യുദ്ധത്തിന്റെ, വെടിനിർത്തലിന്റെ ബാക്കിപത്രം
text_fieldsഅമ്പതിനായിരം ഫലസ്തീനികളെ കൊന്നൊടുക്കുകയും ഹമാസിന്റെ ഉന്നത നേതൃത്വത്തെ ഉന്മൂലനപ്പെടുത്തുകയും ചെയ്ത ശേഷം ഗസ്സക്കുമേൽ പതിനഞ്ച് മാസം നീണ്ട അത്യാക്രമണം ഇസ്രായേൽ നിർത്തിവെച്ചിരിക്കുന്നു. മുമ്പ് നാം കണ്ട വെടിനിർത്തൽ കരാറുകൾപോലെ ഇക്കുറിയും നൂറുകണക്കിന് ഫലസ്തീനി തടവുകാരുടെ മോചനം സാധ്യമാക്കും, യുദ്ധത്തിനുമുമ്പ് നിലയുറപ്പിച്ചിരുന്ന സ്ഥാനങ്ങളിലേക്ക് ഇസ്രായേലി സേന ക്രമേണ പിന്മടങ്ങും, ഗസ്സയുടെ പ്രബലശക്തി എന്ന സ്ഥാനത്തേക്ക് ഹമാസ് വീണ്ടുമെത്തും.
തന്റെ സ്ഥാനാരോഹണത്തിനുമുമ്പ് ഒത്തുതീർപ്പിലെത്തുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം ഗുരുതര പ്രത്യാഘാതം നേരിടാൻ തയാറായിക്കൊള്ളുക എന്ന പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു..
തന്റെ പ്രാരംഭ പ്രസംഗത്തിൽ ഹമാസിന്റെ പേര് മാത്രമേ ട്രംപ് പരാമർശിച്ചിരുന്നുള്ളുവെങ്കിലും മുൻ പ്രസിഡന്റ് ജോ ബൈഡന്റെ വെടിനിർത്തൽ നയതന്ത്രത്തെ അവഗണിച്ച ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ഭീഷണി നിഴലിലായി എന്നാണ് വാൾസ്ട്രീറ്റ് ജേണൽ എഴുതിയത്. ഇസ്രായേലി ബന്ദികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചതോടെ വെടിനിർത്തൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. യുദ്ധത്തെത്തുടർന്ന് പല കോണുകളിലേക്ക് ചിന്നിച്ചിതറപ്പെട്ട ഗസ്സക്കാർ 15 മാസം മുമ്പ് അവരുടെ വീടുകൾ നിലനിന്നിരുന്ന ഇടങ്ങളിലേക്ക് മടക്കയാത്രയും തുടങ്ങിയിരിക്കുന്നു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് ദീർഘകാല പരിഹാരം വാഗ്ദാനം ചെയ്യുന്ന എന്തെങ്കിലും സാധ്യതകൾ ഈ വെടിനിർത്തൽ കരാറിലുമില്ല. യുദ്ധത്തിനിടയിൽ വെസ്റ്റ്ബാങ്കിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഇസ്രായേൽ അധിനിവേശം വ്യാപിപ്പിച്ച സ്ഥിതിക്ക് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാവി പോലും സങ്കീർണമായിരിക്കുന്നു. ഇസ്രായേൽ ഇത്രയും രക്തരൂഷിതമായ യുദ്ധം നടത്തിയത് എന്തിനായിരുന്നുവെന്ന കാരണം ആർക്കും ഇനിയും മനസ്സിലാകുന്നുമില്ല. ബന്ദികളുടെ മോചനമായിരുന്നു യഥാർഥ കാരണമെങ്കിൽ അതിന് ഇത്രയും നീണ്ട യുദ്ധം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഹമാസിനെ പൂർണമായും നശിപ്പിക്കാനും ഒരു പുതിയ സംഘത്തിന്റെ കൈകളിലേക്ക് ഭരണം എത്തിക്കാനും ഇസ്രായേൽ ആഗ്രഹിച്ചിരുന്നുവെന്നാണ് പഴയ പ്രസ്താവനകളിൽനിന്ന് മനസ്സിലാവുന്നത്.
