ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ കാരണം തേടുമ്പോൾ...
text_fieldsരണ്ടു പതിറ്റാണ്ടായി മനുഷ്യ സ്വഭാവത്തിൽ അക്ഷമയും എടുത്തുചാട്ടവും കൂടിയിട്ടുണ്ട്. അതുപോലെ സാമൂഹിക വിച്ഛേദനവും (സോഷ്യൽ ഡിസ്കണക്ഷൻ) വലിയതോതിൽ സംഭവിച്ചു. അതിനുള്ള പ്രധാനകാരണം ഡിജിറ്റൽ വിപ്ലവം തന്നെയാണ്. മുമ്പ് ചെറുപ്പക്കാർക്ക് സന്തോഷം കിട്ടാനുള്ള പ്രധാന മാർഗം സൗഹൃദങ്ങളായിരുന്നു. സുഹൃത്തുകളുമായി നേരിട്ട് കാണാൻ, ഇടപെടാൻ, യാത്ര ചെയ്യാൻ ഒക്കെ കഴിഞ്ഞിരുന്നു. പക്ഷേ, ഇന്ന് അവയെല്ലാം തേടുന്നതും നേടുന്നതും ഡിജിറ്റൽ ഉപകരണങ്ങളിലൂടെയാണ്. ഡിജിറ്റൽ ലോകത്ത് എത്ര മണിക്കൂറും സന്തോഷത്തോടെ ചെലവഴിക്കാനാവും. ഇതുമൂലം സമൂഹത്തിൽനിന്ന് ഒരു വ്യക്തി പതിയെ അകലുന്നു. ഒപ്പം സഹജീവികളുടെ വൈകാരിക അവസ്ഥകൾ മനസ്സിലാക്കാനും അതനുസരിച്ച് പ്രതികരിക്കാനും കഴിയാത്ത മനോനിലയിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു.
ഡിജിറ്റൽ ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്നതുമൂലം രൂപപ്പെടുന്ന എടുത്തുചാട്ട സ്വഭാവം അപകടകരമാണ്. ആഗ്രഹങ്ങൾ തോന്നുന്നതിനും അതു സഫലമാവുന്നതിനും തമ്മിലെ ഇടവേള ഇല്ലാതാവുന്നു. ഭക്ഷണം ഓർഡർ ചെയ്താൽ, സിനിമ കാണാൻ ആഗ്രഹിച്ചാൽ, പ്രണയം തോന്നിയാൽ... എല്ലാം വേഗത്തിൽ നിറവേറണമെന്ന ചിന്ത. പണ്ട് മനസ്സിൽ ഇത്തരം ആഗ്രഹങ്ങൾ തോന്നിയാൽ നിറവേറുന്നതിന് സമയദൈർഘ്യമുണ്ടായിരുന്നു. ഈ ദൈർഘ്യത്തിനിടയിൽ ആഗ്രഹം സാധ്യമാവാം, ആകാതിരിക്കാം. എന്തുതന്നെയായാലും പൊരുത്തപ്പെടാൻ മനസ്സിന് കഴിഞ്ഞിരുന്നു.
ആഗ്രഹം നിറവേറിയില്ലെങ്കിലും മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്തു സന്തോഷം കണ്ടെത്തുന്ന രീതിയിലേക്ക് മനസ്സ് പാകപ്പെട്ടു. ഇപ്പോൾ എല്ലാം ഇൻസ്റ്റന്‍റ് ആയപ്പോൾ എന്ത് ആഗ്രഹമുണ്ടെങ്കിലും രണ്ട് ക്ലിക്ക് നൽകിയാൽ നടപ്പിലാകണമെന്നായി. ആഗ്രഹിക്കുന്നത് നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം എന്ന ന്യായമായ സാധ്യതയുമായി പൊരുത്തപ്പെടാൻ തലച്ചോറിന് സമയം കിട്ടുന്നില്ല. ആഗ്രഹങ്ങൾ നിഷേധിക്കപ്പെടുന്ന ഘട്ടത്തിൽ എടുത്തുചാടിയുള്ള പ്രതികരണങ്ങൾ ഉണ്ടാവുന്നു. മറ്റുള്ളവരെ ഉപദ്രവിക്കാനോ കൊല്ലാനോ അവനവനെത്തന്നെ ഇല്ലായ്മ ചെയ്യാനോ ഒരുെമ്പടുന്ന സ്ഥിതിയിലേക്ക് പോവുന്നു. ഇതാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾക്കും സമാന സംഭവങ്ങൾക്കും ഹേതുവാകുന്ന പശ്ചാത്തലങ്ങളിലൊന്ന്. ഇതോടൊപ്പം ലഹരിയുടെ ഉപയോഗം കൂടിയാവുമ്പോൾ ആത്മനിയന്ത്രണത്തിന്‍റെ മസ്തിഷ്ക കേന്ദ്രങ്ങൾ തകരാറിലേക്ക് പോകുന്നു. മനസ്സിൽ തോന്നുന്ന കാര്യങ്ങൾ നടപ്പായില്ലെങ്കിൽ വർധിച്ച കോപവും അനുബന്ധമായി മറ്റു പ്രതികരണങ്ങളും ഉണ്ടാകുന്നു.
