മാനവികതയുടെ കപ്പൽപ്പട
text_fields‘നല്ലവരായിരിക്കുക എന്നാൽ എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിൽ എനിക്ക് നന്ദിയുണ്ട്; ഫ്രീഡം ഫ്ലോട്ടിലയിലെ ആളുകളിൽ ചിലർ ഈ ഭൂമിയിലെ ഏറ്റവും നല്ലവരാണെന്ന് / നല്ലവരായിരുന്നെന്ന് എനിക്കറിയാം. മറ്റുള്ളവർ തുടർച്ചയായി ക്രൂരമായി നശിപ്പിക്കപ്പെടുന്നത് നിശ്ശബ്ദരായി നോക്കി നിൽക്കാൻ ഒരുക്കമല്ലാതെ, അവർ സാഹചര്യങ്ങളെ നേരിടാൻ മുന്നിട്ടിറങ്ങി, സ്വന്തം ശരീരമല്ലാതെ മറ്റൊന്നും ആയുധമായില്ലാതെ.’’ പ്രശസ്ത ആഫ്രിക്കൻ അമേരിക്കൻ എഴുത്തുകാരി ആലീസ് വാക്കർ ഇതെഴുതിയത് 2010ലാണ്.
മവി മർമറഎന്ന ചെറു കപ്പലിൽ ഗസ്സയിൽ സഹായമെത്തിക്കാനൊരുങ്ങിയതിന് ഇസ്രായേൽ ആക്രമിച്ച സാധാരണ മനുഷ്യരെക്കുറിച്ച്. അവരിൽ ഒമ്പതു പേരാണ് അന്ന് ക്രൂരമായി കൊല ചെയ്യപ്പെട്ടത്
ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യ തന്നെയാണ് എന്ന് യു എന്നിന്റെ സ്വതന്ത്ര അന്വേഷണ കമീഷൻ പ്രഖ്യാപിച്ചുകഴിഞ്ഞു. സ്പെയിൻ പോലെ ചില രാജ്യങ്ങൾ ഇസ്രായേലിനെതിരെ കടുത്ത നിലപാടെടുക്കുന്നതും തങ്ങൾ സാമ്പത്തികമായി ഒറ്റപ്പെടുന്നുവെന്ന് നെതന്യാഹു പ്രഖ്യാപിക്കുന്നതുമെല്ലാം നമ്മോട് പറയുന്നത് വംശഹത്യാ കാലത്തെ മൗനം വംശഹത്യയോളം തന്നെ ക്രൂരമാണ് എന്നാണ്.
വൈകിയെങ്കിലും അങ്ങിങ്ങായുയരുന്ന പ്രതിഷേധ സ്വരങ്ങൾ അധിനിവേശ ശക്തിയെ ബാധിക്കുന്നുണ്ടെന്ന് ചുരുക്കം. ഇതെല്ലാം ഓർമിപ്പിക്കുന്നത് നിശ്ശബ്ദരായിരിക്കാൻ വയ്യാതെ ഗസ്സയിലേക്ക് പുറപ്പെട്ട ഒരുകൂട്ടം സാധാരണ മനുഷ്യരുടെ അസാമാന്യ ധൈര്യത്തെയാണ്. ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയിലെ അമ്പതിലധികം ചെറുകപ്പലുകളിലായി 48 രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരും മനുഷ്യാവകാശ പ്രവർത്തകരും മതപണ്ഡിതരും നിയമജ്ഞരും നാവികരുമെല്ലാമടങ്ങുന്ന നൂറുകണക്കിന് മനുഷ്യർ അന്താരാഷ്ട്ര സമുദ്രത്തിലൂടെ ഗസ്സ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ ഫലസ്തീനികളുടെ പ്രതീക്ഷക്കൊപ്പം ലോകമെങ്ങും അവർക്കു വേണ്ടി ശബ്ദമുയർത്തുന്നവരുടെ മാനവികതയിലുള്ള വിശ്വാസം കൂടിയാണ് ശക്തിപ്പെടുന്നത്.
എന്താണ് ഫ്രീഡം ഫ്ലോട്ടില?
