Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅമേരിക്കയിലെ ജോർജ്...

അമേരിക്കയിലെ ജോർജ് സ്റ്റിന്നിയിൽ നിന്ന് കേരളത്തിലെ മിഹിർ അഹമ്മദിലേക്കുള്ള ദൂരം

text_fields
bookmark_border
അമേരിക്കയിലെ ജോർജ് സ്റ്റിന്നിയിൽ നിന്ന്   കേരളത്തിലെ മിഹിർ അഹമ്മദിലേക്കുള്ള ദൂരം
cancel

റുത്ത നിറമുള്ളവരോടുള്ള സമാനതകളില്ലാത്ത ക്രൂരതകൾക്ക് അമേരിക്കയുടെ ചരിത്രത്തിൽ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളുണ്ട്. അതിലൊരു ഏടാണ് ജോർജ് സ്റ്റിന്നിയുടേത്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ വൈദ്യുത കസേരയിൽ ഇരുത്തി ഹൈവോൾട്ടിൽ ഷോക്കടിപ്പിച്ച് അമേരിക്ക കൊന്നുകളഞ്ഞ ഒരു കറുത്ത മുത്ത്. അവനപ്പോൾ ​പ്രായം 14 മാത്രമായിരുന്നു!!!

കറുപ്പ് ഒരു കുറ്റമാക്കി സഹപാഠികൾ ശിക്ഷ വിധിച്ച കേരളത്തിലെ മിഹിർ അഹമ്മദിന്റെ പ്രായവും അതോടടുത്തു തന്നെ. മിഹിറിന്റെ ജീവനെടുത്തതും വർണവെറിയെ ഉള്ളിൽ താലോലിക്കുന്ന ഒരു വ്യവസ്ഥയാണ്. അതിന്റെ ഏറ്റവും ഭീകരമായ പ്രതിഫലനമാണ് അവന്റെ സഹപാഠികൾ ഉപയോഗി​ച്ചെന്ന നിലയിൽ പുറത്തുവന്ന വർണവെറിയുടെ ഏറ്റവും നികൃഷ്ടമായ ആ പദം.

മനുഷ്യരൂപം പൂണ്ട ഒരുപറ്റം ‘ചെകുത്താൻ’മാരും അവരുടെ ‘നീതിപീഠ’വും ചേർന്ന്​ 14 വയസ്സുമാത്രമുള്ള ഒരു മനുഷ്യക്കുഞ്ഞിനോട്​​ കാണിച്ച സമാനതകളില്ലാത്ത ക്രൂരതയെക്കുറിച്ച് വീണ്ടും പറയാൻ ഇത്തരം ജീവഹത്യകൾ നിർബന്ധിക്കുന്നു.


കാലം 1944. സൗത്ത് കരോലിനയിലെ ആൽകോലൂവിലെ ഒരു ചെറിയ തടിയറുപ്പു മില്ലിലെ തൊഴിലാളിയായ ജോർജി​ന്റെ മക്കളിൽ ഒരാളായിരുന്നു 14 കാരനായ​ സ്റ്റിന്നി. വെളുത്ത വർഗക്കാരികളായ രണ്ട് പെൺകുട്ടികളെ കൊലപ്പെടുത്തിയെന്നതായിരുന്നു സ്റ്റിന്നിക്കുമേൽ കെട്ടിയാരോപിക്കപ്പെട്ട കുറ്റം. കൊല്ലപ്പെട്ട പെൺകുട്ടികളിൽ ഒരാൾക്ക് 11ഉം മറ്റൊരാൾക്ക് ഏഴും വയസ്സുമായിരുന്നു പ്രായം. ചെറിയൊരു ടൗൺ ആയിരുന്നു ആൽകോലു. വർണ വിവേചനത്തി​ന്റെ ഇരകളായി ആഫ്രോ അമേരിക്കൻ വംശജർ അധിവസിക്കുന്ന നാട്​. കറുത്തവർക്കും വെളുത്തവർക്കും പ്രത്യേകമായ സ്കൂൾ, പ്രത്യേകമായ പള്ളി. ഇരു വർഗക്കാരുടെയും വീടുകൾ ഒരു റെയ്ൽവെ ട്രാക്കിനാൽ വിഭജിക്കപ്പെട്ടിരുന്നു.