ഹമാസ് നേതൃത്വം നൽകുന്ന ഗസ്സയുമായി 2008, 2009, 2014, 2021 വർഷങ്ങളിൽ നടന്ന സംഘട്ടനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇത്തവണ. ഇസ്രായേൽ അതിർത്തികളിൽ നുഴഞ്ഞുകയറാൻ ഹമാസിന് കഴിഞ്ഞു. ഏതാണ്ടെല്ലാം ചെറുക്കപ്പെട്ടുവെങ്കിലും ലബനാനും യമനും ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ചതോടെ ഈ സംഘർഷത്തിന് ഒരു പ്രാദേശിക യുദ്ധത്തിന്റെ രൂപം കൈവന്നു.
സിറിയയിൽ പ്രതിപക്ഷ ഗ്രൂപ്പുകളുടെ നാടകീയമായ സായുധ പ്രക്ഷോഭത്തിന് പിന്നാലെ ഒരാഴ്ച കൊണ്ട് ബശ്ശാറുൽ അസദ് ഭരണകൂടം തകർന്നടിഞ്ഞതാണ് യുദ്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും അപ്രതീക്ഷിതവുമായ അനന്തരഫലം. അസദിന്റെ വിടവാങ്ങൽ മേഖലയുടെ സുരക്ഷയിൽ ഒരു ഭൂകമ്പം തന്നെ സൃഷ്ടിച്ചു. അത് ഇസ്രായേലിനെയും ഗൾഫ് രാജ്യങ്ങളെയും പ്രതിരോധത്തിലാക്കി.
ഏറ്റവുമധികം സാധാരണക്കാർ കൊല്ലപ്പെട്ട ഫലസ്തീന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ അതിക്രമങ്ങൾ ഇസ്രായേലിനെതിരെ വംശഹത്യ കുറ്റാരോപണത്തിന് വഴിവെച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഫലസ്തീനികൾക്കെതിരെ അതിരുവിട്ട ബലപ്രയോഗം നടത്തുന്ന കാര്യത്തിൽ പണ്ടേ കുപ്രസിദ്ധനായ നെതന്യാഹു അക്രമങ്ങളിലും കൊലപാതകങ്ങളിലും ഇക്കുറി സ്വന്തം റെക്കോഡ് തന്നെ തകർത്തു.
ഒരു ഭാഗത്ത് അമേരിക്കൻ മുൻകൈയിൽ അറബ്-ഇസ്രായേൽ ബന്ധങ്ങൾ സാധാരണവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നിർണായക ഘട്ടത്തിൽ എത്തിനിന്ന ഘട്ടത്തിലാണ് ഇതെല്ലാം സംഭവിച്ചത്. അമേരിക്കയോടുള്ള താൽപര്യക്കുറവ് നിലനിൽക്കെ സൗദിയും ഇറാനും 2023 ആഗസ്റ്റിൽ ചൈനയുടെ മധ്യസ്ഥതയിൽ ഒരു സാധാരണവത്കരണ കരാറിലെത്തിയിരുന്നു. ഉഭയകക്ഷി സന്ദർശനങ്ങൾ നടത്തിയും തെഹ്റാനിൽ സൗദി എംബസി തുറന്നുമെല്ലാം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വികസിച്ചതോടെ ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലെ അടിസ്ഥാന ഭീഷണി ഏറക്കുറെ ഇല്ലാതായി.
