പരീക്ഷാഫലവും ഗ്രേഡില്ലാ ചിന്തകളും

അങ്ങനെ 10 വർഷത്തെ വിദ്യാഭ്യാസത്തി​​​െൻറ അവസാനത്തെ റിസൽട്ടും വന്നു. പതിനൊന്നാം വർഷത്തെ പ്രവേശന പ്രക്രിയകൾ തുടങ്ങിക്കഴിഞ്ഞു.  വൈകാതെ ക്ലാസുകളും ആരംഭിക്കും. എന്നിട്ടും, കവലകളിലെ ഫ്ലക്​സ്​ വിപ്ലവങ്ങൾ അവസാനിച്ചിട്ടില്ല. പത്രങ്ങളുടെ പ്ര​ാദേശിക പേജുകളിലും വിജയശ്രീലാളിതരായ വിദ്യാർഥികളുടെ ചിത്രങ്ങൾ നിർത്തില്ലാതെ വന്നുകൊണ്ടിരിക്കുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ കിട്ടിയവർ ഒട്ടും അതിശയിപ്പിക്കാത്തവണ്ണം സർവസാധാരണമാകുന്നു. 

സ്കൂളുകൾ മത്സരിച്ച് ബോർഡുകൾ ​വയ്ക്കുന്നു. തങ്ങളുടെ സ്ഥാപനങ്ങളിലെ ഉൽപന്നങ്ങൾക്കാണ് മികച്ച ഗുണമേന്മയെന്ന്​ പരസ്യപ്പെടുത്തുകയാണ്​ ലക്ഷ്യം. അതായത്​, മത്സര കമ്പോളത്തിലെ മുന്തിയ ചരക്കാണ്​ വിദ്യാഭ്യാസമെന്ന്​ ഒരിക്കൽ കൂടി ഉറപ്പിക്കുന്നു. സ്വകാര്യ കച്ചവടക്കാരു​െട തള്ളിച്ചയിൽ കടയടച്ച്​ വീട്ടിൽ പോകാതിരിക്കാൻ പൊതുവിദ്യാലയങ്ങൾ പോലും എത്തിയതോടെ മത്സരം​ കെ​േങ്കമം.  

സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് ഇപ്പോഴ​ും പരമ്പരാഗത സങ്കൽപം പേറുന്നവർ ഇതിലൊക്കെ അസംതൃപ്തരാണ്. മുമ്പ് ജയം, ക്ലാസ്, ഡിസ്റ്റിംഗ്ഷൻ, റാങ്ക് എന്നിങ്ങനെ മാർക്കടിസ്ഥാനത്തിൽ ഓരോ വിദ്യാർഥിയുടെയും ഏറ്റക്കുറച്ചിലുകളോടെ ഫലം അറിയാമായിരുന്നു. വിദ്യാഭ്യാസത്തി​​​െൻറ നിലവാരത്തകർച്ചയായാണ്​ അവർ ഇപ്പോഴത്തെ ഇൗ വിജയത്തള്ളിച്ചയെ കാണുന്നത്​. തെറ്റുകൂടാതെ എഴുതാനും വായിക്കാനുമറിയാത്തവർപോലും ഉയർന്ന ഗ്രേഡുകൾ നേടുകയും വിജയശതമാനം ഉയർത്തിക്കാട്ടി സർക്കാറുകൾ ഭരണനേട്ടം ആഘോഷിക്കുകയും ചെയ്യുന്നുവെന്ന്​ അവർ കുറ്റപ്പെടുത്തുന്നു. വാസ്​തവത്തിൽ ശരിതെറ്റുകൾ കൃത്യമായി പരിശോധിക്കാൻ കഴിയാത്ത വിധം സങ്കീർണമായി മാറിയിരിക്കുകയാണ്​ അക്കാദമിക രംഗത്തെ പ്രശ്നങ്ങൾ. 

