ഏറ്റുമുട്ടൽ കൊലകളിലെ നൈതികത

കെ.എ. ഷാജി 
08:18 AM
07/12/2019
hydarabad-encounter

കോയമ്പത്തൂരിൽ ഇരട്ട സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത്​ കൊന്ന ഒാ​േട്ടാഡ്രൈവർ ഗോവിന്ദരാജ് പൊലീസുമായുള്ള ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ട് ഒമ്പതുവർഷം കഴിഞ്ഞു. കൊലപാതകത്തിനുപിന്നിൽ സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് കോയമ്പത്തൂരിലെ പൊലീസ് കമീഷണർ ആയിരുന്ന ശൈലേന്ദ്ര ബാബു അവിടെ മാധ്യമപ്രവർത്തകനായി ജോലിയെടുത്തിരുന്ന ഈ ലേഖകൻ ഉൾപ്പെടെയുള്ളവരോട് പറഞ്ഞിരുന്നത്. അതിരാവിലെ മോഹൻരാജിനെ തെളിവെടുക്കാൻ കൊണ്ടുപോവുകയായിരുന്നു. അയാൾ പെട്ടെന്ന് പൊലീസുകാരിൽ ഒരാളുടെ റിവോൾവർ തട്ടിയെടുത്ത്​ അന്വേഷണ സംഘത്തിനുനേരെ വെടിയുതിർക്കുകയും രണ്ട്​ സബ് ഇൻസ്പെക്ടർമാർക്ക് വെടിയേൽക്കുകയും ചെയ്തത്രേ. ആത്മരക്ഷാർഥം പൊലീസ് തിരികെ വെടിയുതിർക്കുകയും അതിൽ മോഹൻരാജ് കൊല്ലപ്പെടുകയും ചെയ്തത്രേ. 

അന്നത്തെ ഡി.എം.കെ സർക്കാർ അധികാരത്തിൽവന്നശേഷം മുപ്പതാമത്തെ ഏറ്റുമുട്ടൽ കൊലയായിരുന്നു അത്. പക്ഷേ, അതുവരെ സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിനുശേഷം ക്രൂരമായി കൊലപ്പെടുത്തിയ ഗോവിന്ദരാജിനെയും കൂട്ടാളിയെയും പിടികൂടാൻ വൈകിയതിനും അത്തരക്കാർക്ക് വളരാൻ പറ്റിയ അന്തരീക്ഷം ഉണ്ടാക്കിയതിനും സംസ്ഥാന പോലീസിനെ ചീത്തവിളിച്ചിരുന്ന നഗരത്തിലെ മധ്യവർഗം സന്തോഷത്തിൽ ആറാടി. അവർ വഴിയിൽ കണ്ടെത്തുന്ന പൊലീസുകാരെ തേടിപ്പിടിച്ച്​ മധുരം സമ്മാനിച്ചു. അവർക്കൊപ്പം ആനന്ദനൃത്തം ചവിട്ടി. എങ്കിലും, എന്തിന് ഗോവിന്ദരാജിനെ അതിരാവിലെ തെളിവെടുപ്പിന് കൊണ്ടുപോയി എന്നതും അയാൾക്ക്‌ റിവോൾവർ തട്ടിയെടുക്കാൻ ആവുന്നതുവരെ കാര്യങ്ങൾ എത്തിച്ചുവെന്നതും പൊലീസിനുമുന്നിൽ ചോദ്യങ്ങളായി അവശേഷിക്കുന്നു.

