ഹിജാബ് നിരോധനം; വിദ്യാഭ്യാസ നിഷേധത്തിന്റെ ഒരാണ്ട്
text_fieldsകേരള സ്കൂൾ കലോത്സവത്തിൽ കന്നട പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹഫീഫ കർണാടക ഷിമോഗ സ്വദേശിനിയാണ്. ഹിജാബ് മാറ്റാൻ തയാറല്ലാത്തതിനാൽ കഴിഞ്ഞ അധ്യയന വർഷം പരീക്ഷ എഴുതാൻ അനുവദിച്ചില്ല. തുടർന്നാണ് മലപ്പുറം കരുവാരക്കുണ്ടിലെ സ്കൂളിൽ വീണ്ടും പത്താം ക്ലാസിൽ ചേർന്നത്. അപൂർവം ചില കുട്ടികൾക്ക് ഇത്തരം സൗകര്യം ലഭിവെങ്കിലും ഭൂരിപക്ഷം പെൺകുട്ടികളും പാഠപുസ്തകങ്ങളുടെ ലോകത്തുനിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്.
ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കരുത് എന്ന തീട്ടൂരം ഇറങ്ങിയിട്ട് ഒരു വർഷം തികയുന്നു. ഈ സന്ദർഭത്തിൽ പൗരാവകാശ സംഘടനയായ പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) കർണാടക ഘടകം പുറത്തുവിട്ട റിപ്പോർട്ട് ഒരു സമുദായത്തിന് നേരെ നടന്ന കൈയേറ്റത്തിന്റെ നേർചിത്രമാണ് അടയാളപ്പെടുത്തുന്നത്.
അക്കാദമിക വർഷത്തിന്റെ അവസാന നാളുകളിലാണ് ഹിജാബ് നിരോധനം പ്രഖ്യാപിക്കപ്പെട്ടത്. ഫൈനൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന പെൺകുട്ടികളുടെ അപേക്ഷകൾ സ്വീകരിക്കാൻ കൂട്ടാക്കിയില്ല അധികൃതർ. പലയിടങ്ങളിലും അധ്യാപക സമൂഹവും സഹപാഠികളും ഈ പെൺകുട്ടികളെ ഒറ്റപ്പെടുത്താൻ മുന്നിട്ടിറങ്ങി എന്നതാണ് ഏറെ സങ്കടകരം.
ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച വിദ്യാർഥിനികളെ വ്യക്തിപരമായി അധിക്ഷേപിക്കാനും ആക്രമിക്കാനും ഹിന്ദുത്വ ആൾക്കൂട്ടത്തോടൊപ്പം സ്കൂൾ മാനേജ്മെൻറും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഹിജാബ് ധരിക്കുന്ന വിദ്യാർഥിനികൾക്ക് അവസാന വർഷ പരീക്ഷ എഴുതാൻ കഴിയാതെ ഒരു വർഷം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി.
കോടതികളിൽ നടക്കുന്ന വ്യവഹാരം നീളുന്നതിനാൽ ഹിജാബ് നിരോധനം ഇപ്പോഴും തുടരുന്നു. ആയിരക്കണക്കിന് വിദ്യാർഥിനികൾക്ക് രണ്ട് അധ്യയന വർഷങ്ങളാണ് നഷ്ടമായത്. ഹിജാബ് ധാരിണിയായ ഒരു പെൺകുട്ടിക്ക് നേരെ കാവി ഷാൾ ധരിച്ച സംഘ്പരിവാർ ആൺകൂട്ടം ജയ്ശ്രീരാം വിളികളുമായി ആക്രോശിച്ചടുക്കുന്നതിന്റെയും ഇതിനെതിരെ തക്ബീർ മുഴക്കി പെൺകുട്ടി പ്രതിരോധം തീർത്തതിന്റെയും ദൃശ്യങ്ങൾ ഏറെ ചർച്ചയായിരുന്നു.
