Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസ്ഥാപനവത്​കൃത കൊലയുടെ...

സ്ഥാപനവത്​കൃത കൊലയുടെ രാഷ്​ട്രീയം

text_fields
bookmark_border
fathima
cancel
camera_alt??????? ??????????? ???????? ???????? ?????????????? ????????? ????? ???????

‘It is with deep grief and sadness that we have to announce the passing away….’ എന്ന് തുടങ്ങുന്ന ഓരോ ​െഎ.​െഎ.ടി വിദ്യാർഥിയുടെയും ഇൻബോക്സിലേക്ക് വരുന്ന, പേരു പോലും രേഖപ്പെടുത്താത്ത മരണവാർത്തകൾക്ക് യന്ത്രങ്ങളെ വെല്ലുന്ന നിർവികാരതയുണ്ട്.

2018 ഡിസംബർ മുതൽ എണ്ണിയാൽ ഫ ാത്തിമയുടെ മരണത്തിലേക്കുള്ള ദൂരം നാലു ജീവിതങ്ങളാണ്. അക്കാദമിക സമ്മർദം, ഹാജർ കുറവ്, വ്യക്തിഗതമായ കാരണങ്ങൾ, കുറഞ ്ഞ മാർക്ക്​, വിഷാദം തുടങ്ങിയ കാരണങ്ങൾ പറഞ്ഞു ഓരോ ആത്മഹത്യയെയും നിസ്സാരവത്കരിച്ചു ഐ.ഐ.ടി അധികൃതരും പൊലീസും കൈക ഴുകിയത് ഫാത്തിമയുടെ വിഷയത്തിലും ആവർത്തിച്ചിരുന്നു. അവളുടെ മാതാപിതാക്കൾ മൊബൈൽ ഫോണിൽനിന്ന്​ ആത്മഹത്യ ഹേതു കണ ്ടെത്തുന്നതുവരെ ഇതു തുടർന്നു. എന്തുകൊണ്ടാണ് മദ്രാസ് ഐ.ഐ.ടിയിൽ ഇത്രയും ആത്മഹത്യകൾ നടക്കുന്നത്? അതി​​​െൻറ പിന്ന ിലുള്ള സാമൂഹിക-രാഷ്​​ട്രീയമാനങ്ങൾ എന്ത്? ഇതൊന്നും ഇതുവരെ ചർച്ചയാവാതിരുന്നതും ഇപ്പോൾ അത് ചർച്ചയാവുന്നതിൽ ഐ.ഐ. ടി അധികാരികൾക്കുള്ള വെപ്രാളവും നൽകുന്ന സൂചനകൾക്കു നേരെ ഇനിയും കണ്ണടക്കാവുന്നതല്ല.

ആത്മഹത്യ എന്നത് കേവലം മാനസിക അസ്വാസ്​ഥ്യത്തിലേക്ക് ചുരുക്കുക വഴി ഘടനാപരവും, വ്യവസ്ഥാപരവുമായ പ്രശ്നങ്ങൾ അദൃശ്യവത്കരിക്കുകയും ഹിംസ കൂടുതൽ സ്ഥാപനവത്കരിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഇത്രയധികം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും എന്തുകൊണ്ട് ഇതു വീണ്ടും ആവർത്തിക്കുന്നു എന്ന് അന്വേഷിക്കാനോ ചോദ്യം ചെയ്യാനോ വിദ്യാർഥികളും മറ്റും താൽപര്യപ്പെടുന്നില്ല എന്നത് ആശ്ചര്യജനകമാണ്. ഫാത്തിമ മരിച്ച വേളയിൽപോലും കൃത്യമായ പിന്തുണ അറിയിക്കാതിരുന്ന പല വിദ്യാർഥികളും, പൂർവവിദ്യാർഥികളും ഐ.ഐ.ടി ഇസ്​ലാമോഫോബിയയുടെ ഇടമാണെന്ന് സമൂഹമാധ്യമങ്ങൾ വിമർശിക്കാൻ തുടങ്ങിയപ്പോഴാണ് ഉറക്കമുണർന്ന് സ്ഥാപനത്തി​​​െൻറ നിരപരാധിത്വം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്.

