Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഉറ്റവരെ അവരിപ്പോഴും...

ഉറ്റവരെ അവരിപ്പോഴും തിരയുന്നു... മോർച്ചറികളിൽ

text_fields
bookmark_border
ഉറ്റവരെ അവരിപ്പോഴും തിരയുന്നു... മോർച്ചറികളിൽ
cancel

ഡൽഹി കലാപത്തിനുശേഷം ഒരാഴ്​ച പിന്നിടു​ന്ന വേളയിൽ അക്രമ സംഭവങ്ങൾ നടന്ന പ്രദേശങ്ങൾ സന്ദർശിച്ച്​ ‘ദ ഗാർഡിയൻ’ ലേഖിക ഹന്ന എല്ലിസ്​ പീറ്റേഴ്​സൺ എഴുതിയ കുറിപ്പ്​

മുഹമ്മദ്​ അർഷദിന്‍റെ മൃതദേഹം വെള്ള​ത്തുണി യിൽ പൊതിഞ്ഞ്​ ആ വീട്ടുമുറ്റത്തെത്തിച്ചപ്പോഴേ, അകത്തുനിന്ന്​ നിലവിളികളുയർന്നു. ആറു കുഞ്ഞിപ്പെങ്ങന്മാരുടെ പുന്നാര ആങ്ങളയായിരുന്നു ആ 22കാരൻ. അവർക്കുള്ള പഴങ്ങളും പലഹാരങ്ങളു​മായാണ്​ പെയിന്‍റിങ്​ ജോലി കഴിഞ്ഞ്​ മിക്ക ദിവസവു​ം അർഷദ്​ വീട്ടിലെത്തിയിരുന്നത്​. മുഖത്തെ തുണി മാറ്റി മൃതദേഹം കാണിച്ച​പ്പോൾ തണുത്തുമരവിച്ച ആ കവിളുകളിൽ തൊട്ട്​ അവർ നിർത്താതെ കരഞ്ഞു. ‘എഴുന്നേൽക്കൂ, ഭയ്യാ... ഒന്ന്​ കണ്ണുതുറക്കൂ...’ കണ്ണീരിൽ കുതിർന്ന അവരുടെ നിലവിളികൾ കണ്ടുനിന്നവരെയും ഇൗറനണിയിച്ചു. കഴിഞ്ഞയാഴ്​ച ഡൽഹി സാക്ഷ്യംവഹിച്ച കലാപത്തിൽ ദാരുണമായി വധിക്കപ്പെട്ടവരിലൊരാളായിരുന്നു ആ ചെറുപ്പക്കാരൻ.

തുടർച്ചയായ നാലു ദിവസം അക്രമികൾ വടക്കുകിഴക്കൻ ഡൽഹിയിൽ ചുറ്റിത്തിരിഞ്ഞ്​ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരുടെ വീടുകളും കടകളും അവർ തെരഞ്ഞുപിടിച്ച്​ നശിപ്പിച്ചു. നിരവധി പേരെ വധിക്കുകയും ആക്രമിക്കുകയും ചെയ്​തു. മരിച്ചവരുടെ മൃതദേഹങ്ങൾ പതിയെ അവരുടെ കുടുംബങ്ങളിലേക്കെത്തു​േമ്പാഴും കലാപത്തിനിടെ ഭീതിതരായി സ്​ഥലംവിട്ട ആയിരക്കണക്കിന്​ മുസ്​ലിംകൾ വീടുകളിലേക്ക്​ തിരിച്ചെത്താൻ ഇപ്പോഴും ഭയക്കുകയാണ്​. മരിച്ച 49 പേരിൽ 35 പേരും മുസ്​ലിംകളാണെന്ന്​ ഡൽഹി സർക്കാറിലെ ആ​േരാഗ്യ വകുപ്പ്​ അധികൃതർ ‘ഗാർഡിയനോ’ട്​ പറഞ്ഞു.