വിദ്യാർഥിയാണ്​ കേന്ദ്രം
വിദ്യാഭ്യാസ രംഗത്ത് നിലനിന്നിരുന്ന അശാസ്ത്രീയമായ പല രീതികളും മാറ്റി കൂടുതൽ മികച്ച  പാഠ്യപദ്ധതിയും വിലയിരുത്തൽ മാനദണ്ഡങ്ങളും നടപ്പാക്കാൻ ശ്രമിച്ചതി​​​െൻറ ഫലമാണ്​ ഇന്നത്തെ മൂല്യനിർണയ സ​മ്പ്രദായം. നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതി ഉള്ളടക്ക കേന്ദ്രീകൃതമായ വെറും പാoപുസ്തകങ്ങളാണെന്നും അവ ഹൃദിസ്ഥമാക്കി ഉയർന്നമാർക്ക് നേടാൻ വിദ്യാർത്ഥികളെ തയ്യാറെടുപ്പിക്കുന്ന അധ്യാപക കേന്ദ്രീകൃത സംവിധാനമാണ് വിദ്യാഭ്യാസപ്രക്രിയയെന്നും ഒരുകാലത്ത്​ വിമർശനങ്ങൾ ശക്തമായിരുന്നു. വിദ്യാർത്ഥി കേന്ദ്രീകൃതമായി, പ്രവർത്തനങ്ങൾക്കും അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന പ്രക്രിയാബന്ധിതമായ പാഠ്യപദ്ധതിയും പoന സമീപനങ്ങളും സ്വീകരിക്കണമെന്ന ശക്തമായ നിർദേശം മുന്നോട്ടുവച്ചത് യുനെസ്കോയും വികസിതരാജ്യങ്ങളിലെ വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ്​. ലോകത്തൊട്ടാകെ തോണ്ടേക്, പാവ്​ലോവ്​, സ്കിന്നർ തുടങ്ങിയ ചേഷ്ടാവാദ (ബിഹേവിയറിസ്റ്റ്) വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങൾക്ക് ബദലായി പിയാഷെ, ബ്രൂണർ, വൈഗോട്സ്കി, നോംചോസ്കി തുടങ്ങിയവരുടെ ജ്ഞാനനിർമ്മിതി (കൺസ്ട്രക്ടിവിസ്റ്റ്) സിദ്ധാന്തങ്ങൾക്കും ജോൺഡൂയിയുടെ പ്രോജക്ട് രീതിക്കുമൊക്കെ പ്രാധാന്യം കിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞാണ് കേരളം ആ വഴിയിൽ ചിന്തിക്കാൻ തുടങ്ങിയത്​. 

ഡി.പി.ഇ.പിയും അക്ഷരത്തെറ്റും
അതിന്റെ പാഠ്യപദ്ധതി രൂപം ആദ്യമായി നടപ്പാക്കിയത്​ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഡി.പി.ഇ.പി. പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു. ആദ്യം തെരഞ്ഞെടുത്ത ജില്ലകളിലും പിന്നീട് സംസ്ഥാന വ്യാപകമായും അത് നടപ്പാക്കി. ഇടതു വലതുമുന്നണികൾ ഒരുപോലെ അക്കാര്യത്തിൽ പങ്കു വഹിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്ത്  എന്ന സംഘടന രാഷ്ട്രീയ ഭേദമെന്യേ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുമുണ്ട്. അന്നുമുതലാണ് കേരളത്തിൽ വിദ്യാഭ്യാസ പരിഷ്കാര സംബന്ധമായ വിവാദങ്ങളും ശക്തമാകുന്നത്. അനുഭവാധിഷ്ഠിത പoനമെന്നാൽ കളികളിലൂടെ പഠിക്കുകയെന്ന രീതിയിൽ ക്ലാസ്റൂം വിനിമയം പ്രൈമറി ക്ലാസുകളിൽമാറി. 

