Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവന്ദേമാതരം:...

വന്ദേമാതരം: രണ്ടിൽനിന്ന് ആറിലേക്ക്

text_fields
bookmark_border
വന്ദേമാതരം: രണ്ടിൽനിന്ന്  ആറിലേക്ക്
cancel
നാല് ഖണ്ഡിക തിരികെ കൊണ്ടുവരുന്നത് ചരിത്രപരമായ ഒരു തെറ്റിന്റെ തിരുത്തല്ല, ഒരു ഒത്തുതീർപ്പിന്റെ റദ്ദാക്കലാണ്. ആ ഒത്തുതീർപ്പ് ആർക്കുവേണ്ടിയായിരുന്നോ, അവർ ഇന്നും ഈ രാജ്യത്തുണ്ട്. അവർ ഈ രാജ്യത്തെ പൗരൻമാരാണ്. വന്ദേമാതരത്തിൽ രാഷ്ട്ര നിർമാതാക്കൾ പാടാതെ വിട്ട നാലു ഖണ്ഡിക നിർബന്ധമാക്കാൻ ബി.ജെ.പി സർക്കാർ നിയമം നിർമിച്ചതിന്റെ പിന്നിലെന്തെന്ന് പരിശോധിക്കുന്നു. ഒപ്പം, മതനിരപേക്ഷതക്ക് നിരക്കാത്ത ഒരു നിർദേശം ചോദ്യംചെയ്യാതെ കൈമാറുകയും, പ്രതിഷേധം ഉയർന്നപ്പോൾ മാത്രം തിരുത്തുകയും ചെയ്യുന്ന സംസ്ഥാന സർക്കാറിന്റെ വിധേയപ്പെടലിന്റെ പരിഹാസ്യതയും വിലയിരുത്തുന്നു

ആഗസ്റ്റ് ആറിന് ഇറങ്ങിയ ആ സർക്കുലർ ഒപ്പിട്ടത് ഡൽഹിയിലല്ല. തിരുവനന്തപുരത്താണ്. ‘ഹർ ഘർ തിരംഗ’ പരിപാടികളുടെ ഭാഗമായി നടക്കുന്ന എല്ലാ പൊതുചടങ്ങുകളിലും വന്ദേമാതരം ആലപിക്കണമെന്ന് കേരള ചീഫ് സെക്രട്ടറിയുടെ ഓഫിസ് സംസ്ഥാനത്തോട് നിർദേശിച്ചു. കേന്ദ്രത്തിന്റെ ഉത്തരവ് പ്രകാരം ആറ് ഖണ്ഡികയും ചേർന്ന സമ്പൂർണ ഗാനമാണ് ഉദ്ദേശിക്കപ്പെട്ടത്. വിവാദമായപ്പോൾ യു.ഡി.എഫ് സർക്കാർ പിന്നാക്കംപോയി -സംസ്ഥാന പരിപാടികളിൽ ആദ്യ രണ്ട് ഖണ്ഡിക മാത്രം. മുസ്‍ലിംലീഗ് മന്ത്രി വിശദീകരിച്ചു: ആ സർക്കുലർ സംസ്ഥാനത്തിന്റെ തീരുമാനമായിരുന്നില്ല, കേന്ദ്ര നിർദേശം അതേപടി കൈമാറിയതാണ്.

അതാണ് പ്രശ്നം. ഒരു മതനിരപേക്ഷ സർക്കാർ സംഘ്പരിവാറിന്റെ ഉത്തരവ് ചോദ്യം ചെയ്യാതെ കൈമാറുന്നു. ചോദ്യം ഉയരുമ്പോൾ ‘ഞങ്ങൾ തീരുമാനിച്ചതല്ല’ എന്ന് പറഞ്ഞ് ഒഴിയുന്നു. ഇതാണ് കീഴടങ്ങൽ. കേരളത്തിലെ യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ് അജൻഡക്കു പൂർണമായി കീഴടങ്ങിയിരിക്കുന്നു എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം അലങ്കാരമല്ല. അത് ഒരു ഫയലിന്റെ യാത്രാവിവരണമാണ്.

നാല് ഖണ്ഡികയിൽ എന്താണുള്ളത്?