* * * * *

ഒരാഴ്​ച പിന്നിടു​േമ്പാഴും പലരും കാണാതായ ബന്ധുക്കളെ തേടുകയാണ്​. അനിശ്ചിതത്വത്തിന്​ നടുവിലാണ്​ അവരുടെ ജീവിതം. ജി.ടി.ബി ആ​ശുപത്രിക്ക്​ പുറത്ത്​ ഗുൽഷൻ (27) കാത്തിരിക്കുന്നത്​ പാതി കത്തിക്കരിഞ്ഞ നിലയിൽ കൊണ്ടുവന്ന മൃതദേഹം കാണാതായ പിതാവി​ന്‍റേതാണോ എന്നറിയാനാണ്​. അതിനായി ഡി.എൻ.എ ഫലം കാത്തിരിക്കുകയാണവർ. ‘എല്ലാത്തിനും ഞാൻ എ​ന്‍റെ പിതാവിനെയാണ്​ ആശ്രയിച്ചിരുന്നത്​. ഇനിയെന്തുചെയ്യും? -കണ്ണീരോടെ ഗുൽഷൻ ചോദിക്കുന്നു.

റിക്ഷ ഡ്രൈവറായ മുഹമ്മദ്​ നവാബും ദിവസങ്ങളായി പിതാവിനെ തേടി അലയുകയാണ്​. ഒരു മത ചടങ്ങിൽ പ​െങ്കടുക്കാൻ കസബ്​പുരയിൽ പോയതായിരുന്നു അദ്ദേഹം. അവിടെ നിരവധി അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. കസബ്​പുരയിൽ പോയ പിതാവിനെ നവാബിന്​ പിന്നീട്​ കണ്ടുകിട്ടിയിട്ടില്ല. ആ​ശുപത്രി മോർച്ചറികളിൽ പിതാവിനെ തേടി തിരച്ചിൽ നടത്തുകയാണിയാൾ. കാണാതായ ബന്ധുക്കൾക്കുവേണ്ടി എന്നെപ്പോ​െല, ഒരുപാടുപേർ അന്വേഷിച്ചുനടക്കുകയാണ്​. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ആളായതിനാൽ എ​ന്‍റെ പിതാവ്​ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന ചിന്ത കാരണം രാത്രികളിൽ കിടന്നുറങ്ങാൻ കഴിയുന്നില്ല. ഡൽഹി ഇനി ഞങ്ങൾക്ക്​ താമസിക്കാൻ പറ്റിയ ഇടമല്ല. ഉത്തർ പ്രദേശിലെ ഗ്രാമത്തിലേക്ക്​ മടങ്ങാനാണ്​ തീരുമാനമെന്ന്​ നവാബ്​ പറയുന്നു.

* * * * *

പതിവുപോലെ ഒരു സാധാരണ ദിവസം മാത്രമായാണ്​ കഴിഞ്ഞ ബുധനാഴ്​ച അർഷദി​ന്‍റെ ജീവിതം തുടങ്ങിയത്​. രണ്ടു ഹിന്ദുസുഹൃത്തുക്കൾക്കൊപ്പം മോ​േട്ടാർ സൈക്കിളിൽ ജോലിക്കായി പുറ​െപ്പട്ടതായിരുന്നു അവൻ. എന്നാൽ, ഡൽഹിക്കടുത്ത കരാവൽ നഗറിലെത്തിയപ്പോൾ 30 പേരടങ്ങുന്ന ആൾക്കൂട്ടം അവരെ തടഞ്ഞു. മൂവരുടെയും മതമേതെന്നായിരുന്നു ചോദ്യം. ഇതിനോട്​ മൗനമായിരുന്നു അർഷദി​ന്‍റെ മറു​പടിയെന്ന്​ ഒരു ദൃക്​സാക്ഷി പറഞ്ഞു. എന്നാൽ, അക്രമികൾ അവ​ന്‍റെ പാന്‍റ് വലിച്ചൂരി. മുസ്​ലിമാണെന്ന്​ ​േബാധ്യം വന്നതോടെ അവർ അവിടെവെച്ചുതന്നെ അവനെ അടിച്ചുകൊന്നു. റോഡരികിലെ കുഴിയിൽനിന്ന്​ അവ​ന്‍റെ മൃതദേഹം കണ്ടെടുക്കു​േമ്പാൾ അർഷദിന്‍റെ പാൻറ്​ കണങ്കാലിനോട്​ ചേർന്നുതന്നെയാണുണ്ടായിരുന്നത്​.

