ദുരന്തകാലത്തെ മാലിന്യ നിർമാർജനം
text_fields
പ്രളയവും വെള്ളപ്പൊക്കവും ധാരാളം ഖരമാലിന്യമുണ്ടാക്കും. ഇത് രണ്ടു തരത്തിലുണ്ട്.
1) ദുരന്തത്തിനുമുമ്പ് ഉപയോഗപ്രദമായിരുന്ന വസ്തുക്കൾ ദുരന്തം കാരണം മലിനമായി തീരുന്നത്. പ്രളയത്തിൽ നശിക്കുന്ന മരം, വീട്ടുപകരണങ്ങൾ, പൊളിഞ്ഞുവീഴുന്ന കെട്ടിടങ്ങൾ, എമ്പാടും കേറിക്കിടക്കുന്ന ചളി, മറിഞ്ഞുപോകുന്നതും ചീഞ്ഞുപോകുന്നതും ആയ മരങ്ങൾ, വാഹനങ്ങൾ ഇവയെല്ലാം ദുരന്തകാലത്ത് പുതുതായി ഉണ്ടാകുന്ന മാലിന്യങ്ങളാണ്.
2) ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുണ്ടാകുന്ന മാലിന്യങ്ങൾ (കക്കൂസ് മാലിന്യങ്ങൾ, ബാക്കിവരുന്ന ഭക്ഷണം, പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണ അവശിഷ്ടങ്ങൾ, ക്യാമ്പിലേക്ക് ഓരോ വസ്തുക്കൾ കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന പാക്കിങ് വേസ്റ്റ്).
അന്താരാഷ്ട്ര രംഗത്ത് ദുരന്തകാല മാലിന്യ നിർമാർജനത്തിന് സ്വീകരിക്കുന്ന രീതികൾ എന്തൊക്കെയാണെന്ന് ചുരുക്കിപ്പറയാം.
1. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ, തൊഴിലാളികൾ, അവരുടെ സാങ്കേതിക ജ്ഞാനം എന്നിവ സംബന്ധിച്ച് കണക്കെടുപ്പ് നടത്തുക.
2. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഏതൊക്കെ മാലിന്യങ്ങൾ എത്ര അളവിൽ ഉണ്ടാകാമെന്നതിെൻറ കണക്കെടുപ്പ് നടത്തുക. ഇത് രണ്ടും വെള്ളമിറങ്ങി അടുത്ത 24 മണിക്കൂറിനകം നടത്തിയിരിക്കണം.
3. ഏതൊക്കെ തരം മാലിന്യമാണ് കൈകാര്യം ചെയ്യാനുള്ളത് എന്നതിെൻറ പട്ടികയുണ്ടാക്കുക. പൊതുവിൽ താഴെപ്പറയുന്ന വസ്തുക്കളാണ് ഒരു പ്രളയത്തിൽ ഉണ്ടാകുന്നത്;
●പൊളിഞ്ഞു പോയതോ പൊളിച്ചുകളയുന്നതോ ആയ കെട്ടിടത്തിെൻറ അവശിഷ്ടങ്ങൾ്, മര ഉരുപ്പടികൾ (ചീത്തയായ ഫർണിച്ചർ, മേശകൾ, കസേരകൾ, വാതിൽ, ജനൽ), ചീത്തയായ ബെഡുകൾ, സോഫകൾ, പ്ലാസ്റ്റിക് വസ്തുക്കൾ, വസ്ത്രങ്ങൾ, പേപ്പർ, ചീത്തയായ ഭക്ഷണവസ്തുക്കളും ഫ്രിഡ്ജിൽ ഉണ്ടായിരുന്ന മറ്റു വസ്തുക്കളും, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ വൈറ്റ് ഗുഡ്‌സ്, കമ്പ്യൂട്ടർ, മൊബൈൽഫോൺ, ഇൻവെർട്ടർ, സോളാർ തുടങ്ങിയ ഇലക്ട്രോണിക് വേസ്റ്റ്, മരുന്നുകൾ, രാസവസ്തുക്കൾ, വളക്കടകളിലും മറ്റുമുള്ള കീടനാശിനികൾ, ●ഫാക്ടറികളിലും മറ്റുമുണ്ടായിരുന്ന രാസപദാർഥങ്ങൾ, മൃഗങ്ങളുടെ ജഡങ്ങൾ, ചീഞ്ഞുപോയ മരങ്ങൾ, കേടായ വാഹനങ്ങൾ, ദുരിതാശ്വാസ ക്യാമ്പിലെ മാലിന്യങ്ങൾ, ചളി
4. നാല് അടിസ്ഥാന കാര്യങ്ങളാണ് ദുരന്തകാലത്തെ വേസ്റ്റ് മാനേജ്മെൻറിൽ പ്രധാനം.