ബലാത്സംഗ കേസുകളിലെ പ്രതികളെ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ ഇല്ലായ്മചെയ്യുന്നതിന് അനുയോജ്യമായ ഒരു സാമൂഹികാന്തരീക്ഷം ഉണ്ടാക്കുന്നതിൽ ​െപാലീസ് എന്നും എവിടെയും വിജയിക്കാറുണ്ട്. പൊതുസമൂഹമാകട്ടെ അങ്ങനെ വ്യാജ ഏറ്റുമുട്ടൽ  കൊലകൾ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കുകയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്യും. കോയമ്പത്തൂരിൽനിന്ന്​ ഹൈദരാബാദിലേക്ക് എത്തുമ്പോൾ സാഹചര്യങ്ങൾ ഏതാണ്ട് സമാനമാണ്. മനുഷ്യർ ഉറക്കം വി​ട്ടെഴുന്നേൽക്കും മുമ്പാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പിനു പോയത്. അതും ആളൊഴിഞ്ഞ ഔട്ടർ റിങ്​ റോഡ് പ്രദേശത്ത്. ഡോക്ടർ ആയ യുവതിയെ ആസൂത്രിതമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും അതിനുശേഷം കൊലപ്പെടുത്തുകയും ചെയ്തതിൽ പൊലീസി​​െൻറ ഭാഗത്തുനിന്നുള്ള വീഴ്ച വലിയ വിമർശനം വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, ഏറ്റുമുട്ടൽ കൊലയോടെ പൊലീസിന് അനുഗുണമായ ഒരു പൊതുബോധം തെലങ്കാനയിൽ രൂപപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. 

അതിന്​ നേതൃത്വംനൽകിയ പൊലീസുകാർക്ക് പുഷ്പഹാരങ്ങൾ നൽകിയും മധുരപലഹാരങ്ങൾ നൽകിയും ഹൈദരാബാദ് ഈ സംഭവം ആഘോഷിച്ചു. ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് ഇതുതന്നെ കിട്ടണം എന്നമട്ടിൽ രാജ്യത്താകെ പ്രതികരണം ഉണ്ടായി. ഏറ്റുമുട്ടൽ കൊലകൾ നീതിനടപ്പാക്കലായി തെറ്റിദ്ധരിച്ച ഒരു സമൂഹം അതിനെ ന്യായീകരിക്കാൻ സമൂഹമാധ്യമങ്ങളും ആയുധമാക്കി. എന്നാൽ, എല്ലാ ബലാത്സംഗക്കേസുകളിലെയും പ്രതികളെയും ഇങ്ങനെ ഏറ്റുമുട്ടൽ കൊലകളിലൂടെ ഇല്ലായ്മ ചെയ്യാൻ പൊതുബോധം അനുവദിക്കുമോ എന്നൊരു കാതലായ ചോദ്യം ഉയരുന്നുണ്ട്.

ബലാത്സംഗക്കേസിൽ പിടിക്കപ്പെടാതിരിക്കാൻ രാജ്യംവിട്ട് പുറത്തുപോയി സ്വന്തമായി ഒരു ദ്വീപ് വിലക്കെടുത്ത് അവിടെ സ്വതന്ത്ര പരമാധികാര രാഷ്​ട്രം സൃഷ്​ടിക്കുന്ന സ്വാമി നിത്യാനന്ദയെ ഇതുപോലെ പിടികൂടാനോ വെടി​െവച്ചു കൊല്ലാനോ രാജ്യത്തെ പൊലീസ് ഉദ്യമിച്ചില്ല. പകരം, അയാൾക്ക്‌ രക്ഷപ്പെടാനുള്ള പശ്ചാത്തലസൗകര്യം ഒരുക്കുകയായിരുന്നു. ബലാത്സംഗക്കേസിലെ പ്രതിയായ ആത്മീയാചാര്യൻ ആശാറാം ബാപ്പു, സ്വന്തം മണ്ഡലത്തിലെ യുവതിയെ ബലാത്സംഗംചെയ്ത ഉന്നാവോയിലെ ബി.ജെ.പി എം.എൽ.എ, കേരളത്തിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻകൊടുത്ത നടൻ എന്നിവർക്കൊന്നും ഇൗ വിധി നേരിടേണ്ടിവന്നിട്ടില്ല എന്നിടത്താണ് പൊലീസി​​െൻറ നീതിനടപ്പാക്കൽ ചോദ്യം ചെയ്യപ്പെടുന്നത്. ഇവർക്കൊക്കെ വിശദമായ വിചാരണക്ക് അവകാശം ഉണ്ടെങ്കിൽ, ഹൈദരാബാദിലെ ലോറിക്കാർമാത്രം വിചാരണയില്ലാതെ കൊല്ലപ്പെടേണ്ടവർ ആവുന്നതെങ്ങനെയാണ്?

