ തമ്മിലെ ഏറ്റുമുട്ടൽ എന്നപേരിൽ വരുന്ന ചെറിയ വാർത്തകളായി വളരെ വൈകിയാണ് പത്രങ്ങളും പിൽകാലത്ത് ചാനലുകളും വഴി നമ്മളിലേക്ക് ഈ വിവരം എത്തിയിരുന്നത്. എന്നാലിന്ന് പൊതുവഴിയിൽ ആക്രമിച്ച് വയോധികന്റെ താടി വടിക്കുന്നവർ ആഹ്ലാദാരവങ്ങൾ മുഴക്കി അത് വിഡിയോയിൽ പകർത്തുന്നു, സാധ്യമായ എല്ലാ മാധ്യമങ്ങളും വഴി ലോകമൊട്ടുക്ക് ഷെയർ ചെയ്യുന്നു. ഫേസ്ബുക്കിൽ ലൈവ് ഇട്ട് ലോകരെ മുഴുവൻ കാണിച്ചുകൊണ്ടാണ് പഴവും വളയും ഭക്ഷണവും വിൽക്കുന്ന കട തല്ലിത്തകർക്കുന്നതും ഈ ഏരിയയിൽ കച്ചവടത്തിന് വരരുത് എന്ന് ഭീഷണി മുഴക്കുന്നതും മർദിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നതുമെല്ലാം.

മറ്റൊരാൾ നേരിടേണ്ടിവന്ന ആക്ഷേപത്തിനും അതിക്രമങ്ങൾക്കും സാക്ഷ്യം വഹിക്കുന്നവർക്കും അവരെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്കുമെല്ലാം അനുഭവിക്കേണ്ടിവന്നിരുന്ന പരോക്ഷ ആഘാതം (Vicarious Trauma) ഇത്തരം സംഭവങ്ങളുടെ വിഡിയോയും ചിത്രങ്ങളുമെല്ലാം നിരന്തരം കാണുകവഴി വിദൂരങ്ങളിലിരിക്കുന്ന മനുഷ്യർക്കും നേരിടേണ്ടിവരുന്നു. സാമുദായിക വിഷയങ്ങളെ വൈകാരികമായി സമീപിക്കുന്നവർക്ക് മാത്രമല്ല, സാധാരണ സമൂഹമാധ്യമ ഉപയോക്താക്കളിൽ പോലും ഈ പ്രവണത സംഭവിക്കുന്നുണ്ട്.

വർഗീയ അതിക്രമകാരികളിൽ നിന്ന് മാത്രമാണ് ഇത്തരത്തിൽ അന്യായം നേരിടേണ്ടി വരുന്നത് എങ്കിൽ നിലവിലേതു പോലുള്ള അപകടകരമായ സാഹചര്യത്തിലേക്ക് സമൂഹത്തിന്റെ മാനസികാവസ്ഥ എത്തിച്ചേരുമായിരുന്നില്ല. സ്വതന്ത്രം എന്ന് അവർ വിശ്വസിക്കുന്ന, അതിക്രമകാരികളിൽ നിന്നും അന്യായങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന് കരുതപ്പെടുന്ന, അഥവാ ബാധ്യസ്ഥരായ സ്ഥാപനങ്ങളിൽനിന്ന് സർക്കാർ, ജുഡീഷ്യറി, മാധ്യമങ്ങൾ എന്നിവയിൽനിന്നെല്ലാം അനീതി നേരിടുന്നതാണ് അവരെ ക്ഷയിപ്പിച്ചു കളയുന്നത്.

അസം കുടിയിറക്കിന്റെ ഉദാഹരണം മാത്രം പരിശോധിക്കുക. കുടിയിറക്കിനെ എതിർത്ത നിരായുധരായ ജനങ്ങൾക്കു നേരെ പൊലീസ് ഏകപക്ഷീയമായി വെടിവെക്കുന്നു, ആളുകൾ കൊല്ലപ്പെടുന്നു. ശരാശരി മനസ്സുകൾ നടുങ്ങാൻ ഈ കാരണംതന്നെ ധാരാളമാണ്. എന്നാൽ, വെടിവെപ്പിൽ ജീവനറ്റുപോയ മനുഷ്യന്റെ നെഞ്ചിൽ കയറി ഒരു പത്രഫോട്ടോഗ്രാഫർ തുള്ളിച്ചാടുന്ന കാഴ്ച ഏതൊരാളുടെ ചിന്തയെയും സമചിത്തതയെയും ഛിന്നഭിന്നമാക്കിക്കളയുകയാണ് ചെയ്യുക.