a) എത്ര കൂടുതൽ വസ്തുക്കൾ വീട്ടിൽതന്നെ പുനരുപയോഗിക്കുന്നുവോ അത്രയും കുറച്ചു മാലിന്യമേ പുറത്തേക്ക് കളയാൻ ഉണ്ടാകുകയുള്ളൂ. അതുകൊണ്ടു വസ്തുക്കൾ വൃത്തിയാക്കി രണ്ടാമത് ഉപയോഗിക്കുന്നതും വേറെ എന്തിനെങ്കിലും പകരമായി ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കണം.
b) ക്യാമ്പിലേക്ക് വസ്തുക്കൾ കൊണ്ടുവരാൻ എത്ര കുറച്ച് പ്ലാസ്റ്റിക് പാക്കുകൾ ഉപയോഗിക്കുന്നുവോ അത്രയും നല്ലത്.
c) പുറത്തേക്ക് കളയുന്ന വസ്തുക്കൾ ഒരുമിച്ചു കൂട്ടിയിടാതെ തരം തിരിച്ചു മാറ്റിയിടണം.
d) വീട്ടിൽനിന്ന് ഇത്തരത്തിൽ വേർതിരിച്ചിട്ട വസ്തുക്കൾ ശേഖരിക്കാൻ സർക്കാറിെൻറ വ്യക്തമായ സംവിധാനം വേണം. അത് ഒരാഴ്ചക്കകം സജ്ജമാവുകയും വേണം.
5. മാലിന്യങ്ങൾ ശേഖരിക്കാനും നിർമാർജനം ചെയ്യാനും ഇപ്പോൾതന്നെ ഒരു സംവിധാനവുമില്ലാത്ത സംസ്ഥാനത്ത് പുതുതായി എല്ലാ മാലിന്യങ്ങൾക്കും വെവ്വേറെ സംവിധാനങ്ങൾ ഉണ്ടാക്കുക സർക്കാർ സംവിധാനത്തിെൻറ സാധാരണ സ്പീഡ് അനുസരിച്ചു പ്രായോഗികമല്ല. ഇതിന് പണം എവിടെനിന്നു കിട്ടും, പണം കിട്ടിയാൽപോലും കേരളത്തിൽ ഒരിടത്തും മാലിന്യം സംസ്കരിക്കാൻ പോയിട്ട് ശേഖരിച്ചുവെക്കാൻപോലും സ്ഥലം തരാൻ ആരും തയാറല്ലല്ലോ. എന്തിന്, ആരുടെയെങ്കിലും വീടിെൻറ അടുത്ത് മാലിന്യം സംഭരിച്ചുവെക്കാൻ പോലും ആളുകൾ അനുവദിക്കില്ല.
6. ഈ വിഷയത്തെ സർക്കാർ എങ്ങനെയും നേരിട്ടേ മതിയാകൂ. കാരണം ഖരമാലിന്യങ്ങൾ കൂടിക്കിടക്കുന്നത് എലിയും മറ്റു രോഗവാഹകരും പെരുകാൻ ഇടയാക്കും. മാലിന്യങ്ങൾ വീടിനടുത്തുനിന്ന് മാറ്റാതെ പുനർനിർമാണം സാധ്യമല്ല. മാലിന്യങ്ങൾ വീടിനുമുന്നിൽ കിടക്കുന്നിടത്തോളം കാലം മാനസികമായി ദുരന്തം ആളുകളിൽനിന്ന് അകലുന്നുമില്ല.
7. ഇക്കാര്യത്തിൽ സർക്കാർ ശക്തമായി ഇടെപടേണ്ടിവരും. ഉപയോഗിച്ച് ഓരോ വാർഡിലും വെറുതെ കിടക്കുന്ന സ്ഥലം കുറച്ചുനാളത്തേക്ക് താൽക്കാലികമായി ശേഖരിച്ചു െവക്കാനുള്ള സ്ഥലമായി കണ്ടു പിടിക്കണം. അവ വാടക കൊടുത്ത് ഏറ്റെടുക്കേണ്ടിവരും. വിട്ടുനൽകാൻ ഉടമസ്ഥർ തീരുമാനിച്ചാൽ പ്രത്യേക അധികാരങ്ങൾ ഉപയോഗിക്കേണ്ടിവരും. പുറത്ത് തള്ളുന്ന മാലിന്യങ്ങൾ ഈ സ്ഥലത്ത് എത്തിക്കാനുള്ള ചെലവ് സർക്കാർ വഹിക്കേണ്ടതായും വരും.
8. കേടായ വാഹനങ്ങൾ, വൈറ്റ് ഗുഡ്സ്, ഇ-മാലിന്യങ്ങൾ ഒക്കെ നിർമിച്ച കമ്പനികളോട് ഏറ്റെടുത്തു സംസ്കരിക്കാൻ പറയേണ്ടിവരും. ഇന്ത്യയിലെ നമ്പർ വൺ ലക്ഷ്വറി കമ്പോളമാണെന്ന മാർക്കറ്റ് പവർ ഉപയോഗിക്കണം. അല്ലെങ്കിൽ, സർക്കാർ അധികാരങ്ങൾ ഉപയോഗിക്കണം.
(െഎക്യരാഷ്ട്രസഭയുടെ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