സ്പാനിഷിലെ ‘ഫ്ലോ’യിൽ നിന്നാണ്, ഒന്നിച്ചു യാത്രചെയ്യുന്ന ബോട്ടുകളെയും ചെറുകപ്പലുകളെയും സൂചിപ്പിക്കുന്ന ഫ്ലോട്ടില എന്ന വാക്കിന്റെ ഉത്ഭവം. ഫ്രീഡം ഫ്ലോട്ടില (Freedom Flotilla) രണ്ടു പതിറ്റാണ്ടോളമായി തുടരുന്ന ഇസ്രായേലിന്റെ ഗസ്സയിലേക്കുള്ള കടൽ ഉപരോധത്തെ എതിർക്കാൻ മനുഷ്യാവകാശ പ്രവർത്തകരും അന്താരാഷ്ട്ര സംഘടനകളും ഫലസ്തീൻ അനുകൂല കൂട്ടായ്മകളും ചേർന്നു നടത്തുന്ന കടൽയാത്രകളുടെ പരമ്പരയാണ്.
ഇതിന്റെ പ്രധാന ലക്ഷ്യം ഗസ്സയിലേക്ക് മാനുഷിക സഹായം (ഭക്ഷണം, മരുന്ന്, നിർമാണ സാമഗ്രികൾ തുടങ്ങിയവ) എത്തിക്കുക, അതോടൊപ്പം അവിടെ നിലനിൽക്കുന്ന മാനുഷ്യാവകാശ പ്രതിസന്ധിയെ ലോകശ്രദ്ധയിൽ കൊണ്ടുവരുക എന്നതുമാണ്.
അഞ്ചെണ്ണം ലക്ഷ്യം കണ്ടു
ഇസ്രായേലിന്റെ 2006ലെ ലബനാൻ യുദ്ധകാലത്ത് രൂപവത്കരിക്കപ്പെട്ട ഫ്രീ ഗസ്സ മൂവ്മെൻറ് (FGM) എന്ന സംഘടന 2008ൽ അയച്ച രണ്ടു ബോട്ടുകൾ ആദ്യമായി ഉപരോധം ഭേദിച്ച് ഗസ്സയിലെത്തി. പിന്നീട് ഇസ്രായേലിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും 2008നും 2016നും ഇടക്ക് ഗസ്സയിലേക്കു പുറപ്പെട്ട 31ബോട്ടുകളിൽ അഞ്ചെണ്ണം വിജയകരമായി അവിടെ എത്തിച്ചേരുകയുണ്ടായി. എന്നാൽ, 2010 മുതൽ എല്ലാ ഫ്ലോട്ടിലകളും അന്താരാഷ്ട്ര സമുദ്രപരിധിയിൽവെച്ച് ഇസ്രായേൽ തടയുകയോ ആക്രമിക്കുകയോ ചെയ്തു.
മവി മർവറയിലെ ക്രൂരത
2010ൽ, അന്താരാഷ്ട്ര സമുദ്രത്തിൽവെച്ച് മവി മർമറയിൽ ആക്രമണം നടത്തിയപ്പോൾ കൊല്ലപ്പെട്ട ഒമ്പതു പ്രവർത്തകർക്ക് നേരെ മുപ്പത് തവണയോളമാണ് ഇസ്രായേൽ കമാൻഡോകൾ തൊട്ടടുത്തുനിന്ന് നിറയൊഴിച്ചത്. കീഴടങ്ങിയ ശേഷവും വൈദ്യസഹായം എത്തിക്കാൻ അനുവദിക്കാത്തതിനാൽ മൂന്നുപേർ രക്തം വാർന്നു മരിച്ചു.
