Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅർധരാത്രിയിലെ...

അർധരാത്രിയിലെ ‘വ്യാജയുദ്ധം’; രാത്രി ചാനലുകളിൽ കണ്ട പലതും വ്യാജമായിരുന്നുവെന്ന് വെളിപ്പെട്ടപ്പോൾ

text_fields
bookmark_border
അർധരാത്രിയിലെ ‘വ്യാജയുദ്ധം’; രാത്രി ചാനലുകളിൽ കണ്ട പലതും വ്യാജമായിരുന്നുവെന്ന് വെളിപ്പെട്ടപ്പോൾ
cancel

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പാകിസ്താൻ ഇന്ത്യയിൽ നടത്തിയ ആക്രമണവും അതിന് ഇന്ത്യ നടത്തിയ പ്രത്യാക്രമണവും ഏതുതരത്തിലായിരുന്നുവെന്ന് ഇന്ത്യൻ സേന വക്താക്കളായ കേണൽ സോഫിയാ ഖുറൈശിയും വ്യോമികാ സിങ്ങും വെള്ളിയാഴ്ച വൈകീട്ട് വിവരിച്ചുകഴിഞ്ഞതോടെ, തലേന്നാൾ രാത്രി ജനങ്ങൾ കണ്ടതിൽ പലതും മാധ്യമങ്ങളിലെ വ്യാജയുദ്ധമായിരുന്നുവെന്ന് വെളിപ്പെട്ടു. ഇന്ത്യക്കും പാകിസ്താനുമിടയിൽ സംഭവിക്കാത്തത് പലതും വാർത്തകളാക്കിയപ്പോൾ യഥാർഥത്തിൽ സംഭവിച്ചത് പലതും തമസ്കരിക്കുകയും ചെയ്തു. ഇന്ത്യ - പാക് സംഘർഷത്തിനിടെ നടക്കുന്നത് മാധ്യമയുദ്ധമല്ലെന്നും വിദേശ മന്ത്രാലയ വൃത്തങ്ങൾ ഓർമിപ്പിച്ചു.

കറാച്ചി പിടിച്ചില്ല; മൂന്ന് പൈലറ്റുമാരെ കണ്ടില്ല

വ്യാഴാഴ്ച അർധരാത്രിക്കുശേഷം വെള്ളിയാഴ്ച ഉച്ചവരെ ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള സംഘർഷത്തിൽ സംഭവിച്ചതെന്തെന്ന് കേണൽ സോഫിയയെയും സിങ്ങിനെയും ഇരുത്തി വിദേശ സെക്രട്ടറി വിക്രം മിസ്‍രി ഉപസംഹരിച്ചതോടെ, ‘രജൗരിയിലെ ഭീകരാക്രമണ’വും സൈന്യം കറാച്ചി പിടിച്ചെന്നതും മൂന്ന് പൈലറ്റുമാർ പിടിയിലായെന്നതും അടക്കമുള്ള സ്തോഭജനകമായ പല കഥകളും ടെലിവിഷൻ ചാനലുകളിൽനിന്ന് അപ്രത്യക്ഷമായി.

വ്യാജ വാർത്തകൾക്ക് ഇരയാകരുതെന്ന് നിരന്തരം സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുമ്പോൾ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, നാവികസേന കറാച്ചിയിൽ ആക്രമണം നടത്തിയെന്ന വ്യാജ വാർത്ത വിശ്വസിച്ച് പോസ്റ്റിട്ടു. സമൂഹമാധ്യമങ്ങൾ അത് തുറന്നുകാട്ടിയതോടെ മന്ത്രി പിൻവലിക്കുകയും ചെയ്തു. കറാച്ചി അടക്കമുള്ള നഗരങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും വിദേശമന്ത്രാലയവും സേനയും സ്ഥിരീകരിച്ചില്ല.

‘ചാവേർ ആക്രമണം’ വ്യാജവാർത്ത

ന്യൂഡൽഹി: ജമ്മു-കശ്മീരിലെ രജൗരിയിൽ ആർമി ബ്രിഗേഡിനു നേരെ ചാവേർ ആക്രമണമെന്നതും പഞ്ചാബിലെ ജലന്ധറിൽ ഡ്രോൺ ആക്രമണം നടന്നുവെന്നതും വ്യാജ വാർത്തയാണെന്ന് സർക്കാർ. ചില സമൂഹ മാധ്യമ അക്കൗണ്ടുവഴിയാണ് ഇത്തരം വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിച്ചത്.