ആത്മഹത്യയല്ല; സ്ഥാപനവത്​കൃത കൊലപാതകം
രോഹിത് വെമുലയുടെ ജീവത്യാഗവും, അതിനോടനുബന്ധിച്ച്​ ഇന്ത്യയിലുടനീളം കാമ്പസുകളിൽ നടന്ന സമരങ്ങളും പ്രതിഷേധങ്ങളും ഇന്ത്യയിലെ ഉയർന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ദലിത് ബഹുജൻ ന്യൂനപക്ഷ വിരുദ്ധത തുറന്നുകാട്ടിയിരുന്നു. ആത്മഹത്യ ചെയ്യുന്ന കുട്ടികളിൽ മിക്കതും ചില പ്രത്യേക മതത്തിൽനിന്നോ ജാതിയിൽനിന്നോ ആവുന്നതി​​​െൻറ രാഷ്​ട്രീയം പകൽപോലെ വ്യക്തമാണ്. ഇന്ത്യൻ പൊതുബോധത്തിൽ അലിഞ്ഞിരിക്കുന്ന ദലിത് ബഹുജൻ ന്യൂനപക്ഷ വിരുദ്ധത ഏറ്റവും നികൃഷ്​ടമായ മുഖം പുറത്തെടുക്കുന്നത് ഇത്തരം കാമ്പസുകളിലാണ്. ഐ.ഐ.ടികൾപോലെയുള്ള അരാഷ്​ട്രീയമായ ഇടങ്ങളിൽ സവർണഭീകരത എത്രയോ പേടിപ്പെടുത്തുന്നതാണ്. സംഘടിത വിദ്യാർഥികൂട്ടായ്മകളോ, രാഷ്​ട്രീയ യൂനിയനുകളോ ഇല്ലാത്ത ഇത്തരം ഇടങ്ങളിൽ പലപ്പോഴും അധ്യാപക അനധ്യാപക മേലാളന്മാരുടെ വാക്കും കേട്ട് പഠിപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുപോവുന്ന വിദ്യാർഥി സംഘങ്ങളെയാണ് കാണാൻ കഴിയുക.

madras-iit

മദ്രാസ് ഐ.ഐ.ടിയിലെ 2018 ഡിസംബർ മുതലുള്ള ആത്മഹത്യകളുടെ റിപ്പോർട്ട് പരിശോധിച്ചാൽ മനസ്സിലാവുന്ന പൊതുസ്വഭാവം ഒന്നിലുംതന്നെ ആത്മഹത്യക്കുറിപ്പുകൾ കണ്ടെടുത്തിട്ടില്ല എന്നതാണ്. ഫാത്തിമയുടെ വിഷയത്തിലും മാതാപിതാക്കൾ മൊബൈലിൽനിന്നു കുറിപ്പ് കണ്ടെത്തിയിട്ടും ദിവസങ്ങളോളം പൊലീസ് അത് അംഗീകരിച്ചിരുന്നില്ല. മൃതദേഹം സ്വീകരിക്കാൻ വന്ന കുടുംബക്കാർ പൊലീസിൽ നിന്നനുഭവിച്ച മോശം സമീപനവും തിരിച്ചു നാട്ടിലേക്ക് വന്ന് ഇതുവരെ ഒരു ഫോണ്‍ കാൾ കൊണ്ടുപോലും അനുഭാവം അറിയിക്കാത്ത സ്ഥാപന അധികൃതരുടെ പെരുമാറ്റവും ഈ മരണങ്ങളെ എത്ര ലാഘവത്തോടെയാണ് സ്വീകരിക്കുന്നത് എന്നതി​​​െൻറ തെളിവാണ്.

