അപരവിദ്വേഷം പുരസ്കരിക്കപ്പെടുന്ന റിപ്പബ്ലിക്
text_fieldsരാമക്ഷേത്ര പ്രക്ഷോഭത്തിന്റെ ഭാഗമായി ഡൽഹി ബോട്ട് ക്ലബ്
മൈതാനിയിൽ വി.എച്ച്.പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുന്ന സാധ്വി ഋതംഭര
1991ലെ ചെറിയപെരുന്നാൾ രാവ്. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് അന്ന് ഇൻഡോർ നഗരത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന മുസ്ലിംകളും ആഘോഷനിറവിൽ മുഴുകേണ്ടതായിരുന്നു. 18ാം നൂറ്റാണ്ടിലെ നിർമിതിയായ രാജ്വാഡാ കൊട്ടാരവും ബസാർ ആകമാനവും വർണദീപങ്ങളാൽ വിളങ്ങുകയായിരുന്നു. മുസ്ലിംകൾക്ക് മാത്രം അതൊന്നും ആസ്വദിക്കാൻ പറ്റുമായിരുന്നില്ല. പൊതുതെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ആ രാത്രി രാജ്വാഡ ചൗക്ക് ബി.ജെ.പിയുടെ ഒരു താരപ്രചാരകക്കായി ഉഴിഞ്ഞുവെച്ചിരിക്കുകയായിരുന്നു. അക്കാലത്ത് പാരമ്യത്തിൽ നിന്നിരുന്ന രാമജന്മഭൂമി പ്രക്ഷോഭത്തിന് തുടക്കം കുറിച്ച വിശ്വഹിന്ദുപരിഷത്തിന്റെ മുൻനിരക്കാരി സ്വാധി ഋതംഭരയായിരുന്നു ആ പ്രചാരക.
അന്നേതന്നെ ഋതംഭര കുപ്രസിദ്ധയാണ്. ഏറെ ഡിമാന്റുള്ള അയോധ്യ വിഷയത്തിലെ അവരുടെ പ്രസംഗത്തിന്റെ കാസറ്റുകൾ ഡൽഹിയിൽ നിരോധിച്ചിരുന്നു. അന്നത്തെ ബി.ജെ.പി പ്രസിഡന്റ് എൽ.കെ. അദ്വാനിയുടെ രഥയാത്രയുൾപ്പെടെ അയോധ്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ട് റാലികൾക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട രണ്ട് കലാപങ്ങളിലായി 54 ആളുകളുടെ ജീവൻ നഷ്ടപ്പെട്ട നടുക്കത്തിൽനിന്ന് നഗരം മെല്ലെ കരകയറി വരുന്നതേയുണ്ടായിരുന്നുള്ളൂ. മധ്യപ്രദേശ് ഭരിച്ചിരുന്നത് ബി.ജെ.പിയായിരുന്നത് കൊണ്ടാവാം ഇങ്ങനെയൊരു പശ്ചാത്തലം നിലനിന്നിട്ടുപോലും പെരുന്നാൾകാലത്ത് സംഘടിപ്പിച്ച ഋതംഭരയുടെ റാലിക്ക് ഇന്ദോർ പൊലീസ് അനുമതി നൽകി. ഹിന്ദുരാഷ്ട്ര തലസ്ഥാനത്തേക്ക് സ്വാഗതം എന്നെഴുതിയ ബാനറുകളാണ് അന്ന് ഭോപാലിലേക്ക് വരുന്നവരെ വരവേറ്റത്. ബി.ജെ.പിക്ക് ഇതുമായി ബന്ധമില്ലെന്ന് പറഞ്ഞ് മുതിർന്ന ആർ.എസ്.എസുകാരനായ അന്നത്തെ മുഖ്യമന്ത്രി സുന്ദർലാൽ പട് വ റാലിയിൽനിന്ന് വിട്ടുനിന്നു.
