Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലപ്പുറത്തെയും കാസർകോട്ടെയും പേരു നോക്കി ഇരുന്നാൽ മതിയോ?
cancel

കാസർകോട്ടും മലപ്പുറത്തും തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ അവരുടെ പേരുകൊണ്ട് തിരിച്ചറിയാമെന്ന് പ്രസ്താവിക്കുന്നത് ഭരണഘടനാ പദവി വഹിക്കുന്നവരാണ്. പൗരത്വ സമരകാലത്ത് സമരക്കാരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന് പ്രസ്താവിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയാണ്. വസ്ത്രവും പേരും യാദൃശ്ചികമായി കടന്നുവരുന്നതല്ല. ഇന്ത്യൻ ജനമനസ്സിൽ നിലീനമായിരിക്കുന്ന ജാതിമൂല്യ ബോധമാണ് പേരിലൂടെയും വസ്ത്രത്തിലൂടെയും ജനവിഭാഗങ്ങളെ അപരവത്കരിക്കുന്നതിന്റെ ആധാരം. ‘മയമതം’ എന്ന വാസ്തുശാസ്ത്ര ഗ്രന്ഥത്തിൽ ബ്രാഹ്മണരുടെ വീടിന്റെ വാതിൽ മദ്ധ്യത്തിലും ശൂദ്രന്റേത് പാർശ്വങ്ങളിലുമായിരിക്കണമെന്ന് വിധിക്കുന്നുണ്ട്.

വാതിൽ നോക്കിയാൽതന്നെ അതാരുടെ വീടാണെന്നും ജാതി ഏതാണെന്നും തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിഷ്കർഷ ഏർപ്പെടുത്തിയത്. ത്രൈവർണികർക്ക് ഉത്തമമായ പേരും ശൂദ്രർക്ക് നീചമായ പേരും നൽകണമെന്ന് ‘മനുസ്മൃതി’യും കൽപിക്കുന്നുണ്ട്. പേരിലൂടെ ജാതി വിളംബരം ചെയ്യുക എന്ന ലക്ഷ്യമാണ് മനുവിനുണ്ടായിരുന്നത്. ഈ ചാതുർവർണ്യ യുക്തിയാണ് ചില സമുദായങ്ങളെയും പേരുകളെയും മുൻനിർത്തിയുള്ള വിദ്വേഷ പ്രചാരണത്തിന്റെയും അപരവത്കരിക്കലിന്റെയും നാരായവേര്.

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മാത്രമല്ല, സമീപകാലത്ത് നടന്ന പല തെരഞ്ഞെടുപ്പുകളിലെയും സ്ഥാനാർഥി പട്ടിക പരിശോധിച്ചാലറിയാം വ്യത്യസ്ത രാഷ്ട്രീയകക്ഷികൾ അതത് പ്രദേശങ്ങളിലെ സമുദായ നിലയനുസരിച്ചാണ് സ്ഥാനാർഥികളെ പരിഗണിച്ചിട്ടുള്ളതെന്ന്. കോട്ടയത്ത് വിജയിച്ചവരിൽ ഭൂരിഭാഗവും ഒരു മത പശ്ചാത്തലത്തിൽനിന്നുള്ളവരായിട്ടും മലപ്പുറത്തുകാർ കേൾക്കേണ്ടിവന്ന വിദ്വേഷ വാക്കുകൾ അവർക്ക് അനുഭവിക്കേണ്ടിവരാത്തത് എന്തുകൊണ്ടാണ്? മലപ്പുറത്തെക്കുറിച്ചും കാസർകോടിനെക്കുറിച്ചും പറയുന്നവർ മറ്റ് ജില്ലകളെക്കുറിച്ചും സർക്കാർ മേഖലയിലെ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ചും ദേവസ്വം ബോർഡിലെ അമിതാധികാര കുത്തകയെക്കുറിച്ചും ഉരിയാടാത്തത് എന്തുകൊണ്ടാണ്?