ബെറ്റി ജൂൺ ബിന്നിക്കർ, മേരി എമ്മ തേംസ് എന്ന രണ്ട് പെൺകുട്ടികളുടെ മൃതശരീരം ആൽകൊലുവിലെ ഒരു വെള്ളക്കുഴിയിൽ 1944 മാർച്ച് 23ന് കാണപ്പെട്ടു. ഇരുമ്പ് കുറ്റിയോ മറ്റോ കൊണ്ട് ഇരുവരും ആക്രമിക്കപ്പെട്ടിരുന്നു. സ്റ്റിന്നിക്കും അവൻറ അനിയത്തിക്കുമൊപ്പം സംസാരിച്ചുനിൽക്കുന്ന നിലയിൽ ആണ് ഇരുവരെയും അവസാനമായി കണ്ടതെന്നായിരുന്നു അന്ന്​ പ്രചരിച്ചത്​. പെൺകുട്ടികൾ പിന്നീട് വീട്ടിലെത്തിയില്ല. വ്യാപകമായി തിരച്ചിൽ നടത്തി. ഒടുവിൽ മൃതദേഹങ്ങൾ കണ്ടെത്തി. സ്​റ്റിന്നിയാണ്​ കുറ്റം ചെയ്​തതെന്ന്​ ​പ്രാദേശിക പൊലീസ്​ ഉറപ്പിച്ചു.

ജോർജ് സ്റ്റിന്നിയെ (വലത്തുനിന്ന് രണ്ടാമത്തേത്) കൊലയറയിലേക്കു നയിക്കുന്നു

പിറ്റേ ദിവസം ​ പൊലീസ് ജോർജ്​ സ്​റ്റിന്നിയെ വീട്ടിൽ വന്ന്​ അറസ്റ്റ് ചെയ്തു. കയ്യാമം വെച്ച്​ ജയിലിൽ കൊണ്ടുപോയി അടച്ചു. കുട്ടി കുറ്റം സമ്മതിച്ചുവെന്നും അടിക്കാൻ ഉപയോഗിച്ച ഇരുമ്പു വടി കണ്ടെടുത്തുവെന്നും പൊലീസ് പ്രചരിപ്പിച്ചു. എന്നാൽ, പോസ്​റ്റ്​മോർട്ടം റിപോർട്ടും വൈദ്യ പരിശോധനാ ഫലവും സ്റ്റിന്നി നടത്തിയെന്ന് പറയുന്ന കൊലയെ സാധൂകരിച്ചില്ല. അഗ്രഭാഗം പരന്നിരിക്കുന്ന എന്തോ ഉപകരണം കൊണ്ടുള്ള മുറിവായിരുന്നു അതിൽ മരണകാരണമായി പറഞ്ഞത്. ഹാമർ പോലത്തെ ഒന്നുകൊണ്ടുള്ളത്. സ്​റ്റിന്നി അതിലൊരാളെ ബലാൽസംഗം ചെയ്​തതായി പ്രചരിച്ചുവെങ്കിലും പെൺകുട്ടികൾക്കെതിരിൽ ലൈംഗികാതിക്രമം നടന്നതിന്​ മൃതദേഹ-ഫോറൻസിക്​ പരിശോധനയിൽ ഒരു തെളിവുമില്ലായിരുന്നു.

മക​ന്റെ അറസ്റ്റോടെ പിതാവി​ന്റെ തൊഴിൽ പോയി. തൊഴിലുമട നൽകിയ വീട്ടിൽ നിന്നും ആ കുടുംബം പുറത്താക്കപ്പെട്ടു. അവിടെ നിന്ന്​ കിട്ടിയതും കൊണ്ട്​ ഓടിയ അവർക്ക്​​ പിന്നീടൊരിക്കലും ആൽകലൂവിലേക്ക്​ മടങ്ങിവരാനായില്ല. ഇവർ താമസിച്ചിടത്തുനിന്നും 80തിലേറെ കിലോമീറ്റർ ദൂരെയുള്ള ജയിലിൽ ആയിരുന്നു ജോർജ് സ്റ്റിന്നിയെ അടച്ചത്​. 81 ദിവസത്തെ ജയിൽ ജീവിതത്തിനടിയിൽ ഒരിക്കൽപോലും കുടുംബത്തിന് സ്റ്റിന്നിയെ കാണാൻ സാധിച്ചില്ല. ഉറ്റവരോ അഭിഭാഷകനോ ഇല്ലാതെ കുട്ടിയെ തനിച്ച്​ ചോദ്യം ചെയ്യലിനും കോടതി നടപടികൾക്കും വിചാരണക്കും വിധേയനാക്കി. കേസ്​ നടത്താനുള്ള പണം ജോർജി​ന്റെ കയ്യിലില്ലായിരുന്നു. സാക്ഷിയായി ആരും എത്തിയില്ല. അതിലുപരി കറുത്ത വർഗക്കാരായ ഒരാൾക്കും ആ കോടതിയിലേക്ക്​ എത്തിനോക്കാനാവുമായിരുന്നില്ല. എല്ലാം നടത്തിയിരുന്നത്​ വെളുത്തവർ മാത്രം. വിധി പ്രസ്താവിക്കാൻ ഇരുന്ന ജൂറിയും അതേ. അവസാനം ജൂറി ആ മാരണ വിധി പറഞ്ഞു.

