മെഡിക്കൽ കോളജിലെ മാലിന്യബോംബുകൾ
text_fieldsകേരളത്തിലെ ആശുപത്രികൾ മാലിന്യം എവ്വിധമാണ് കൈകാര്യം ചെയ്യുന്നത് എന്നന്വേഷിക്കുന്നവർക്ക് ഒരു പഠന മോഡലാണ് ഏഴു പതിറ്റാണ്ട് പഴക്കമുള്ള, ആറു ജില്ലകളിൽ നിന്ന് ആളുകൾ ചികിത്സതേടി എത്തുന്ന കോഴിക്കോട് മെഡിക്കൽ കോളജ്. 200 കോടിയോളം ചെലവിട്ട് നിർമിച്ച ഇവിടത്തെ ഹൈടെക് കെട്ടിടം അടുത്തിടെയാണ് ആരോഗ്യമന്ത്രി തുറന്നുകൊടുത്തത്. വികസനപാതയിൽ കുതിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ശാസ്ത്രീയവും കാലോചിതവുമായ മാലിന്യ സംസ്കരണ സംവിധാനം ഇവിടെയില്ല. നേരത്തേ മലിനജലം അതേപടി ആശുപത്രിയോട് ചേർന്നുള്ള മായനാട് ഗ്രാമത്തിലേക്ക് ഒഴുക്കിവിട്ടും മാലിന്യങ്ങൾ ചൂളയിലിട്ട് കത്തിച്ചും പലയിടങ്ങളിലായി കൊണ്ടുതള്ളിയുമായിരുന്നു സംസ്കരണം.
സ്ഥാപിച്ച് ഏഴു വർഷത്തോളം ഇവിടത്തെ ഇൻസിനറേറ്റർ പ്രവർത്തിച്ചതേയില്ല. 2000ത്തിൽ സ്ഥാപിച്ച ആദ്യ ഇൻസിനറേറ്ററിന്റെ പുകക്കുഴൽ 2013ൽ ദ്രവിച്ച് ഉപയോഗശൂന്യമായി. തകർന്ന ഇൻസിനറേറ്ററിലായിരുന്നു തുടർന്നും കത്തിക്കൽ. ഉപയോഗിച്ചു കഴിഞ്ഞ സിറിഞ്ചും ബോട്ടിലുകളും മരുന്ന് കുപ്പികളുമുൾപ്പെടെ രണ്ടായിരത്തോളം കിലോ ഖര മാലിന്യമാണ് പ്രതിദിനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പുറന്തള്ളുന്നതെന്നാണ് നേരത്തേയുള്ള കണക്ക്. ബയോ മെഡിക്കൽ മാലിന്യങ്ങൾ ഐ.എം.എയുടെ പാലക്കാട്ടെ ഇമേജ് പ്ലാൻറിലെത്തിച്ച് സംസ്കരിക്കുന്നൂവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മൂന്നുവർഷം പഴക്കമുള്ള കോവിഡ് മാലിന്യം നിറച്ച ചാക്കുകൾ ആശുപത്രിയുടെ പിന്നാമ്പുറത്ത് അട്ടിയിട്ടുവെച്ചിരിക്കുന്നത് കഴിഞ്ഞ ദിവസവും നേരിട്ട് കാണാനായി. 48 മണിക്കൂറിനകം സംസ്കരിക്കണമെന്ന് ബയോമെഡിക്കൽ ചട്ടം നിഷ്കർഷിക്കുന്ന അപകടകരമായ മാലിന്യം നിറച്ച ചുവപ്പു ചാക്കുകൾ അടക്കം പഴകി ദ്രവിച്ച നിലയിൽ അവിടുണ്ട്. വായുവിൽ തല കനപ്പിക്കുന്ന ഗന്ധം. പേരിനൊരു ഇൻസിനറേറ്റർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, വർഷങ്ങളായി കെട്ടിക്കിടക്കുന്നതും നിലവിൽ ആശുപത്രി ഉൽപാദിപ്പിക്കുന്നതുമായ മാലിന്യത്തിന്റെ ബാഹുല്യവും ഏതാനും ചാക്കുകൾ മാത്രം കത്തിക്കാൻ ശേഷിയുള്ള ചെറു ഇൻസിനറേറ്ററും ഈ വിഷയത്തിനുനേർക്കുള്ള അധികൃതരുടെ സമീപനം വിളിച്ചോതുന്നു. കഴിഞ്ഞ രണ്ടു വർഷം പെയ്ത മഴകൾ മുഴുവൻകൊണ്ട ഈ ചാക്കുകൾ പൊട്ടി മാലിന്യം പുറത്തുചാടിയിരിക്കുന്നു; അതിലൂടെ ഊർന്നിറങ്ങിയ വെള്ളം കുന്നിൻചരിവിലെ ആൾ താമസമുള്ള പ്രദേശങ്ങളിലെ കിണറുകളിലേക്കടക്കം താഴ്ന്നതായി പരിസരവാസികൾ പറയുന്നു.