വാദം തുടങ്ങുന്നതിന് മുമ്പ് വന്ദേമാതര വരികൾ വായിക്കണം. ആദ്യ രണ്ട് ഖണ്ഡിക ഭൂപ്രകൃതിയാണ്. സുജലം, സുഫലം, മലയജശീതളം, ശസ്യശ്യാമളം. ഒഴുകുന്ന നദികൾ, നിലാവുള്ള രാത്രികൾ, പൂത്ത മരങ്ങൾ, കാറ്റ്, വിളഞ്ഞ പാടങ്ങൾ. ഏത് വിശ്വാസിക്കും അവിശ്വാസിക്കും പാടാവുന്ന വരികൾ. ഇത് വ്യാഖ്യാനമല്ല. പിന്നെ കവിത തിരിയുന്നു. നാട് ശക്തിയാകുന്നു -ഏഴുകോടി കണ്ഠങ്ങൾ, പതിനാലുകോടി കൈകളിൽ വാൾ. മൂന്നാം ഖണ്ഡികയിൽ നാട് വിദ്യയും ധർമവും ഹൃദയവും ശരീരത്തിലെ പ്രാണനുമാകുന്നു, ഒടുവിൽ ഒരു വരി വരുന്നു: തോമാരി പ്രതിമാ ഗഡി മന്ദിരേ മന്ദിരേ - ക്ഷേത്രംതോറും ഞങ്ങൾ പ്രതിഷ്ഠിക്കുന്നത് നിന്റെ വിഗ്രഹമാണ്.

നാലാം ഖണ്ഡിക പേരെടുത്ത് വിളിക്കുന്നു:

ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ

കമലാ കമലദളവിഹാരിണീ

വാണീ വിദ്യാദായിനീ നമാമി ത്വാം

(നീ ദശായുധധാരിണിയായ ദുർഗ. നീ താമരയിതളിൽ വിഹരിക്കുന്ന കമല. നീ വിദ്യ നൽകുന്ന വാണി. നിന്നെ ഞാൻ നമിക്കുന്നു.)

ഇത് സൂചനയല്ല, ധ്വനിയല്ല, ഉപമയല്ല. രാഷ്ട്രത്തെ മൂന്ന് ഹിന്ദു ദേവതകളുടെ പേരെടുത്ത്പറഞ്ഞ് സമീകരിക്കുകയും ആ സമീകരണത്തിന് മുന്നിൽ നമസ്കരിക്കുകയും ചെയ്യുന്ന വരികളാണ്. ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആരാധകനായിരുന്ന അരവിന്ദഘോഷ് ഇത് കൃത്യമായി ഇങ്ങനെത്തന്നെ വായിച്ചു. യൂറോപ്യൻ അർഥത്തിലുള്ള ദേശീയഗാനമല്ല ഇതെന്നും, ഇത് ഒരു മന്ത്രമാണെന്നും, ബങ്കിം ഒരു ഋഷിയാണെന്നും അദ്ദേഹം എഴുതി. ഗാനത്തിനുള്ള ഏറ്റവും വലിയ പ്രശംസയാണത്. അതേസമയം, അതുതന്നെയാണ് ഏറ്റവും വലിയ എതിർവാദവും. ഒരു മന്ത്രം ഭരണകൂടത്തിന് നിർബന്ധമാക്കാൻ കഴിയുമോ?

