വീണ്ടും യുദ്ധത്തിലേക്കോ, ഗൾഫിൽ സംഭവിക്കുന്നത് എന്ത്?; സൈനിക നീക്കങ്ങളിലും ആക്രമണങ്ങളിലും ആശങ്ക
text_fieldsമിഡിൽ ഈസ്റ്റ് തീരത്ത് നിലയുറപ്പിച്ച മൂന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ, ഇറാൻ ദ്വീപായ ഖഷ്മിൽ അമേരിക്കയുടെ തുടർച്ചയായ ആക്രമണം, ബഹ്റൈനിലേക്കും കുവൈത്തിലേക്കും ഇറാൻ പ്രത്യാക്രമണങ്ങൾ, ഹൂർമുസിൽ തുടരുന്ന അശാന്തത, ഇടവേളക്കുശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുകയാണ്.
ഇറാനെതിരെ സൈനിക നടപടികൾ അവസാനിപ്പിച്ചതായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്കും യുദ്ധവിരാമത്തിനും അൽപ്പായുസ്സേ ഉള്ളൂ എന്നാണ് നിലവിലെ സംഭവവികാസങ്ങൾ നൽകുന്ന സൂചന. യുദ്ധഭീതി പശ്ചിമേഷ്യയിൽ, വിശിഷ്യ ഗൾഫ് രാജ്യങ്ങളിൽ വീണ്ടും പടരുകയാണ്.
ഫെബ്രുവരി 28 മുതൽ തുടരുന്ന യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് ഘട്ടത്തിൽ താൽക്കാലിക ശമനമായിരുന്നെങ്കിലും ഇരു വിഭാഗങ്ങളും വീണ്ടും പ്രകോപനങ്ങൾ തുടരുന്നതിനാൽ ഒട്ടും ആശാസ്യമല്ല നിലവിലെ സ്ഥിതിഗതികൾ. സംഘർഷം വ്യാപിക്കാനുള്ള സാധ്യതകൾ ഇവ വർധിപ്പിക്കുകയും ചെയ്യുന്നു.
നിലവിലെ സാഹചര്യങ്ങളും, യു.എസും ഇറാനും ഒരു സമാധാന കരാറിൽ എത്താത്തതും ഏതു നിമിഷവും പുതിയൊരു ആക്രമണം പൊട്ടിപ്പുറപ്പെടാമെന്ന ഭീതി നിലനിർത്തുന്നു.
അമേരിക്കയുടെ നീക്കങ്ങളോട് ശക്തമായാണ് ഇറാൻ പ്രതികരിക്കുന്നത്. തങ്ങൾക്കെതിരായ സാമ്പത്തിക, സൈനിക ഉപരോധങ്ങൾ ശക്തമാക്കുന്നതും മേഖലയിൽ സൈനിക സാന്നിധ്യം കനപ്പിക്കുന്നതും ഇറാനെ ചൊടിപ്പിക്കുന്നുണ്ട്. ഏതു തരം ആക്രമണങ്ങൾക്കും ശക്തമായ തിരിച്ചടി ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് യുഎസിനും, മേഖലയിലെ രാജ്യങ്ങൾക്കും ഇറാൻ മുന്നറിയിപ്പ്. യുഎസ് ആദ്യം ആക്രമിക്കാൻ കാത്തിരിക്കില്ലെന്നും ഇറാൻ നേരത്തെ വ്യക്തമാക്കിയതാണ്.
ഒറ്റപ്പെട്ടതാണെങ്കിലും നിലവിലെ ആക്രമണങ്ങളും, യുദ്ധത്തിനും സമാധാനത്തിനുമിടയിലെ സംഘർഷാന്തരീക്ഷവും, അനിശ്ചിതത്വവും പശ്ചിമേഷ്യയുടെ സുരക്ഷാ, സാമ്പത്തിക സ്ഥിരതക്ക് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്.
ഇറാന്റെ ലക്ഷ്യസ്ഥാനങ്ങളിൽ തങ്ങളും ഉൾപ്പെടുന്നു എന്നത് ഗൾഫ് രാജ്യങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. ഹൂർമുസ് പ്രശ്നം അവസാനിക്കാത്തത് എണ്ണ, ഊർജ്ജ കയറ്റുമതിയെ സാരമായി ബാധിക്കുകയും ഗൾഫിന്റെ സാമ്പത്തിക ഘടനയെ ഉലച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. മറ്റൊരു ശക്തമായ എറ്റുമുട്ടലിന് കൂടി മേഖല സാക്ഷിയായാൽ അതിന്റെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കും.
