ഫാഷിസം തകരണം; ഇന്ത്യ നിലനിൽക്കണം
text_fieldsഏഴര ദശകം പിന്നിട്ട ഇന്ത്യൻ റിപ്പബ്ലിക് ഒരു നിർണായക വഴിത്തിരിവിലാണ്. ചരിത്രത്തെ വളച്ചൊടിച്ചും പ്രധാന കണ്ടെത്തലുകളെ മായ്ച്ചുകളഞ്ഞും അചരിത്രബോധം (ahistorical consciousness) വളർത്തിയെടുക്കുന്ന പ്രക്രിയ രാജ്യമൊട്ടാകെ നടക്കുന്നു. സമത്വവും അന്തസ്സും ഉറപ്പുനൽകുന്ന ഭരണഘടനയെ ഇല്ലായ്മ ചെയ്ത്, അസമത്വവും ജാതി മേൽക്കോയ്മയും വാദിക്കുന്ന മനുസ്മൃതിയെ പുനഃസ്ഥാപിക്കാനാണ് ഫാഷിസ്റ്റ് ശക്തികളുടെ ശ്രമം. പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്കിൽനിന്ന് മതാധിഷ്ഠിത മൂലധന സമഗ്രാധിപത്യ ഫാഷിസ്റ്റ് രാഷ്ട്രമായി ഇന്ത്യയെ മാറ്റുകയാണ് ഇവരുടെ ലക്ഷ്യം.
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഭരണഘടന ഒരു ജൈവ പ്രമാണമാണ്. എന്നാൽ, സംഘ്പരിവാർ ഈ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുകയും ജനങ്ങൾക്കിടയിൽ ഭയവും സംശയവും വിദ്വേഷവും വളർത്തുകയും ചെയ്യുന്നു. തങ്ങൾക്ക് അനഭിമതരായവരെ രാജ്യവിരുദ്ധരായി പ്രഖ്യാപിച്ച് ആക്രമണങ്ങൾ അഴിച്ചുവിടുന്നു. കുത്തക കുടുംബങ്ങളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള അവിശുദ്ധമായ സാമ്പത്തിക ബന്ധങ്ങൾ ഇന്ന് മറയ്ക്കപ്പെട്ടിരിക്കുന്നു. 141 കോടി ജനങ്ങളിൽ ഓരോരുത്തർക്കും ഓരോ ലക്ഷം രൂപ വീതം നൽകാവുന്നത്ര പണമാണ് കേവലം നൂറ് അതിസമ്പന്നരുടെ കൈവശമുള്ളത്.
‘‘ഞങ്ങൾ പറയുന്നതേ നിങ്ങൾ പറയാവൂ’’ എന്ന ഫാഷിസ്റ്റ് കൽപനകൾക്കിടയിൽ ഗാന്ധിയൻ മൂല്യങ്ങൾ നിരന്തരം വേട്ടയാടപ്പെടുന്നു. മഹാത്മാവിന്റെ മതസൗഹാർദ ആശയങ്ങളെയും പ്രവർത്തനങ്ങളെയും വെറുക്കുന്നവർ ഗാന്ധിവധത്തെപ്പോലും ഇന്നും ആവർത്തിക്കുന്നു. ഇന്ന് സത്യം പിൻവാങ്ങുകയും വലിയ നുണകൾ ആ സ്ഥാനം കൈക്കലാക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ സാമൂഹിക ഘടന ദുർബലമാവുകയും അന്ധവിശ്വാസങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും വർധിക്കുകയും ചെയ്യുന്നു. ശതകോടീശ്വരന്മാർ വർധിക്കുമ്പോൾ ദാരിദ്ര്യരേഖക്ക് താഴെ ഏഴര കോടി ജനങ്ങൾ പുതുതായി എത്തിച്ചേർന്നു.
സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്നവർ ഇന്ന് സ്വയം രാജ്യസ്നേഹികളായി ചമയുകയും പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, വിവേകാനന്ദൻ തുടങ്ങിയവരെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അംബേദ്കറെയും നെഹ്‌റുവിനെയും ആസാദിനെയും ചരിത്രത്തിൽനിന്ന് പുറത്താക്കി ചരിത്ര ധ്വംസനം നടത്തുന്നു. അപരവിദ്വേഷവും വെറുപ്പും ഇന്ത്യയെ ശ്വാസം മുട്ടിക്കുന്ന ഈ കാലത്ത്, അതിനെതിരെ ശക്തമായ ആശയസമരം നടത്താൻ മതേതരത്വത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ തയാറാകണം. അംബേദ്കറുടെയും ഗാന്ധിയുടെയും കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിച്ച് റിപ്പബ്ലിക്കിന്റെ ഉന്നത ആശയങ്ങളെ നാം തിരിച്ചുപിടിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