അമ്മാവ​ന്‍റെ സ്വദേശമായ ഗാസിയാബാദിൽ അർഷദി​ന്‍റെ ഖബറടക്ക ചടങ്ങുകൾക്കിടെ 15 വയസ്സുള്ള അനിയത്തി ആയിഷ വിങ്ങിപ്പൊട്ടി. ‘എന്തിനാണ്​ എ​​​​​െൻറ സഹോദരനെ അവർ കൊന്നുകളഞ്ഞത്​. ആ മൃതദേഹത്തിൽ മർദനത്തി​​​​​െൻറ പാടുകളേറെയാണ്​. എന്തു നല്ല ആളായിരുന്നു എ​ന്‍റെ ഭയ്യയെന്നറിയുമോ. എന്നിട്ടും നിങ്ങൾ അത്രകൂരമായി കൊന്നുകളഞ്ഞില്ലേ. മുസ്​ലിം ആയതുകൊണ്ടുമാത്രമാണ്​ എന്‍റെ സഹോദരൻ കൊല്ലപ്പെട്ടത്​. സമൂഹത്തിലെ ഒരുകൂട്ടം ആളുകൾക്കെതിരെ നിങ്ങളെന്തിനാണ്​ ഇങ്ങനെ വെറുപ്പ്​ വെച്ചുപുലർത്തുന്നത്​?’ -നിറകണ്ണുകളോടെ ആയിഷ ചോദിക്കുന്നു.

* * * * *

കലാപത്തിനുശേഷം ഒരാഴ്​ച പിന്നിടു​േമ്പാൾ അക്രമങ്ങൾക്ക്​ ശമനമുണ്ടായിരിക്കാം. എന്നാൽ, കഴിഞ്ഞയാഴ്​ചവരെ ഹിന്ദുക്കളും മുസ്​ലിംകളും തോളോട്​തോൾചേർന്ന്​ സമാധാന​േത്താടെ കഴിഞ്ഞിരുന്ന ഡൽഹിയിൽ സമുദായങ്ങൾക്കിടയിൽ വെറുപ്പും ഭീതിയു​ം ഉത്തേജിപ്പിക്കാൻ അതു വഴിയൊരുക്കിയിട്ടുണ്ട്​. ഡൽഹിയിൽ അക്രമം നടക്കാത്ത പ്ര​േദശങ്ങളിൽവരെ ആളുകൾ ഭീതി കാരണം തങ്ങളുടെ സ്വദേ​ശ ഗ്രാമങ്ങളിലേക്ക്​ തിരിച്ചുപോകാൻ തുടങ്ങിയിരിക്കുന്നു. മുസ്​തഫാബാദിലെ ഇൗദ്​ഗാഹിൽ താൽകാലിക ക്യാമ്പിൽ ആയിരത്തിലധികം മുസ്​ലിം കുടുംബങ്ങളാണ്​ താമസിക്കുന്നത്​. ഇതുവരെ വീടുകളിലേക്ക്​ തിരിച്ചുപോകാൻ അവർക്ക്​ കഴിഞ്ഞിട്ടില്ല. സുരക്ഷാ ഭീതിയും വീടുകൾ കൊള്ളയടിക്കപ്പെട്ടതും തീവെച്ചു നശിപ്പിക്കപ്പെട്ടതുമൊക്കെയാണ്​ കാരണം.

