വിദേശത്തെ ‘ഇന്ത്യൻ വംശജരും’ സ്വദേശി മാധ്യമ പ്രതിനിധാനങ്ങളും
text_fieldsഅന്താരാഷ്ട്ര വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ മലയാള മാധ്യമങ്ങളിലും മറ്റു ഇന്ത്യൻ മാധ്യമങ്ങളിലും പതിവായി പ്രത്യക്ഷപ്പെടുന്ന ഒരു പ്രയോഗമാണ് ‘ഇന്ത്യൻ വംശജർ’. യഥാർത്ഥത്തിൽ എന്താണ് ഈ ഇന്ത്യൻ വംശജർ? പ്രത്യേകിച്ച് രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും ബിസിനസ് സംരംഭങ്ങളിലും വിജയം കൈവരിക്കുന്നവരുടെ ഇന്ത്യയിലെ കുടുംബവേരുകൾ തേടിക്കൊണ്ടാണ് ഈ പ്രയോഗം പ്രത്യക്ഷപ്പെടാറുള്ളത്.
ഇതിന് ഒരു മറുവശവുമുണ്ട്. ഇന്ത്യൻ പശ്ചാത്തലമുള്ളവർ ക്രിമിനൽ പ്രവർത്തനങ്ങളിലോ സാമൂഹികവും രാഷ്ട്രീയവുമായ അതിക്രമങ്ങളിലോ ഉൾപ്പെടുമ്പോൾ, അവരുടെ ഇന്ത്യൻ വേരുകൾക്ക് ഇതേ പ്രാധാന്യം ലഭിക്കാറുണ്ടോ? നേട്ടങ്ങളെ ഇന്ത്യക്കാരുടെ നേട്ടമായി അവതരിപ്പിക്കുമ്പോൾ പ്രകടമാകുന്ന ഈ താൽപര്യം മറ്റു സന്ദർഭങ്ങളിൽ കാണാതാകുന്നത് എന്തുകൊണ്ടാണ്? അതായത്, ഇന്ത്യക്കാരുടെ അഭിമാനിക്കാവുന്ന ദേശീയ നേട്ടം എന്ന രീതിയിലാണ് ‘ഇന്ത്യൻ വംശജർ’ പലപ്പോഴും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഈ തിരഞ്ഞെടുക്കപ്പെട്ട ഉപയോഗമാണ് ഇവിടെ ഒരു പ്രശ്നം.
അതുകൊണ്ട് ‘ഇന്ത്യൻ വംശജർ’ എന്ന പ്രയോഗത്തിന്റെ അർഥം പരിശോധിക്കുന്നതിനൊപ്പം, ഇന്ത്യയിൽ നിലനിൽക്കുന്ന സാമൂഹിക ആധിപത്യങ്ങളെയും രാഷ്ട്രീയ പ്രവണതകളെയും ഉൾക്കൊള്ളുന്ന ഒരു പ്രയോഗമായി അതിനെ തിരിച്ചറിയേണ്ടതുണ്ട്. ‘ബ്രൗൺ സാഹിബ്’ തുടങ്ങിയ വിശേഷണങ്ങളിലൂടെ ഉയർന്നുവന്ന കോളനിയാനന്തര വിമർശനങ്ങളും ഈ സാഹചര്യത്തിൽ പരിശോധിക്കാവുന്നതാണ്. വിദേശത്ത് അധികാരസ്ഥാനങ്ങളിലെത്തുന്ന ഒരാളുടെ ഇന്ത്യൻ വേരുകൾ ആഘോഷിക്കുമ്പോൾ, അയാൾ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക നിലയെയും രാഷ്ട്രീയത്തെയും എങ്ങനെയാണ് നാം വിലയിരുത്തുന്നത്?