അനുമതി നൽകിയില്ലെങ്കിലും വി.എച്ച്.പി എന്തുവിലകൊടുത്തും റാലി നടത്തുമായിരുന്നുവെന്നും ഋതംബരയെ പ്രസംഗിക്കാൻ അനുവദിച്ച് ആവശ്യമെങ്കിൽ നടപടിയെടുക്കലാവും സുരക്ഷിതമെന്നുമാണ് അന്നൊരു പൊലീസുദ്യോഗസ്ഥൻ ഈ കുറിപ്പുകാരിയോട് പറഞ്ഞത്. ഏതാണ്ട് കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും വിദ്വേഷ റാലികളോട് നമ്മുടെ സംവിധാനങ്ങളുടെ സമീപനം അതേപടി തുടരുകയാണ്; നടക്കാൻ അനുവദിക്കുകതന്നെ. അന്നും ഇന്നും തമ്മിലുള്ള കാര്യമായ മാറ്റം പൊലീസ് അനുമതി നിഷേധിച്ചാൽ സംഘാടകർ പേശിബലം കാണിക്കാൻ നിൽക്കാതെ കോടതിയെ സമീപിക്കും എന്നതാണ്, അതിന്റെ ഫലസിദ്ധി സംബന്ധിച്ച ആത്മവിശ്വാസം കൊണ്ടാവാമത്.
2023 ആഗസ്റ്റിൽ ഡൽഹി, 2024 ജനുവരിയിൽ യവത്മാൽ (മഹാരാഷ്ട്ര), റായ്പൂർ (ഛത്തിസ്ഗഢ്), 2023 ഫെബ്രുവരിയിലും 2024 മാർച്ചിലും മുംബൈ എന്നിവിടങ്ങളിലെല്ലാം വിദ്വേഷ പ്രസംഗം പാടില്ലെന്ന വ്യവസ്ഥയോടെ ഇത്തരം റാലികൾ അനുവദിക്കാൻ കോടതികൾ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ആ വ്യവസ്ഥ സദാ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേസ് ഫയൽ ചെയ്യുന്നതിനപ്പുറം ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല.
ഋതംഭര ഇന്ദോറിൽ പ്രസംഗിക്കാൻ വരുമ്പോൾ അവർക്കെതിരെ 12 കേസുകളുണ്ടായിരുന്നു. നാൽപത് വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാർ മാത്രം നിറഞ്ഞ സദസ്സിന് മുമ്പാകെ സരസ്വതിയും ശക്തിയും ഒത്തുചേർന്നയാൾ എന്ന് പരിചയപ്പെടുത്തിയ പ്രാസംഗികയിൽനിന്ന് പുറത്തുവന്നത് ആ രണ്ട് ദേവതകളും ഉൾക്കൊള്ളുന്ന ഗുണങ്ങളല്ല, മറിച്ച് അധിക്ഷേപങ്ങളും അക്രമം നടത്താനുള്ള ഉപദേശങ്ങളും മാത്രമാണ്.
പ്രധാനമന്ത്രി സ്ഥാനം വിട്ടൊഴിയാൻ നിർബന്ധിതനായ ജനതാദൾ നേതാവ് വി.പി. സിങ്ങിനും 1990 ഒക്ടോബറിൽ ബാബരി മസ്ജിദിന് നാശംവരുത്തിയ വി.എച്ച്.പി പ്രവർത്തകർക്കുനേരെ വെടിവെക്കാൻ യു.പി മുഖ്യമന്ത്രി എന്ന നിലയിൽ പൊലീസിന് ഉത്തരവ് നൽകിയ മുലായം സിങ് യാദവിനെയും ഹിജഡകൾ എന്ന് വിശേഷിപ്പിച്ച് സംസാരിച്ച ഋതംബര ‘നിയമവിരുദ്ധമായ’ പള്ളികൾ നശിപ്പിക്കാനും അവ നിലകൊള്ളുന്ന ഭൂമി പിടിച്ചെടുക്കാനും കേൾവിക്കാരോട് ആഹ്വാനം ചെയ്തു.
അയോധ്യയിലെ തർക്കഭൂമിയിൽ കണ്ണുവെക്കുന്നവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കണമെന്നും അവരെ ജീവനോടെ വിട്ടുകൂടെന്നും ഉപദേശിച്ചാണ് അവരുടെ പ്രസംഗം അവസാനിപ്പിച്ചത്.
