Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഹാഫ് ഷവായയും മൂന്ന്...

ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും...

text_fields
bookmark_border
ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും...
cancel

അസിസ്റ്റന്‍റ് കമീഷണറുടെ ഫോണാണെന്നറിയാതെ ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും ഓർഡർ ചെയ്ത കൺട്രോൾ റൂമിലെ പൊലീസുകാരന്റെയും ഫറോഖ് എ.സി.പിയുടെയും ഫോൺ സംഭാഷണം സമീപകാലത്ത് വൈറലായ തമാശയാണ്. സമീപകാലത്തെ കേരള പൊലീസിന്റെ കേസെടുപ്പുകളും അന്വേഷണ രീതികളും വെച്ചു നോക്കുമ്പോൾ ഇത്തരം ഉന്നംതെറ്റലുകളിൽ ഒരു അതിശയവും പറയാനില്ല.

കൊട്ടിഘോഷിച്ചുളള അതിനാടകീയ വൈബും എഫ്.ഐ.ആർ., റിമാൻഡ് റിപ്പോർട്ടാദി ബി.ജി.എമ്മുകളും ചേർത്ത് പകൽ നേരം നടത്തുന്ന സാഹസിക അറസ്റ്റ് കഥകൾ സായാഹ്നമാവുമ്പോഴേക്ക് നൈസായി ജാമ്യത്തിൽ അവസാനിക്കുന്നു. ജയിലല്ല ജാമ്യമാണ് നിയമം എന്ന കൃഷ്ണയ്യർ വാചകം നെഞ്ചേറ്റുന്ന നീതിബോധം കൊണ്ടാണ് ഈ എളുപ്പ ജാമ്യങ്ങൾ എന്ന് ആരും തെറ്റിദ്ധരിക്കരുതേ, 'മൃദുഭാവേ.. ദൃഢകൃത്യേ' എന്ന കേരള പൊലീസ് അടയാള വാക്യത്തിന് പിടിപ്പുകേട് എന്നായിട്ടുണ്ട് പച്ച മലയാള പരിഭാഷ.

അതിസാമർഥ്യവും പ്രതികാരവും 'ഇൻസ്പെക്ടർ ബൽറാം' കാലത്ത് പോലും ഓടിത്തേഞ്ഞ ശ്രദ്ധമാറ്റൽ തന്ത്രങ്ങൾ സമാസമവും ഒപ്പം രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടുന്ന സേനാതലവന്മാരും കൂടി പാകത്തിന് ചേരുന്നത് തന്ത്രങ്ങൾ വേവുന്ന ഈ അടുക്കളയിൽ എല്ലാം താളംതെറ്റുകയാണ്. കോടതിയിൽ നിന്ന് വാങ്ങിച്ച് കൂട്ടുന്നതിനും കുറവില്ല.

അന്വേഷണ മികവിലും കേസ് രജിസ്ട്രേഷനിലുമെല്ലാം ബൊക്കെയും ചെണ്ടും പൂമാലയുമെല്ലാം പലതവണ ഏറ്റുവാങ്ങിയിട്ടുള്ള രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണിതെന്നത് സത്യമാണെങ്കിലും അവരിപ്പോൾ സർ സി.പിയുടെ കാലത്തേക്ക് കാളവണ്ടി വിളിച്ചു പോകുകയാണോ എന്ന് സംശയിക്കും വിധത്തിലാണ് സമീപകാല വിളയാട്ടങ്ങൾ. എതിർ ശബ്ദങ്ങളെ ജയിലിലടച്ചും നാടുകടത്തിയും സർ സി.പി യും സംഘവും അധികാരം ആഘോഷിച്ചിരുന്നെങ്കിൽ ഇപ്പോൾ നാട്ടുകാരെ 'ബന്ദി'യാക്കിയും നിരന്തരം കേസുകൾ രജിസ്റ്റർ ചെയ്തുമാണ് ഹൈടെക് പൊലീസിന്റെ ആഘോഷങ്ങൾ.