ബങ്കിം ചന്ദ്ര ചാറ്റർജി

ആനന്ദമഠത്തിലെ സന്ദർഭം

1875ൽ ബങ്കിം ചന്ദ്ര ചാറ്റർജി ഈ വരികൾ എഴുതുമ്പോൾ അത് ഒറ്റപ്പെട്ട ഒരു കവിതാശകലമായിരുന്നു. ഏഴ് വർഷത്തിന് ശേഷം അദ്ദേഹം അത് ആനന്ദമഠത്തിൽ ചേർത്തു. ആദ്യം ബംഗദർശൻ മാസികയിൽ ഖണ്ഡശഃ, പിന്നെ 1882ൽ പുസ്തകമായി. സമ്പൂർണ ഗാനത്തെ ന്യായീകരിക്കുന്നവർ ഈ വസ്തുതയിൽ പിടിക്കുന്നു: പാട്ട് നോവലിന് മുമ്പുള്ളതാണ്, നോവൽ വെറും യാദൃച്ഛികമായ വാസസ്ഥലം മാത്രം. പക്ഷേ, ബങ്കിം അത് എവിടെയും വെച്ചില്ല. സന്താനന്മാരുടെ -ആയുധമേന്തിയ ഹിന്ദു സന്യാസി പോരാളികളുടെ -വായിലാണ് വെച്ചത്. പതിനെട്ടാം നൂറ്റാണ്ടിലെ ബംഗാളിൽ മുസ്‍ലിം ഭരണത്തിനെതിരെ പോരാടുന്നവരാണ് അവർ. ചരിത്രകാരി തനിക സർക്കാർ ‘ഒരു ദേവിയുടെ ജനനം’ എന്ന പഠനത്തിൽ വാദിക്കുന്നത് ഇതാണ്: ആ നോവലിലെ ‘മാതാവ്’ പഴയ ഒരു ദേവതയല്ല, പുതുതായി നിർമിക്കപ്പെട്ട ഒന്നാണ് - ഭൂമിയും ഹിന്ദു നാഗരികതയും യുദ്ധോത്സുകതയും ചേർത്ത്, ഒരു ശത്രുവിനെതിരെ നിർവചിക്കപ്പെട്ട ദേവത. ആ വായനയോട് വിയോജിക്കാം. പക്ഷേ, നോവലിന്റെ ഇതിവൃത്തം മറ്റെന്തോ ആണെന്ന് നടിക്കാനാവില്ല.

‘മുസ്‍ലിംകളും പാടിയിട്ടുണ്ടല്ലോ’ എന്ന മറുവാദം

1905ലെ ബംഗാൾ വിഭജന വിരുദ്ധ സമരത്തിൽ വന്ദേമാതരം വിളിച്ചവരിൽ മുസ്‍ലിംകളുമുണ്ടായിരുന്നു. അന്നത് കൊളോണിയൽ വിരുദ്ധ ആയുധമായിരുന്നു. കൂടുതൽ പ്രസക്തമായ മറ്റൊരു വസ്തുതയുമുണ്ട്: ആരിഫ് മുഹമ്മദ് ഖാൻ ദേശീയഗീതമായ ആദ്യ രണ്ട് ഖണ്ഡിക ഉർദുവിലേക്ക് പരിഭാഷപ്പെടുത്തി ലഖ്നോവിലെ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമക്ക് അയച്ചു - ഇതിൽ ഇസ്‍ലാമിന് വിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ച്. ഇല്ല എന്നായിരുന്നു നദ്‍വയുടെ മറുപടി. ആദ്യ രണ്ട് ഖണ്ഡിക ദൈവശാസ്ത്രപരമായ പരീക്ഷ പാസായി എന്നാണ് അതിനർഥം. അതായത്, 1937ലെ ഒത്തുതീർപ്പ് പ്രവർത്തിച്ചു. 88 വർഷം ഈ രാജ്യം ആ രണ്ട് ഖണ്ഡിക ഒരുമിച്ച് പാടി. ഒരു തർക്കവുമുണ്ടായില്ല.

ഒക്ടോബർ 29ന് പ്രവർത്തകസമിതി അത് അംഗീകരിച്ചു

എങ്കിൽ പ്രധാനമന്ത്രി, ‘ഭിന്നിപ്പിക്കുന്ന മനോഭാവം’ എന്ന് വിളിക്കുന്നത് ആരുടെ മനോഭാവത്തെയാണ്? വിഭജനത്തിന്റെ വിത്ത് പാകിയത് ടാഗോറാണോ? എതിർപ്പ് 1937ൽ തുടങ്ങിയതുമല്ല. 1923ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന മൗലാനാ മുഹമ്മദ് അലിയാണ് ആദ്യമായി ഔപചാരികമായി എതിർപ്പ് ഉന്നയിച്ചത് -ഖിലാഫത്ത് നേതാവ്, ബ്രിട്ടീഷ് വിരുദ്ധ പോരാളി, കോൺഗ്രസുകാരൻ. സ്വാതന്ത്ര്യസമരത്തിന്റെ നടുവിൽ, ഹിന്ദു-മുസ്‍ലിം ഐക്യം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ, കൂടാരത്തിനുള്ളിൽനിന്ന് ഉയർന്ന ചോദ്യമായിരുന്നു അത്.