ജമ്മു-കശ്മീരിലെ ഒരു സൈനിക കേന്ദ്രത്തിലും ചാവേർ ആക്രമണം നടന്നിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി.ഐ.ബി) ഫാക്ട് ചെക്ക് യൂനിറ്റ് കണ്ടെത്തി. ജലന്ധറിലെ ഡ്രോൺ ആക്രമണത്തിന്റേതാണെന്ന് അവകാശപ്പെടുന്ന വിഡിയോ ഒരു ഫാം തീപിടിത്തവുമായി ബന്ധപ്പെട്ടതാണ്.

ഇന്ത്യയിൽ പാകിസ്താൻ നടത്തിയ മിസൈൽ ആക്രമണത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ 2020ൽ ലബനാനിലെ ബൈറൂത്തിൽ നടന്ന സ്‌ഫോടത്തിന്റേതാണ്. ഇന്ത്യക്കാരിൽ ഭയം വളർത്താൻ ലക്ഷ്യമിട്ട് ചില സമൂഹ മാധ്യമങ്ങളും പാകിസ്താനിലെ മുഖ്യധാര മാധ്യമങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി പി.ഐ.ബി പ്രസ്താവനയിൽ പറഞ്ഞു.

അവശ്യവസ്തുക്കൾ പൂഴ്ത്തിവെക്കുന്നതിനെതിരെ സർക്കാർ മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യ -പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ പൂഴ്ത്തിവെക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കൃത്രിമ വിലക്കയറ്റമുണ്ടാക്കാൻ സാധനങ്ങൾ പൂഴ്ത്തിവെക്കുന്ന ഹോൾസെയിൽ, റീട്ടെയിൽ വ്യാപാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷി സമൂഹ മാധ്യമത്തിൽ കുറിച്ചു. ‘രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യ കരുതൽ ശേഖരമുണ്ട്. ക്ഷാമമുണ്ടാകുമെന്ന് ആശങ്ക പരത്തുന്ന തെറ്റായ സന്ദേശങ്ങൾ വിശ്വസിക്കരുത്. ഉപഭോക്താക്കൾ ആവശ്യത്തിലധികം വാങ്ങിക്കൂട്ടിവെക്കേണ്ടതില്ല.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇത്തരം പ്രചാരണമുണ്ടായതിനെ തുടർന്ന് ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതിന്റെ ആവശ്യമില്ല.’ -മന്ത്രി കൂട്ടിച്ചേർത്തു.

അതിർത്തി സുരക്ഷ അവലോകനം ചെയ്ത് അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യ-പാക് സൈനിക സംഘർഷത്തിനിടെ, അതിർത്തിയിലെ സ്ഥിതിഗതികളും വിമാനത്താവളങ്ങളുടെ സുരക്ഷയും ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി.

ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഏഴ് ഭീകരരെ വധിച്ചെന്നും ഒരു പാക് റേഞ്ചേഴ്‌സ് പോസ്റ്റ് നശിപ്പിച്ചെന്നും അതിർത്തി രക്ഷാസേന വെളിപ്പെടുത്തിയതിന് ശേഷമാണ് കൂടിക്കാഴ്ച നടന്നത്.

രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കാൻ സ്വീകരിച്ച നടപടികളും അമിത് ഷാ അവലോകനം ചെയ്തു. അതിർത്തി രക്ഷാസേന അതിർത്തിയിലെ സ്ഥിതിയും മുന്നൊരുക്കങ്ങളും വിശദീകരിച്ചു. കേന്ദ്ര വ്യവസായ സംരക്ഷണ സേന വിമാനത്താവളങ്ങളുടെയും മെട്രോകളുടെയും സംരക്ഷണ കാര്യങ്ങൾ വെളിപ്പെടുത്തി.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എന്നിവയുടെ ഡയറക്ടർ ജനറൽമാർ എന്നിവർ യോഗത്തിനെത്തി.

ടെലികോം കമ്പനികൾക്ക് ജാഗ്രത നിർദേശം

ന്യൂഡൽഹി: അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, അടിയന്തര സാഹചര്യങ്ങൾ മുന്നിൽക്കണ്ട് തയാറെടുപ്പുകൾ ഉറപ്പുവരുത്താൻ ടെലികമ്യൂണിക്കേഷൻ കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം. അടിയന്തര സാഹചര്യങ്ങളിലടക്കം സേവനങ്ങൾ തടസ്സപ്പെടാത്ത രീതിയിൽ ഒരുങ്ങണമെന്നാണ് നിർദേശം.