സർക്കാറിന്‍റെ രാഷ്ട്രീയതാൽപര്യങ്ങൾക്ക് വേണ്ടി ഒരുക്കി നിർത്തിയിരിക്കുന്ന വെറും ജലപീരങ്കി മാത്രമായി മാറുന്നു പൊലീസ്. നിയന്ത്രിക്കുന്നവരുടെയും ഉപദേശിക്കുന്നവരുടെയും മനോവിചാരങ്ങൾ മുതൽ നിയമസഭയിലും പുറത്തും കത്തിയാളുന്ന രാഷ്ട്രീയവിവാദങ്ങളുടെ കണ്ണുമൂടൽ വരെ നിയമപാലനത്തിന്‍റെ വിലാസവും ജാതകവുമാവുന്നു.

ശാസ്ത്ര സാങ്കേതിക മികവിന്‍റെ ഈ കാലഘട്ടത്തിലും തൊണ്ണൂറുകളിലെ തന്ത്രം പയറ്റുന്നതിന്‍റെ പാളിച്ചകളാണ് ഇപ്പോൾ പൊലീസ് കേൾക്കുന്ന പഴികൾക്ക് മൂലകാരണമെന്ന് പറഞ്ഞാൽ തള്ളിക്കളയാനാവില്ല. എതിർപ്പ് പ്രകടിപ്പിക്കുന്നവർക്കെതിരെ എങ്ങനെ കേസുണ്ടാക്കാം, പറ്റിയാൽ ജയിലിൽ പൂട്ടാം എന്ന വിഷയത്തിലാണ് സേന ഗവേഷണം ചെയ്യുന്നതെന്ന് തോന്നും.

പകപോക്കൽ അറസ്റ്റുകൾക്ക് ഉദാഹരണം തേടി ഉത്തർപ്രദേശ് വരെ പോകേണ്ടിവരില്ലെന്ന് ചുരുക്കം. സ്വർണക്കടത്ത് പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോകൽ, പി.സി. ജോർജിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തത് മുതൽ ഏറ്റവുമൊടുവിൽ വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും പറഞ്ഞ് കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തതുവരെയുള്ള സംഗതികളൊന്ന് നോക്കൂ.

അനന്തപുരിയിൽ നടന്ന സംഘ്പരിവാർ സമ്മേളനത്തിന്റെ സ്വാഗതപ്രസംഗം മുതൽ നന്ദി പറച്ചിൽ വരെ വർഗീയ വിഷം ചീറ്റലായിരുന്നു. ലൈവായി സംപ്രേഷണം ചെയ്ത സമ്മേളനത്തിന്റെ ഉള്ളടക്കം അറിയാഞ്ഞിട്ടൊന്നുമല്ല, അത്തരം കാര്യങ്ങൾ തടഞ്ഞും നടപടിയെടുത്തും പരിവാറിന്റെ വളർച്ചക്ക് വഴിമരുന്നിട്ടു കൊടുക്കാതിരിക്കാൻ പ്രത്യേക കരുതലാണ് ആഭ്യന്തര മന്ത്രാലയം കുറച്ചു വർഷങ്ങളായി കൈക്കൊണ്ടുപോരുന്നത്.

സമ്മേളനത്തിലെ പ്രസംഗകരിലൊരാളായിരുന്ന പി.സി. ജോർജ് വിളമ്പിയ വിദ്വേഷവും കേട്ടില്ലെന്ന് നടിക്കാനായിരുന്നു തീരുമാനം. പക്ഷേ, ഒരു കടം കഴിക്കൽ അറസ്റ്റ് നടത്തി തൃക്കാക്കര കടക്കാമെന്ന് ആരോ ഉപദേശിച്ചു. ആളെ കാണിക്കാനുള്ള അറസ്റ്റ് മാത്രമായതു കൊണ്ട് ഒരു മുന്നൊരുക്കവുമില്ലായിരുന്നു. കേസ് നടപടികളിലെ പാളിച്ച മൂലം കോടതി കൈയോടെ ജാമ്യം കൊടുത്തു. പുറത്തിറങ്ങിയ ജോർജിന് ഹരമായി,അറസ്റ്റിലായാലും ഒറ്റ ദിവസത്തെ ഏർപ്പാടും ഒരുപാട് കാലത്തെ മൈലേജുമെന്ന് മനസ്സിലായതോടെ പിന്നേയും വിദ്വേഷ പ്രസംഗം.