കൂട്ടത്തിൽ അക്ഷരമാലകൾ പഴയതുപോലെ പഠിപ്പിക്കേണ്ടതില്ലെന്ന തെറ്റായ ധാരണ അധ്യാപകർക്കിടയിൽ എങ്ങനെയോ പടർന്നിരുന്നുവെന്ന് പലരും ഇപ്പോൾ സമ്മതിക്കുന്നു. കുട്ടികൾ വീടുകളിലെത്തുമ്പോൾ പഴയതുപോലെ കോപ്പിയെഴുത്ത് ഒന്നുമില്ലെന്ന് രക്ഷിതാക്കളുമറിഞ്ഞു. പൊതുവിദ്യാലയങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും കളികൾ മാത്രമാണ് നടത്തുന്നതെന്നും പഠനം നടക്കുന്നില്ലെന്നുമുള്ള പ്രചാരണം വ്യാപകമായി. മധ്യവർഗ സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരുന്ന മലയാളികൾ ഡി.പി.ഇ.പി. തുടങ്ങുന്നതിനു മുമ്പുതന്നെ വൻതോതിൽ മക്കളെ സ്വാശ്രയ ഇംഗ്ലീഷ് മീഡിയം/സി.ബി.എസ്.ഇ. സ്കൂളുകളിൽ ചേർത്തുകൊണ്ടിരുന്നുവെന്നതാണ് സത്യം. എന്നാൽ പിന്നീട് അതിന്റെ പഴി മുഴുവൻ ഡി.പി.ഇ.പി.ക്കായി മാറുകയും ചെയ്തു. പൊതുവിദ്യാലയങ്ങൾ തകരുകയാണെന്ന രീതിയിൽ പ്രചാരണം വ്യാപകമായപ്പോൾ സാധാരണക്കാർ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയുമൊക്കെ മക്കൾ എന്തുകൊണ്ട് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നില്ല എന്ന ചോദ്യമുന്നയിച്ചു തുടങ്ങി. 
                 
 പാഠ്യപദ്ധതി പരിഷ്കരണത്തി​​​​െൻറ തുടർച്ചയായാണ് മൂല്യനിർണയരീതികളിൽ മാറ്റമുണ്ടായത്. ഒരു വിദ്യാർത്ഥിയുടെ കഴിവുകളെ വിലയിരുത്തേണ്ടത് വർഷാവസാനം നടക്കുന്ന രണ്ടുമണിക്കൂർ പരീക്ഷയിലെ ഉത്തരപേപ്പറുകൾ മാത്രം നോക്കിയല്ല. ഒരു മാർക്കി​​​െൻറയോ രണ്ടുമാർക്കി​​​െൻറയോ വ്യത്യാസത്തിൽ റാങ്ക് നിശ്ചയിക്കുന്നതും അത് കഴിവി​​​െൻറ മാനദണ്ഡമായി മാറുന്നതും ശാസ്ത്രീയമല്ല. കാണാപ്പാഠത്തിലധിഷ്ഠിതമായ പരീക്ഷയും റാങ്കിംഗും മെരിറ്റി​​െൻറ മാനദണ്ഡങ്ങളല്ല. അതിനാൽ ഒരേ റേഞ്ചിലുള്ള വിദ്യാർത്ഥികളെ ഒരുമിച്ച് പരിഗണിക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം സ്വീകരിക്കണമെന്ന തീരുമാനമുണ്ടായി. ലോകത്തെമ്പാടും സ്വീകരിക്കപ്പെട്ടതും പിന്നീട് ദേശീയ തലത്തിലും അംഗീകരിച്ചതുമാണ് ഗ്രേഡിംഗ്. നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയ ഘടകങ്ങൾ (സി.സി.ഇ.- Continues and Comprehensive Evaluation) കൂടി ഉൾക്കൊള്ളുന്നതാവണം ഗ്രേഡിംഗ്, എങ്കിൽ മാത്രമേ കുട്ടികളുടെ വിവിധ കഴിവുകൾ കൂടി പരിഗണിക്കപ്പെടൂ എന്നതിനാലാണ് സി.ഇ. മാർക്ക് അവസാനഫലത്തി​​െൻറ ഭാഗമായത്. 