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ‘കേരള പഠനം 2.0’ പറയുന്നത് ഹിന്ദു മുന്നോക്കവിഭാഗക്കാർക്ക് സർക്കാർ ജോലികളിൽ വളരെ ഉയർന്ന പ്രാതിനിധ്യവും മുസ്‍ലിം വിഭാഗക്കാർക്ക് വളരെ കുറഞ്ഞ പ്രാതിനിധ്യവും കാണുന്നു എന്നാണ്. കേന്ദ്രസർക്കാർ കണക്കുകളിൽ പട്ടികവർഗക്കാരുടെ പ്രാതിനിധ്യമേ കാണുന്നില്ലെന്നും മിലിറ്ററി ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ജോലികളിൽ മുസ്‍ലിംകളുടെ പ്രാതിനിധ്യക്കുറവ് 1578 ശതമാനമാണെന്നും പരിഷത്തിന്റെ പഠനം പറയുന്നു. കേന്ദ്രസർക്കാർ ജോലികളിൽ മുന്നോക്ക ഹിന്ദു വിഭാഗത്തിന്റെ അധിക പ്രാതിനിധ്യം 128 ശതമാനവും കേരള സർക്കാർ ജോലികളിൽ 83 ശതമാനവുമാണെന്നും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനം വ്യക്തമാക്കുന്നു. ഈ 83 ശതമാനം അധിക പ്രാതിനിധ്യത്തോടൊപ്പം Ews ക്വോട്ട പ്രകാരം പത്ത് ശതമാനം സംവരണംകൂടി മുന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കുമ്പോൾ അസന്തുലിതാവസ്ഥ വീണ്ടും വർധിക്കുകയാണ് ചെയ്യുന്നതെന്നും പരിഷത്തിന്റെ കേരളപഠനം സ്പഷ്ടമാക്കുന്നു. പക്ഷേ, ഒരിക്കൽപോലും അമിതപ്രാതിനിധ്യമുള്ള ഈ സവർണമുന്നോക്ക വിഭാഗങ്ങളെ പേരുകൊണ്ട് തിരിച്ചറിയാമെന്ന് ആരും പറഞ്ഞിട്ടില്ല.

സർവോപരി മുസ്‍ലിംകളും ദലിതരും സംവരണത്തിലൂടെ എല്ലാം അപഹരിക്കുകയാണെന്ന മിഥ്യാ പ്രചാരണത്തിന് സവർണ ഒളിഗാർക്കി മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 96 ശതമാനം അധ്യാപക തസ്തികകളും കൈയടക്കിയിരിക്കുന്നത് സവർണ മുന്നോക്ക വിഭാഗങ്ങളാണ്. ഇവരെയും പേരുകൊണ്ട് തിരിച്ചറിയാമെന്ന് ഇതുവരെക്കും ആരും പറഞ്ഞിട്ടില്ല. പ്രശ്നം മുസ്‍ലിംകളും ദലിതരുമാണെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാണ്. പാവങ്ങളോടൊപ്പമെന്ന് സിദ്ധാന്തം ചമക്കുന്നവർക്ക് ദേവസ്വം ബോർഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കാൻ എന്താണ് പ്രയാസം? സവർണ ഒളിഗാർക്കിയുടെ പിടിയിലകപ്പെട്ട് വർഗസിദ്ധാന്തം പിടയുന്ന കാഴ്ചയാണ് ദേവസ്വം ബോർഡിൽ കാണുന്നത്. കൂടാതെ, മന്ത്രിസഭയിൽ ചില പ്രത്യേക വിഭാഗത്തിൽ പെട്ട ആളുകളുടെ അമിത പ്രാതിനിധ്യവും ശ്രദ്ധിക്കേണ്ടതാണ്. പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരു മന്ത്രിപോലും ഇല്ലെന്നവസ്ഥയും പ്രാതിനിധ്യ ജനാധിപത്യത്തിനേൽക്കുന്ന കനത്ത ആഘാതമാണ്.

1942ൽ എഴുതിയ പ്രബന്ധത്തിൽ നിയമസഭയെന്നത് കേവലം ഒരു ജനപ്രതിനിധി സഭയാവരുതെന്നും അതിൽ ഹിന്ദുക്കൾക്കും അസ്പൃശ്യർക്കും വേവ്വേറെ പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്നും ഡോ. ബി.ആർ. അംബേദ്കർ വ്യക്തമാക്കുന്നുണ്ട്.- ‘‘ഭരണസംവിധാനം കാര്യക്ഷമമായിരുന്നാൽ മാത്രം പോരാ. അത് എല്ലാ ജനവിഭാഗങ്ങളുടെയും വിശ്വാസമാർജിച്ചതായിരിക്കണം. അവർണർക്ക് അതിൽ വിശ്വാസമുണ്ടാകും വിധം അവരുടെ പ്രതിനിധികൾ വേണ്ടത്ര ഉണ്ടായിരിക്കണം’’ എന്നും സുവ്യക്തമായി അദ്ദേഹം നിരീക്ഷിച്ചു. അംബേദ്കർ പോരാട്ടത്തിലൂടെ നേടിയെടുത്ത സംവരണാവകാശം ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ നിയമസഭയിലോ പാർലമെന്റിലോ പ്രവേശനമില്ലാത്ത വിധം സവർണ ഒളിഗാർക്കി ദലിതർക്ക് മുമ്പിൽ വാതിലുകൾ കൊട്ടിഅടക്കുമായിരുന്നു. കേരളത്തിൽ പുരോഗമന രാഷ്ട്രീയ കക്ഷികൾപോലും സംവരണേതര മണ്ഡലത്തിൽ ദലിതരെ പരിഗണിച്ച സന്ദർഭങ്ങൾ അത്യപൂർവവും അതിവിരളവുമാണ്.