​െഎ.െഎ.ടി എന്ന അഗ്രഹാരം
‘അയ്യർ, അയ്യങ്കാർ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി’ എന്നാണ് പൊതുവെ ഐ.ഐ.ടിയുടെ മദ്രാസ് കാമ്പസിനെ വിശേഷിപ്പിക്കാറുള്ളത്. കണക്കുകൾ വിരൽചൂണ്ടുന്നതും അതിലേക്കുതന്നെയാണ്. പൂർവവിദ്യാർഥി ഇ. മുരളീധരൻ വിവരാവകാശ നിയമം പ്രകാരം ഉന്നയിച്ച ചോദ്യത്തിന് കിട്ടിയ വിവരങ്ങൾ ഐ.ഐ.ടി മദ്രാസിലെ പാർശ്വവത്​കൃത സമുദായങ്ങളുടെ പ്രാതിനിധ്യത്തിലുള്ള അസമത്വത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. 684 ഫാക്കൽറ്റി അംഗങ്ങളിൽ 599 (87 ശതമാനം) പേര​ും ഉയർന്ന ജാതിക്കാരാണ്. 16 പട്ടികജാതിക്കാരും, 66 ഒ.ബി.സി വിഭാഗക്കാരും രണ്ട്​ പട്ടികവർഗക്കാരുമടക്കം (12.4 ശതമാനം) മാത്രമാണ് ദലിത് ബഹുജൻ പ്രാതിനിധ്യം. രാജ്യത്തെ സംവരണനയങ്ങൾ ഒക്കെ കാറ്റിൽ പറത്തിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് കണക്കുകളിൽനിന്നുതന്നെ കാണാം. കേന്ദ്ര സർക്കാറി​​​​െൻറ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ‘ശാസ്ത്രീയ’വിദ്യാഭ്യാസത്തി​​​െൻറ ഉന്നത കേന്ദ്രമാണ് ഐ.ഐ.ടി. പക്ഷേ, ആയുധപൂജയുടെ സമയത്ത് ലാബുകൾക്കുള്ളിൽ വലിയ ഉപകരണങ്ങൾ പോലും പൂജക്ക് വെച്ചിരിക്കുന്നത് കാണാം. അധ്യാപകരുടെ ഒത്താശയോടെ നടക്കുന്ന ഇത്തരം ജാതിയാഘോഷങ്ങൾ സെക്കുലർ സ്​റ്റേറ്റി​​​െൻറ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നടക്കുന്നതി​​​െൻറ ഔചിത്യം ആലോചിക്കേണ്ടതാണ്.

കല, സംസ്കാരം, രാഷ്​​്ട്രീയം എന്നിവ സംസാരിക്കാൻ വ്യത്യസ്തവീക്ഷണമുള്ളവർക്ക് അനുവാദം നിഷേധിക്കുകയും അതേസമയം, വകുപ്പ്​ 370മായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ആർ.എസ്​.എസ്​ നേതാവ്​ റാം മാധവിനെ പോലെയുള്ളവർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ വേദി നൽകുന്നതും ഒന്നും അത്ര നിഷ്​കളങ്കമായ തീരുമാനങ്ങളല്ല. സ്​റ്റാഫുകളും അധ്യാപകരുമൊക്കെ ജാതി മേൽക്കോയ്മ കാണിക്കുന്നതിൽ മടി കാണിക്കാറില്ല എന്നു പല വിദ്യാർഥികൾക്കും അനുഭവമുള്ളതാണ്. പലരും പരിണതഫലങ്ങൾ പേടിച്ചിട്ട് പുറത്തുപറയാറില്ല എന്നതാണ് സത്യം. ഇത്തരം വീർപ്പുമുട്ടലുകൾ അവസാനം ചെന്നെത്തുന്നത് ആത്മഹത്യയിലോ പഠനം ഉപേക്ഷിക്കലിലോ ആണ്.
ഫാത്തിമയുടെ മരണത്തിനു ശേഷം സ്ഥാപനത്തെയും അധ്യാപകരെയും വെള്ളപൂശാൻ ഇറങ്ങിയ ചില വിദ്യാർഥികളുടെ പൊതുസവിശേഷതകൾ കൂടി പരിശോധിക്കുന്നത് നന്നാവും.

