ഐ.എ.എസ് സടകുടഞ്ഞു, പിന്നെ വിരണ്ടു, തത്ത പിന്നെയും പറന്നു

'കൊടുത്താല്‍ കൊല്ലത്തും കിട്ടും' എന്നൊരു ചൊല്ല് തിരുവിതാംകൂര്‍ പ്രദേശത്ത് പണ്ടേയുണ്ട്.  കൊടുത്തത് ഹജൂര്‍ കച്ചേരിയില്‍ പോലും സമൃദ്ധമായി തിരിച്ചുകിട്ടും എന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയാണ് ജേക്കബ്ബ് തോമസ് എന്ന ‘പച്ചപ്പനംതത്ത’ ചെയ്തത്. താന്‍ തുറമുഖം ഡയറക്ടറായിരുന്ന കാലത്തെക്കുറിച്ച് ധനവകുപ്പു സെക്രട്ടറി തന്‍റെ കൈവശമുള്ള ഫിനാന്‍സ് ഇന്‍സ്പെക്ഷന്‍ വിങ്ങിനെകൊണ്ട് ഒരരവിരട്ടലിന്‍റെ മട്ടില്‍ ഒരന്വേഷണം നടത്തി. വിജിലന്‍സ് ഡയറക്ടറായ ജേക്കബ്ബ് തോമസ് വിരണ്ടില്ലെന്നു മാത്രമല്ല, തിരിച്ചും ഒരു പണി പണിതു. ആദ്യം ധനസെക്രട്ടറിക്ക്. പിന്നെ ഇനി അടുത്ത് ചീഫ് സെക്രട്ടറി ആകാന്‍ സാധ്യതയുള്ള ആരൊക്കെയുണ്ടോ അവര്‍ക്കെതിരെ എല്ലാം നിരത്തിപ്പിടിച്ച് പണിയാന്‍ തീരുമാനിച്ചു. ഇതാണുണ്ടായത്. 

കേസിന്‍റെ മെറിറ്റില്‍ നിന്നു കൊണ്ടുള്ള ഒരു പറച്ചിലാണ് മുകളിൽ പറഞ്ഞതെന്ന് തെറ്റിദ്ധരിക്കണ്ട. സാധാരണക്കാരന് കണ്ടാല്‍ തോന്നുത് ഇവിടെ പറഞ്ഞു എന്നേയുള്ളു. പനംതത്തയുടെ വിരട്ടല്‍ മെഗാ സീരിയല്‍ ആയിമാറാന്‍ പോകുന്നു എന്നും ഒരുദ്യോഗസ്ഥനും സ്വസ്ഥത കിട്ടാത്ത നാളുകളാണു വരാന്‍ പോകുന്നത് എന്നും കണ്ടറിഞ്ഞതിനാലാകാം ഹജൂര്‍ കച്ചേരിയിലെ ഐ.എ.എസ് സിംഹങ്ങള്‍ വിരണ്ടത്. സടകുടഞ്ഞ് സമരത്തിനങ്ങ് തീരുമാനിച്ചു. അതും ധനവകുപ്പു സെക്രട്ടറിയുടെ ഓഫീസില്‍. സമരങ്ങള്‍ ചെയ്തും കണ്ടും മനംമടുത്ത് സെക്രട്ടേറിയറ്റില്‍ ചേക്കേറി സ്വസ്ഥത പൂണ്ട പിണറായി വിജയനെ ഉടുക്കുകൊട്ടി പേടിപ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. തിരിച്ചു വിരട്ടിയ മുഖ്യമന്ത്രി തന്‍റെ വിജിലന്‍സ് തത്തയെ താന്‍ ക്ലിഫ് ഹൗസില്‍ പാലും പഴവും കൊടുത്ത് പൊന്നും കൂട്ടില്‍ പോറ്റുമെന്ന സൂചനയും നല്‍കിയാണ് മടക്കിവിട്ടത്. സമരനായകനായി ഉപരോധ്യനായ ധനസെക്രട്ടറി പിറ്റേന്ന് ഓഫീസില്‍ എത്തിയില്ല, റോഡ്ഫണ്ട് ബോര്‍ഡ് യോഗം നടന്നതുമില്ല. പിണക്കം കൊണ്ടാകാം.