ഇനിയും എത്ര പേർ മരിച്ചാലാണ്... ?
text_fieldsനോബൽ സമ്മാന ജേതാവ് ബോബ് ഡിലന്റെ പ്രശസ്തമായ ഒരു ഗാനമുണ്ട് - Blowin’ in the Wind. അതിൽ അദ്ദേഹം ചില ചോദ്യങ്ങളിലൂടെ സമൂഹ മനസാക്ഷിയെ ഉണർത്താൻ ശ്രമിക്കുന്നു.
How many roads must a man walk down
Before you call him a man?
രാവിലെ മുതൽ എന്റെ മനസ്സിലും ഒരു ചോദ്യം മുഴങ്ങിക്കൊണ്ടിരിക്കുകയാണ്:
How many lives must be lost on our roads
Before we treat them as a serious concern?
കേരളത്തിലെ റോഡുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ കൊട്ടാരക്കരയിൽ രണ്ട് സ്കൂൾ കുട്ടികൾ അടക്കം മൂന്നു പേരുടെ മരണത്തിന് കാരണമായ ദാരുണമായ അപകടവിവരം അറിഞ്ഞ്, തിരുവനന്തപുരത്തേക്ക് വരുന്ന വഴിയിലാണ് എന്റെ വാഹനത്തെ മറികടന്ന് ഒരു ടിപ്പർ ലോറി അതിവേഗത്തിൽ പാഞ്ഞുപോകുന്നത് കണ്ടത്.തിരക്കേറിയ സമയങ്ങളിൽ നഗരപ്രദേശങ്ങളിലേക്ക് ഇത്തരം ഭാരവാഹനങ്ങൾ പ്രവേശിക്കരുതെന്ന നിർദേശങ്ങൾ ഉണ്ടെങ്കിലും അവ എത്രത്തോളം പാലിക്കപ്പെടുന്നുവെന്ന് സംശയമാണ്.
അൽപസമയത്തിനുശേഷം കാട്ടാക്കടക്ക് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചെന്ന വാർത്തയും കണ്ടു. ഇത്തരത്തിലുള്ള ബസ് അപകടങ്ങളുടെ എണ്ണവും സമീപകാലത്ത് വർധിച്ചുവരുന്നു. അതിൽ ഗണ്യമായൊരു പങ്ക് പൊതുഗതാഗത വാഹനങ്ങൾ ഉൾപ്പെട്ടവയാണ്.
അപകടങ്ങളുടെ കാരണങ്ങൾ അധികൃതർ കണ്ടെത്തുന്നില്ല എന്നാണോ, അതോ കണ്ടെത്തിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്നാണോ സംശയം. ഒരു സുഹൃത്തായ പൊലീസുദ്യോഗസ്ഥനോട് സംസാരിച്ചപ്പോൾ കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം റോഡുകളിൽ കർശനമായ പരിശോധനകൾ കാര്യമായി നടക്കുന്നില്ലെന്ന വിവരം ലഭിച്ചു. തെരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ പരിശോധനകൾക്ക് നിയന്ത്രണം വരുമെന്നതും അദ്ദേഹം സൂചിപ്പിച്ചു.
റോഡ് സുരക്ഷയുടെ കാര്യത്തിൽ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. അതോടൊപ്പം, കൃത്യമായ ലൈസൻസോ യോഗ്യതയോ ഇല്ലാത്തവരുടെ കൈകളിൽ വാഹനങ്ങൾ ഏൽപ്പിക്കുന്ന വാഹന ഉടമകൾക്കും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. എന്നാൽ പലപ്പോഴും അത്തരം കേസുകളിൽ കർശന നടപടികൾ ഉണ്ടാകുന്നില്ല. സ്വാധീനവും ബന്ധങ്ങളും നിയമത്തിന്റെ വഴിയെ തടയുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നു.
മദ്യപിച്ച് വാഹനമോടിക്കൽ അപകടകാരണമായി ചർച്ച ചെയ്യപ്പെട്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് കഞ്ചാവും രാസലഹരി വസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്ന യുവാക്കളുടെ എണ്ണം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതോടൊപ്പം അശ്രദ്ധയും അമിതവേഗതയും അപകടങ്ങളുടെ പ്രധാന കാരണങ്ങളായി തുടരുന്നു.മറ്റൊരു വലിയ പ്രശ്നമാണ് ഹൈബീം ലൈറ്റുകളുടെ ദുരുപയോഗം. ഇരുചക്രവാഹനങ്ങളിൽ പോലും കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകളാണ് ഇന്ന് ഉപയോഗിക്കുന്നത്. വലിയ വാഹനങ്ങൾ നഗരപ്രദേശങ്ങളിൽ പോലും ലൈറ്റ് ഡിം ചെയ്യാതെ സഞ്ചരിക്കുന്നത് പതിവായി മാറിയിരിക്കുന്നു. പലപ്പോഴും ബസുകളിൽ ഡിം സ്വിച്ച് പ്രവർത്തിക്കുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ടിവരുന്നു.