വീടുകളിലെ അന്തരീക്ഷത്തിൽ വന്ന മാറ്റവും ഗൗരവത്തോടെ കാണണം. മാതാപിതാക്കളും കുട്ടികളും തമ്മിൽ ഫലപ്രദമായ ആശയവിനിമയം നടക്കുന്നില്ല. കുട്ടികൾ കൗമാരത്തിലേക്ക് എത്തുമ്പോൾതന്നെ മാതാപിതാക്കൾ അവരിൽനിന്ന് മാനസികമായി അകലുന്നു. വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം വൈകാരിക ആവശ്യങ്ങൾ നിറവേറ്റുകകൂടി തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പല മാതാപിതാക്കളും കരുതുന്നില്ല. അങ്ങനെ വരുമ്പോൾ അതും കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകും. കുട്ടികൾ ഡിജിറ്റൽ ലോകത്ത് ബന്ധങ്ങളോ സൗഹൃദങ്ങളോ കണ്ടെത്തി അതിലേക്ക് പോകും. അത് ലഹരിയുടെ വഴിയാകാം, അല്ലെങ്കിൽ അനാരോഗ്യകരമായ മറ്റു രീതികളാവാം. പലപ്പോഴും ചെറുപ്പക്കാരുടെ മനസ്സിൽ എന്താണെന്ന് മാതാപിതാക്കൾ പോലും അറിയാത്ത സാഹചര്യമുണ്ട്.
‘നോ’ എന്ന ഉത്തരം സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നമ്മുടെ യുവത്വം എത്തിയിരിക്കുന്നു. പ്രതിവിധി മൂന്നു തലത്തിലാവാം. വീടുകളിൽനിന്ന് ആരംഭിക്കാവുന്നതാണ് ഒന്ന്. വീടുകളിൽ ഒരു മണിക്കൂറെങ്കിലും മക്കളോടൊപ്പം ചെലവിടാനും അവരെ കേൾക്കാനും മാതാപിതാക്കൾ തയാറാകണം. ഉപദേശിക്കാനുള്ള സമയമാവരുത് ഇത്. കുട്ടികൾക്ക് പറയാനുള്ള ആശങ്കകൾ ശ്രദ്ധാപൂർവം കേൾക്കണം. തങ്ങളെ കേൾക്കുന്നില്ലെന്ന പരാതി ചെറുപ്പക്കാർക്കുണ്ട്. ക്ഷമയോടെ കേട്ടു വേണ്ട നിർദേശങ്ങളിലേക്ക് പോവുകയാണ് വേണ്ടത്.
ലഹരിവസ്തുക്കൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ മൂലമുണ്ടാവുന്ന പെരുമാറ്റ പ്രശ്നങ്ങളെക്കുറിച്ച് സ്കൂൾ തലത്തിൽതന്നെ കുട്ടികൾക്ക് അവബോധം നൽകണം. അമിത ഉപയോഗം തലച്ചോറിന്‍റെ പ്രവർത്തനത്തെ ബാധിക്കുകയും പെരുമാറ്റ വൈകല്യങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു എന്നു ബോധ്യപ്പെടുത്തണം. വിദ്യാലയങ്ങളിൽ ജീവിത നിപുണതാ വിദ്യാഭ്യാസം (ലൈഫ് സ്കിൽ എജുക്കേഷൻ) വേണം. ജീവിതത്തിലെ പുതുമയുള്ള സന്ദർഭങ്ങളോ പ്രയാസമുള്ള സന്ദർഭങ്ങളോ തരണം ചെയ്യാൻ വ്യക്തി ആർജിക്കേണ്ട കഴിവുകളാണിത്. ഇതു പാഠ്യപദ്ധതിയുടെ ഭാഗമായിതന്നെ നടപ്പാക്കണം. അതിനൊരു ഗ്രേഡിങ് കൊടുക്കുകയുമാവാം. എങ്കിൽ മാത്രമേ അതു ഗൗരവമായി എടുക്കുന്ന സാഹചര്യമുണ്ടാവൂ.
പൊതുവേ മൂന്നു കാര്യങ്ങളിലെ സാക്ഷരത വേണം. മാനസിക ആരോഗ്യ സാക്ഷരത, നിയമ സാക്ഷരത, സൈബർ സാക്ഷരത. ഈ മൂന്നു കാര്യങ്ങളും സമൂഹത്തിൽ പൊതുവേ വരേണ്ടതാണ്. അതിന് ആവശ്യമായ ബോധവത്കരണം അനിവാര്യമാണ്.
- മാതാപിതാക്കളും കുട്ടികളും തമ്മിൽ ഫലപ്രദമായ ആശയവിനിമയം നടക്കുന്നില്ല. കുട്ടികൾ കൗമാരത്തിലേക്ക് എത്തുമ്പോൾതന്നെ മാതാപിതാക്കൾ അവരിൽനിന്ന് മാനസികമായി അകലുന്നു. വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം വൈകാരിക ആവശ്യങ്ങൾ നിറവേറ്റുകകൂടി തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പല മാതാപിതാക്കളും കരുതുന്നില്ല
●തയാറാക്കിയത്: എസ്. ഷാജിലാൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.