ഇതിനോട് തൊട്ടുചേർന്നാണ് മലിന ജല സംസ്കരണ പ്ലാന്റ്. ദശലക്ഷക്കണക്കിന് ലിറ്റർ മലിനജലം പ്രതിദിനം പുറത്തുവരുന്ന മെഡിക്കൽ കോളജിൽ വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച സ്വീവേജ് പ്ലാന്റാണ് ഉള്ളത്. ഇതാവട്ടെ കേവലം 20 ലക്ഷം ലിറ്റർ മാത്രം സംസ്കരണ ശേഷിയുള്ളത്. 60 ലക്ഷം ലിറ്റർ വെള്ളമാണ് ഒരു പതിറ്റാണ്ടുമുന്നേ മായനാട്ടേക്ക് ഒഴുക്കിയത്. മാലിന്യപ്രശ്നത്തിൽ അന്ന് സമരമുഖത്തുണ്ടായിരുന്ന നാട്ടുകാർ ഉന്നയിച്ച 50 ലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റ് എന്ന ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് കരാർ നൽകിയ പുതിയ സംസ്കരണ പ്ലാന്റിന്റെ നിർമാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നുണ്ട്. കൂടുതൽ സംസ്കരണ ശേഷിയുള്ള പ്ലാന്റാണ് വരുന്നതെന്ന് അധികൃതർ പറയുന്നതെങ്കിലും പണി കഴിയുമ്പോഴേക്ക് അതിന്റെ അളവ് കുറയുമെന്നതാണ് തങ്ങളുടെ മുന്നനുഭവമെന്ന് മലിനജലമൊഴുക്കിനെതിരെ സമരമുഖത്തുണ്ടായിരുന്ന സുരേഷ് മായനാടും പ്രേമൻ മായനാടും ചൂണ്ടിക്കാട്ടുന്നു.
പ്രസവ മുറി, ഓപറേഷൻ തിയറ്റർ, മോർച്ചറി, ലാബുകൾ എന്നിവിടങ്ങളിലെ മലിനജലം ഒരു തരത്തിലെ സംസ്കരണവും നടത്താതെ ഒഴുക്കുന്നതുമൂലം പതിറ്റാണ്ടുകളോളം മായനാട് ഗ്രാമം മാറാരോഗങ്ങളുടെയും തീരാദുരിതങ്ങളുടെയും പിടിയിലായിരുന്നു. നിരന്തര പ്രക്ഷോഭങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കുമൊടുവിൽ അഞ്ചു പതിറ്റാണ്ടുകൾക്ക് ശേഷം 20 കോടി ചെലവിൽ നിർമിച്ച മലിന ജല പ്ലാൻറ് കുറെക്കാലം പ്രവർത്തിക്കാതെ തുരുമ്പെടുത്ത് കിടന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ് മലിന ജല സംഭരണത്തിന് 75,000 ലിറ്റർ സംഭരണശേഷിയുള്ള കലക്ഷൻ വെല്ലും പ്ലാൻറും സ്ഥാപിച്ചത്. ഇതോടെ മായനാട്ടേക്കുള്ള ഒഴുക്ക് നിലച്ചെങ്കിലും പ്ലാന്റിൽ നിന്നുള്ള വെള്ളമിപ്പോൾ നഗരമധ്യത്തിലെ കനോലി കനാലാണ് ഏറ്റുവാങ്ങുന്നത്.
ശുദ്ധീകരിച്ച വെള്ളമാണ് പൈപ്പുവഴി മാവൂർ റോഡിലൂടെ നഗരത്തിലെ കനോലി കനാലിലേക്ക് ഒഴുക്കിവിടുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഈ പൈപ്പ് പൊട്ടി റോഡരികിൽ കറുത്തിരുണ്ട വെള്ളം കെട്ടിക്കിടന്നത് അടുത്തിടെ വാർത്തയായിരുന്നു. ഈ വെള്ളം വാട്ടർ അതോറിറ്റിയുടെ ലാബിൽ പരിശോധിച്ചപ്പോൾ അപകടകരമായ തോതിൽ അമോണിയയുടെയും കോളിഫോം ബാക്ടീരിയയുടെയും ഇ- കോളി ബാക്ടീരിയയുടെയും സാന്നിധ്യം കണ്ടെത്തി. ശുദ്ധീകരിച്ച ശേഷമാണ് വെള്ളം കനാലിലേക്ക് തുറന്നുവിടുന്നതെന്ന അധികൃതരുടെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ ഫലമെന്ന് സുരേഷ് മായനാട് പറയുന്നു.
(തുടരും)