റോഡുകളിലെ കുഴികൾ, അപര്യാപ്തമായ അറ്റകുറ്റപ്പണികൾ, വീതി കുറഞ്ഞ റോഡുകൾ, അശാസ്ത്രീയമായ ട്രാഫിക് ക്രമീകരണങ്ങൾ എന്നിവയും അപകടങ്ങൾക്ക് വഴിവെക്കുന്ന ഘടകങ്ങളാണ്.എറണാകുളം ജില്ലാ ആസ്ഥാനത്തിനടുത്തുള്ള മാവേലിപുരത്ത് കഴിഞ്ഞ ദിവസം ഒരു ഏഴാം ക്ലാസ് വിദ്യാർഥിനി അപകടത്തിൽ മരിച്ച വാർത്തയുടെ നടുക്കം അടുത്ത കാലത്തൊന്നും നമ്മിൽ നിന്ന് വിട്ടുപോകില്ല. അവധി ദിവസം സഹോദരനൊപ്പം സൈക്കിൾ ചവിട്ടി നടക്കുന്നതിനിടെ റോഡിൽ നിന്ന് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അശാസ്ത്രീയ നിർമാണത്തിന്റെ ഫലമായി യാതൊരുവിധ സംരക്ഷണ ഭിത്തിയുമില്ലാതെ ഇത്തരമൊരു അപകട ഗർത്തം നഗരമധ്യത്തിൽ ഒരുങ്ങിനിൽപ്പ് തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായിട്ടുണ്ട്, ജനങ്ങൾ അന്നു തന്നെ പരാതി നൽകിയതുമാണ്.
കേരളത്തിലെ റോഡപകടങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ ആശങ്ക കൂടുതൽ വർധിക്കും. കേരള പൊലീസിന്റെ കണക്കുകൾ പ്രകാരം 2025-ൽ സംസ്ഥാനത്ത് 49,889 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവയിൽ 3,733 പേർ മരണപ്പെടുകയും 56,922 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2026-ന്റെ ആദ്യ മാസങ്ങളിലേ തന്നെ ആയിരക്കണക്കിന് അപകടങ്ങളും നൂറുകണക്കിന് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, ട്രാഫിക് നിയമലംഘനങ്ങൾ, സുരക്ഷാ ഉപാധികളുടെ ഉപയോഗക്കുറവ്, മോശം റോഡ് സാഹചര്യങ്ങൾ, ലഹരി ഉപയോഗം, ഹൈബീം ലൈറ്റുകളുടെ ദുരുപയോഗം തുടങ്ങി നിരവധി കാരണങ്ങളാണ് അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്. കേരളത്തിൽ ഒരു വർഷം ഒരു കോടിയിലധികം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നതും പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
എന്നിട്ടും ഓരോ അപകടവും കഴിഞ്ഞാൽ ഏതാനും ദിവസത്തെ ചർച്ചകളും അനുശോചനങ്ങളും കഴിഞ്ഞ് നാം വീണ്ടും പഴയപടിയാകുന്നു. അപകടത്തിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്താനും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അപകടസാധ്യതകൾ കുറക്കാനുമുള്ള ദീർഘകാല നടപടികൾ പലപ്പോഴും കാണുന്നില്ല.
അവസാനം വീണ്ടും ചില ചോദ്യങ്ങൾ മാത്രം ബാക്കിയാകുന്നു.
ഇനിയും എത്ര ജീവനുകൾ റോഡുകളിൽ പൊലിയണം?
ഇനിയും എത്ര കുടുംബങ്ങൾ അനാഥമാകണം?
ഇനിയും എത്ര കുട്ടികൾക്ക് അച്ഛനെയോ അമ്മയെയോ നഷ്ടപ്പെടണം?
ഇനിയും എത്ര അപകടങ്ങൾ നടന്നാൽ അധികൃതരുടെ കണ്ണുതുറക്കും?
ബോബ് ഡിലൻ പതിറ്റാണ്ടുകൾക്ക് മുമ്പ് ചോദിച്ച ചോദ്യങ്ങൾക്ക് ഇന്നും പൂർണമായ ഉത്തരമില്ല.
‘‘The answer, my friend, is blowin' in the wind.’’
അതെ, ഉത്തരം കാറ്റിൽ പറന്നുനടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