സംഭവം ലോകമെമ്പാടും പ്രതിഷേധത്തിനിടയാക്കി. 600ലധികം യാത്രക്കാരും മാനുഷിക സഹായവും കപ്പലിലുണ്ടായിരുന്നു. മവി മർമറ തുർക്കിയയിലെ എൻ.ജി.ഒ ആയ ഹ്യൂമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷന്റെ (IHH) ഉടമസ്ഥതയിലുള്ളതായിരുന്നു. സംഭവത്തിൽ പ്രതിഷേധം കനത്തപ്പോൾ 2013ൽ, ആക്രമണത്തിൽ ഉണ്ടായ ‘പിഴവുകളിൽ’ ഇസ്രായേൽ ക്ഷമ ചോദിച്ചു. എന്നാൽ, നഷ്ടപരിഹാര കരാർ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും ചർച്ചയിലാണ്.
രണ്ടാം ഫ്രീഡം ഫ്ലോട്ടില
2011ൽ മനുഷ്യാവകാശ പ്രവർത്തകരുടെയും എൻ.ജി.ഒകളുടെയും കൂട്ടായ്മയിൽ രണ്ടാം ഫ്രീഡം ഫ്ലോട്ടില്ല സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 300ലധികം പേർ പങ്കെടുത്ത ഈ ഫ്ലോട്ടില 10 കപ്പലുകളിൽ പുറപ്പെടാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ, ഇസ്രായേൽ ചെലുത്തിയ ശക്തമായ നയതന്ത്ര സമ്മർദവും കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണവും ഗ്രീസ് പോലുള്ള ആതിഥേയ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കാരണം മിക്ക കപ്പലുകൾക്കും യാത്ര ആരംഭിക്കാൻ സാധിച്ചില്ല. ഡിഗ്‌നിറ്റെ-അൽ കരാമ എന്ന ഫ്രഞ്ച് കപ്പലാണ് ഗസ്സക്ക് ഏറ്റവും അടുത്തെത്തിയത്. 17 യാത്രക്കാരുള്ള ഈ കപ്പൽ ഇസ്രായേൽ തടഞ്ഞ് പ്രവർത്തകരെ നാടുകടത്തി.
ധീരതയുടെ കഥകൾ
2015ലെ ഫ്രീഡം ഫ്ലോട്ടില അന്താരാഷ്ട്ര തലത്തിൽ ഗസ്സയിലെ ഉപരോധം ഇല്ലാതാക്കാൻ നടത്തിയ മൂന്നാമത്തെ വലിയ ശ്രമമായിരുന്നു. FFC (Freedom Flotilla Coalition) സംഘടിപ്പിച്ച ഈ ദൗത്യത്തിൽ നിരവധി കപ്പലുകൾ പങ്കെടുത്തു. അതിൽ സ്വീഡൻ പതാകയുള്ള മാരിയാൻ ഓഫ് ഗോതൻബർഗ് മുന്നണിയിൽ നിന്നു. 2015 ജൂൺ 29ന്, ഇസ്രായേൽ നേവി ഗസ്സ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെയുള്ള അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് മാരിയാൻ കപ്പൽ തടഞ്ഞു. 2018 ഗാസ ഫ്രീഡം ഫ്ലോട്ടില്ലയിൽ പങ്കെടുത്ത അൽ അവ്ദ, ഫ്രീഡം എന്നീ യാനങ്ങൾ ഇസ്രായേൽ അന്താരാഷ്ട്ര സമുദ്രത്തിൽ തടഞ്ഞു.
മനഃസാക്ഷി യാത്ര
2023 മുതൽ തുടരുന്ന വംശഹത്യക്കിടെ ഫലസ്തീനിലെ ജനങ്ങളെ പട്ടിണിക്കിടുന്ന ഇസ്രയേലിന്റെ കൊടുംക്രൂരതയാണ് 2025 മേയ് രണ്ടിന് കോൺഷ്യൻസ് (മനഃസാക്ഷി) എന്ന കപ്പലിൽ ഗസ്സയിലേക്കു വീണ്ടും സഹായമെത്തിക്കാനുള്ള ശ്രമത്തിന് കാരണമായത്. മാൾട്ട തീരത്തിനടുത്ത് ഡ്രോൺ ആക്രമണത്തിൽ കപ്പലിൽ തീപിടിച്ചു. ചിലർക്ക് പരിക്കേറ്റു. അതോടെ കോൺഷ്യൻസിന്റെ യാത്ര മുടങ്ങി.