ഒരു സമുദായത്തിലെ ജനങ്ങളെ ഇല്ലാതാക്കണമെന്ന് തുടരെത്തുടരെ പരസ്യമായി വംശഹത്യാ ആഹ്വാനം മുഴങ്ങവെ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിൽ വിദ്വേഷ പ്രസംഗമല്ലെന്ന് കോടതി സിദ്ധാന്തിക്കുകയും മുസ്‍ലിം സ്ത്രീകളെ ഓൺലൈനിൽ വിൽപനക്ക് വെക്കുന്ന ബുള്ളിബായ് എന്ന ക്ഷുദ്രആപ് നിർമിച്ച കേസിൽ പിടിയിലായ പ്രതിക്ക് പ്രായത്തിന്റെയും ഭാവിയുടെയും ആനുകൂല്യത്തിൽ ജാമ്യം അനുവദിക്കുകയുമൊക്കെ ചെയ്യവെ മൂല്യം കുറഞ്ഞ പൗരത്വത്തിന്റെ അവകാശികളാണ് നിങ്ങൾ എന്ന സന്ദേശമാണ് സ്വാഭാവികമായും മുസ്‍ലിം ന്യൂനപക്ഷത്തിന് ലഭിക്കുന്നത്.

കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം

സ്കൂൾ ഗ്രൂപ്പുകളിൽ വർഗീയ സന്ദേശം പ്രചരിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് മഗ്സാസെ അവാർഡ് ജേതാവായ പ്രമുഖ മാധ്യമപ്രവർത്തകൻ രവിഷ് കുമാർ അടക്കമുള്ളവർ തുറന്നെഴുതുകയുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സംഘടനകളിലുമെല്ലാം അധ്യാപകർ, സഹപാഠികൾ, സഹപ്രവർത്തകർ തുടങ്ങിയവരിൽ നിന്ന് അപരവത്കരണം നിറഞ്ഞ അഭിപ്രായപ്രകടനങ്ങളും സന്ദേശങ്ങളും ട്രോളുകളുമെല്ലാം കാണേണ്ടിവരുമ്പോൾ ഉണ്ടാവുന്ന ആഘാതവും ഏറെ ആഴമുള്ളതാണ്. കർണാടകയിലെ ഹിജാബ് വിഷയം ഉദാഹരണം. ഒരുമിച്ച് കളിക്കുകയും ഭക്ഷണം പങ്കിട്ട് കഴിക്കുകയും ചെയ്തിരുന്ന കൂട്ടുകാരാണ് പൊടുന്നനെയൊരുനാൾ ഒറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും ക്ലാസിൽനിന്ന് ആട്ടിപ്പുറത്താക്കുകയും ചെയ്യുന്നത്.

കുട്ടികളിൽ വ്യക്തിത്വം രൂപപ്പെട്ടുവരുന്ന ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത് എന്നോർക്കുക. ആ പ്രായത്തിൽ അധ്യാപകരും കൂട്ടുകാരുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. അവർക്ക് താൽപര്യമില്ലാത്ത ആളായി മാറുന്നു എന്നത് വിഷാദത്തിലേക്കും തളർച്ചയിലേക്കും കൊണ്ടെത്തിക്കും. ഞാൻ എന്ന വ്യക്തിക്കും എന്റെ വേഷത്തിനും വിശ്വാസത്തിനുമെല്ലാം എന്തെല്ലാമോ കുഴപ്പങ്ങളുണ്ട് എന്ന ചിന്ത മനസ്സിൽ പതിയാനാണ് ഇത് വഴിവെക്കുക. ഈ നാട്ടിൽ ജീവിക്കുവാൻ തനിക്ക് അർഹതയില്ല എന്ന മട്ടിൽ ആത്മവിശ്വാസത്തിലും ആത്മാഭിമാനത്തിലും പൊള്ളലേൽക്കാനും കാരണമാകും.

പ്രഭാവം തലമുറകൾക്കപ്പുറവും

വിഷമകരമായ അവസ്ഥകളിലൂടെ കടന്നുപോയവരിൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ (പി.ടി.എസ്.ഡി) ഉണ്ടാകുമെന്ന് നമുക്കറിയാം. എന്നാൽ, നിലവിൽ അത്തരം വിഷമാവസ്ഥ ഒരു ദൈനംദിന പ്രക്രിയയായി മാറിയിരിക്കുന്നു എന്നതാണ് സത്യം. എല്ലാ ദിവസവും ഇത്തരത്തിലുള്ള വിവേചന സംഭവങ്ങൾ കാണുന്നു, കേൾക്കുന്നു. സ്ട്രെസ് ഇല്ലാത്ത ദിവസമേ ഇല്ല എന്നുവരുന്നു.