അതിർത്തി മേഖലകളിലെ ടെലികോം നിർമിതികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് കൃത്യമായ പട്ടിക തയാറാക്കാനും കമ്പനികൾക്ക് നൽകിയ നിർദേശങ്ങളിലുണ്ട്. അന്താരാഷ്ട്ര അതിർത്തിയോടുചേർന്ന് 100 കിലോമീറ്റർ പരിധിയിൽ സേവനപ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണം. ഈ പരിധിയിൽ സ്ഥിതിചെയ്യുന്ന എല്ലാ ബേസ് ട്രാൻസ്‌സീവർ സ്റ്റേഷൻ (ബി.ടി.എസ്) ടവറുകളും പ്രവർത്തനസജ്ജമായി നിലനിർത്തണം. ദുരന്തസാഹചര്യങ്ങളിൽ നിർദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഓപറേറ്റിങ് നടപടിക്രമങ്ങൾ (എസ്.ഒ.പി) പാലിച്ചുകൊണ്ട് എല്ലാ പ്രവർത്തനങ്ങളും പരിശോധിച്ച് ഉറപ്പിക്കണം.

ഗുരുദ്വാരക്ക് നേരെയും ആക്രമണം; സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ടു

ഇന്ത്യൻ നഗരങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച പുലർച്ചക്കുമിടയിൽ സംഘർഷം മൂർച്ഛിക്കുന്ന പ്രധാനപ്പെട്ട മൂന്ന് പ്രകോപനങ്ങൾ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായെന്നും അവയെല്ലാം ഇന്ത്യൻ സൈന്യം നിഷ്ഫലമാക്കിയെന്നും വിക്രം മിസ്‍രി പറഞ്ഞു. തങ്ങൾ അത്തരത്തിൽ ആക്രമണം നടത്തിയിട്ടേ ഇല്ലെന്ന് പാകിസ്താൻ അവകാശപ്പെടുകയാണെന്നും മിസ്‍രി കുറ്റപ്പെടുത്തി. പലതവണ പാകിസ്താൻ ഇന്ത്യയുടെ വ്യോമ മേഖലയിൽ അതിക്രമിച്ചു കയറി. പൂഞ്ചിലെ നംഗാന സാഹിബ് ഗുരുദ്വാരക്ക് നേരെ ആക്രമണം നടന്നു. വീടിന് മേൽ ഡ്രോൺ പതിച്ച് പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിലെ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. മദർ ഓഫ് കാർമൽ ക്രിസ്ത്യൻ കന്യാസ്ത്രീ മഠത്തിന് നേരെയും ഡ്രോൺ ആക്രമണം നടന്നു. ഇന്ത്യയിലെ മതസ്ഥാപനങ്ങൾക്ക് നേരെ നടത്തിയ ആക്രമണം പാകിസ്താൻ നിഷേധിക്കുകയാണെന്ന് മിസ്‍രി കുറ്റപ്പെടുത്തി.

ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്ക് വൈദ്യുതി ഉറപ്പാക്കുന്നതിന് ആവശ്യമായ ഇന്ധന വിതരണവും ജനറേറ്ററുകളുടെ ലഭ്യതയും ഉറപ്പുവരുത്തമെന്നും നിർദേശത്തിൽ പറയുന്നു.

മന്ത്രാലയത്തിൽ നിന്നുള്ള നിർദേശത്തിന് പിന്നാലെ അടിയന്തര നടപടികൾ സ്വീകരിച്ച് തുടങ്ങിയതായി വിവിധ നെറ്റ്‍വർക്ക് പ്രതിനിധികൾ അറിയിച്ചു.

എണ്ണായിരം അക്കൗണ്ടുകൾ തടയാൻ എക്സിന് നിർദേശം

അനുരാധ ഭാസിൻ അടക്കമുള്ള കശ്മീരി മാധ്യമ പ്രവർത്തകരുടെയും മക്തൂബ് മീഡിയ, ദ കശ്മീരിയത്ത്, ഫ്രീ പ്രസ് കശ്മീർ തുടങ്ങിയ സമാന്തര മാധ്യമങ്ങളുടെയും അക്കൗണ്ടുകളും ഉൾപ്പെടുന്നു

ന്യൂഡൽഹി: അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളുടെയും പ്രമുഖ വ്യക്തികളുടെയുമടക്കം എണ്ണായിരത്തിലേറെ അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്. പല അക്കൗണ്ടുകളിലും നിയന്ത്രണം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും ഉപയോക്താക്കൾ എന്തെങ്കിലും നിയമം ലംഘിച്ചതിന്റെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും എക്സിന്റെ ഗ്ലോബൽ അഫയഴ്സ് വിഭാഗം അറിയിച്ചു. കേന്ദ്ര നിർദേശപ്രകാരം നിയന്ത്രമേർപ്പെടുത്തപ്പെട്ടതിൽ അനുരാധ ഭാസിൻ അടക്കമുള്ള കശ്മീരി മാധ്യമ പ്രവർത്തകരുടെയും മക്തൂബ് മീഡിയ, ദ കശ്മീരിയത്ത്, ഫ്രീ പ്രസ് കശ്മീർ തുടങ്ങിയ സമാന്തര മാധ്യമങ്ങളുടെയും അക്കൗണ്ടുകളും ഉൾപ്പെടുന്നു.