സ്വപ്നയുടെ സുഹൃത്ത് സരിത്തിനെ ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ പാലക്കാട് വിജിലൻസ് ഉദ്യോഗസ്ഥർ തെലുഗു സിനിമ സ്റ്റൈലിൽ ചോദ്യം ചെയ്യാൻ പിടിച്ചു കൊണ്ടുപോയതും സമാനതകളില്ലാത്ത പാളിച്ച.

ഒത്തുതീർപ്പിന് പോയ ഇടനിലക്കാരനുമായി അടുത്തബന്ധമുണ്ടെന്ന കണ്ടെത്തലിൽ വിജിലൻസ് ഡയറക്ടർ എം.ആർ. അജിത്കുമാറിന് സ്ഥാനം പോയി. സി.പി.എം, സി.പി.ഐ സെക്രട്ടറിമാർ ആ ഉദ്യോഗസ്ഥനെ തള്ളിപ്പറയുകയും ചെയ്തു. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ ഉന്നത സ്ഥാനത്തേക്ക് ആ ഉദ്യോഗസ്ഥൻ മടങ്ങിയെത്തിയത് മറ്റൊരു സത്യം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിമാനത്തിൽ പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസുകാരെ പിടികൂടി വധശ്രമത്തിന് കേസെടുത്ത പൊലീസ് യൂത്തന്മാരെ വിമാനത്തിൽ തള്ളിയിട്ട ഇടത് കൺവീനർ ഇ.പി. ജയരാജന് ക്ലീൻ ചിറ്റും നൽകി. ഒടുവിൽ കോടതി ഇടപെടലിലൂടെ ജയരാജനെതിരെയും കേസെടുക്കേണ്ടി വന്നു.

ചാനൽ ചർച്ചയിൽ ഭരണപക്ഷ നേതാവിനെതിരായ പരാമർശത്തിന്‍റെ പേരിൽ മാധ്യമപ്രവർത്തകനെതിരെ കേസെടുക്കുക, സി.പി.എം നേതാവിന് യാത്രവിലക്ക് ഏർപ്പെടുത്തിയ വിമാനക്കമ്പനിയുടെ വാഹനം കസ്റ്റഡിയിലെടുക്കുക അങ്ങനെയുള്ള കലാപരിപാടികൾ മറുവശത്ത് തുടരുകയാണ്.

ഇത്രയേറെ തിരക്കുപിടിച്ച നിയമപാലനത്തിനിടയിൽ കേരളം ഭരിക്കുന്ന സി.പി.എമ്മിന്‍റെ ആസ്ഥാന മന്ദിരത്തിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ പ്രതിയെ കണ്ടുപിടിക്കാൻ കഴിയാത്തതിന് അവരെ എങ്ങനെ കുറ്റം പറയും?. 'കിട്ടിയോ' എന്ന വാക്ക് മുമ്പില്ലാത്ത അർഥത്തിൽ രാഷ്ട്രീയ തമാശയും പരിഹാസവുമാകുന്നത് ഈ സാഹചര്യത്തിലാണ്.

എ.കെ.ജി സെന്റർ ആക്രമണത്തിന്റെ പ്രതിഷേധമായി കെ.പി.സി.സി ഓഫിസിന് നേരെ കല്ലെറിഞ്ഞവർക്കും പ്രതിപക്ഷനേതാവിന്‍റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറിയവർക്കുമെതിരെ നടപടിയെടുക്കാൻ മറന്നുപോയതും സ്വാഭാവികം മാത്രം. രാജാവിനേക്കാൾ രാജഭക്തി തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട് ഒരു നിയമപാലന സംവിധാനം ദയനീയമായി തകർന്നുപോകുന്നത് എങ്ങനെയെന്ന് സംബന്ധിച്ച് ലോകത്തെ സകല പൊലീസ് സേനകൾക്കും ഒരു പഠനമാതൃകയാക്കാവുന്നതാണ് കേരളത്തിന്റെ ഉദാഹരണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police
News Summary - Half Shawaya and Three Qubboos...
Next Story