പുതിയ തലമുറ ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും വരുന്നില്ല
text_fieldsതെരഞ്ഞെടുപ്പിൽ എന്നും മുൻതൂക്കം എൽ.ഡി.എഫിനാണ്. 2010ൽ മാത്രമാണ് അതിനൊരു ചെറിയ മാറ്റം വന്നത്. ഇത്തവണ ഇടതിന്റെ മേൽക്കോയ്മയുടെ ചരിത്രം തിരുത്തപ്പെടും. അത്രയധികം യു.ഡി.എഫിന് അനുകൂലമാണ് കാര്യങ്ങൾ. വളരെ അനുകൂലമായ വിധിയായിരിക്കും ഉണ്ടാവുക. കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെുപ്പിൽ ബി.ജെ.പിയുടെ വളർച്ചയും നാം കണ്ടു. ഇക്കുറി അതിരൂക്ഷമായ ആഭ്യന്തര വിഷയങ്ങൾ കാരണം അവരും പിന്നോട്ട് പോകും.
ഇക്കുറി കുറവ് റെബൽ ശല്യമുള്ളത് യു.ഡി.എഫിലാണ്, അത് പതിവിന് വിപരീതമായ കാര്യമാണ്. ഇടതിലാണ് റെബൽ ശല്യം കൂടുതലെന്നും കാണാം. മാത്രമല്ല, നല്ല മുന്നൊരുക്കമാണ് യു.ഡി.എഫ് നടത്തിയത്. സ്ഥാനാർഥി നിർണയത്തിലും താഴേക്കിടയിൽ പ്രവർത്തകരിൽ യോജിപ്പുണ്ടാക്കുന്നതിലുമൊക്കെ കോൺഗ്രസ് മുൻകൈ എടുത്തു. അതുകൊണ്ടുതന്നെ സംശയം വേണ്ട, യു.ഡി.എഫിന് അനുകൂലമായ ഫലമായിരിക്കും.
ശബരിമലയിലെ സ്വർണക്കൊള്ള, രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും?
ഈ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയമാണോ അതോ ഒരു വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ എന്തെങ്കിലും വിഷയമാണോ ചർച്ച ചെയ്യേണ്ടത്? ശബരിമലയിൽ നടന്നത് ഒരു തീവെട്ടിക്കൊള്ളയല്ലേ. അതിനെ മറച്ചുപിടിക്കാൻ ഇങ്ങനെ ഒരു ആക്ഷേപംകൊണ്ട് സാധിക്കുമെന്ന് വിചാരിക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ്. ഒരു സർക്കാറിന്റെയും സംവിധാനത്തിന്റെയും തകർച്ചയെ ഒരു വ്യക്തിയുടെ പ്രശ്നങ്ങളുമായി കൂട്ടിക്കുഴക്കുന്നതുതന്നെ ശരിയാണോ. ആൾക്കാരുടെ മനസ്സിൽ ശബരിമലയിലെ കൊള്ളയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്, അതിനുള്ള വിധിയെഴുത്തും ഉണ്ടാവും.
തെരഞ്ഞെടുപ്പ് കണ്ടുകൊണ്ട് വ്യക്തമായ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ ഒന്നിനുപിറകെ ഒന്നായി വെളിപ്പെടുത്തലുകളുണ്ടാകുന്നതുതന്നെ രാഹുൽ മാങ്കൂട്ടം വിഷയത്തിലെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. രാഹുൽ ചെയ്തതിലെ ശരിതെറ്റിനെക്കുറിച്ചല്ല ഞാൻ പറയുന്നത്, അതൊക്കെ ഭാവിയിൽ തെളിയട്ടെ. പക്ഷേ, ഈ സമയത്ത് ഇത് ചർച്ചയാക്കുമ്പോൾ വലിയൊരു പ്ലാൻ ഇതിന് പിന്നിലുണ്ട് എന്ന് ആർക്കും വ്യക്തമാകും.
മുന്നണി മാറിവന്നിട്ട് ഇത്രയും കാലമായി, പാർട്ടിയെ പരിഗണിക്കുന്ന കാര്യത്തിൽ യു.ഡി.എഫിൽ തൃപ്തരാണോ?
എൽ.ഡി.എഫിൽ പാർട്ടികൾക്കാണ് സീറ്റുകൾ വീതംവെച്ചിരുന്നത്. യു.ഡി.എഫിൽ വ്യക്തികൾക്കായിരുന്നു വീതംവെപ്പ്. ഇതിന്റെ ഒരു പൊരുത്തക്കേട് മുന്നണി മാറിവന്നപ്പോൾ അനുഭവപ്പെട്ടിരുന്നു. ആഗ്രഹിച്ചപോലെ ആർ.എസ്.പി പരിഗണിക്കപ്പെട്ടില്ല. ഇത്തവണ താരതമേന്യ ഭേദമാണ്, നൂറുശതമാനം തൃപ്തിയില്ലെങ്കിലും പരിഗണിക്കപ്പെട്ടു. വിട്ടുവീഴ്ചകളിലൂടെ, യോജിപ്പോടെ എല്ലാ പ്രദേശത്തും സ്ഥാനാർഥികളെ നിർത്താനായി.