ആഘോഷക്കമ്മിറ്റിക്കാർ ഉൾപ്പെടുന്ന മധ്യവർഗ കുടുംബത്തിലെ ഒരു പെൺകുട്ടിയെ സാമൂഹികമായി ദുർബലവിഭാഗത്തിൽപെടുന്നവർ ഉപദ്രവിച്ചതിലുള്ള രോഷം മാത്രമാണ് സംഭവിക്കുന്നത്. ഇന്നലെ കോയമ്പത്തൂരിൽ സംഭവിച്ചത് ഇന്ന് ഹൈദരാബാദിൽ ആവർത്തിക്കുന്നു. ഇത്തരം ഏറ്റുമുട്ടൽ കൊലകൾക്ക് ബലാത്സംഗംപോലുള്ള സാമൂഹിക തിന്മകൾ ഇല്ലാതാക്കാൻ ആകുന്നില്ല എന്നത് വേറെ കാര്യം. എപ്പോഴും പൊതുവികാരം ബലാത്സംഗക്കേസുകളിൽ ഉൾപ്പെടുന്ന സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ആളുകളോടായിരിക്കും. മധ്യവർഗത്തിൽപെട്ട രാഷ്​ട്രീയക്കാരോ പൊലീസുകാരോ സിനിമക്കാരോ ആയിരുന്നു പ്രതിസ്ഥാനത്തെങ്കിൽ അസമയത്ത് സ്കൂട്ടറിൽ ഒറ്റക്ക് പുറത്തുപോയ പെൺകുട്ടിക്കെതിരെ ആകുമായിരുന്നു ആക്രോശങ്ങളത്രയും. 

ഈ ഏറ്റുമുട്ടലിനു നേതൃത്വം നൽകിയത് സൈബറാബാദ്​ പൊലീസ് തലവൻ വി.സി. സജ്ജനാർ ആയിരുന്നു എന്നതാണ് ലഭ്യമായ വിവരം. 11വർഷം മുമ്പ്​ വാറങ്കലിൽ ജില്ല പൊലീസ് തലവനായിരുന്നു അദ്ദേഹം. അക്കാലത്താണ് എൻജിനീയറിങ്​ വിദ്യാർഥികളായ സ്വപ്നിക എന്നും പ്രണിത എന്നും പേരായ പെൺകുട്ടികൾ​െക്കതിരെ ആസിഡ് ആക്രമണം നടത്തി എന്നകുറ്റത്തിന് പിടിയിലായ മൂന്നുപേരെ പൊലീസ് വെടി​െവച്ചുകൊന്നത്​. അന്നും പൊലീസ് കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുക്കാൻ പ്രതികളുമായി പോവുകയും അവർ പൊലീസിനെ ആക്രമിക്കുകയും ആയിരുന്ന​െത്ര. അതിരാവിലെയാണ് ആ സംഭവവും അരങ്ങേറിയത്. അതോടെയാണ് സജ്ജനാർ തെലങ്കാനയിൽ താരമാകുന്നത്. ഇപ്പോൾ മറ്റൊരു ഏറ്റുമുട്ടൽകൊല കഴിഞ്ഞപ്പോൾ സജ്ജനാർ വലിയ താരമായിരിക്കുകയാണ്.  

എന്നാൽ, ഇവിടെ കാതലായി ഉയരുന്ന ചോദ്യങ്ങൾ പൊലീസിന് നിയമം കൈയിലെടുക്കാമോ എന്നതും സ്വയം ശിക്ഷ വിധിക്കാമോ എന്നതുമാണ്. 2005ലെ ഒരു സുപ്രീംകോടതി വിധിയനുസരിച്ച് ഇത്തരം ഏറ്റുമുട്ടൽ കൊലകൾ നിശ്ചയമായും മജിസ്‌ട്രേറ്റ് തലത്തിൽ അന്വേഷിക്കേണ്ടവയാണ്. ബലാത്സംഗമായാലും കൊലപതകമായാലും പ്രതികൾക്ക് ശിക്ഷ വിധിക്കാനോ നടപ്പാക്കാനോ ഇന്ത്യയിലെ ശിക്ഷനിയമങ്ങൾ പൊലീസിനെ അനുവദിക്കുന്നില്ല. പൊലീസിന് അന്വേഷിക്കാൻ മാത്രമാണ് അധികാരം. കുറ്റവാളികൾ ആരെന്നു നിശ്ചയിക്കുന്നത് അവരുടെ പണിയല്ല. ഇരുപത്തേഴുകാരിയായ യുവതി ഹൈദരാബാദിൽ ബലാത്സംഗത്തിന് ഇരയായതും കൊല്ലപ്പെട്ടതും നിയമപ്രകാരം പൊലീസി​​െൻറ അന്വേഷണത്തിലാണ്. അത്​ പൂർത്തിയായിട്ടില്ല. നിലവിൽ കൊല്ലപ്പെട്ടവരാണോ പ്രതികൾ എന്നത് കോടതികൾ തീർച്ചയാക്കേണ്ട വിഷയമാണ്. 

