പറയൂ... അക്രമിക്കപ്പെടാതിരിക്കാന്‍ ഞങ്ങള്‍ എവിടെ പോയൊളിക്കണം?
text_fieldsമുമ്പെങ്ങുമില്ലാത്ത വിധം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഒരു വനിതാദിനം കൂടി കടന്നുവരുന്നത്. ഒരു പീഡനവാര്‍ത്ത കേട്ട് ഞെട്ടാന്‍ പോലും ആകാത്ത തരത്തില്‍ മരവിച്ചു പോയിരിക്കുകയാണ് കേരളത്തിന്‍റെ മനസാക്ഷി. പ്രായമോ സമൂഹത്തിലെ പദവിയോ ഒന്നും പീഡകര്‍ക്ക് പ്രശ്‌നമല്ലാതായിരിക്കുന്നു. ഏറ്റവും അവസാനമായി പുറത്തുവന്ന യത്തീംഖാന പീഡനത്തില്‍ ഏഴ് കുഞ്ഞുങ്ങളാണ് പീഡനത്തിനിരയായത്. പ്രായപൂര്‍ത്തിയാകാത്ത ഇവരെ പലതവണ പ്രതികള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞത് നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ്.
നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരികയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 1,974 മാനഭംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇരകളില്‍ 711 പേരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരുന്നു. ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് പെണ്‍കുട്ടികളുടെ അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആണ് എന്നതാണ് ഏറെ ഭയാനകമായ വസ്തുത. വാളയാറിൽ ദുരൂഹ സാഹചര്യത്തില്‍ രണ്ട് സഹോദരികള്‍ മരിച്ച സംഭവത്തിലും പ്രതിസ്ഥാനത്തുള്ളത് അടുത്ത ബന്ധു തന്നെ.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മലയാളികളുടെ രതി വൈകൃതങ്ങള്‍ ചൂണ്ടികാണിക്കുന്നുണ്ട്. 2015ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 1,347 പീഡന കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട 1,260 പേരും പെണ്‍കുട്ടികളുടെ അടുത്ത ബന്ധുക്കളാണ്. 62 എണ്ണത്തില്‍ പ്രതികളായിരിക്കുന്നത് അക്രമിക്കപ്പെട്ട പെണ്‍കുട്ടികളുടെ അച്ഛന്‍, സഹോദരന്‍, മുത്തച്ഛന്‍ എന്നിങ്ങനെ രക്തബന്ധത്തില്‍ പെട്ടവരാണ്. മറ്റുള്ളവയില്‍ കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരാണ് പ്രതിസ്ഥാനത്ത്. വീട്ടിനകത്തും പെണ്‍കുട്ടികള്‍ സുരക്ഷിതയല്ലെന്ന് ചുരുക്കം. കുഞ്ഞുങ്ങളെന്നോ വൃദ്ധകളെന്നോ സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ ഭേദമില്ലാതെ വീടിനകമെന്നോ തെരുവെന്നോ തൊഴില്‍ സ്ഥലമെന്നോ വ്യത്യാസമില്ലാതെ പെണ്ണായാല്‍ ആരും ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്ന മാനസികാവസ്ഥയോടെ ജീവിക്കേണ്ടി വരുന്ന അവസ്ഥയിലാണ് കേരളത്തിലെ സ്ത്രീകള്‍.
കേരളത്തിലെ ഭരിക്കുന്ന പാര്‍ട്ടിയുടെ വനിതാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു, നിലവിലെ അവസ്ഥയില്‍ കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ പറ്റിയ ഇടമല്ലെന്ന്. സ്ത്രീകളുടെ സുരക്ഷ സര്‍ക്കാറിന്‍റെയും പൊലീസിന്‍റെയും മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നു കൂടി ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ സംസ്ഥാന സെക്രട്ടറി പി. സതീദേവി പറഞ്ഞു. ഇവര്‍ പോലും ഉത്തരവാദിത്തത്തില്‍ നിന്ന് കയ്യൊഴിയുമ്പോള്‍ പ്രത്യാശയോടെ നമ്മുടെ സമൂഹം ഉറ്റുനോക്കേണ്ടത് ആരിലേക്കാണ്?

കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യമായിരുന്നു സ്ത്രീസുരക്ഷ. ജിഷയുടെ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത് വലിയ നേട്ടമായി കൊണ്ടാടുകയും ചെയ്തിരുന്നു സര്‍ക്കാര്‍. എന്നാല്‍, നടിയെ ആക്രമിച്ച കേസിലായാലും ജിഷയുടെ ഘാതകന്‍റെ കാര്യത്തിലായാലും സത്യമെന്ന് പറഞ്ഞ് ആഘോഷിക്കപ്പെടുന്നതല്ല യാഥാര്‍ഥ്യമെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഭീതിദമായ അവസ്ഥയിലാണ് ഇത്തവണ മാര്‍ച്ച് എട്ട് കടന്നുവരുന്നത്. കുറേയേറെ ചര്‍ച്ചകള്‍, സെമിനാറുകള്‍, അക്രമത്തിനെതിരായ പ്രതിജ്ഞകള്‍, മുദ്രാവാക്യം വിളികള്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍, പ്രഖ്യാപനങ്ങള്‍ കഴിഞ്ഞു... പിന്നെയും നാം തിരിച്ചുപോകുന്നു, സ്ത്രീ പീഡന വാര്‍ത്തകളിലേക്ക്. ഇത്തരത്തിലുള്ള ഒരു ദിവസം ആഘോഷിക്കുന്നതു കൊണ്ട് സ്ത്രീകളുടെ അവസ്ഥയില്‍ എന്തു വ്യത്യാസമാണ് വരാന്‍ പോകുന്നത്. വനിതാദിനം സത്യത്തില്‍ ഒരു അനുഷ്ഠാനമായി മാറിയില്ലേ?
ഈയൊരു ചിന്തയുടെ പശ്ചാത്തലത്തിലാണ് നടിയും സാമൂഹ്യരംഗത്തെ സജീവ സാന്നിധ്യവുമായ മഞ്ജുവാര്യരുടെ വാക്കുകള്‍ പ്രസക്തമാകുന്നത്. സ്ത്രീ സുരക്ഷയും സ്വാതന്ത്ര്യവും പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പിലാവാതെ വനിതാദിനം ആഘോഷിക്കുന്നതില്‍ അര്‍ഥമില്ല എന്നായിരുന്നു മഞ്ജുവാര്യരുടെ പ്രഖ്യാപനം. തന്‍റെ ആത്മസുഹൃത്തിന് നേരിട്ട അക്രമത്തിലും അപമാനത്തിലും മനംനൊന്ത് കൂടിയായിരുന്നു മഞ്ജു ഇത് പറഞ്ഞത്. ഇത് സിനിമാ ലോകത്തിന്‍റെ മാത്രം പ്രശ്‌നമല്ല, സമൂഹത്തില്‍ നിലനില്‍ക്കുന്ന മോശം കാര്യങ്ങളുടെ പ്രതിഫലനം മാത്രമാണിതെന്നും അവര്‍ പറയുന്നു. വൈദികനാല്‍ ബലാല്‍സംഗത്തിനിരായായ പെണ്‍കുട്ടിയുടേയും പീഡനത്തിനിരയായ യത്തീംഖാനയിലെ പെണ്‍കുട്ടികളുടേയും വിഷയങ്ങളാണ് മാധ്യമങ്ങള്‍ ഏറ്റവും പുതുതായി ചര്‍ച്ച ചെയ്യുന്നത്. നടിക്കെതിരായ അക്രമവും തെളിവായ മൊബൈല്‍ ഫോണും പള്‍സര്‍ സുനിയുമായിരുന്നു ആഴ്ചകളോളം നമ്മള്‍ ചര്‍ച്ച ചെയ്തത്. സെന്‍സേഷണലായ അത്തരമൊരു വിഷയത്തില്‍ നിന്ന് മാധ്യമങ്ങളുടെ ശ്രദ്ധ തിരിഞ്ഞത് വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടെ വാര്‍ത്ത വന്നതോടെയാണ്. വയനാട് മുട്ടിലിലെ യത്തീംഖാന സംഭവത്തോടെ മാധ്യമശ്രദ്ധ അതിലായി.