ആർ.എസ്.പി എന്ന പാർട്ടി വളരെ ദുർബലപ്പെടുന്നതായി വിലയിരുത്തപ്പെടുന്നുണ്ടല്ലോ, നിയമസഭ സീറ്റ് നഷ്ടപ്പെട്ടതടക്കം കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു?
പാർട്ടിയെ സംബന്ധിച്ച് രണ്ട് നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയക്കാറ്റ് എൽ.ഡി.എഫിന് അനുകുലമായപ്പോൾ നിയമസഭ പരാജയം ഏറ്റുവാങ്ങി. എന്നാൽ, കഴിഞ്ഞ ലോക്സഭയിൽ തിരിച്ചുവന്നു. പക്ഷേ, ഒരധികാര സ്ഥാനവുമില്ലാഞ്ഞിട്ടും ഇന്നും പാർട്ടിയുടെ ഉൾക്കാമ്പിൽ ഒരു ഇടിവുമുണ്ടായിട്ടില്ല. അതേസമയം, പൊതുവെ ഇന്ന് പുതിയ തലമുറ ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും വരുന്നില്ല. അത് എല്ലാ രാഷ്ട്രീയ പാർട്ടികളെയും ബാധിച്ചകാര്യമാണ്. ഇത്തവണത്തെ സ്ഥാനാർഥി നിർണയത്തിൽ സി.പി.എം നേരിട്ട ദാരിദ്ര്യം മുമ്പൊരിക്കലും അവർ അനുഭവിച്ചിട്ടില്ല. ആർ.എസ്.പിയുടെ ബേസ് ഇപ്പോഴും ഇടിഞ്ഞിട്ടില്ല. പഴയ പ്രതാപം ഇല്ല എന്ന് സമ്മതിക്കുമ്പോഴും പരാജയംകൊണ്ട് ആരും പാർട്ടി വിട്ടുപോയിട്ടില്ല.
കൊല്ലത്ത് യു.ഡി.എഫിൽ ലീഗിനെക്കാൾ പരിഗണന ആർ.എസ്.പിക്ക് ലഭിച്ചെന്ന് ലീഗിന് പരാതിയുണ്ട്?
അതിന് ഞാൻ മറുപടി പറയുന്നില്ല. സ്വാഭാവികമായും ഓരോ പാർട്ടിയുടെയും ശക്തി പരിഗണിക്കപ്പെടുമല്ലോ, പിന്നെ യു.ഡി.എഫിന്റെ വിജയവുമാണല്ലോ പ്രധാനം. ആർ.എസ്.പി കൊല്ലം കോർപറേഷനിലടക്കം അധികമായി ഒരു സീറ്റും ചോദിച്ചുമില്ല. കിട്ടിയുമില്ല. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലായി മത്സരിച്ച എണ്ണത്തിൽതന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്.
കോർപറേഷനിലെ 25 വർഷത്തിലെ ഭരണവൈകല്യമാണ് ആർ.എസ്.പി അടക്കം യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്, അതിൽ അധികകാലവും അവരോടൊപ്പം പാർട്ടിയും ഭരണത്തിലില്ലായിരുന്നോ?
പശ്ചിമ ബംഗാളിൽ 33 വർഷം ഇടത് ഭരണത്തിന്റെ ഭാഗമായി ആർ.എസ്.പി ഉണ്ടായിരുന്നു. അവിടം തവിടുപൊടിയായി. എന്നാൽ, അവിടെയും ആർ.എസ്.പി ചൂണ്ടിക്കാണിക്കാനുള്ളത് ചൂണ്ടിക്കാട്ടി, സി.പി.എം തീരുമാനങ്ങളുമായി മുന്നോട്ട് പോയി. കൊല്ലം കോർപറേഷനിലും അതാണ് സ്ഥിതി. ഒരു ജൂനിയർ പാർട്ടിയായ ആർ.എസ്.പിയുടെ കാഴ്ചപ്പാടും അവർ പറഞ്ഞതനുസരിച്ചുമാണോ അവർ കാര്യങ്ങൾ ചെയ്തത്.
ഇടതിലേക്ക് ഒരു തിരിച്ചുപോക്ക്, അങ്ങനെയൊരു ചിന്ത ഉണ്ടോ, പാർട്ടിയിലെ ചില നേതാക്കളെങ്കിലും അങ്ങനെ ചിന്തിക്കുന്നില്ലേ? എന്തിന് തിരിച്ചുപോകണം, അങ്ങനെയൊരു ചിന്ത ഈ പാർട്ടിയിൽ ആർക്കുമില്ല, അതൊക്കെ അഭ്യൂഹം മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