1950: ഭരണഘടനാ സഭ പറഞ്ഞതും പറയാഞ്ഞതും

1950 ജനുവരി 24. ഭരണഘടനാ സഭയുടെ അവസാന സമ്മേളനം. രാജേന്ദ്ര പ്രസാദ് പ്രഖ്യാപിക്കുന്നു: ജനഗണമന ദേശീയഗാനമാണ്; സ്വാതന്ത്ര്യസമരത്തിൽ ചരിത്രപരമായ പങ്ക് വഹിച്ച വന്ദേമാതരത്തിന് അതിനൊപ്പം തുല്യമായ ആദരവും തുല്യപദവിയും ഉണ്ടായിരിക്കും. കൈയടിയുണ്ടായി. എതിർപ്പുണ്ടായില്ല. പ്രമേയമുണ്ടായില്ല. വോട്ടെടുപ്പുണ്ടായില്ല. നിയമനിർവചനമുണ്ടായില്ല.

ഭരണഘടന ഈ വ്യത്യാസം ഉറപ്പിക്കുന്നു. 1976ൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർത്തപ്പോൾ അനുച്ഛേദം 51എ(എ) ദേശീയപതാകയെയും ദേശീയഗാനത്തെയും പേരെടുത്ത് പറഞ്ഞു. ദേശീയഗീതത്തെക്കുറിച്ച് അത് മൗനം പാലിച്ചു. ആ മൗനം അബദ്ധമായിരുന്നില്ല. അതായിരുന്നു ഒത്തുതീർപ്പ്.

ഇപ്പോൾ നിയമമാകുന്ന നിർബന്ധം

ഈ ഒത്തുതീർപ്പാണ് ഇപ്പോൾ പൊളിക്കപ്പെടുന്നത് - ചർച്ചയിലൂടെയല്ല, ഉത്തരവിലൂടെയും ശിക്ഷാവിധിയിലൂടെയും. ജനുവരി 28ന് ആറ് ഖണ്ഡികയും നിർബന്ധമാക്കുന്ന ഉത്തരവ്. ഫെബ്രുവരിയിൽ വിശദമായ പ്രോട്ടോകോൾ - മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള സമ്പൂർണ ആലാപനം, ജനഗണമനക്ക് മുമ്പ്, സദസ്സ് എഴുന്നേറ്റ് നിൽക്കണം. മാർച്ച് മുതൽ ആകാശവാണിയുടെ പ്രഭാതപ്രക്ഷേപണം അതിൽ തുടങ്ങുന്നു. ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബന്ധം. ദേശീയഗീതത്തിന്റെ ആലാപനം തടയുന്നതും ആലപിക്കുന്ന സദസ്സിനെ അലങ്കോലപ്പെടുത്തുന്നതും മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി മാറുന്നു.

ഇവിടെ ഒരു നിയമവസ്തുത ഓർക്കണം. ബിജോ ഇമ്മാനുവൽ vs കേരള സംസ്ഥാനം (1986) കേസിലെ വിധി ഇന്നും നിലനിൽക്കുന്നതാണ്. യഹോവാ സാക്ഷികളായ മൂന്ന് കുട്ടികൾ - ബിജോ, ബിനു മോൾ, ബിന്ദു - സ്കൂൾ അസംബ്ലിയിൽ ദേശീയഗാനത്തിന് ആദരപൂർവം എഴുന്നേറ്റ് നിന്നു, പക്ഷേ പാടിയില്ല. അവരെ പുറത്താക്കി. സുപ്രീംകോടതി അവർക്ക് അനുകൂലമായി വിധിച്ചു - അനുച്ഛേദം 19(1)(എ)യും 25(1)ഉം പ്രകാരം പാടാതിരിക്കാനുള്ള അവകാശം അവർക്കുണ്ട്. ജസ്റ്റിസ് ഒ. ചിന്നപ്പ റെഡ്ഡിയുടെ യുക്തി ലളിതമായിരുന്നു: അഭിപ്രായസ്വാതന്ത്ര്യത്തിൽ മിണ്ടാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു. ഈ വിധി വന്ന കേസ് കേരളത്തിൽനിന്നായിരുന്നു എന്നത് യാദൃച്ഛികമല്ല.