‘83 ഡെയ്​സ്’​ സിനിമയിലെ ജോർജ്​ സ്​റ്റിന്നിയെ കൊല്ലുന്നതിനു തൊട്ടുമുമ്പുള്ള രംഗം

14കാരനായ കുറ്റവാളിയെ ഇലക്ട്രിക് കസേരയിൽ ഇരുത്തി ഷോക്കടിപ്പിച്ച്​ നിർദയം കൊല്ലുക. വിധിയുടെ ഒരു പകർപ്പുപോലുമില്ല. അപ്പീലിനും അനുമതിയില്ല. കറുത്ത വർഗക്കാരുടെ ചർച്ചും സ്​റ്റിന്നിയുടെ ഉറ്റവരും അന്നത്തെ ഗവർണർ ആയ ജോൺസ്റ്റനോട് കേണപേക്ഷിച്ചു. കുട്ടിയുടെ പ്രായം പരിഗണിച്ച് ശിക്ഷ നടപ്പാക്കരുതെന്ന്. അതിനു നൽകിയ മറുപടിയായിരുന്നു അതിലേറെ ക്രൂരം. ‘സ്റ്റിന്നി ചെയ്ത കുറ്റകൃത്യം എന്താണെന്ന് നിങ്ങൾക്കറിയില്ല എന്നത് ഏറെ രസകരം തന്നെ. വലിയ ​പെൺകുട്ടിയെ ബലാൽസംഗം ചെയ്യാനായി ചെറിയ പെൺകുട്ടിയെ ആദ്യം കൊന്നു. പിന്നീട് വലിയ പെൺകുട്ടിയെ കൊന്നിട്ട് അവളുടെ മൃതദേഹത്തെ ഭോഗിച്ചു. 20 മിനിട്ടു കഴിഞ്ഞ് ഒന്നുകൂടെ ബലാൽസംഗം ചെയ്യാൻ അവൻ വീണ്ടും തുനിഞ്ഞപ്പോൾ ആ മൃതദേഹം തണുത്തിരുന്നു’. ഇക്കാര്യങ്ങൾ എല്ലാം അവൻ സമ്മതിച്ചതാണെന്നും ഗവർണർ കള്ളം പറഞ്ഞു. എന്നാൽ, ഇതിനൊന്നും സ്ഥിരീകരണമില്ലായിരുന്നു. കുട്ടി കുറ്റം സമ്മതിച്ചുവെന്നതുമാത്രമായിരുന്നു ‘തെളിവ്​’. അതും റെക്കോർഡ്​ ചെയ്യപ്പെട്ടില്ല. മുതിർന്ന ഒരു കുറ്റവാളിക്ക്​ ലഭിക്കേണ്ട പരിഗണന പോലും അറസ്​റ്റിലും വിചാരണക്കിടയിലും കോടതി നടപടികളിലും ജയിലിലും ഒടുവിൽ വധത്തിലും സ്​റ്റിന്നിക്ക്​ ലഭിച്ചില്ല. ധൃതിപിടിച്ചായിരുന്നു എല്ലാം. വെറും പത്തു മിനിട്ട്​ മാത്രമെടുത്താണ്​ ഇത്തരമൊരു ശിക്ഷ നടപ്പാക്കി​യതെന്നുകൂടി ഓർക്കുക.

1944 ജൂൺ 16. മനസ്സിൽ ഇത്തിരിയെങ്കിലും കരുണ അ​വശേഷിക്കുന്നവർ ആരുമില്ലാതായി​പ്പോയ നിമിഷമായിരുന്നുവോ അത്​?