തുർക്കിയയും ഗൾഫ് രാജ്യങ്ങളും തമ്മിലും തുർക്കിയയും ഈജിപ്തും തമ്മിലുമുള്ള ബന്ധവും ഇതിനകം സാധാരണനില കൈവരിച്ചിരിക്കുന്നു. തൽഫലമായി, അമേരിക്കൻ, യൂറോപ്യൻ ഭരണകൂടങ്ങൾ മുമ്പ് പ്രയോഗിച്ചിരുന്ന തന്ത്രങ്ങൾ ഇനി വിലപ്പോകില്ലെന്നായിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തിൽ കുറഞ്ഞതൊന്നും ഫലസ്തീനികൾക്കായി അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നു.
ഫലസ്തീൻ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ, ജനപ്രീതിയില്ലാത്ത ഭരണകൂടങ്ങളിലൊന്നാണ് മഹ്മൂദ് അബ്ബാസിന്റേത്. യുദ്ധം തടയുന്നതിൽ പരാജയപ്പെട്ടതിനാലും ആരോഗ്യം ക്ഷയിച്ചതിനാലും രാജി ആഹ്വാനങ്ങൾക്കിടയിൽ, മരിക്കുന്നതിനുമുമ്പ് ഒരു പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള സമ്മർദം അദ്ദേഹം നേരിടുന്നു. 2004 മുതൽ ഇസ്രായേലി ജയിലിൽ കഴിയുന്ന, ഹമാസ് പിന്തുണയുള്ള മുൻ പി.എൽ.ഒ നേതാവ് മർവാൻ ബർഗൂത്തിയെയാണ് അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത്.
ശാശ്വതമായ സമാധാനത്തിൽ എത്താതെയുള്ള അനിശ്ചിതത്വം നിറഞ്ഞ വെടിനിർത്തൽ പ്രകോപനങ്ങളുടെ അടുത്ത ഘട്ടത്തിൽ കൊണ്ടെത്തിച്ചേക്കാം. അറബ് വിരുദ്ധ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പിടിയിലാവുകയും ഇസ്രായേൽ അനുകൂലികളെന്ന് വിവക്ഷിക്കപ്പെടുകയും ചെയ്യുന്ന പടിഞ്ഞാറിന് ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ നൽകുന്നതിലുപരി മേഖലയിൽ എന്തെങ്കിലും ഭാഗധേയം നിർവഹിക്കാനുള്ള സ്വാധീനം നഷ്ടപ്പെട്ടിരിക്കുന്നു.
ഒരു ലിബറൽ ജനാധിപത്യ സമൂഹമെന്ന് അവകാശപ്പെടാനുള്ള എല്ലാ അർഹതയും നഷ്ടമായതോടെ ഇസ്രായേലിനായുള്ള പാശ്ചാത്യ പ്രതിരോധം കൂടുതൽ സങ്കീർണവും ലജ്ജാകരവുമായിരിക്കുന്നു. എവിടെയും സൈനികമായി ഇടപെടില്ലെന്ന ട്രംപിന്റെ വാഗ്ദാനം ആശ്വാസകരം തന്നെ. എന്നിരിക്കിലും ഗസ്സക്കുനേരെ നടത്തിയ കുറ്റകൃത്യങ്ങളിൽ അശിക്ഷിതരായി വിലസുന്ന ഇസ്രായേലിന് പാശ്ചാത്യർ നൽകുന്ന തുറന്ന പിന്തുണയിൽ നിരാശരായ, കൂടുതൽ ഐക്യപ്പെട്ട ഒരു പക്ഷമാണ് ഇപ്പുറമുള്ളതെന്ന് ട്രംപും കൂട്ടാളികളും മനസ്സിലാക്കേണ്ടതുണ്ട്.
(വിദേശകാര്യ നിരീക്ഷകനും വിവിധ അന്താരാഷ്ട്ര സർവകലാശാലകളിൽ അധ്യാപകനുമായ ലേഖകൻ ന്യൂഡൽഹിയിലെ സെന്റർ ഫോർ സ്റ്റഡീസ് ഓഫ് പ്ലൂറൽ സൊസൈറ്റീസ് ഡയറക്ടറാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