എൽ.കെ. അദ്വാനിയുടെ കൂറ്റൻ ഛായാചിത്രം സ്ഥാപിച്ചിരുന്ന വേദിയിൽനിന്ന് അവർ നടത്തുന്ന ഉദ്ബോധനങ്ങൾക്ക് മറുപടിയായി ‘ജയ് സിയാ റാം’ വിളികൾ മുഴങ്ങി -അന്നൊന്നും ആ ജനപ്രിയ അഭിവാദ്യം ഒരു പോർവിളിയായി പരിവർത്തിക്കപ്പെട്ടിരുന്നില്ല.
തീനാവുകളുടെ അടുത്ത തലമുറ
ഏതാണ്ട് 25 വർഷങ്ങൾക്കുശേഷം, മഹാരാഷ്ട്ര നിയമസഭ പ്രചാരണം അതിന്റെ ഉച്ഛസ്ഥായിയിൽ നിൽക്കെ ഈ റാലിയുടെ പ്രതിധ്വനികൾ മുംബൈയിലും കേൾക്കാനായി. കഴിഞ്ഞവർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ അസദുദ്ദീൻ ഉവൈസിയോട് പരാജയപ്പെട്ട ബി.ജെ.പി സ്ഥാനാർഥി മാധവി ലത കഴിഞ്ഞ നവംബറിൽ ഒരു ക്ഷേത്രത്തിനുള്ളിൽ ഒരു ചെറിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തിരുന്നു. സകൽ ഹിന്ദു സമാജ് സംഘടിപ്പിച്ച ഈ പരിപാടിയിൽനിന്ന് ബി.ജെ.പി വിട്ടുനിന്നിരുന്നുവെങ്കിലും മാധവി ലത തന്റെ രാഷ്ട്രീയ ഉദ്ദേശ്യം മറച്ചുവെച്ചിരുന്നില്ല.
നിങ്ങളുടെ തീരുമാനം ഈ നഗരത്തിന്റെയും സംസ്ഥാനത്തിന്റെയും ഭാവി നിർണയിക്കുമെന്ന് കേൾവിക്കാരോട് പറഞ്ഞുകൊണ്ട് സംസാരം തുടങ്ങിയ ലത, ‘രാക്ഷസ സമുദായത്തെ നശിപ്പിക്കാൻ ത്രേതായുഗത്തിൽനിന്ന് രാമനെ കൊണ്ടുവന്ന’ ‘ഗുജറാത്തിൽനിന്നുള്ള ബഡാ ഭായിയെയും മോട്ടാ ഭായിയെയും’ പുകഴ്ത്തി. ഹിന്ദിയും തെലുഗുവും ചേർന്ന പ്രസംഗത്തിൽ പാട്ടുകളും പ്രത്യുത്തരങ്ങളും കൗതുകപൂർണമായ ചേഷ്ടകളുമെല്ലാം കലർത്തി അവർ ‘ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, വോട്ട് ജിഹാദ്’ എന്നിവയെക്കുറിച്ച് വിവരിച്ചു. ‘ഇസ്ലാംവാല’കളുമായി അടുപ്പമുള്ള ‘ഔറംഗസീബ് സർക്കാറിനെ’ ജയിക്കാൻ അനുവദിച്ചാൽ ഹിന്ദുക്കൾക്ക് ജോലിയും മതപരമായ ഉത്സവങ്ങളും നഷ്ടമാകുമെന്നും മുംബൈയിൽനിന്ന് പുറത്താക്കപ്പെടുമെന്നും അവർ മുന്നറിയിപ്പ് നൽകി.