ഭരണഘടനാപരമായ അംഗീകാരവും നിയമപരമായ സംരക്ഷണവുമുള്ള ദേശീയഗാനം പാടാൻ ഒരു പൗരനെയും നിർബന്ധിക്കാനാവില്ലെങ്കിൽ, ഇവ രണ്ടും ഇല്ലാത്ത ദേശീയഗീതം പാടാൻ എങ്ങനെ നിർബന്ധിക്കും? പുതിയ നിയമം ആലാപനം നിർബന്ധമാക്കുന്നില്ല, തടസ്സപ്പെടുത്തൽ മാത്രമാണ് ശിക്ഷിക്കുന്നത് എന്നാണ് സർക്കാർ വാദം. ആ വ്യത്യാസം സാങ്കേതികമായി ശരിയാണ്. അത് പ്രായോഗികമായി എത്ര നേർത്തതാണ് എന്ന് ഈ രാജ്യത്ത് ജീവിക്കുന്ന ആർക്കും അറിയാം. ‘സദസ്സിനെ അലങ്കോലപ്പെടുത്തൽ’ നിർവചിക്കപ്പെട്ടിട്ടില്ല. നിർവചിക്കപ്പെടാത്ത കുറ്റങ്ങൾ ധ്രുവീകരിക്കപ്പെട്ട സമൂഹത്തിൽ ഇടുങ്ങിയ അതിരുകളിൽ നിൽക്കാറില്ല. ആദ്യ കേസുകളാണ് ഈ നിയമം എന്താണെന്ന് തീരുമാനിക്കുക. ആ കേസുകൾ ആർക്കെതിരെ ചാർജ് ചെയ്യപ്പെടും എന്നത് ഊഹിക്കാൻ വലിയ ഭാവനയൊന്നും വേണ്ട.

1950 ജനുവരി 24. ഭരണഘടനാ സഭയുടെ അവസാന സമ്മേളനം. രാജേന്ദ്ര പ്രസാദ് പ്രഖ്യാപിക്കുന്നു:

‘‘ജനഗണമന ദേശീയഗാനമാണ്; സ്വാതന്ത്ര്യസമരത്തിൽ ചരിത്രപരമായ പങ്ക് വഹിച്ച വന്ദേമാതരത്തിന് അതിനൊപ്പം തുല്യമായ ആദരവും തുല്യപദവിയും ഉണ്ടായിരിക്കും.’’

ഭരണഘടന ഈ വ്യത്യാസം ഉറപ്പിക്കുന്നു. 1976ൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർത്തപ്പോൾ അനുച്ഛേദം 51എ (എ) ദേശീയപതാകയെയും ദേശീയഗാനത്തെയും പേരെടുത്ത് പറഞ്ഞു. ദേശീയഗീതത്തെക്കുറിച്ച് അത് മൗനം പാലിച്ചു. ആ മൗനം അബദ്ധമായിരുന്നില്ല. അതായിരുന്നു ഒത്തുതീർപ്പ്.

എന്തുകൊണ്ട് ഇപ്പോൾ?

വന്ദേമാതരം 150ാം വാർഷികം ഒരു സാഹിത്യ ആഘോഷമാകാമായിരുന്നു. ബങ്കിമിനെ വായിക്കാം, ടാഗോറിന്റെ ഈണം കേൾക്കാം, 1905ലെ സ്വദേശി പ്രക്ഷോഭത്തിൽ ഈ രണ്ട് വാക്കുകൾ ബ്രിട്ടീഷ് സാമ്രാജ്യത്തെ എത്ര ഭയപ്പെടുത്തി എന്ന് ഓർക്കാം. പകരം അത് 1937ന്റെ വിചാരണയായി. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബംഗാളിന്റെ ഏറ്റവും പ്രശസ്തമായ ഗാനം ആയുധമാക്കപ്പെടുന്നു. ആഗസ്റ്റ് 15ന് ഒരു വിഡിയോ ക്ലിപ്, ഒരു അപമാന ആരോപണം, ഒരു വിശദീകരണം. ഇതാണ് ദേശഭക്തിയുടെ പുതിയ വ്യാകരണം - സംശയത്തിന്റെ കാമറ എപ്പോഴും ന്യൂനപക്ഷത്തിലേക്കും എതിരാളിയിലേക്കും തിരിഞ്ഞിരിക്കുന്നു.