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടത് വലിയൊരു പരീക്ഷണത്തെയായിരുന്നു എന്ന് ഒറ്റനോട്ടത്തില്‍ വിലയിരുത്താം. നേരത്തേ പറഞ്ഞപോലെ ഐ.എ.എസ് എന്നത് സിംഹമടതന്നെയാണ്. മന്ത്രിമാരെ നേര്‍വഴിക്കും പിന്‍വഴിക്കും പിന്നെ പലവഴിക്കും നടത്താനും നേരും നുണയും സമയംപോലെ ഉപദേശിക്കാനും പിന്നെ ഭരണം പഠിപ്പിക്കാനും കഴിയുന്ന, സൃഷ്ടിക്കും സംഹാരത്തിനും കഴിവുള്ള മൂര്‍ത്തികള്‍. ഇടഞ്ഞാല്‍ ഇര പിടയും തീര്‍ച്ച. രാഷ്ട്രീയത്തിലെ പല ഭീകരരെയും ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തിട്ടുള്ള ഉപരിവര്‍ഗ ഉദ്യോഗസ്ഥര്‍. അവരെ വിരട്ടിയാല്‍ അവര്‍ കെണിയൊരുക്കും. അവര്‍ക്കു കീഴടങ്ങിയാല്‍ അതോടെ മുഖ്യമന്ത്രിക്കു വിലയില്ലാതാകും. അതറിയാവുന്നതിനാലാണ്, പിണറായി വിജയന്‍ തിരിച്ചു വിരട്ടി വിട്ടത്. 

ഐ.എ.എസ് സെക്രട്ടേറിയറ്റില്‍ വരേണ്യവര്‍ഗമാണ്. എന്നാല്‍ അവര്‍ക്കിടയിലുമുണ്ട് ചാതുര്‍വര്‍ണ്യം. വര്‍ണത്തില്‍ മുകളിലുള്ളവരെ തൊട്ടാലേ സമരവും പ്രതിഷേധവും ഉയരൂ. അതല്ലെങ്കില്‍ വയനാട് കലക്ടറായിരുന്ന ഭാസ്ക്കരന്‍ ഐ.എ.എസിനെ സസ്പെന്‍റ് ചെയ്തപ്പോള്‍ യൂണിയനും അസോസിയേഷനുമൊക്കെ സിനിമാകാണുകയായിരുന്നോ? അതങ്ങനെയാണ്. തമ്പ്രാന്‍മാരെ തോട്ടാലേ ഐക്യബോധം വേണ്ടതുള്ളു എന്നതാണ് പ്രവര്‍ത്തനനയം. അത്തരക്കാര്‍ക്കെ് എന്തെകിലും ഭീഷണിയുണ്ടായാല്‍  അവര്‍ക്ക് സര്‍ക്കാര്‍ ഓഫീസിനുള്ളിലും ചോരതിളക്കും ഞരമ്പുകളില്‍. പാവങ്ങളും  കണ്‍ഫേര്‍ഡും ആയ ഐ.എ.എസുകാരെ അവര്‍ തീണ്ടാപ്പാടകലത്തേ നിര്‍ത്തൂ. പന്തിയില്‍ അവര്‍ക്കൊന്നും വിളമ്പുകയുമില്ല. 