അതിനിടെ പ്രമുഖ ഓൺലൈൻ പോർട്ടലായ ദ വയറിന്റെ വെബ്സൈറ്റ് ലഭ്യമല്ലാത്ത സാഹചര്യവുമുണ്ടായെങ്കിലും പിന്നീട് തടസം നീങ്ങി.ഭരണഘടന ഉറപ്പ് നൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങൾ ലംഘിച്ച് കേന്ദ്രസർക്കാറിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവിൻപ്രകാരം സൈറ്റ് ബ്ലോക്ക് ചെയ്യപ്പെടുകയായിരുന്നുവെന്ന് ദ വയർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.

ഇരുട്ടിലാണ്ട് ജമ്മു-കശ്മീർ, പഞ്ചാബ് പ്രദേശങ്ങൾ

ജമ്മു: ജമ്മു മേഖലയിൽ വെള്ളിയാഴ്ച രാത്രിയും യുദ്ധസമാന സാഹചര്യം. ജമ്മുവിലും സാംബയിലും പത്താൻകോട്ടിലും ഡ്രോണുകൾ കണ്ടതായി ജനം പറഞ്ഞു. ജമ്മുവിൽ പലപ്പോഴായി സ്ഫോടന ശബ്ദം കേട്ടു. തുടർന്ന് സൈറൺ മുഴങ്ങി. മേഖയിലാകെ വിളക്കണച്ച് ഇരുട്ടിലായി. ശ്രീനഗറിൽ പള്ളികളിലെ ഉച്ചഭാഷിണികൾ വഴിയാണ് ലൈറ്റണക്കാനുള്ള ആഹ്വാനമുണ്ടായത്. ‘ഞാൻ നിൽക്കുന്നിടത്തുനിന്ന് സ്ഫോടന ശബ്ദം കേൾക്കാമെ’ന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ‘എക്സി’ൽ പറഞ്ഞു. ഇരുട്ടിലാണ്ട ജമ്മുവിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

പഞ്ചാബിൽ പത്താൻകോട്ടിനുപുറമെ, ഫിറോസ്പുർ, അമൃത്സർ, ഹോഷിയാർപുർ എന്നിവിടങ്ങളിലും വെള്ളിയാഴ്ച രാത്രി ഇരുട്ടായിരുന്നു. പത്താൻകോട്ടിലും ഫിറോസ്പൂരിലും സ്ഫോടനശബ്ദം കേട്ടു. ഇതെന്താണ് എന്നതിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. മേൽപറഞ്ഞ ജില്ലകളിലെല്ലാം സൈറൻ മുഴങ്ങി.

മുന്നൂറിലേറെ ഡ്രോണുകൾ തടഞ്ഞു

തുർക്കിയ ഡ്രോണുകളടക്കം ഉപയോഗിച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് ഇന്ത്യ. ലേ മുതൽ സർക്രീക് വരെ 36 ഇടങ്ങളിൽ 300നും 400നുമിടയിൽ ഡ്രോണുകൾ പാകിസ്താൻ അയച്ചുവെന്ന് കേണൽ സോഫിയ ഖുറൈഷി വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. ഇവയിൽ ഭൂരിഭാഗവും ഇന്ത്യൻ സേന വീഴ്ത്തി. ഇന്ത്യയിൽ പതിച്ച ഡ്രോൺ അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധനയിൽ അവ തുർക്കിയയിൽ നിന്നുള്ള ‘അസീസ്ഗാർഡ് സോൻഗാർ’ ഡ്രോണുകളാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഭട്ടിൻഡ സൈനിക ക്യാമ്പിനുനേരെ സായുധ യു.എ.വി ആക്രമണം നടത്താൻ പാകിസ്താൻ നോക്കിയെങ്കിലും ഇന്ത്യൻ സേന പരാജയപ്പെടുത്തി. പാകിസ്താന്റെ ഈ ആക്രമണത്തിന് പാകിസ്താന്റെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങൾക്കുനേരെ സായുധ ഡ്രോണുകളുപയോഗിച്ച് ഇന്ത്യ പ്രത്യാക്രമണം നടത്തിയെന്നും വക്താക്കൾ വിശദീകരിച്ചു.

