ഹിന്ദു ന്യൂനപക്ഷാവകാശങ്ങള്‍ കോടതി കയറുമ്പോള്‍
text_fieldsരാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍ ഹിന്ദു സമൂഹത്തെ ന്യൂനപക്ഷ സമുദായമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്പര്യ ഹരജി സുപ്രീംകോടതിയിലെത്തിയത് ഒക്ടോബര്‍ 31നാണ്. ഡല്‍ഹിയിലെ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹരജി നല്‍കിയത്. മിസോറം, നാഗാലാൻറ്, മേഘാലയ, ജമ്മുകശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലും ഹിന്ദു സമൂഹം ജനസംഖ്യാപരമായി ന്യൂനപക്ഷം ആണെങ്കിലും ഇവര്‍ക്ക് അവകാശപ്പെട്ട സ്കോളര്ഷിപ്അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഉപധ്യായയുടെ വാദം. ഹരജിക്ക് ഉപോദ്ബലകമായി 2011ലെ സെന്‍സസ് ഉദ്ധരിച്ച് മേല്പറഞ്ഞ സംസ്ഥാനങ്ങളിലെ ഹിന്ദു ജനസംഖ്യയും ഹരജിയില്‍ നിരത്തുന്നുണ്ട്.
ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ 20000 സ്കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ജമ്മുകശ്മീരില്‍ മുസ്ലിംകൾ 68.30 ശതമാനമാണ്. എന്നാല്‍, അനുവദിക്കപ്പെട്ട 757 സ്കോളര്ഷിപ്പുകളില് 717ഉം സര്‍ക്കാര്‍ മുസ്ലിം വിദ്യാര്ഥികള്ക്കാണത്രെ നല്‍കിയത്. മുസ്ലിംകള് അടക്കമുള്ളവരെ ന്യൂനപക്ഷമായി പ്രഖ്യാപിച്ച 93 ഒക്ടോബറിൽ പുറത്തിറക്കിയ ദേശീയ ന്യൂനപക്ഷ കമ്മീഷന് ഓര്‍ഡര്‍ കാണിച്ചാണ് ഈ സ്കോളര്‍ഷിപ് ഹിന്ദു വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കുന്നത് എന്നിങ്ങനെ പോകുന്നു വാദങ്ങള്‍. 1993 മേയ് 17നാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന് ആക്ട് നിലവില്‍ വന്നത്. 1993 ഒക്ടോബറില്‍ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം മുസ്ലിംകള്, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നത് . 2014ല്‍ ജൈന മതക്കാരെ കൂടി ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എങ്കിലും സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാൽ വിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കണം എന്നുമായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.
എന്നാല്‍ നവംബര്‍ പത്തിന് കേസ് പരിഗണിച്ച സുപ്രീം കോടതി ഉപധ്യായയുടെ ആവശ്യം അംഗീകരിച്ചില്ല. ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും ദേശീയ ന്യൂനപക്ഷ കമീഷനാണ് പ്രസ്തുത കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരമുള്ള കേന്ദ്രമെന്നും കോടതി വ്യക്തമാക്കി. ന്യൂനപക്ഷ കമീഷന് ദേശീയ തലത്തിലുള്ള കാര്യങ്ങളിലേ തീരുമാനം എടുക്കൂവെന്നും ഈയോരാവശ്യത്തില് ഹരജിയില്‍ പ്രസ്താവിച്ചിട്ടുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കമ്മീഷന് നോക്കാറില്ല എന്നും ഹരജിക്കാരന് വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് അരവിന്ദ് ദത്തര്‍ വാദിച്ചെങ്കിലും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്കിയ ബെഞ്ച് ചെവി കൊണ്ടില്ല. ഇതിനെ തുടര്‍ന്ന് ഹരജിക്കാരന് പെറ്റീഷന് പിന്‍വലിക്കുകയാണ് ഉണ്ടായത്. സുപ്രീം കോടതി ഹരജിയോട് പ്രതികൂലമായാണ് പ്രതികരിച്ചതെങ്കിലും ഇന്ത്യന്‍ ഭരണഘടന രാജ്യത്തിലെ ന്യൂന പക്ഷങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെ സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍/സന്ദേഹങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഹരജിയിലെ വാദങ്ങള്‍. 'ന്യൂനപക്ഷത്തിെൻറയും ഭൂരിപക്ഷത്തിെൻറയും സാമുദായിക ദ്വന്ദ രാഷ്ട്രീയത്തിെൻറയും കവചങ്ങളിൽനിന്ന് പുറത്തുകടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതേതരത്വം എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന രാഷ്്ട്രീയം ജനാധിപത്യത്തിന് ദോഷം മാത്രമേ ചെയ്യൂ എന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുസ്ലിംകൾക്കെതിരെ മാത്രമല്ല ക്രിസ്ത്യന്‍, സിഖ് സമുദായങ്ങള്‍ക്ക് എതിരെയും സമാനമായ വാദങ്ങള്‍ ഹരജിയില്‍ അണിനിരത്തുന്നുണ്ട്. 'ക്രിസ്ത്യാനികള്‍ മിസോറം, മേഘാലയ, നാഗാലാൻറ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷമാണ്. ആന്ധ്രപ്രദേശ്, ഗോവ, കേരള, മണിപ്പൂര്‍, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനസംഖ്യാപരമായി ഉയര്ന്നുനില്ക്കുന്നു. പഞ്ചാബില്‍ ഭൂരിപക്ഷമായ സിഖുക്കാര്‍ ഡല്‍ഹിയിലും ചണ്ഡീഗഡിലും ഹരിയാനയിലും നിര്‍ണായക ഭൂരിപക്ഷമാണ്. എന്നിട്ടും ഇവരെ ഈ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമായിട്ടാണ് പരിഗണിച്ചിരിക്കുന്നത് എന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു.