എഴുത്തുപരീക്ഷയുടെ ചോദ്യങ്ങൾ കേവലം ഓർമ പരിശോധന മാത്രമാകരുതെന്നും മൾട്ടിലെവൽ ചോദ്യങ്ങളും ചിന്താപ്രക്രിയകളിലൂടെ കടന്നുപോയി ഉത്തരമെഴുതേണ്ടചോദ്യങ്ങളും ഉൾപ്പെട്ടതാവണമെന്നും നിർദേശിക്കപ്പെട്ടിരുന്നു. കേരളത്തിൽ പ്രതിപക്ഷത്തി​​െൻറ കൂടി പിന്തുണയോടെ ഇ.ടി.മുഹമ്മദ് ബഷീർ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി ഗ്രേഡിംഗ് (SSLCക്ക്) നടപ്പാക്കിയത്​. അതോടെ വിജയശതമാനത്തിൽ വമ്പിച്ച  കുതിച്ചു കയറ്റമാണുണ്ടായത്. അത് രാഷ്ട്രീയ നേട്ടത്തിനുള്ള പ്രചാരണോപാധിയായി വിനിയോഗിക്കാൻ ശ്രമിച്ചതോടെ തുടർന്നു വന്ന സർക്കാരുകളും അതേ പാത പിന്തുടർന്നു. എന്നാൽ ഗുണനിലവാരമില്ലാത്ത വിജയശതമാനമാണിതൊക്കെയെന്ന ആരോപണമാണ് വ്യാപകമാകുന്നത്. എന്താണിതിന് കാരണമെന്നും പരിഹാരമെന്നും ആലോചിക്കേണ്ടതുണ്ട്.

സമ്മർദമൊഴിഞ്ഞ്​ ഗ്രേഡ്​
ഗ്രേഡിംഗ് ആരംഭിക്കുന്നതിനുള്ള ഒരു കാരണം കുട്ടികളിലെ അമിതമായ പരീക്ഷാസമ്മർദ്ദം കുറച്ച്​ ഒന്നോ രണ്ടോ മാർക്കി​​​െൻറ വ്യത്യാസത്തിൽ കൂടുതൽ മിടുക്കരാകുന്ന മോശമായ മത്സരബുദ്ധി ഒഴിവാക്കുക എന്നതാണ്​. പരീക്ഷാഫലങ്ങൾക്ക് നൽകുന്ന അമിത പ്രാധാന്യം കാരണം ഒരുപരീക്ഷ തോറ്റാൽ അവൻ/അവൾ കഴിവുകെട്ടവനെന്നും ജീവിക്കാൻ കൊള്ളാത്തവനെന്നുമുള്ള ധാരണ വളർത്തി ആത്മഹത്യയിലേക്കു വരെ നയിക്കുന്ന സാഹചര്യവുമുണ്ടാകുന്നു. അതിനാൽ പരീക്ഷാഫലത്തിൽ ആരും തോറ്റതായി രേഖപ്പെടുത്തുന്നില്ല. ഉന്നതപഠനത്തിന് അർഹരാണോ അല്ലയോ എന്നുമാത്രം വ്യക്തമാക്കുന്നു. ഗ്രേഡിംഗ് നിലവിൽ വന്ന ശേഷം കുട്ടികളിലെ മാനസിക സമ്മർദ്ദവും ആത്മഹത്യാ പ്രവണതയും കുറഞ്ഞതായി പoന ഫലങ്ങളും കൗൺസലിംഗ് വിദഗ്ദ്ധരുടെ നിരീക്ഷണങ്ങളുമുണ്ട്. 

ഉദ്ദിഷ്​ടകാര്യ ലബ്​ധിക്ക്​ സി.ഇ മാർക്ക്​
എന്നാലും ഉയർന്ന വിജയശതമാനം കെട്ടിച്ചമക്കുന്നതും ഗുണനിലവാര മില്ലാത്തതുമാണെന്ന വാദത്തിന് സമൂഹത്തിൽ വ്യാപകമായ പ്രചാരമുണ്ട്. വിദ്യാർത്ഥികളിലെ മത്സരക്ഷമതയെ മത്സരാധിഷ്ഠിത ലോകക്രമത്തിൽ പിന്നോട്ടടിക്കുന്ന സംവിധാനമെന്ന ആരോപണവുമുണ്ട്. അതി​​െൻറ അടിസ്ഥാന കാരണങ്ങൾ പരിശോധിക്കുമ്പോൾ ചില വസ്തുതകൾ അംഗീകരിക്കേണ്ടിവരും. ഗ്രേഡ് ഇൻഫ്ളേഷൻ ആ സംവിധാനത്തി​​െൻറ ഭാഗമാണ്. കേവലം വാർഷിക പരീക്ഷയുടെ സ്കോറിനെ മാത്രം അവംലബിച്ചിരുന്ന റിസൽട്ടിൽ സി.ഇ.മാർക്ക് കൂട്ടിച്ചേർത്തതോടെ ഓരോ വിഷയത്തിനും വിജയം കൂടിയതാണ് ഒരു കാരണം. കുട്ടിയുടെ പoനാനുബന്ധ പ്രവർത്തനമികവുകൾ സി.ഇ. മാർക്കായി വരുമ്പോൾ വിലയിരുത്തലിൽ അതി​​െൻറ നേട്ടമുണ്ടാകുകയും സ്വാഭാവികമായി ഗ്രേഡ് ഇൻഫ്ളേഷൻ ഉണ്ടാവുകയും ചെയ്യും. അതിനെ പോസിറ്റീവായി തന്നെ കാണണം. എന്നാൽ മാനദണ്ഡങ്ങളില്ലാതെ വെറുതെ മാർക്കിട്ട് നൽകുന്നതും സ്കൂളുകൾ തമ്മിലുള്ള മത്സരത്തി​​െൻറ ഭാഗമായോ രാഷ്ട്രീയ കാരണങ്ങളാലോ റിസൽട്ട് പെരുപ്പിക്കാൻ സി.ഇ.മാർക്ക് ഉപയോഗിക്കുന്നതും ഗുണനിലവാരത്തെ തകർക്കും. 