ഏതെങ്കിലും അപകട/ ദുരന്ത സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ മനുഷ്യശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ എന്നറിയപ്പെടുന്ന അഡ്രിനാലിൽ, കോർടിസോൾ, നൊർപിനെഫ്രിൻ (Adrenaline, Cortisol, Norepinephrine) തുടങ്ങിയ രാസവസ്തുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. വിഷമാവസ്ഥയെ എതിരിടാനോ അതിൽ നിന്ന് ഒഴിഞ്ഞു പോകുവാനോ (fight or flight) ശരീരത്തെ സഹായിക്കുകയാണ് ആ രാസവസ്തുക്കളുടെ ദൗത്യം. എന്നാൽ നിരന്തര സംഘർഷങ്ങളും ആഘാതങ്ങളും വന്നു ഭവിക്കുന്നതോടെ സ്ട്രെസ് ഹോർമോണുകളുടെ അളവ് ശരീരത്തിൽ പാരമ്യത്തിലെത്തുന്നു. അവക്ക് ഒഴിഞ്ഞുപോകാനുള്ള അവസരമേ ഉണ്ടാകാതെ വരുന്നു.

ഈ രാസവസ്തുക്കളുടെ നിരന്തര സാന്നിധ്യം മാനസികാരോഗ്യത്തിനു പുറമെ ശാരീരിക ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങളുടെ പ്രഭാവം അത് അനുഭവിക്കുന്ന വ്യക്തികളിൽ മാത്രമല്ല, രണ്ടു തലമുറകൾക്കപ്പുറത്തേക്കും നീളുന്നുവെന്ന് ഹോളോകാസ്റ്റ് ഇരകളെ സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഒരുമിക്കുക, ഐക്യപ്പെടുക

മാനസിക ആരോഗ്യപ്രശ്നങ്ങളെ നിസ്സാരവത്കരിക്കുകയോ ഇല്ല എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് പ്രശ്നം വഷളാക്കുമെന്നതുപോലെ നാട്ടിൽ നടക്കുന്ന അനീതികളും അതിക്രമങ്ങളും നിസ്സാരവത്കരിക്കുന്നത് രാജ്യത്തിന്റെ ആരോഗ്യത്തെത്തന്നെ അതിഗുരുതരമായി ബാധിക്കും. ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്ന കാര്യം തുറന്നുസമ്മതിക്കുകയും പ്രതിവിധികൾ കണ്ടെത്താൻ ഒരുമ്പെടുകയുമാണ് പ്രശ്നപരിഹാരത്തിനുള്ള ആദ്യപടി.

രാഷ്ട്രനേതൃത്വത്തിനും രാഷ്ട്രീയ നേതൃത്വത്തിനും കലാ-സാംസ്കാരിക-പൗരാവകാശ- മാധ്യമ പ്രവർത്തകർക്കുമെല്ലാം അതിൽ പങ്കുവഹിക്കാനുണ്ട്. ദൗർഭാഗ്യവശാൽ ഉത്തരവാദപ്പെട്ട ഇതേ സമൂഹം കഴിഞ്ഞ കുറെ കാലമായി കടുത്ത നിസ്സംഗതയോ അനാസ്ഥയോ പുലർത്തുകയോ അനീതി കാണിക്കുന്നവരുടെ പക്ഷത്ത് നിൽക്കുകയോ ആണ് ചെയ്യുന്നത്.

സുള്ളി ഡീൽസ്, ബുള്ളിബായ് ആപ്പുകൾ പ്രത്യക്ഷപ്പെട്ട ഘട്ടത്തിൽ രാജ്യത്തെ പ്രഖ്യാപിത ഫെമിനിസ്റ്റുകളിൽ പലർക്കും അതൊരു സ്ത്രീ പ്രശ്നമായി തോന്നിയതേയില്ല. ഹിജാബിനെ പ്രശ്നവത്കരിച്ച് മുസ്‍ലിം പെൺകുട്ടികളെ ക്ലാസ് മുറികളിൽനിന്ന് ഇറക്കിവിടുമ്പോൾ അത് നന്നായി എന്ന് രഹസ്യമായും പരസ്യമായും പറഞ്ഞു ചിരിക്കുന്ന, അഫ്ഗാനിസ്താനിലെ ഉദാഹരണവും താരതമ്യവും തേടിപ്പോകുന്ന ലിബറൽ സഖ്യങ്ങളെയും നമ്മൾ കാണുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകൾ മുൻകൈയെടുത്ത് രൂപപ്പെടുത്തിയ ശഹീൻ ബാഗ് പോലുളള മുന്നേറ്റങ്ങൾ വഴി ആഘാതമേൽക്കുന്ന ജനവിഭാഗങ്ങളുടെ നിരുപാധിക ഐക്യപ്പെടൽ, ഞങ്ങളും ഈ രാജ്യക്കാരാണ്-എല്ലാ അവകാശങ്ങളും ആസ്വദിച്ച് ജീവിക്കാൻ അർഹരായ മനുഷ്യർ എന്ന സ്വയം തിരിച്ചറിയലും പ്രഖ്യാപനവും, ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ തേടൽ എന്നിവയാണ് ഈ സന്നിഗ്ധ ഘട്ടത്തെ മറികടക്കാൻ മുന്നിലുള്ള വഴികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Islamophobiamental health
News Summary - Islamophobia and mental health
Next Story