പണ്ടൊരിക്കല്‍, എന്നു പറഞ്ഞാല്‍ 2002ല്‍  ഒരു സമരം നടന്നു. നമ്മുടെ കൊച്ചു കേരളത്തില്‍. എ.കെ.ആന്‍റണിയായിരുന്നു മുഖ്യമന്ത്രി. ചെലവുചുരുക്കലിനായി ജീവനക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറച്ചു എന്നതായിരുന്നു സമരകാരണം. ആവശ്യങ്ങള്‍ പതിനെട്ടുണ്ടായിരുന്നു. ഭരണകൂടം ഒത്തു തീര്‍പ്പീനു തുനിഞ്ഞപ്പോള്‍ ഐ.എ.എസ് തമ്പുരാക്കള്‍ എതിര്‍ത്തു. ഇന്നത്തെ സമരനായകരും അന്ന് എതിര്‍പ്പിനു മുന്നില്‍ നിന്നു. ജീവനക്കാര്‍ക്ക് ഡയസ്നോണും ക്രമിനല്‍കേസും നല്‍കാനായിരുന്നു അന്നത്തെ ഉന്നതബ്യൂറോക്രസി മുഖ്യമന്ത്രിയെ ഉപദേശിച്ചത്. കയ്യില്‍ കാശില്ലാതാകുമ്പോള്‍, ക്രിമിനല്‍ കേസുകള്‍ തുടരുമ്പോള്‍ ഗതികിട്ടാതെ തെണ്ടിത്തിരിഞ്ഞ് ഓഫീസില്‍ കയറിക്കൊള്ളുമെന്നായിരുന്നു, ‘ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ’ ഉപദേശം. 32 ദിവസം  ജീവനക്കാര്‍ കഷ്ടപ്പെട്ട് പിടിച്ചു നിന്നു. ആവശ്യം 18ഉം ആന്‍റണി അംഗീകരിച്ചില്ല. ജീവനക്കാരുടെയും പാര്‍ട്ടിക്കാരുടെയും അപ്രീതി സമ്പാദിച്ചെങ്കിലും സമരം പൊളിക്കുന്നതില്‍ ആന്‍റണി വിജയിച്ചു. അത് ആന്‍്റണിയെ ഭരണത്തില്‍ നിന്നിറക്കാനുള്ള ഗൂഢതന്ത്രത്തിന്‍െറ തുടക്കമായിരുന്നു എന്ന് ആന്‍റണി അറിഞ്ഞപ്പോഴേക്കും വളരെ വൈകി എന്നത് മറ്റൊരു കാര്യം. അന്ന് സമരത്തെ തകര്‍ക്കാന്‍ മുന്നില്‍ നിന്ന് ഉപദേശിച്ച ഉന്നതരായിരുന്നു, കഴിഞ്ഞ ദിവസം സമരനേതൃത്വം നല്‍കിയത്. അവരെ മുഖ്യമന്ത്രി ഇടംവലം വിരട്ടിയെന്നത് സെക്രട്ടേറിയറ്റിലെ പണ്ടു സമരം ചെയ്ത ജീവനക്കാരില്‍ കുറേപ്പേര്‍ക്കെങ്കിലും ഉള്‍പുളകം നല്‍കുന്നു. അതവിടെ നില്‍ക്കട്ടെ.