മഡ്‍ലീൻ വന്നപ്പോൾ
2025ൽ തന്നെ മഡ്‍ലീൻ എന്ന കപ്പൽ ജൂൺ ഒന്നിന് സിസിലിയിൽ നിന്ന് ഭക്ഷണവും മരുന്നുകളും കയറ്റി പുറപ്പെട്ടു. ജൂലൈ ഏഴിന്, ഗസ്സയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ (185 കിലോമീറ്റർ) അകലെ അന്താരാഷ്ട്ര സമുദ്രത്തിൽവെച്ച് ഇസ്രായേൽ നാവികസേന കപ്പൽ തടഞ്ഞ് 12 പേരെ തടവിലാക്കി. അതിൽ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബർഗ് അടക്കമുള്ളവരുണ്ടായിരുന്നു. ഇവരെ പിന്നീട് നാടുകടത്തുകയായിരുന്നു.
ഹൻദല
ഫലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകാത്മക കഥാപാത്രമായ ഹൻദല എന്ന ബാലന്റെ പേരായിരുന്നു അടുത്ത ഫ്ലോട്ടില്ല കപ്പലിന്. 2025 ജൂലൈ 27ന് ഗസ്സയിൽ നിന്ന് ഏകദേശം 50 നോട്ടിക്കൽ മൈൽ (90 കിലോമീറ്റർ) അകലെവെച്ച് ഇസ്രായേൽ നാവികസേന ഹൻദല പിടിച്ചെടുത്തു.
ഒടുവിൽ സുമൂദ്
ഒറ്റക്ക് പുറപ്പെടുന്ന കപ്പലുകൾ തുടർച്ചയായി ആക്രമിക്കപ്പെട്ടപ്പോഴാണ് ഏറ്റവുമൊടുവിൽ ഒരു വലിയ ഫ്ലോട്ടില്ലയുമായി സന്നദ്ധപ്രവർത്തകർ ഇറങ്ങിയത്. 2023 ഒക്ടോബറിലെ ഇസ്രായേൽ അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ കടൽമാർഗ സഹായശ്രമത്തിന് പേരായി സ്വീകരിച്ചിരിക്കുന്നത് ഫലസ്തീൻ പ്രതിരോധത്തിന്റെ ആശയം തന്നെയാണ്-സുമൂദ്. അറബിയിൽ സുമൂദ് എന്നാൽ ദൃഢനിശ്ചയം, സ്ഥൈര്യം, നിലനിൽപ് എന്നെല്ലാമാണ് അർഥം.
സുമൂദ് ഫ്ലോട്ടില ബാഴ്സലോണയിൽ നിന്നാണ് പുറപ്പെട്ടത്. സെപ്റ്റംബർ എട്ടിന് തുനീഷ്യയിൽ നിന്ന് പുറപ്പെടും മുമ്പ് പ്രധാന കപ്പലായ ഫാമിലിക്കുനേരെ ഡ്രോൺ ആക്രമണമുണ്ടായി. പിറ്റേന്ന് അൽമ എന്ന കപ്പലും ആക്രമിക്കപ്പെട്ടു. എന്നാൽ, അതൊന്നും സുമൂദിനെ തളർത്തിയിട്ടില്ല. മുൻ യാത്രകളിൽ പങ്കെടുത്ത ഗ്രേറ്റ, തിയാഗോ, ഐറിഷ് നടൻ ലിയാം കണ്ണിംഗ്ഹാം തുടങ്ങിയവരുൾപ്പെടെ നൂറുകണക്കിന് മനുഷ്യരാണ് ഇതിൽ. 33,000 പേരാണ് ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയുടെ ഭാഗമാകാനായി അപേക്ഷിച്ചിരുന്നത്. ഇതും തടഞ്ഞുവെങ്കിലും ലോകമെങ്ങുമുള്ള, മനുഷ്യത്വം നശിച്ചിട്ടില്ലാത്ത കോടികളുടെ പ്രതീക്ഷയായി ഇനിയും ഫ്ലോട്ടില്ലകൾ ഒഴുകിവരുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