‘നിഷ്കളങ്കരായ’ ചില ആളുകളുടെ വിദ്യാഭ്യാസമാണോ വലുത് ഹിജാബാണോ വലുത് എന്നതു പോലുള്ള ചോദ്യങ്ങളെ ഈ പെൺകുട്ടികൾ അഭിമുഖീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. തലയിലെ തട്ടം വലിച്ചൂരാൻ നിർബന്ധിക്കാതെ വിദ്യാഭ്യാസം നേടാൻ അനുവദിക്കണമെന്നായിരുന്നു അവരുടെ പക്ഷവും അപേക്ഷയും.
പക്ഷേ, അധികൃതർ ഒരു ദയാദാക്ഷിണ്യവും കാണിച്ചില്ല. കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കന്നട ഭാഷാ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹഫീഫ എന്ന പെൺകുട്ടി കർണാടക ഷിമോഗ സ്വദേശിനിയായിരുന്നു. കഴിഞ്ഞ അധ്യയന വർഷം പരീക്ഷ എഴുതാൻ അനുവദിക്കാഞ്ഞതിനെ തുടർന്നാണ് മലപ്പുറം കരുവാരക്കുണ്ടിലെ സ്കൂളിൽ ഈ വർഷം വീണ്ടും പത്താം ക്ലാസിൽ ചേർന്നത്.
അപൂർവം ചില കുട്ടികൾക്ക് ഇത്തരം സൗകര്യം ലഭിച്ചു എന്നതൊഴിച്ച് നിർത്തിയാൽ ഭൂരിപക്ഷം പെൺകുട്ടികളും പാഠപുസ്തകങ്ങളുടെ ലോകത്തു നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. മത പൗരോഹിത്യം മുസ്ലിം സ്ത്രീയെ വിദ്യാഭ്യാസത്തിൽ നിന്ന് അസന്നിഹിതമാക്കിയ ഒരു കാലമുണ്ടായിരുന്നു. അതിനെതിരെ മുസ്ലിം നവോത്ഥാന മുന്നേറ്റങ്ങളും ആധുനിക മതേതര സമൂഹവും പ്രതികരിക്കുകയും ഒരർഥത്തിൽ പടനയിക്കുകയും ചെയ്തിരുന്നു.
ക്രമേണ മുസ്ലിം സ്ത്രീ സാമൂഹിക ഇടങ്ങളിൽ സന്നിഹിതയായി തുടങ്ങി. വിദ്യാഭ്യാസ സാമൂഹിക മണ്ഡലങ്ങളിൽ മുസ്ലിം സ്ത്രീകൾ കരുത്തുറ്റ മുന്നേറ്റം നടത്തിവരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള പ്രസ്ഥാനമായി മാറിയ പൗരത്വ സമരം പോലൊരു സചേതനമായ പ്രക്ഷോഭം മുന്നിൽ നിന്ന് നയിച്ചത് മുസ്ലിം സ്ത്രീകളും വിദ്യാർഥിനികളുമായിരുന്നു.
അവളെ വീണ്ടും അരികുവത്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി വേണം ഹിജാബ് നിരോധനം വഴിയുള്ള വിദ്യാഭ്യാസ നിഷേധത്തെ കാണാൻ. ഹിജാബ് നിരോധനത്തിനെതിരെ ശബ്ദമുയർത്തിയ വിദ്യാർഥിനികളെ വ്യക്തിപരമായി അധിക്ഷേപിക്കാനും ബഹിഷ്കരിക്കാനും ആഹ്വാനം നടത്തിയതായി റിപ്പോർട്ടിൽ കാണാം.
പൗരാവകാശങ്ങൾ നിഷേധിച്ച് ഒരു ജനതയെ അപരവത്കരിക്കാൻ ഭരണകൂടം നീക്കങ്ങൾ തുടരവെ നീതിപീഠത്തിന്റെ ഭരണഘടന ബെഞ്ചിൽ നിന്ന് നീതിയും കാവലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനാധിപത്യ വിശ്വാസികൾ.