കൊലമുറിയിലേക്ക്​ അവനെ നടത്തിച്ചുകൊണ്ടുപോയി. അപ്പോൾ വിറയ്​ക്കുന്ന ആ കൈകളിൽ ആരോ കൊടുത്ത ബൈബിൾ ഉണ്ടായിരുന്നു. മുതിർന്ന കുറ്റവാളികൾക്കുള്ള ഇല​ക്​ട്രിക്​ ചെയർ ആയിരുന്നു അത്​. 155 സെൻറീമീറ്ററും 40 കിലോയും മാത്രമുള്ള ആ ചെറിയ ശരീരം അതിലേക്ക്​ പാകമേ അല്ലായിരുന്നു. അവനെ അതിൽ ഇരുത്തി രണ്ടു കൈകളും കാലുകളും ബന്ധിച്ചു. ഷോക്കടിപ്പിക്കാനുള്ള തൊപ്പിയും മാസ്​കും ധരിപ്പിച്ചപ്പോൾ അതും പാകമല്ലായിരുന്നു. കുട്ടിയുടെ മുഖത്തിനും തലക്കും മുകളിൽ അത്​ അയഞ്ഞുകിടന്നു.

തുടർന്ന്​ ‘വെള്ളപ്പിശാചുക്കൾ’ സ്വിച്ച്​ ഓൺ ചെയ്​തു. ലോകം ഓർത്തോർത്ത്​ തലകുനി​ക്കേണ്ട നിമിഷം. അതിന്റെ ഒരംശത്തിൽ 2400 വാട്​സ്​ കറൻറ്​ ആ ശരീരത്തിലാകമാനം മിന്നൽപിണറുകളായി പാഞ്ഞുകയറി. ആ ശക്​തിയിൽ മാസ്​ക്​ തെറിച്ചുവീണു. ശരീരം ശക്​തമായി വിറച്ചു. കണ്ണുകൾ തുറിച്ചു. കണ്ണുനീർ അണപൊട്ടിയൊഴുകി. വായിൽനിന്ന്​ നുരയും പതയും ചാടി. കറുത്തവനെ ​കൊല്ലുന്നത്​ ​ നേരിൽ കാണാൻ ആ മുറിയിൽ കുറേ​പേർ എത്തിയിരുന്നു. രണ്ടു തവണ കൂടി ആരാച്ചാർമാർ ഇത്​ ആവർത്തിച്ചു. അതോടെ ആ ചെറു ശരീരത്തിൽ നിന്ന്​ എന്നെന്നേക്കുമായി ജീവൻ പറിച്ചെടുക്കപ്പെട്ടു. എന്തിനാണ്​ തന്നെ ശിക്ഷിച്ചതെന്ന്​ ആലോചിച്ചുറപ്പിക്കാൻപോലും മതിയാവാത്ത പ്രായത്തിൽ അവന്റെ ബോധത്തിൽ നിന്നും കണ്ണുകളിൽ നിന്നും കരുണയറ്റ ഈ ലോകം മാഞ്ഞുപോയി. എല്ലാംകൂടെ നാലു മിനിറ്റ്​ മാത്രം. വൈകീട്ട്​ 7.30ന്​ ജോർജ്​ സ്​റ്റിന്നി എന്ന 14കാര​െൻറ മരണം സ്​ഥീരീകരിച്ചു. 83 ദിവസം നീണ്ട ജയിൽ വാസത്തി​ന്റെ അതിക്രൂരമായ പര്യവസാനം. അന്ന്​ ആ കാഴ്​ച​ കണ്ടു നിന്നവർ അത്​ മനസ്സിൽ വീണ്ടും വീണ്ടും ഒാർത്തെടുത്ത്​ ഉൻമാദത്തോടെയായിരിക്കണം ആ രാത്രി ഉറങ്ങാൻ കിടന്നിട്ടുണ്ടാവുക. ദുസ്വപ്​നങ്ങളെ പ്രണയിക്കുന്ന ചെകുത്താൻമാർക്കല്ലാതെ മറ്റാർക്കാണ്​ അതിനു കഴിയുക!


എന്നാൽ, 70 വർഷങ്ങൾക്കുശേഷം 2014ൽ വധശിക്ഷക്കെതിരെ അപ്പീൽ അനുവദിച്ചു. സ്​റ്റിന്നിയുടെ സഹോദരങ്ങൾ കേടതിയെ സമീപിച്ചു. കുറ്റസമ്മതം വ്യാജമായി ചമച്ചതാണെന്ന്​ അവർ വാദിച്ചു. പെൺകുട്ടികൾ കൊല്ലപ്പെട്ടുവെന്ന്​ പറയുന്ന സമയത്ത്​ തനിക്കൊപ്പമായിരുന്നു സ്​റ്റിന്നിയെന്ന്​ സഹോദരി ​ഐമി പറഞ്ഞു. സ്​റ്റി​ന്നിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്ന ഒരാളോട്​ താൻ പെൺകുട്ടികളെ ​കൊന്നിട്ടില്ലെന്ന്​ അവൻ ആണയിട്ടുപറഞ്ഞ കാര്യവും അവർ കോടതിയെ ബോധിപ്പിച്ചു. ഒരു വർഷത്തിനുശേഷം ജഡ്​ജ്​ കാർമെൻ സ്​റ്റിന്നിയുടെ വധശിക്ഷ ‘അതിക്രൂരവും അസാധാരണവുമായിരുന്നു’വെന്ന്​ വിധി തിരുത്തി. കുറ്റാരോപിതന്​ ലഭിക്കേണ്ട ഒരുവിധ അവകാശവും ഒരു വേളയിലും സ്​റ്റിന്നിക്ക്​ ലഭിച്ചില്ലെന്നും അവർ എഴുതി.