കരാറില്ല, സമാധാനവുമില്ല
ഇറാനെതിരെ സൈനിക നടപടികൾ അവസാനിപ്പിച്ചതായി ഡോണൾഡ് ട്രംപ് പറഞ്ഞെങ്കിലും ഇരു രാജ്യങ്ങൾക്കുമിടയിൽ കൃത്യമായ ഒരു കരാർ രൂപപ്പെടുത്തിയിട്ടില്ല. യുദ്ധത്തിന് കാരണമായ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയും ചെയ്യുന്നു. ഇതുകൊണ്ടു തന്നെ പ്രശ്നം എങ്ങനെ അവസാനിപ്പിക്കും എന്ന ചോദ്യം ബാക്കിയാണ്. ഏതു നിമിഷവും ആക്രമണങ്ങൾ പ്രതീക്ഷിക്കാം എന്ന നിലയിലാണ് നിലവിൽ കാര്യങ്ങൾ.
ഇതിനിടെയാണ് യു.എസ്.എസ് തിയോഡോർ റൂസ്വെൽറ്റ് വിമാനവാഹിനിക്കപ്പൽ ഞായറാഴ്ച മിഡിൽ ഈസ്റ്റ് തീരത്ത് എത്തിയത്. യുദ്ധവിമാനങ്ങൾ, അകമ്പടി കപ്പലുകൾ, സഹായ കപ്പലുകൾ എന്നിവയടങ്ങുന്ന തിയോഡോർ റൂസ്വെൽറ്റിന്റെ വരവോടെ മേഖലയിൽ യുഎസ് വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി. പിറകെ ഖഷ്മിൽ അമേരിക്ക വ്യോമാക്രമണങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇറാനെതിരായ ഉപരോധം ശക്തമാക്കിയ അമേരിക്ക ഹൂർമുസിൽ നിയന്ത്രണത്തിന് ശ്രമം തുടരുകയുമാണ്.
ഇതിന് പകരം അയൽരാജ്യങ്ങളിലെ അമേരിക്കൻ സംവിധാനങ്ങൾ ഇറാൻ ലക്ഷ്യമിടുന്നു. ബഹ്റൈനിലെ യു.എസ് സൈനിക റഡാർ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഒരാഴ്ചക്കിടെ നാല് തവണയാണ് ഇറാൻ ആക്രമണം നടത്തിയത്. ഈസ എയർബേസിലെ യു.എസ് റഡാർ സംവിധാനവും, 'ഏർലി-വാർണിങ്' റഡാർ കേന്ദ്രവും, യു.എസ് ഹെലികോപ്റ്റർ താവളത്തിലെ റഡാർ സംവിധാനവും ഇറാൻ ലക്ഷ്യമിട്ടു.
ഇറാനിലെ ആശയവിനിമയ ടവറുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്കും, അമേരിക്ക തുടരുന്ന ഡ്രോൺ നിരീക്ഷണ പ്രവർത്തനങ്ങൾക്കും തിരിച്ചടിയായാണ് ഇവയെന്നാണ് ഐആർജിസി വ്യക്തമാക്കിയത്. ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ ഇല്ലെന്നും കൃത്യമായി പ്രതിരോധിച്ചതായും യു.എസും, ബഹ്റൈനും പറയുന്നു.
ബുധനാഴ്ച പുലർച്ചെ കുവൈത്തിന് നേരെയും ഇറാൻ ഡ്രോൺ ആക്രമണമുണ്ടായി. തങ്ങൾ പിറകോട്ടില്ല എന്ന സന്ദേശം നൽകാനാണ് ഇറാൻ ഈ ആക്രമണങ്ങൾ വഴി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി 28ലെ സംഘർഷത്തിന്റെ തുടക്കത്തിൽ, യു.എസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട നിലകൊള്ളുന്ന ബഹ്റൈൻ, ഇറാന്റെ ശക്തമായ ആക്രമണങ്ങൾക്ക് വിധേയമായിരുന്നു. കുവൈത്തിലും യു.എസ് താവളവും, അന്താരാഷ്ട്ര വിമാനത്താവളവും, ജല-വൈദ്യുത നിലയങ്ങളും ആക്രമിക്കപ്പെട്ടു.