അമേരിക്കയിലെ ഇന്ത്യക്കാരെക്കുറിച്ചുള്ള പ്രബലമായ ഒരു വാർപ്പുമാതൃക, അവർ ബുദ്ധിശക്തിയും കഠിനാധ്വാനശേഷിയുമുള്ള ഒരു ‘മാതൃകാ ന്യൂനപക്ഷം’ ആണെന്നതാണ്. എന്നാൽ ഈ മാതൃകാ ന്യൂനപക്ഷ നിർമിതിയുടെ രാഷ്ട്രീയം എന്താണ്? ഇന്ത്യക്കാരുടെ വിജയത്തെ അവരുടെ ബുദ്ധിയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായി മാത്രം അവതരിപ്പിക്കുമ്പോൾ, കറുത്തവരും ലാറ്റിനോകളും ഉൾപ്പെടെയുള്ള മറ്റു സാമൂഹികവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയെ അവരുടെ വ്യക്തിപരമായ പരാജയമായി ചിത്രീകരിക്കാൻ അത് ഉപയോഗിക്കപ്പെടുന്നില്ലേ?
വിജയ് പ്രഷാദിന്റെ 'The Karma of Brown Folk' (2000) പരിശോധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഇതാണ്. ദക്ഷിണേഷ്യക്കാരെ സ്വാഭാവികമായും വിജയിക്കുന്നവരും നിലവിലുള്ള വ്യവസ്ഥയോട് പൊരുത്തപ്പെടുന്നവരുമായ ഒരു മാതൃകാ ന്യൂനപക്ഷമായി അവതരിപ്പിക്കുന്നതിനെ അദ്ദേഹം വിമർശിക്കുന്നു. കറുത്തവരുടെ വിമോചനസമരങ്ങളോടുള്ള പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസാദ് ഈ നിർമിതിയെ പരിശോധിക്കുന്നത്. അതായത്, ദക്ഷിണേഷ്യക്കാരുടെ വിജയത്തെക്കുറിച്ചുള്ള പ്രശംസ മറ്റൊരു വിഭാഗത്തിനെതിരായ വംശീയതയെ ന്യായീകരിക്കുന്നതിനുള്ള ഉപാധിയായും പ്രവർത്തിക്കാം. അതേസമയം, കറുത്തവരും ദക്ഷിണേഷ്യക്കാരും തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെ ചരിത്രവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് അമേരിക്കയിലെ ഇന്ത്യക്കാരുടെ രാഷ്ട്രീയം മുഴുവൻ ഒരേ സ്വഭാവമുള്ളതാണെന്നും കരുതേണ്ടതില്ല (Prashad, 2000).
ഇതുപോലെത്തന്നെ, ഇന്ത്യക്കാരുടെ വിജയത്തെ അവരുടെ സ്വാഭാവികമായ ബുദ്ധിശക്തിയുടെയും കഠിനാധ്വാനത്തിന്റെയും തെളിവായി കാണുന്നതിലെ പ്രശ്നം വ്യക്തമാക്കുന്ന മറ്റൊരു പഠനമാണ് സഞ്ജോയ് ചക്രവർത്തി, ദേവേഷ് കപൂർ, നിർവികാർ സിങ് എന്നിവരുടെ 'The Other One Percent: Indians in America' (2017). അമേരിക്കൻ കുടിയേറ്റനയം, കുടിയേറ്റത്തിലെ തിരഞ്ഞെടുക്കൽ പ്രക്രിയകൾ, ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസനയം, വിവരസാങ്കേതിക വ്യവസായത്തിന്റെ വളർച്ച തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെടുത്തിയാണ് അവർ ഈ വിജയത്തെ വിശദീകരിക്കുന്നത്. അപ്പോൾ അമേരിക്കയിലെത്തിയ ഒരു പ്രത്യേക വിഭാഗത്തിന്റെ നേട്ടങ്ങളെ ഇന്ത്യക്കാരുടെയെല്ലാം സ്വാഭാവിക സവിശേഷതയായി അവതരിപ്പിക്കുന്നതിൽ എന്ത് അർഥമാണുള്ളത്? അവരുടെ വിജയത്തിന് അവസരമൊരുക്കിയ സാമൂഹികവും സ്ഥാപനപരവുമായ സാഹചര്യങ്ങളും പരിശോധിക്കേണ്ടതില്ലേ?