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു

വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച പുലർച്ചെക്കുമിടയിൽ ഇന്ത്യൻ വ്യോമാതിർത്തി പാകിസ്താൻ പലതവണ ലംഘിച്ചുവെന്നും സോഫിയ പറഞ്ഞു. പടിഞ്ഞാറൻ അതിർത്തിയിലെ മുഴുവൻ ഇന്ത്യൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇത്.

നിയന്ത്രണരേഖയിലും ഇതേ സമയത്ത് പാകിസ്താൻ ആക്രമണം നടത്തി.

ആർട്ടിലറി ഗണ്ണുകളും സായുധ ഡ്രോണുകളും ഉപയോഗിച്ച് ജമ്മു-കശ്മീരിലെ താങ്ഗ്ധാർ, പൂഞ്ച്, ഉറി, മേൻധാർ, രജൗരി, അഖ്നൂർ, ഉദ്ദംപൂർ എന്നിവിടങ്ങളിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ഏതാനും ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ഏതാനും സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

ടെറിട്ടോറിയൽ ആർമിയെ വിളിക്കാൻ അനുമതി

ന്യൂഡൽഹി: അവശ്യഘട്ടത്തിൽ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കാനും സൈന്യത്തിന് സഹായം നൽകാനും ടെറിട്ടോറിയൽ ആർമിയിലെ (ടി.എ) ഉദ്യോഗസ്ഥരെയും രജിസ്റ്റർ ചെയ്ത വ്യക്തികളെയും വിളിക്കാൻ കരസേനാ മേധാവിക്ക് കേന്ദ്ര സർക്കാർ അധികാരം നൽകി. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 2028 ഫെബ്രുവരി ഒമ്പതു വരെ മൂന്നു വർഷത്തേക്ക് ഉത്തരവിന് പ്രാബല്യമുണ്ടാകുമെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ സൈനികകാര്യ വകുപ്പ് മേയ് ആറിന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

സൈന്യത്തിനുവേണ്ട സേവനങ്ങൾ നൽകുന്ന പാർട്ട് ടൈം വളന്റിയർമാരടങ്ങുന്ന സൈനിക റിസർവ് സേനയാണ് ടെറിട്ടോറിയൽ ആർമി. നിലവിലുള്ള 32 ഇൻഫൻട്രി ബറ്റാലിയനുകളിൽ (ടെറിട്ടോറിയൽ ആർമി) 14 ബറ്റാലിയനുകളിൽ നിന്നുള്ളവരെയാണ് വിന്യസിക്കുകയെന്നും വിജ്ഞാപനത്തിൽ പറയുന്നു.

സതേൺ കമാൻഡ്, ഈസ്റ്റേൺ കമാൻഡ്, വെസ്റ്റേൺ കമാൻഡ്, സെൻട്രൽ കമാൻഡ്, നോർതേൺ കമാൻഡ്, സൗത്ത് വെസ്റ്റേൺ കമാൻഡ്, അന്തമാൻ നികോബാർ കമാൻഡ്, ആർമി ട്രെയിനിങ് കമാൻഡ് (ആർ‌.ടി‌.ആർ‌.സി) എന്നീ മേഖലകളിലാണ് ഇവരെ വിന്യസിക്കുക.

സൈബർ സുരക്ഷ ശക്തമാക്കി ബാങ്കുകൾ

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈബർ സുരക്ഷ ശക്തമാക്കി രാജ്യത്തെ ബാങ്കുകൾ. പാക് ആക്രമണത്തിന് പിന്നാലെ അതിർത്തി പ്രദേശങ്ങൾക്ക് സമീപമുള്ള ബാങ്ക് ശാഖകളിൽ കഴിഞ്ഞ ദിവസം സുരക്ഷ ശക്തമാക്കിയിരുന്നു. സൈബർ ആക്രമണത്തെ നേരിടാൻ 24 മണിക്കൂർ വാർ റൂം സൃഷ്ടിച്ചിട്ടുണ്ടെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ അശോക് ചന്ദ്ര പറഞ്ഞു.

അതിർത്തി മേഖലകളിലെ എ.ടി.എമ്മുകളിൽ പണലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

ബാങ്കിങ് അടക്കം സാമ്പത്തിക സ്ഥാപനങ്ങളെയും ഇൻഷുറൻസ് മേഖലയിലെ സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി സൈബർ ആക്രമണമുണ്ടായേക്കാമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newsFact CheckPahalgam Terror AttackOperation SindoorIndia Pakistan Tensions
News Summary - Fake news alert: fact checks on Operation Sindoor
Next Story