സൗദി അറേബ്യക്കുനേരെ ഹൂതികളുടെ ആക്രമണം തുടരുന്നത് ജിസിസിയിലെ മറ്റൊരു സുരക്ഷാവെല്ലുവിളിയാണ്. ചെങ്കടൽ തീരത്തും ബാബ് അൽ മന്ദബിലും ഹൂതികൾക്ക് ശക്തി വർധിക്കുന്നതായ പുതിയ റിപ്പോർട്ടുകളും വരുന്നുണ്ട്. ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾ ഇടവേളകളില്ലാതെ തുടരുന്നു. യമനിലും, ലബനാനിലും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. പല രൂപത്തിൽ മേഖല പുകയുന്ന നാളുകളാണ് നിലവിൽ.
പ്രതിസന്ധിയിൽ തുടരുന്ന ഹൂർമുസ്
യുഎസ് ഉപരോധത്തിനും വെല്ലുവിളികൾക്കും ഹൂർമുസിനെ ശക്തമായ ആയുധമാക്കുന്നത് ഇറാൻ തുടരുകയാണ്. ഹൂർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്നും, തങ്ങൾക്കും ഒമാനും മാത്രമേ അത് നിയന്ത്രിക്കാൻ അവകാശമുള്ളൂ എന്നുമാണ് ഇറാന്റെ അവകാശവാദം.
ഹൂർമുസിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത് അഞ്ച് കപ്പലുകൾക്കെങ്കിലും ആക്രമണമേറ്റതായാണ് റിപ്പോർട്ട്. രണ്ട് എണ്ണ ടാങ്കറുകൾ കടൽ മൈനുകളിൽ ഇടിച്ച് അപകടം സംഭവിച്ചു.
24 ഇന്ത്യക്കാർ അടങ്ങുന്ന കപ്പലും പ്രശ്നത്തിൽപ്പെട്ടു. ഹൂർമുസിലെ ഇറാന്റെ ഈ അവകാശവാദങ്ങൾ തള്ളുന്ന അമേരിക്ക തങ്ങൾ കപ്പലുകൾക്ക് സുരക്ഷ ഒരുക്കുന്നതായി പറയുന്നുണ്ട്. എന്നാൽ അപകടങ്ങൾ ആവർത്തിക്കുന്നതാണ് സമീപകാല കാഴ്ച. ഹൂർമുസ് പ്രതിസന്ധി നീളുന്നതിനാൽ ഗൾഫ് രാജ്യങ്ങളുടെ ചരക്കു നീക്കത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അതുകൊണ്ടു തന്നെ യുദ്ധത്തിന് സമാനമായ പ്രതിസന്ധിയിലൂടെയാണ് ഗൾഫ് രാജ്യങ്ങൾ നിലവിൽ കടന്നുപോകുന്നത്.
സമാധാന ശ്രമങ്ങൾ ഫലം കാണുമോ
ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഹൂർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ തുടരുകയാണ്. ഖത്തറും ഒമാനും ഇതിനായുള്ള ഇടപെടൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മുന്നോട്ടുവെച്ച ഉപാധികളിൽ യുഎസും ഇറാനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ കുറച്ച് സമവായത്തിലെത്തുകയാണ് പ്രധാന ലക്ഷ്യം.
യുഎസ് നാവിക ഉപരോധവും ഉപരോധ നടപടികളും നീക്കുക, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകുക, എല്ലാ മേഖലകളിലും ശത്രുത അവസാനിപ്പിക്കുക, യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുക തുടങ്ങിയവ ഉൾപ്പെടുന്ന ഏഴ് നിബന്ധനകൾ ഖത്തർ മധ്യസ്ഥൻ മുഖേന ഇറാൻ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യത്തിൽ അമേരിക്ക അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. അമേരിക്കയുടെ സമീപനം ഏതായാലും 'യുദ്ധവുമില്ല, സമാധാനവുമില്ല' എന്ന അവസ്ഥയിൽ തുടരില്ലെന്നാണ് ഇറാൻ നിലപാട്.
ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം, കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത് വലിയ രാഷ്ട്രീയ അപകടസാധ്യതകൾ ക്ഷണിച്ചുവരുത്തുന്നതാണ്. എന്നാൽ, നിലവിലെ വ്യവസ്ഥകളിൽ യുദ്ധം അവസാനിപ്പിക്കുന്നത് ട്രംപിനെ സംബന്ധിച്ചിടത്തോളം തോൽവിക്ക് തുല്യവുമായിരിക്കും. ഇതിൽ ട്രംപ് തെരഞ്ഞെടുക്കുന്നത് ഏതു വഴിയായിരിക്കും! സമാധാനത്തിന്റെയോ, ആക്രമണത്തിന്റെയോ? അതിന് അനുസരിച്ചായിരിക്കും പശ്ചിമേഷ്യയുടെ ഭാവി.