ഭാഷാ ന്യൂനപക്ഷങ്ങള്‍ ആര് എന്ന് നിര്‍ണയിക്കേണ്ടത് ദേശീയ അടിസ്ഥാനത്തില്‍ അല്ലെന്നും മറിച്ചു സംസ്ഥാനാടിസ്ഥാനത്തില്‍ ആയിരിക്കണമെന്നുമുള്ള വാദം മുന്നോട്ടുവെക്കുമ്പോള്‍ മറ്റു പല ചോദ്യങ്ങളും അഭിമുഖീകരിക്കേണ്ടതാണ്. ഒന്നാമതായി ആരാണ് ഹിന്ദു എന്നത് ഭരണഘടനാപരമായി നിര്‍വചിക്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ്. ഗുജറാത്തില്‍ പട്ടേല്‍ സമുദായം സംവരണത്തിനുവേണ്ടി വാദിക്കുകയും പ്രതിപക്ഷ നേതാക്കളില്‍ പലരും അത്തരം ആവശ്യത്തോട് അനുഭാവപൂര്‍ണമായ നിലപാട് കൈകൊള്ളുകയും ചെയ്യുന്ന കാലത്താണ് ഇത്തരമൊരു ഹരജി ഉണ്ടായത് എന്നതും പ്രസക്തമാണ്. ഒപ്പം ജനസംഖ്യ എന്നത് മാത്രമാണോ ഒരു സംസ്ഥാനത്ത് ഒരു മത സമൂഹം /ഭാഷാ സമൂഹം ന്യൂനപക്ഷമായി കണക്കാക്കാന്‍ അളവുകോലാകേണ്ടത് എന്ന ചോദ്യം കൂടി ഇവിടെ ഉയരുന്നു.
ന്യൂനപക്ഷം എന്ന പദവി കൊടുക്കാന്‍ ഉപയോഗിക്കേണ്ട പ്രധാന മാനദണ്ഡം ജനസംഖ്യ ആണെങ്കിലും ഓരോ മത /ഭാഷാ സമുദായവും താന്താങ്ങളുടെ സംസ്ഥാനങ്ങളില്‍ അധികാരത്തിൽ എത്രത്തോളം എത്ര പങ്കുണ്ട് എന്നതിന്റെ കൃത്യമായ ഓഡിറ്റ് നടത്തി വേണം ന്യൂനപക്ഷ പദവി കൊടുക്കേണ്ടതും കൊടുത്താല്‍ തന്നെയും അതിനനുസരിച്ചുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും നിര്‍ണയിക്കേണ്ടതും. വിവിധ ജാതി സമൂഹങ്ങള്‍ക്ക് ഭരണഘടനാപരമായ സംവരണം അടക്കമുള്ള വിവിധ അവകാശങ്ങള്‍ ഉണ്ടായിരിക്കെ ഹിന്ദു എന്ന ഒറ്റ സംവര്‍ഗത്തിനു കീഴില്‍ ന്യൂനപക്ഷ പദവി നല്കുമ്പോള് ഹിന്ദു ആര് എന്ന് നിര്‍വചിക്കാതെ കോടതിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് കാണാം. അതുകൊണ്ടു കൂടിയാകണം പ്രശ്നം ദേശീയ ന്യൂനപക്ഷ കമീഷന്റെ മുന്നിലേക്ക് കോടതി വിടാന്‍ കാരണവും. പുറമേ ഒരു വെബ് പോർട്ടലായ ഇന്ത്യാ ഫാക്ട്സ്, ശ്രീജൻ ഫൗണ്ടേഷനുമായി ചേര്‍ന്ന് 'ഹിന്ദു ഹ്യൂമൻ റൈറ്റ്സ് റിപ്പോര്‍ട്ട് എന്ന പേരിൽ ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച വിവരങ്ങളും ഉൾപ്പെടുത്തിയാണ് അശ്വിനികുമാർ സുപ്രീംകോടതിയെ സമീപിച്ചത്. 