ആത്മരക്ഷാർഥം വെടി​െവച്ചുകൊന്നു എന്നാണ്​പൊലീസ് പറയുന്നത്. എന്നാൽ, അതിനുതക്ക തെളിവുകൾ ഒന്നും അവിടെയില്ല. വിചാരണയും വിധിയുമില്ലാതെ പൊലീസിന് ആരെയും വെടി​െവച്ചുകൊല്ലാവുന്ന സമൂഹം ജനാധിപത്യസമൂഹമാണോ എന്നതാണ് കാതലായ ചോദ്യം. മാവോവാദികൾ എന്നാരോപിച്ച് കേരളത്തിൽ പോലും ആളുകളെ വെടിവച്ചുകൊല്ലുന്ന അവസ്ഥയിൽ ഹൈദരാബാദ് സംഭവം ഉണ്ടാക്കുന്നത് വലിയ ആശങ്കകളാണ്. നിയമവാഴ്ച എന്ന, ഭരണഘടന ഉറപ്പുതരുന്ന അവകാശത്തെയാണ് ഇവിടെ ​െപാലീസുകാർ വെടി​െവച്ചിടുന്നത്. മറുവശത്ത് സ്ത്രീ സുരക്ഷയെ ഇത്തരം സംഭവങ്ങൾ കൂടുതൽ അപകടത്തിൽപെടുത്തുകയാണ് എന്നത് സ്ത്രീ സംഘടനകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ലൈംഗികചൂഷണത്തിന് ഇരകളാക്കപ്പെടുന്ന സ്ത്രീകളെ കൊന്നുകളഞ്ഞ്​ ഏറ്റുമുട്ടൽ കൊലകൾ ഒഴിവാക്കുന്ന നിലയിലേക്ക് കുറ്റവാളികൾ മാറാനും ഇത്തരം സംഭവങ്ങൾ സഹായിച്ചേക്കാം.

കോടതികളെ അതിവേഗത്തിൽ തീരുമാനമെടുക്കുന്ന സംവിധാനങ്ങളാക്കി പരിവർത്തിപ്പിക്കുകയാണ് ഇവിടെ കരണീയം. കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന കർശനശിക്ഷകൾതന്നെ ഉറപ്പുവരുത്തുന്നതിൽ കോടതികളിലെ മെല്ലെപ്പോക്ക് കാരണമാകുന്നുണ്ട്. സ്ത്രീകൾ​െക്കതിരായ അതിക്രമങ്ങൾ കൈകാര്യംചെയ്യുന്ന പ്രത്യേക കോടതികൾ ജില്ലതലങ്ങളിൽ ഉണ്ടാവുകയും എളുപ്പത്തിൽ ഇരകൾക്ക്​ നീതി ഉറപ്പാക്കുകയുമാണ് വേണ്ടത്. ഒപ്പംതന്നെ, ഇത്തരം കേസുകളിൽ പ്രതികളാക്കപ്പെടുന്ന ഉന്നത കുലജാതർ രക്ഷപ്പെട്ടുപോവുകയും സാമൂഹികമായും സാമ്പത്തികമായും താഴെയുള്ളവർ ഏറ്റുമുട്ടൽ കൊലകളിൽ ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയും ഒഴിവാക്കപ്പെടണം. തുല്യനീതിയാണ് നടപ്പാക്കപ്പെടേണ്ടത്. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കപ്പെട്ടാൽ നല്ലൊരു പരിധിവരെ ഇല്ലാതാക്കാവുന്നതാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ.

Loading...
COMMENTS