ഇവിടെ ഏറ്റവും ആഴമുള്ള വൈരുധ്യം ഇതാണ്. 1905ൽ ആ മുദ്രാവാക്യത്തിന് ശക്തി ഉണ്ടായിരുന്നത് അത് വിളിക്കുന്നത് അപകടകരമായിരുന്നതുകൊണ്ടാണ്. ബ്രിട്ടീഷുകാർ അത് നിരോധിച്ചു, ആളുകളെ അറസ്റ്റ് ചെയ്തു, പത്രങ്ങൾ കണ്ടുകെട്ടി. ആ ജനക്കൂട്ടത്തിൽ മുസ്‍ലിംകളും ഉണ്ടായിരുന്നു. അതൊരു സ്വമേധയാ ഉള്ള കൂട്ടായ്മയായിരുന്നു. ഇന്ന് ഭരണകൂടം അതേ വാക്കുകൾ ഒരു സർക്കുലർ വഴി ആവശ്യപ്പെടുന്നു. അക്ഷരങ്ങൾ ഒന്നുതന്നെ. പ്രവൃത്തി നേരെ വിപരീതമാണ്. കൊളോണിയൽ ഭരണകൂടത്തിനെതിരെ ഉയർന്ന ശബ്ദത്തെ ഭരണകൂടത്തിന്റെ ശബ്ദമാക്കി മാറ്റുന്നത് ആദരവല്ല, കീഴടക്കലാണ്.

കേരളത്തിന്റെ ഊഴം

ഇത് ഡൽഹിയിലെ പ്രശ്നമാണെന്ന് കരുതുന്നവർ ആഗസ്റ്റ് ആറിലെ സർക്കുലർ ഒരിക്കൽക്കൂടി വായിക്കണം. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾ വെറും തപാൽ ഓഫിസുകളല്ല. കേന്ദ്രത്തിൽനിന്ന് വരുന്ന ഓരോ ഉത്തരവും ഭരണഘടനയുടെ അളവുകോലിൽ വെച്ച് നോക്കേണ്ട ബാധ്യത സംസ്ഥാന സർക്കാറിനുണ്ട്. മതനിരപേക്ഷതക്ക് നിരക്കാത്ത ഒരു നിർദേശം ചോദ്യംചെയ്യാതെ കൈമാറുകയും, പ്രതിഷേധം ഉയർന്നപ്പോൾ മാത്രം തിരുത്തുകയും ചെയ്യുന്ന സർക്കാർ ഒരു കാര്യം തെളിയിക്കുന്നു -അതിന്റെ മതനിരപേക്ഷത നിലപാടല്ല, സമ്മർദത്തിന്റെ ഫലമാണ്. കേരളത്തിന് ഈ ചോദ്യങ്ങളിൽ ഒരു ചരിത്രമുണ്ട്. ബിജോ ഇമ്മാനുവൽ കേസ് ഇവിടെനിന്നാണ് പോയത്.

1937: ടാഗോറിന്റെ കത്ത്

‘‘1937ൽ കോൺഗ്രസ് മുസ്‍ലിം പ്രീണനത്തിന് വേണ്ടി പാട്ട് വെട്ടിമുറിച്ചു, ആ വെട്ടിമുറിക്കലാണ് വിഭജനത്തിന്റെ വിത്ത് പാകിയത്’’ എന്നാണ് സംഘ്പരിവാർ ആരോപണം. എന്നാൽ, ചരിത്രരേഖ ആ കഥയെ തകർക്കുന്നു.