‘നിങ്ങളുടെ വിരലിനെ വാളാക്കി മാറ്റുക, മഹാരാഷ്ട്ര തനിക്കുവേണ്ടി പ്രതികാരം ചെയ്തുവെന്ന് സാംഭാജി മഹാരാജിന് തോന്നട്ടെ’ (ഛത്രപതി ശിവജിയുടെ മകനായ സാംഭാജി മഹാരാജ് ഔറംഗസേബിന്റെ കൽപനപ്രകാരമാണ് വധിക്കപ്പെട്ടത്) എന്നു പറഞ്ഞാണ് അവർ സംസാരം നിർത്തിയത്. ക്ഷേത്രത്തിൽ നടന്ന ഈ പരിപാടി ഒരു തെരഞ്ഞെടുപ്പ് പ്രചാരണയോഗമായി കണക്കാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമീഷൻ പ്രതിനിധികളാരും അവിടെയുണ്ടായിരുന്നില്ല. അവിടെ സന്നിഹിതരായിരുന്ന പൊലീസുകാരാവട്ടെ നടപടി കൈക്കൊള്ളുമോ എന്ന് ഈ കുറിപ്പുകാരിയുടെ ചോദ്യം കേട്ടതായിപ്പോലും നടിച്ചില്ല. ബി.ജെ.പി മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിന്റെ ഭാഗമായിരുന്നതിനാലാണ് പൊലീസ് നിഷ്ക്രിയത്വം പുലർത്തിയത് എന്ന് പറയാം. എന്നാൽ, കോൺഗ്രസ് ഭരണകാലത്തും വിദ്വേഷ പ്രസംഗകർ ശിക്ഷിക്കപ്പെടാറില്ലായിരുന്നു.
ശിവസേന സ്ഥാപക മേധാവി ബാൽ താക്കറെ മുതൽ ഹിന്ദു രാഷ്ട്രസേന സ്ഥാപകൻ ധനഞ്ജയ് ദേശായിവരെ സകല ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാർക്കും മഹാരാഷ്ട്രയിൽ സർവ സ്വാതന്ത്ര്യമായിരുന്നു. പുണെയിൽ ഐ.ടി പ്രഫഷനലായിരുന്ന മുഹ്സിൻ ശൈഖിന്റെ കൊലപാതകത്തിനും വർഗീയ വിദ്വേഷം വളർത്തിയതിനും 2014ൽ അറസ്റ്റിലാകുമ്പോൾ ദേശായിക്കെതിരെ 23 കേസുകളുണ്ടായിരുന്നു. കൊലപാതക കേസിൽനിന്ന് 2023ൽ അയാൾ കുറ്റമുക്തനാക്കപ്പെട്ടു. മറ്റുള്ള കേസുകളിലാവട്ടെ വിചാരണപോലും നേരിടേണ്ടിവന്നില്ല.
ചാർജ് ചെയ്ത കേസുകളിൽ പകുതിയിലെങ്കിലും വിചാരണ ചെയ്യപ്പെട്ടിരുന്നെങ്കിൽ ഋതംബര അയോധ്യ പ്രസ്ഥാനത്തിന്റെ പ്രധാനികളിലൊരാളായി മാറില്ലായിരുന്നു. ബാബരി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഋതംഭര ഉൾപ്പെടെ 32 പ്രതികളെയും 2020ൽ സി.ബി.ഐ കോടതി കുറ്റമുക്തരാക്കി.
സാധ്വി ഋതംഭര മുതൽ മാധവി ലതവരെയും ഉമാഭാരതിമുതൽ സാധ്വി നിരഞ്ജൻ ജ്യോതിവരെയും ഇത്തരം പ്രാസംഗികരുടെ നീണ്ടനിരതന്നെയുണ്ട്. ഇക്കൂട്ടത്തിലെ ആദ്യ പേരുകാരി 75ാമത് റിപ്പബ്ലിക് ദിനത്തിൽ പത്മഭൂഷൺ ബഹുമതികൊണ്ട് പുരസ്കരിക്കപ്പെട്ടു.
കയ്പേറിയ ചരിത്രത്തിന് അടിവരയിട്ടുകൊണ്ട് രാമക്ഷേത്ര പ്രതിഷ്ഠയുടെ ഒന്നാം വാർഷികവേളയിൽ ഋതംബര പുരസ്കരിക്കപ്പെടുന്നത് തികച്ചും അനുയോജ്യമായി. നമ്മുടെ റിപ്പബ്ലിക് ഭരണഘടനയിൽനിന്ന് എത്രകണ്ട് അകന്നുപോയി എന്നതിന്റെ വാചാലമായ പ്രതീകം കൂടിയാണ് ഈ ബഹുമതി.
(മുതിർന്ന മനുഷ്യാവകാശ- മാധ്യമപ്രവർത്തകയായ ലേഖിക newslaundry.comൽ എഴുതിയത്).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.