എന്നി​ട്ടെന്തു കാര്യം. ഏറെ വൈകിയുള്ള ഈ മറുവിധിക്കുവേണ്ടി മാത്രം സ്​റ്റിന്നിയുടെ സഹോദരങ്ങൾ ഈ ലോകത്ത്​ ജീവിച്ചുവെന്ന്​ സമാധാനിക്കാം.

‘83 ഡെയ്​സ്’​ എന്ന പേരിൽ ആൻഡ്ര്യു പോൾ ഹോവെൽ ജോർജ്​ സ്​റ്റിന്നിയുടെ ജീവിതം പിന്നീട് വെള്ളിത്തിരയിൽ ആവിഷ്കരിച്ചു. ഡെജീൻ ഡിറ്റർവില്ലെയാണ്​ സ്​റ്റിന്നിയെ അവതരിപ്പിച്ചത്​. കുട്ടിയെ കൊല്ലുന്ന അതിലെ രംഗം മനസ്സാക്ഷി മരവിച്ചവർക്കല്ലാതെ മുഴുകണ്ണു തുറന്ന്​ കാണാനാവില്ല. ‘ദ കറന്റ്’ എന്ന പേരിൽ 2017ൽ ഒരു ഹ്രസ്വ സിനിമയും പുറത്തിറങ്ങി. ജാമിസൺ സ്റ്റാൾവർത്ത് ആണ് സംവിധായകൻ.


20ാം നൂറ്റാണ്ടിൽ അമേരിക്ക ഷോക്കടിപ്പ്​ കൊന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യനാണ്​ സ്​റ്റിന്നി. ഇന്നും അവർ ബോംബിട്ടും പട്ടിണിക്കിട്ടും ലോകത്തുടനീളം ലക്ഷക്കണക്കിന്​ കുഞ്ഞുങ്ങളെ കൊല്ലാ​ക്കൊല ചെയ്​തുകൊണ്ടിരിക്കുന്നു. വെളുത്തവർ മാത്രം അധിവസിക്കുന്ന ലോകത്തിനായി അവർ ആശയവും ആയുധവും ​നൽകുന്നു. പശ്ചിമേഷ്യയിൽ, ആഫ്രിക്കയിൽ, ലാറ്റിനമേരിക്കയിൽ, ഇന്ത്യയിൽ.... ഇപ്പോഴിതാ നമ്മുടെ തൊട്ടരികിൽ..

‘വർണാശ്രമ ധർമ’വും ‘ഉന്നത കുല’വുമെല്ലാം തിരികെ കൊണ്ടുവരാൻ ആഞ്ഞു ശ്രമിക്കുന്ന പുതിയ കാലത്തിൽ, ആ വ്യവസ്ഥയെ ആഘോഷിക്കുന്ന ഒരു സാമൂഹിക മനോഭാവത്തെ കുറ്റവിചാരണ ചെയ്യാതിരിക്കാനാവില്ല. ചരിത്രത്തിലെയും വർത്തമാനത്തിലെയും വർണവെറിയുടെ പ്രചാരകർ ആഗ്രഹിക്കുന്നതുപോലെ അതിന്റെ ഇരകളെ മറവിയുടെ ശവക്കുഴിയിലേക്ക്​ തള്ളിയിടാനാവില്ല. ലോകമെങ്ങും ‘അഭിനവ ട്രംപുമാർ’ പിടിമുറുക്കുന്ന കാലത്ത്​ ഇനിയും വറ്റാത്ത മനുഷ്യത്വം ഉയർത്തിപ്പിടിച്ചുകൊണ്ട്​ അതിനോട് എതിരിടാൻ ജോർജ്​ സ്​റ്റിന്നിമാരുടെ കുത്തിക്കീറുന്ന ഓർമകളെ മാന്തിയെടുത്തേ പറ്റൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApartheidragingMihir AhammedBlacks in USGeorge Stinney
News Summary - From George Stinney in America to Mihir Ahmed in Kerala
Next Story