കൃത്യമായ മോണിട്ടറിംഗിലൂടെ ഈ പ്രശ്നം പരിഹരിക്കാനാവുന്നതാണ്. (ഹയർ സെക്കൻഡറിയിൽ സി.ഇ.മാർക്ക് വിജയശതമാനം കൂടുന്നതിന് കാരണമാകുന്നില്ല. തിയറിക്ക് പ്രത്യേക മിനിമം ആവശ്യമാണ്). പിന്നെ പരീക്ഷാപേപ്പർ മൂല്യനിർണയത്തിൽ പഴയതുപോലെ അക്ഷരത്തെറ്റുകൾക്ക് മാർക്ക് കുറയ്ക്കുന്ന രീതി ഇപ്പോഴില്ല. ഒരു കുട്ടിയുടെ കഴിവുകേടുകൾ/അറിവില്ലായ്മകൾ എന്തൊക്കെയാണെന്ന് കണ്ടെത്തുകയല്ല എന്തൊക്കെ അറിയാമെന്ന് പരിശോധിക്കലാണ് വേണ്ടതെന്ന് മൂല്യനിർണയ സമീപനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ ആശയങ്ങളറിയാമെന്ന് ബോധ്യമായാൽ അതിനനുസരിച്ച് സ്കോർ നൽകാൻ പറയുന്നതുകൊണ്ട് വിജയശതമാനം കൂടുക തന്നെ ചെയ്യും. (പിന്നെ കേരളത്തിൽ വികസനത്തി​​െൻറ ചരിത്രമായി പറയുന്ന ഇത്രയധികം ഹയർ സെക്കൻഡറി സ്കൂളുകൾ, എഞ്ചിനീയറിംഗ്/ മെഡിക്കൽ കോളേജുകൾ എന്നിവ SSLC റിസൽട്ടും ഹയർ സെക്കന്ററി റിസൽട്ടും മോശമായാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം കാണേണ്ടിവരുമെന്ന യാഥാർത്ഥ്യമുണ്ട്. സോഷ്യൽ സ്​റ്റാറ്റസോടെ ജീവിക്കുന്ന പല കുടുംബങ്ങളും വഴിയാധാരമാകാത്തത് SSLC, ഹയർസെക്കൻഡറി പരീക്ഷാഫലത്തി​​െൻറ മികവിലാണെന്നതാണ് സത്യം). 