2015-2016 കാലയളവില്‍ പശ്ചിമ ബംഗാള്‍, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് എതിരെ വന്‍തോതില്‍ ആക്രമണം ഉണ്ടായെന്നും ഉത്തര്‍പ്രദേശില്‍ 800 ഹിന്ദു ദളിതര്‍ യു.പി ഗവൺമെൻറിെൻറ നിഷ്ക്രിയത്വം മൂലം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തു എന്നും പ്രസ്തുത റിപ്പോര്‍ട്ട് ഉദ്ധരിച്ചു ഹരജിയില്‍ പറയുകയുണ്ടായി കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ 100053 ഹിന്ദുക്കള്‍ തീവ്രവാദംമൂലം പ്രസ്തുത കണക്ക് അവകാശപ്പെടുന്നു.
ദലിത്-മുസ്ലിം സമൂഹങ്ങള്‍ക്ക് നേരെയുള്ള ആക്രമണം മുന്‍പുള്ളതിനേക്കാള്‍ പതിന്മടങ്ങ് വര്‍ധിച്ചെന്നും അതില്‍ ഇപ്പോള്‍ ഭരണത്തില്‍ ഉള്ള ബി .ജെ പി സര്‍ക്കാരിെൻറ പങ്ക് വലുതാണെന്നും പറയുന്ന സെൻറര്‍ ഫോര്‍ സൊസൈറ്റി ആന്‍ഡ് സെക്കുലറിസം തയാറാക്കിയ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ജൂണിലാണ് പുറത്തിറങ്ങിയത് . ഇന്ത്യന്‍ ജയിലുകളിലെ വിചാരണ തടവുക്കാരില് ഭൂരിപക്ഷം പേരും ദലിതരും മുസ്ലിംകളും ആണെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിടുന്ന പ്രിസണ്‍ സ്റ്റാറ്റിക്സ് ഇന്‍ ഇന്ത്യ അടിസ്ഥാനമാക്കി ഇര്ഫാന് അഹമ്മദും സക്കറിയ സിദ്ധീഖും ചേര്‍ന്ന് എഴുതിയ പഠനം പുറത്ത് വന്നത് കഴിഞ്ഞ ആഴ്ചയുമാണ്. ഇത്തരം പഠനങ്ങള്‍ ഉണ്ടായിരിക്കെയാണ് ഇത്തരം ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള ആക്രമണത്തിെൻറ കണക്കുകള്‍ നിരത്തുന്ന ഹരജികള്‍ പരമോന്നത കോടതിക്ക് മുന്നില്‍ എത്തിയത് എന്നതാണ് ഈ ഹരജിയുടെ ഏറ്റവും രസകരമായ വശം . ഒരേ സമയം ജനസംഖ്യാ ഭൂരിപക്ഷം ഈ രാജ്യത്തിന്റെ കുത്തകാവകാശം തങ്ങള്‍ക്കാണ് എന്നവകാശപ്പെടാന്‍ ഉപയോഗിക്കുകയും കോൺഗ്രസ് േപാലുള്ള പാര്‍ട്ടികളെ ന്യൂനപക്ഷ പ്രീണനം നടത്തുന്നവര്‍ എന്ന് രായ്ക്കുരാമാനം വിളിച്ചുകൂവുകയും ചെയ്യുന്ന സംഘപരിവാര്‍ ശക്തികള്‍ തന്നെ ചില സംസ്ഥാനങ്ങളിലെ ഹിന്ദു സമൂഹത്തിെൻറ ജനസംഖ്യാപരമായ ന്യൂനപക്ഷാവസ്ഥ മുതലെടുത്ത് ന്യൂനപക്ഷ കാര്‍ഡ് ഇറക്കി കളിക്കുകയും ചെയ്യുന്ന 'വൈരുധ്യാത്മക ഹിന്ദുത്വവാദം' കൂടി ഈ കേസില്‍ പ്രകടമാവുന്നു.
●