ഇവിടെ ജാതിയുടെ പ്രശ്നവും വരുന്നുണ്ട്. അജന്ത സുബ്രഹ്മണ്യന്റെ 'The Caste of Merit: Engineering Education in India' (2019), സാങ്കേതികവിദ്യാഭ്യാസത്തെയും ‘മെറിറ്റ്’ എന്ന ആശയത്തെയും മുൻനിർത്തി ജാതിപദവികൾ എങ്ങനെയാണ് ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷനൽ മേഖലകളിൽ നിലനിർത്തപ്പെടുന്നുവെന്ന് പരിശോധിക്കുന്നു. ചരിത്രപരമായി ലഭിച്ച സാമൂഹിക ആനുകൂല്യങ്ങൾ വ്യക്തിപരമായ കഴിവിന്റെ ഭാഷയിൽ അവതരിപ്പിക്കപ്പെടുന്നതാണ് ഇതിലെ പ്രധാന പ്രശ്നം.
ഈ പഠനത്തെ നമ്മുടെ ചർച്ചയുമായി ബന്ധിപ്പിക്കുമ്പോൾ മറ്റൊരു ചോദ്യം ഉയരുന്നുണ്ട്. ഇന്ത്യൻ വംശജരുടെ ഐ ടി / എഞ്ചിനീയറിംഗ് മേഖലയിലെ മികവ് എന്ന് മാധ്യമങ്ങൾ ആഘോഷിക്കുന്നതിൽ, അവരുടെ വിദ്യാഭ്യാസാവസരങ്ങളും കുടുംബവിഭവങ്ങളും ജാതി–വർഗ ആനുകൂല്യങ്ങളും എത്രത്തോളം പരിശോധിക്കപ്പെടുന്നുണ്ട്? സവർണർക്ക് സാമൂഹികമായി ലഭിച്ച അവസരങ്ങളെ മുഴുവൻ വ്യക്തിയുടെ കഴിവായി അവതരിപ്പിക്കുകയല്ലേ പലപ്പോഴും ചെയ്യുന്നത് ?
അതുപോലെ, ഒരേ ഇന്ത്യൻ വേരുകളുണ്ടെന്നതുകൊണ്ട് ഒരേ രാഷ്ട്രീയതാൽപര്യങ്ങളുണ്ടാകണമെന്നുമില്ല. സാങ്ഗേ കെ. മിശ്രയുടെ 'Desis Divided: The Political Lives of South Asian Americans' (2016) വ്യക്തമാക്കുന്നത് ഈ പ്രശ്നമാണ്. വർഗം, മതം, ജാതി, ഭാഷ, ദേശീയപശ്ചാത്തലം, ലിംഗം തുടങ്ങിയ വ്യത്യാസങ്ങൾ ദക്ഷിണേഷ്യൻ അമേരിക്കക്കാരുടെ രാഷ്ട്രീയപങ്കാളിത്തത്തെ രൂപപ്പെടുത്തുന്നുണ്ട്. ഒരു ടാക്സി തൊഴിലാളിയുടെയും ഒരു കോർപ്പറേറ്റ് മേധാവിയുടെയും അനുഭവങ്ങളെയും താൽപര്യങ്ങളെയും ഒരേ വംശീയപശ്ചാത്തലത്തിന്റെ പേരിൽ ഒന്നായി കാണാനാവില്ല. അതുകൊണ്ട് ‘ ഇന്ത്യൻ വംശജരുടെ രാഷ്ട്രീയം’ എന്നു പറയുമ്പോഴും അതിനുള്ളിലെ വ്യത്യാസങ്ങളും സംഘർഷങ്ങളും പരിശോധിക്കേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ, ഇന്ത്യൻ വംശജരെക്കുറിച്ച് അമേരിക്കൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ രാഷ്ട്രീയമായി സമീപിക്കാൻ നമ്മുടെ മാധ്യമങ്ങൾ തയ്യാറാകേണ്ടതുണ്ട്. ആരുടെ വിജയമാണ് ആഘോഷിക്കപ്പെടുന്നത്? ആ വിജയത്തിന് എന്ത് അർഥമാണ് നൽകപ്പെടുന്നത്? മറ്റു സാമൂഹികവിഭാഗങ്ങളെ വിലയിരുത്താനുള്ള മാനദണ്ഡമായി അത് എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത്? ഈ ചോദ്യങ്ങളൊക്കെ പ്രധാനമാണ്.