സി.ബി.എസ്.ഇ.യിലും ഗ്രേഡിംഗ് വന്നശേഷം റിസൽട്ടിൽ കുതിച്ചു കയറ്റമുണ്ടായിട്ടുണ്ട്. അവിടെ മൂല്യനിർണയത്തിന് ക്വാളിഫൈഡ് അല്ലാത്ത അധ്യാപകർപോലും ഉണ്ടാവാറുണ്ട്. മൂല്യനിർണയ മാനദണ്ഡങ്ങൾ വ്യക്തമല്ല. അധ്യാപകർക്ക് പരിശീലനവുമില്ല. എന്നാലും അതൊന്നും മുഖ്യധാരാ മാധ്യമങ്ങളിൽ ചർച്ചയാവുന്നില്ല. റിസൽട്ടി​​െൻറ ഗുണനിലവാരം വിലയിരുത്തപ്പെടുന്നുമില്ല. ഇവയെല്ലാം പൊതുവിദ്യാലയങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. രണ്ട് സ്ട്രീമിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലങ്ങളിൽ വ്യത്യാസം വളരെയേറെയുണ്ട്. പൊതുവിദ്യാലയങ്ങളെ കേന്ദ്രീകരിക്കുന്ന വിമർശനങ്ങൾ അവിടെയുള്ള പരിമിതമായ മധ്യഉപരിവർഗ വിഭാഗങ്ങളെക്കൂടി പൊതുവിദ്യാലയങ്ങളിൽ നിന്ന് പിൻവലിപ്പിച്ചാൽ കൂടുതൽ നഷ്ടം സംഭവിക്കുക സാധാരണക്കാരും ഭിന്നശേഷിക്കാരുമായ വിദ്യാർത്ഥികൾക്കാണ്. ഇടപെടൽ ശേഷിയുള്ള രക്ഷിതാക്കൾ ഇത്തരം വിദ്യാലയങ്ങളുടെ വളർച്ചക്ക് ആവശ്യമാണ്. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​​െൻറ ഭാഗമായി കുറവുകൾ നികത്താൻ ഇപ്പോൾ സർക്കാരും സമൂഹവും ഒന്നു ചേരുന്നുവെന്നത് ശുഭോദർക്കമാണ്. അക്ഷരമറിയാത്തവരെ കണ്ടെത്തി അത് പരിഹരിക്കാൻ എസ്.എസ്.എ.യുടെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ നടത്തിയ ‘മലയാളത്തിളക്കം’ പരിപാടി വൻവിജയമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർക്ക് നൽകുന്ന ഐ.സി.ടി. പരിശീലനവും മികച്ച പ്രതികരണമാണുണ്ടാക്കിയിരിക്കുന്നത്​. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ നട്ടെല്ലൊടിച്ചത് പുറത്തുനടന്ന തെറ്റായ പ്രചാരണങ്ങൾ കൊണ്ട് മാത്രമല്ല. ഉള്ളിൽ നിന്നുള്ള പ്രതിപ്രവർത്തനങ്ങളുടെ ഫലംകൂടിയാണത്. അധ്യാപകർ പുതിയ സമീപനങ്ങൾ ഉൾക്കൊള്ളാൻ വിമുഖതകാണിച്ചതും സർവീസിൽ ഉള്ള കാലയളവിൽ മാറ്റങ്ങളൊന്നുമില്ലാതെ, സുരക്ഷിതരായി, സാമൂഹ്യ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാതെ മുന്നോട്ടുപോകാൻ ശ്രമിച്ചതും വലിയ തിരിച്ചടിയായി. സ്വന്തം മക്കളെ മറ്റ് സ്ട്രീമുകളിൽ പഠിക്കാൻ വിട്ടിട്ട് പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെ വിമർശിച്ച് രക്ഷിതാക്കളിൽ അവിശ്വാസം വളർത്തിയതും ഒരു വിഭാഗം അധ്യാപകരാണ്. അതിൽ രാഷ്ട്രീയ വ്യത്യാസം വലുതായിട്ടില്ലായിരുന്നുവെന്നാണ് ആഴങ്ങളിലേക്ക് പോയാൽ മനസ്സിലാവുക, നേതൃതലത്തിൽ ഏറ്റക്കുറച്ചിലുണ്ടായിരുന്നെങ്കിലും. ലഭിക്കുന്ന ഗ്രേഡുകൾക്കനുസരിച്ച് ഗുണനിലവാരമുള്ള ‘ഉൽപന്ന’ങ്ങളെ നമുക്ക് ഭാവിയിൽ പ്രതീക്ഷിക്കാമെന്നതാണ് വിശ്വാസം.


അസിസ്​റ്റൻറ്​ പ്രൊഫസർ, ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ,
തിരുവനന്തപുരം

Loading...
COMMENTS