1937 ഒക്ടോബർ 26. കോൺഗ്രസ് പ്രവർത്തകസമിതി ചേരാൻ മൂന്ന് ദിവസം ബാക്കി. രവീന്ദ്രനാഥ ടാഗോർ നെഹ്റുവിന് എഴുതുന്നു:

‘‘ബങ്കിമിന്റെ വന്ദേമാതരം എന്ന കവിത അതിന്റെ സന്ദർഭത്തോടൊപ്പം വായിക്കുമ്പോൾ മുസ്‍ലിം വികാരങ്ങളെ മുറിവേൽപിക്കുന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടാം എന്ന് ഞാൻ തുറന്നുസമ്മതിക്കുന്നു. എന്നാൽ, അതിൽനിന്ന് ഉരുത്തിരിഞ്ഞ്, സ്വാഭാവികമായി ആദ്യ രണ്ട് ഖണ്ഡിക മാത്രമായി മാറിക്കഴിഞ്ഞ ഒരു ദേശീയഗാനത്തിന് ആ പോരായ്മ ബാധകമല്ല.’’

ഈണം നൽകിയ ടാഗോറാണ് ഇത് എഴുതിയത്. 1896ൽ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ ഇത് ആദ്യമായി പാടിയത് ടാഗോറാണ്. ബങ്കിമിനെ ആരാധിച്ചിരുന്ന ടാഗോറാണ് പറയുന്നത് - വാചകത്തിൽ പ്രശ്നമുണ്ട്, സന്ദർഭത്തിൽ പ്രശ്നമുണ്ട്, ജനങ്ങൾ ഇതിനകം രണ്ട് ഖണ്ഡിക മാത്രം പാടിത്തുടങ്ങിക്കഴിഞ്ഞു’, അതാണ് ദേശീയഗാനം എന്ന്.

ഒടുവിൽ ഒരു ചോദ്യം

ബങ്കിം ഒരു നാടിനെ അത്രമേൽ സ്നേഹിച്ച് ഒരു ദേവതയാക്കി. ടാഗോർ അതിന് ഈണം നൽകി, 41 വർഷത്തിന് ശേഷം എല്ലാവർക്കും ഒരുമിച്ച് പാടാവുന്ന ഭാഗം മാത്രം പാടാൻ രാജ്യത്തിന് അനുവാദം നൽകി. അത് ഭീരുത്വമായിരുന്നില്ല. പൂർണമായ ഒരു പാട്ടിനെക്കാൾ വിലയുള്ളത് പങ്കുവെക്കാവുന്ന ഒരു പാട്ടാണ് എന്ന വിവേകമായിരുന്നു. ഈ രാജ്യത്തിന് ടാഗോറിനോട് വിയോജിക്കാം. അത് ജനാധിപത്യപരമായ അവകാശമാണ്. പക്ഷേ, ആ വിയോജിപ്പ് സത്യസന്ധമായിരിക്കണം. നാല് ഖണ്ഡിക തിരികെ കൊണ്ടുവരുന്നത് ചരിത്രപരമായ ഒരു തെറ്റിന്റെ തിരുത്തല്ല. ഒരു ഒത്തുതീർപ്പിന്റെ റദ്ദാക്കലാണ്. ആ ഒത്തുതീർപ്പ് ആർക്കുവേണ്ടിയായിരുന്നോ, അവർ ഇന്നും ഈ രാജ്യത്തുണ്ട്. അവർ പൗരന്മാരാണ്. 150 വർഷത്തിന് ശേഷമുള്ള യഥാർഥ പരീക്ഷ ആറ് ഖണ്ഡികയും മനഃപാഠമാക്കാൻ കഴിയുമോ എന്നതല്ല. നിങ്ങളുടെ അയൽക്കാരൻ അതിൽ നാല് ഖണ്ഡികക്ക് ആദരപൂർവം മൗനമായി നിൽക്കുന്നത് കണ്ടിട്ടും അയാളെ ഒരു ദേശസ്നേഹിയായി കാണാൻ നിങ്ങൾക്ക് കഴിയുമോ എന്നതാണ്. അതിനുള്ള ഉത്തരമാണ് ഈ റിപ്പബ്ലിക്കിന്റെ ഭാവി.

(കൊച്ചി ഡോൺ ബോസ്കോ അക്കാദമി ക്രിയേറ്റിവ് ആർട്സിൽ ഫാക്കൽറ്റിയാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:secularismConstitutionVande MataramCompromise
News Summary - From two to six
Next Story