ഭരണസംവിധാനം എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസമാർജിച്ചതായിരിക്കണം എന്ന് അംബേദ്കർ ആഴത്തിൽ ദർശിക്കുന്നുണ്ട്. എന്നാൽ, വിദ്വേഷ പ്രചാരകർക്ക് പൊന്നാടയണിച്ചും കൊടിയ വിദ്വേഷ പ്രചാരകനായ ഒരു ഭരണാധികാരിയുടെ കത്ത് വായിച്ചും ജനങ്ങൾക്ക് ഭരണസംവിധാനത്തെക്കുറിച്ചുള്ള വിശ്വാസത്തിൽ കനത്ത മുറിവ് പടർത്തിയിരിക്കുന്നു.

പേരിനെയും അസ്തിത്വത്തെയും മുൻനിർത്തിയുള്ള ഇപ്പോഴത്തെ വിദ്വേഷപ്രചാരണത്തിനും ഇന്ത്യാ ചരിത്രത്തിൽതന്നെ മുന്നുദാഹരണങ്ങളുണ്ട്. നിയമസഭയിൽ പ്രത്യേക പ്രാതിനിധ്യത്തിനായി അബ്രാഹ്മണരും പിന്നാക്ക വിഭാഗങ്ങളും 1918ൽ പ്രക്ഷോഭമാരംഭിച്ചപ്പോൾ ബ്രാഹ്മണനായ ബാലഗംഗാധര തിലകൻ ഷോലാപ്പൂരിലെ പൊതുയോഗത്തിൽ പറഞ്ഞത്, ‘‘എണ്ണയാട്ടുകാരും പുകയില വ്യാപാരികളും അലക്കുകാരും നിയമസഭയിൽ പോകുന്നതെന്തിനെന്ന് തനിക്ക് മനസ്സിലാകുന്നില്ല’’ എന്നാണ്. 1942ൽ ലിൻ ലിത്ത്ഗോ പ്രഭു വിവിധ വിഭാഗത്തിൽപെട്ട 52 ഇന്ത്യൻ പ്രതിനിധികളെ ചർച്ചക്ക് ക്ഷണിച്ചു. അതിൽ മുസ്‍ലിംകളും ദലിതരും ഉണ്ടായിരുന്നു. മുസ്‍ലിംകളെയും ദലിതരെയും ക്ഷണിച്ചതിനെക്കുറിച്ചുള്ള വല്ലഭ്ഭായി പട്ടേലിന്റെ വാക്കുകൾ വിദ്വേഷ പൂർണവും പരുഷവുമായിരുന്നു എന്ന് ഡോ. ബി.ആർ. അംബേദ്കർ എഴുതുന്നുണ്ട്. ‘‘അദ്ദേഹം ഘഞ്ചികളെയും മോച്ചികളെയും ക്ഷണിച്ചു’’- എന്ന് എണ്ണയാട്ടുകാരെയും ചെരുപ്പുകുത്തികളെയും കുറിച്ച് പട്ടേൽ പ്രസ്താവിച്ച കാര്യം അംബേദ്കർ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പേരിനെയും സ്വത്വത്തെയും മുൻനിർത്തി അധികാരത്തിൽനിന്നും ഭരണത്തിൽനിന്നും പാർശ്വവത്കൃതജനവിഭാഗങ്ങളെ മാറ്റിനിർത്തുന്നതിന് ഇന്ത്യാ ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് സാരം.

അപരപ്രിയം ജീവിതദർശനമാക്കി ഉയർത്തിപ്പിടിച്ച നാരായണഗുരുവിന്റെ കേരളത്തിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ ഗുരുദർശനങ്ങളോടുള്ള അനാദരവാണ്. ആത്യന്തികമായി ഇത് സാമൂഹിക സഹജീവിതത്തെയും ജനാധിപത്യത്തെയും തകിടം മറിക്കും. ജാഗ്രത പുലർത്തേണ്ടത് നീതി ബോധമുള്ള ഒരു പൗരസമൂഹത്തിന്റെ കടമയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:communal statementSaji Cherian
News Summary - Is it enough to just look at the names of Malappuram and Kasaragod?
Next Story