48കാരിയായ നൂർജഹാന്‍റെ വീട്​ ശിവ്​ വിഹാറിലാണ്​. ഇനി അവിടേക്ക്​ തിരിച്ചുപോകാൻ കഴിയുമോ എന്ന്​ ഉറപ്പില്ലെന്ന്​ അവർ പറയുന്നു. കൊലവിളിയുമായി അക്രമികൾ പാഞ്ഞടുക്കുംമുമ്പ്​ ഒാടി രക്ഷപ്പെട്ടതാണ്​. കലാപകാരികളുടെ കൊലവെറി ശബ്​ദം ഇപ്പോഴും തന്നെ വേട്ടയാടുന്നുവെന്ന്​ നൂർജഹാൻ പറയുന്നു. കലാപകാരികൾ പുറത്തുനിന്നുള്ളവരാണെന്ന്​ ആളുകൾ പറയു​േമ്പാഴും തങ്ങളുടെ പ്രദേശത്തി​ന്‍റെ ചിത്രം കൃത്യമായി മനസ്സിലാക്കിയവരാണ്​ അവരെന്ന്​ നൂർജഹാൻ ചൂണ്ടിക്കാട്ടുന്നു. ഏതൊക്കെ വീടുകളാണ്​ ആക്രമിക്കേണ്ടതെന്ന്​ അവർക്ക്​ കൃത്യമായ ബോധ്യമുണ്ടായിരുന്നു. ഗ്രാമത്തിലേക്ക്​ തിരിച്ചുപോകാനോ ഡൽഹിയിൽ സുരക്ഷിതമായ മറ്റെവിടെയെങ്കിലും താമസിക്കാനോ ആണ്​ അവർ ഇപ്പോൾ ആ​േലാചിക്കുന്നത്​.

* * * * *

ഒരുപാടു കുടുംബങ്ങളാണ്​ ഒറ്റരാത്രികൊണ്ട്​ എല്ലാം നഷ്​ടപ്പെട്ടവരായത്​. ഒന്നുമില്ലായ്​മയിൽനിന്ന്​ പാൽ കച്ചവടത്തിലൂടെ ജീവിതം കരുപ്പിടിപ്പിച്ചയാളാണ്​ മുഹമ്മദ്​ അക്​തർ. ഹിന്ദു ഭൂരിപക്ഷ മേഖലയിൽ അക്​തറി​ന്‍റെ ഉ​പഭോക്​താക്കൾ അധികവും ഹിന്ദുമതവിശ്വാസികളായിരുന്നു. എന്നാൽ, കലാപത്തിൽ എല്ലാം കീഴ്​മേൽ മറിഞ്ഞു. ലക്ഷക്കണക്കിന്​ രൂപ വിലവരുന്ന 14 എരുമകളെ അക്രമികൾ മോഷ്​ടിച്ചുകൊണ്ടുപോയി. കുടുംബവീട്​ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്​തു. ഇ​േപ്പാൾ ജീവിതം മുന്നോട്ടുനീക്കാൻ അക്​തറി​ന്‍റെ കുടുംബം ക്യാമ്പിൽ സംഭാവനകളെയും സഹായങ്ങളെയും ആശ്രയിച്ചിരിക്കുന്നു. തങ്ങളുടെ സമ്പാദ്യമായ ആ വീട്ടിലേക്ക്​ തിരിച്ചുപോകണമെന്നുണ്ടെങ്കിലും എത്രകാലം അവിടെ സുരക്ഷിതമായി താമസിക്കാൻ കഴിയുമെന്ന്​ അക്​തറിന്‍റെ ഭാര്യ റസീന ചോദിക്കുന്നു.

കലാപത്തിന്​ സാക്ഷികളായ കുട്ടികളുടെ മനസ്സിനേറ്റ ആഘാതം അത്രയേറെയാണ്​. ശിവ്​ വിഹാറിൽനിന്ന്​ ക്യാമ്പിൽ അഭയം തേടിയെത്തിയ കുടുംബത്തിലെ ഒമ്പതുകാരിയായ സെഹ്​ലിസ നാസ്​ അവരിലൊരാളാണ്​. അക്രമികൾ കെട്ടിടങ്ങളും വീടുകളും തീവെച്ചുനശിപ്പിക്കുന്നതുകണ്ട അവൾ ഇപ്പോൾ ഭീതിയോടെ തുറിച്ചുനോക്കി ഇൗ ചോദ്യം ഇടക്കിടെ ചോദിക്കും: ‘എന്തിനാണ്​ അവർ അതെല്ലാം തീവെച്ച്​ നശിപ്പിക്കുന്നത്​?’. ഉറക്കം വരാതെ ആ കുരുന്ന്​ ചോദ്യമാവർത്തിക്കു​േമ്പാൾ മുത്തശ്ശി ഷാഹിദ ബീഗം അവളുടെ നെറ്റിയിൽതടവി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.

ചിത്രങ്ങൾക്ക് കടപ്പാട്: theguardian.com

Show Full Article
TAGS:delhi riots malayalam article delhi riots 
Next Story