ഉദാഹരണമായി തമിഴ് വേരുകളുള്ള കമല ഹാരിസായാലും പാലക്കാടൻ ബന്ധമുള്ള വിവേക് രാമസ്വാമിയായാലും, അവർ സ്വീകരിക്കുന്ന രാഷ്ട്രീയനിലപാടുകളെ പരിശോധിക്കാതെ അവരുടെ ഇന്ത്യൻ വേരുകൾ മാത്രം അന്വേഷിക്കുന്നതിൽ എത്രത്തോളം പ്രസക്തിയുണ്ട്? ഡെമോക്രാറ്റിക് പാർട്ടിയിലും റിപ്പബ്ലിക്കൻ പാർട്ടിയിലും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. അവരുടെ നിലപാടുകളിലെ പിന്തിരിപ്പൻ പ്രവണതകളെ വിമർശിക്കാനുള്ള ബാധ്യത, ഇന്ത്യൻ കുടുംബവേരുകളെക്കുറിച്ചുള്ള ആഘോഷത്തിനിടയിൽ മറഞ്ഞുപോകരുത്.
പ്രത്യേകിച്ച് ഒരു വിഭാഗം മലയാള മാധ്യമങ്ങൾ വിവേക് രാമസ്വാമിയുടെ പാലക്കാടൻ മലയാളി വേരുകൾ അന്വേഷിക്കുമ്പോൾ, അദ്ദേഹം മുന്നോട്ടുവെക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് എന്ത് നിലപാടാണ് നാം സ്വീകരിക്കുന്നത്? അദ്ദേഹത്തിന്റെ രാഷ്ട്രീയചിന്തയിലെ ഫാസിസ്റ്റ് പ്രവണതകളെ പരിശോധിക്കാൻ ഈ വാർത്തകൾ ഇടം നൽകുന്നുണ്ടോ? അതോ മലയാളി വേരുകളുണ്ടെന്നതുതന്നെ അഭിമാനിക്കാനുള്ള കാരണമായി മാറുകയാണോ?
തീർച്ചയായും കൗതുകകരമായ ഒരു കുടുംബവാർത്ത എന്നതിനപ്പുറം, ‘ഇന്ത്യൻ വംശജർ’ എന്ന പ്രയോഗത്തിന് മാധ്യമങ്ങൾ എന്തുതരത്തിലുള്ള രാഷ്ട്രീയ അർഥമാണ് കൽപ്പിക്കുന്നതെന്ന് സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. ഒരാൾ ഇന്ത്യൻ വംശജനാണ് എന്നതുകൊണ്ടുമാത്രം അയാളുടെ അധികാരാരോഹണം നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാകുന്നതെങ്ങനെയാണ്? അയാൾ ആരുടെ താൽപര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും ആരുടെ അവകാശങ്ങൾക്കെതിരെയാണ് നിലകൊള്ളുന്നതെന്നും പരിശോധിക്കേണ്ടതില്ലേ? ഇന്ത്യൻ വംശജർ എന്ന പ്രായോഗത്തിൻ്റെ അഥവാ എത്നിക്ക് എന്ന പ്രായോഗത്തിൻ്റെ ഉള്ളിൽ മറഞ്ഞു കിടക്കുന്ന ജാതി / ലിംഗ അധികാരം വ്യത്യസ്തമായി പരിശോധിക്കാൻ മാധ്യമങ്ങൾക്കു കഴിയേണ്ടതുണ്ട്.
പഠനങ്ങൾ
1. Prashad, Vijay. 2000. The Karma of Brown Folk. University of Minnesota Press.
2. Chakravorty, Sanjoy, Devesh Kapur and Nirvikar Singh. 2017. The Other One Percent: Indians in America. Oxford University Press.
3. Subramanian, Ajantha. 2019. The Caste of Merit: Engineering Education in India. Harvard University Press.
4. Mishra, Sangay K. 2016. Desis Divided: The Political Lives of South Asian Americans. University of Minnesota Press.