കേരളത്തിലെ പട്ടണങ്ങളിലെയും ഗ്രാമങ്ങളുടെയും പേരുകള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് പീഡനത്തിന്‍റെ പേരിലാണ്. സൂര്യനെല്ലി, വിതുര, കിളിരൂര്‍, കവിയൂര്‍, വടക്കാഞ്ചേരി, കൊട്ടിയൂര്‍, കളമശ്ശേരി, കല്‍പ്പറ്റ ആ പട്ടിക ഇങ്ങനെ നീണ്ടുപോകുകയാണ്. മധ്യവയസ്‌കയായിട്ടും പീഡിപ്പിക്കപ്പെട്ടവള്‍ നമുക്കിന്നും സൂര്യനെല്ലി പെണ്‍കുട്ടിയാണ്. പീഡനത്തിനിരയായ അന്ന് മുതല്‍ മുഖമില്ലാതെയാണ് അവള്‍ ജീവിച്ചത്. ഒരു പേര് പോലുമില്ലാതെ, സ്ഥലനാമങ്ങളുടെ പേരില്‍ മാത്രം അറിയപ്പെടുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ കൂടിക്കൂടി വരുന്നു. ഇരകള്‍ക്ക് ഒളിച്ചിരിക്കേണ്ടി വരികയും പീഡകന്‍ സമൂഹത്തില്‍ അന്തസ്സോടെയും മാന്യമായും ജീവിക്കുകയും ചെയ്യുന്ന ഈ അവസ്ഥക്ക് ആരാണ് ഉത്തരവാദി. സ്ത്രീപീഡന കേസുകളില്‍ ഒരെണ്ണത്തിലെങ്കിലും മാതൃകാപരമായ ശിക്ഷ നല്‍കാന്‍ നമ്മുടെ നിയമ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടോ? ഇതുതന്നെയല്ലേ ദിനംപ്രതി പീഡനകേസുകള്‍ വര്‍ധിച്ചു വരുന്നതിനുള്ള കാരണവും.
കുറ്റവാളികള്‍ക്ക് ന്യായമായ ശിക്ഷ നല്‍കുന്നതില്‍ പരാജയപ്പെടുന്ന നിയമം പീഡിപ്പിക്കപ്പെടുന്നവരെ ജീവിതകാലം മുഴുവനും ഇരകളാക്കാനും മുഖമില്ലാത്തവരാക്കുവാനും അതുവഴി ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയുമല്ലേ ചെയ്യുന്നത്? ആക്രമിക്കപ്പെട്ട നടി കാമറയുടെ മുന്നിലേക്ക് വരാന്‍ ധൈര്യം പ്രകടിപ്പിച്ചപ്പോഴും നമ്മുടെ പൊലീസായിരുന്നു അവരെ തടഞ്ഞത്. നിര്‍ഭയയുടെ യഥാര്‍ഥ പേര് പറയാന്‍ അവളുടെ മാതാപിതാക്കന്മാര്‍ തയാറായിട്ടും നിയമം അതിന് അനുമതി നല്‍കിയില്ല. ഒളിയിടങ്ങളില്‍ നിന്ന് ഇരകള്‍ ഇറങ്ങിവരട്ടെ. അവര്‍ തലയുയര്‍ത്തിപ്പിടിച്ച് നടക്കട്ടെ. അതിന് വേണ്ട നിയമനിര്‍മാണ് നമുക്ക് വേണ്ടത്. മാളത്തിലൊളിക്കേണ്ടത് പീഡിപ്പിക്കപ്പെട്ടവരല്ല, പീഡകരാണ്.