ഇവിടെ ഇനി ഭരണതലത്തില്‍ സംഭവിക്കുന്നത് എന്തായിരിക്കും എന്നതിനാണ് ഉത്ക്കണഠ ഉണ്ടാകേണ്ടത്. സര്‍ക്കാരിന്‍െറ ഉത്തരവുകള്‍ ഇറക്കാനുള്ള ചുമതല അതതു വകുപ്പു മേധാവികളായ സര്‍ക്കാര്‍ സെക്രട്ടറിമാരാണ്. സാധാരണ ഗതിയില്‍ ഐ.എ.എസ് അല്ലാത്ത  അണ്ടര്‍സെക്രട്ടറിമാരും മറ്റുമാണ് പൊതു ഉത്തരവുകളില്‍ ഒപ്പുവക്കുക. എന്നാല്‍ മന്ത്രിസഭാ നോട്ടുകളും മിനുട്ട്സും പിന്നെ അതുസംബന്ധമായ ഉത്തരവുകളും ഇറക്കാന്‍ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ് ചുമതല. ഓരോ കാലത്തും ഭരണ  സൗകര്യത്തിനായി ഉത്തരവുകള്‍ ഇറക്കാറുണ്ട്. അത് പിന്നീട് പരിശോധിച്ചാല്‍ പൂര്‍ണമായും കുറ്റമറ്റതാണ് എന്നു പറയാനാകുകയും ഇല്ല. എന്തെങ്കിലും ചെറുകുറ്റങ്ങള്‍ വിജിലന്‍സിന്‍െറ വീക്ഷണകോണത്തില്‍ നോക്കിയാല്‍ അവയില്‍ ഉണ്ടാകാം. അവിടെ ഉദ്ദേശശുദ്ധിക്കാണ് പ്രധാന്യം നല്‍കാറുള്ളത്. ഇതില്‍ കുറ്റവും കുറവും ഉണ്ടാകാതിരിക്കാനായാണ് നിയമവകുപ്പും ധനവകുപ്പും ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് ഫയലുകള്‍  പരിശോധിക്കുന്നത്. എങ്കിലും അപാകതകള്‍ ഉണ്ടാകും. അത് അല്പമെങ്കിലും പ്രസക്തമാണെങ്കില്‍ അക്കൗണ്ടന്‍റ് ജനറല്‍ ചൂണ്ടിക്കാട്ടും. ഇത്തരം കാര്യത്തില്‍ നൂലിഴകീറി പരിശോധിക്കുന്ന ഒരു വിജിലന്‍സ് ഉണ്ടെങ്കില്‍ ഭരണം മുന്നോട്ടു കൊണ്ടുപോകാനാവില്ല. ജദ്യോഗസ്ഥരുടെ പേരില്‍ കേസുകള്‍ വന്നുകൊണ്ടേയിരിക്കും. അതാണ് അയ്യേയെസ് ഉന്നതരുടെ പ്രശ്നം. പലരെയും കുടുക്കാനാകും. അതിനിരയാകാതിരിക്കണമെങ്കില്‍ ഉത്തരവാദിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിവരും. അഡീഷണല്‍ സെക്രട്ടറിമാരുടെ തലയില്‍ ഉത്തരവാദിത്വം ഇട്ടു കൊടുക്കേണ്ടിവരും. അതല്ളെങ്കില്‍ ബിസിനസ് റൂള്‍ പരിഷ്ക്കരിച്ച് വിജിലന്‍സിന്‍െറ പരിശോധനകൂടി ഫയലുകളില്‍ നിര്‍ബന്ധമാക്കണം. അപ്പോള്‍  ഓരോ ഫയലിലും വിജിലന്‍സ് പരിശോധനക്കുശേഷമേ ഉത്തരവിടാനാകൂ. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി ജോലിചെയ്യാന്‍ അപ്പോഴേ കഴിയൂ. 

പിണറായി മന്ത്രിസഭയില്‍ എത്ര മന്ത്രിമാരുണ്ടെന്നു ചോദിച്ചാല്‍ പിണറായിയും മൂന്നു മന്ത്രിമാരും എന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയാറുള്ളത്. തോമസ് ഐസക്ക്, ജി.സുധാകരന്‍, എ.കെ.