fathima-latheef

നമസ്കരിക്കാൻ സ്ഥലം അനുവദിച്ചു തന്ന മേധാവികൾ ഒരിക്കലും മുസ്​ലിം വിരുദ്ധർ ആവില്ല എന്നു വാദിച്ചവർ മുതൽ തങ്ങൾ ഒരുതരം വിവേചനവും അനുഭവിച്ചിട്ടില്ലാത്തതിനാൽ അങ്ങ​െനയൊരു വിവേചനം ഉണ്ടായിട്ടില്ല എന്നു തുടങ്ങിയ ന്യായങ്ങൾ നിരത്തിയവരുണ്ട്​. ‘മീ ടു’ പോലെ ആഗോളതലത്തിൽ നടന്ന ഒരു കാമ്പയിനിൽ ഒക്കെ മുന്നിൽ നിന്ന പലരുമാണ് മുസ്​ലിം/ദലിത് ചോദ്യം വന്നപ്പോൾ ഇത്തരം മുടന്തൻന്യായങ്ങൾ പുറപ്പെടുവിച്ചത് എന്നത് അവരുടെ രാഷ്​ട്രീയപാപ്പരത്തമാണ് വെളിവാക്കുന്നത്. മരണത്തിന് കാരണക്കാരനായ അധ്യാപക​​​െൻറ പേര് കൃത്യമായി എഴുതിവെച്ചിട്ടും ഇത്രയും ദിവസങ്ങളായി ഒരു തരത്തിലുള്ള നടപടിയും പൊലീസി​​​െൻറയോ സ്ഥാപനത്തി​​​െൻറയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നതുതന്നെ ഇതി​​​െൻറ പിന്നിലെ രാഷ്​ട്രീയത്തെ തുറന്നുകാട്ടുന്നുണ്ട്. ഇനിയും ഒരു മരണമുണ്ടാവരുത് എന്ന അതിയായ ആഗ്രഹത്തിന്മേൽ പോരാടുന്ന ഫാത്തിമയുടെ മാതാപിതാക്കളും, അതിനു ലഭിച്ച പൊതുജന പിന്തുണയുമാണ് ഇപ്പോൾ ഇത്രയെങ്കിലും ചർച്ചയായത്.

‘ഐ.ഐ.ടി വിത്ത് ഫാത്തിമ’ എന്ന വിദ്യാർഥികളുടെ കൂട്ടായ്മ ഫാത്തിമക്ക് നീതി ലഭിക്കാനായുള്ള പോരാട്ടത്തിൽ പിന്തുണയുമായി വന്നിട്ടുണ്ട് എന്നത് ആശാവഹമാണ്. കൃത്യവും നീതിപൂർവവുമായ അന്വേഷണം നടത്തുക, ഐ.ഐ.ടിക്ക് ഉള്ളിൽ തന്നെ എസ്.സി/എസ്.ടി/ഒ.ബി.സി/മൈനോറിറ്റി സെൽ രൂപവത്​കരിക്കുക, രോഹിത് ആക്​ട്​ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ ഉന്നതാധികാരികൾക്കും ന്യൂനപക്ഷകമീഷനും അവർ കത്തയച്ചിട്ടുണ്ട്. ഇതേ കാര്യങ്ങൾ ഉന്നയിച്ച്​ അംബേദ്കർ പെരിയാർ സ്​റ്റഡിസർക്കിളും രംഗത്തുണ്ട്. ഉന്നത വിദ്യാഭ്യാസകാമ്പസുകൾ വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും സമൂഹത്തി​​​െൻറ എല്ലാ തുറകളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക്​ പ്രാപ്യമാവുകയും വേണം. വിവേചനങ്ങൾ നേരിടേണ്ടി വരാത്ത ഒരു വിദ്യാഭ്യാസ ഇടത്തിനും ഭാവിക്കും വേണ്ടിയുള്ള ഈ പോരാട്ടം രോഹിത് വെമുലയും ഫാത്തിമയുമടക്കം അനേകം വിദ്യാർഥികൾ സ്വജീവൻ ഇന്ധനമായി നൽകി സാധ്യമാക്കിയതാണ്. ആ ത്യാഗങ്ങൾ പാഴായി പോവാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
(ഐ.ഐ.ടി മദ്രാസ് ഗവേഷക വിദ്യാർഥിയാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madras IITMalayalam Articlefathima Latheef Suicide Case
News Summary - fathima Latheef Suicide Case Madras IIT -Malayalam Article
Next Story