ബാലന്‍ എന്നിവരെ മാത്രമേ അവര്‍ മന്ത്രിമാരായി കൂട്ടുന്നുള്ളു എന്നര്‍ത്ഥം. ബാക്കിയുള്ളവര്‍ ഉദ്യോഗസ്ഥരുടെയോ മറ്റേതെങ്കിലും രാഷ്ട്രീയ സംവിധാനത്തിന്‍െറയോ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുകയാണുപോലും. ആ നിലക്കാണ് ഉദ്യോഗസ്ഥർ മന്ത്രിമാരെ വിലയിരുത്തിയിട്ടുള്ളത്. മറ്റു മന്ത്രിമാരില്‍ പലരും ഉന്നത ഉദ്യാഗസ്ഥരുടെ ഉപദേശ നിർദേശങ്ങള്‍ക്കൊത്തു പോകുന്നവരാണത്രേ. അതിനാല്‍ ഭരണകക്ഷിയിലെ തന്നെ ഒരു ഘടകകക്ഷിക്ക് ഇപ്പോള്‍ ഉണ്ടായ ഉദ്യാഗസ്ഥ പൊട്ടിത്തെറിയില്‍ പങ്കുണ്ടോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. സമരവും എതിര്‍പ്പും പ്രമേയവും ധനവകുപ്പുസെക്രട്ടറിയുടെ ഓഫീസില്‍ ഉണ്ടായതുകൊണ്ടുമാത്രമല്ല, ഈയൊരു രാഷ്ട്രീയ ഇടപെടല്‍ കൂടി ഉണ്ടായതാണ്, മുഖ്യമന്ത്രിയെ ഇത്രക്ഷുഭിതനാകാന്‍ കാരണമെന്നാണ് ചിലരെങ്കിലും കരുതുന്നത്. അങ്ങനെയെങ്കില്‍ ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാകാനിരിക്കുന്നതേയുള്ളു. അത് ഐ.എ.എസുകാരുടെ പിണക്കംകൊണ്ടല്ല, മറിച്ച്, ഭരണമുന്നണിയിലെ പ്രശ്നങ്ങള്‍ കൊണ്ടായിരിക്കുമെന്ന് വ്യംഗ്യം. ഐ.എ.എസുകാര്‍ ചാടിയാല്‍ എത്രചാടുമെന്ന് കുറേ ഭരണപരിചയമൊക്കെയുള്ള പിണറായി വിജയന് നന്നായറിയാം. ഓരോ സ്ഥാനമാന മോഹവുമായി ഉപശാലകളില്‍ കറങ്ങുന്ന അവരെ പറ്റി മുഖ്യമന്ത്രിക്ക് നല്ല ബോധ്യമുണ്ട്. അതിനാല്‍ വിരട്ടല്‍ ഇങ്ങോട്ടുവേണ്ട അങ്ങോട്ടു പ്രതീക്ഷിച്ചോളൂ എന്ന സന്ദേശമാണ് മുഖ്യമന്ത്രി അവര്‍ക്കു നല്‍കിയിട്ടുള്ളത്.

അതേസമയം ചീഫ്സെക്രട്ടറിയെ വിരട്ടിയെന്ന പ്രചാരണം ഒരു ഇഫക്ടിനുവേണ്ടി ഉദ്യോഗസ്ഥര്‍ ഇറക്കിയെന്നേയുള്ളു. എസ്.എം വിജയാനന്ദ് എന്നും മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും അവരുടെ പാര്‍ട്ടിയുടെയും പ്രീതിക്കു പാത്രമാണ്. എന്നാലും മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടത്തിക്കൊടുക്കുകയും മന്ത്രിസഭായോഗത്തിന്‍െറ ഭാഗമായിരിക്കുകയും ചെയ്യുന്ന ചീഫ്സെക്രട്ടറി എന്തിന് സമരക്കാരോടൊപ്പം കൂടിയെന്ന് മുഖ്യമന്ത്രി ചോദിച്ചെങ്കില്‍ അതിന് സാംഗത്യമുണ്ടല്ലോ. ഇതിനു പുറമേ കേരളാ അഡ്മിസ്ട്രേറ്റീവ് സര്‍വീസ് കൂടികൊണ്ടുവന്ന് ഐ.എ.എസിന്‍റെ ശേഷിക്കുന്ന മീശകൂടി പറിക്കുമെന്ന ഭീഷണി ഡമോക്ളീസിന്‍െറ വാളായി മുകളില്‍ തൂങ്ങിയാടുകയും ചെയ്യുകയാണ്. ആറുമാസമായിട്ടും അനുഭവവേദ്യമാകാത്ത ഭരണത്തില്‍ ഇനി എന്തൊക്കെ കാണേണ്ടിവരും? വിജിലന്‍സ് തത്ത എത്രകാലം കൂടി പറക്കും? കാത്തിരിക്കാം....

COMMENTS