Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൊലീസിൽ പിഴച്ച്​ പിണറായി; അവസാനിക്കാതെ വീഴ്​ചകൾ
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightപൊലീസിൽ പിഴച്ച്​...

പൊലീസിൽ പിഴച്ച്​ പിണറായി; അവസാനിക്കാതെ 'വീഴ്​ചകൾ'

text_fields
bookmark_border

നിയമസഭ തെരഞ്ഞെടുപ്പിന്​ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കേ മന്ത്രി സഭയുടെ പ്രോഗ്രസ്​ കാർഡ്​ പരിശോധിക്കു​​േമ്പാൾ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ്​ എൽ.ഡി.എഫ്​ സർക്കാറിന്​ ദോഷപ്പേര്​ വരുത്തുന്നതിൽ മുന്നിൽ നിന്നത്​. ഭരണമേറ്റെടുത്തത്​ മുതൽ തുടങ്ങിയതാണ്​ പൊലീസിൻെറ കുപ്രസിദ്ധമായ വീഴ്​ചകൾ'. സർക്കാർ അഞ്ചുവർഷം തികക്കുന്ന വേളയിൽ എട്ട്​ ഏറ്റുമുട്ടൽ കൊലപാതകം, 20 ലേറെ കസ്​റ്റഡി മരണം, യു.എ.പി.എ ദുരുപയോഗം, ജനകീയസമരങ്ങളെ അടിച്ചമർത്തൽ തുടങ്ങി ഇടതുസർക്കാറിൻെറ പ്രഖ്യാപിത നയങ്ങളോട്​ യോജിക്കാത്ത നിരവധി സംഭവങ്ങളാണ്​ പൊലീസിൻെറ ഭാഗത്തുനിന്നുണ്ടായത്​. പാലത്തായി പീഡനക്കേസിലുൾപ്പെടെ സ്വീകരിച്ച സംഘ്​പരിവാർ അനുകൂല സമീപനവും ഏറെ ചർച്ചയായി.

ഇപ്പോൾ പൊലീസ്​ ആക്​ട്​ ​ഭേദഗതി വരുത്തി 118-എ എന്ന കരിനിയമം നടപ്പി​ൽ വരുത്തിയതോടെ പിണറായിയും പൊലീസും വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്​. മാവോവാദി ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും അറസ്​റ്റുകളുമെല്ലാം ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നെങ്കിലും പാർട്ടിയെ പിറകിൽനിർത്തി അവയെയെല്ലാം നേരിടാൻ മുഖ്യമന്ത്രിക്കായിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം പോലും ഹനിക്കുന്ന പുതിയ നിയമഭേദഗതിക്കെതിരെ ഉയർന്ന അപ്രതീക്ഷിത പ്രതിഷേധത്തിനുമുന്നിൽ സർക്കാർ അടിയറവു പറഞ്ഞിരിക്കുകയാണ്​.

ഈ മാരണ നിയമത്തിനെതിരെ ഘടക കക്ഷിയായ സി.പി.ഐ അടക്കമുള്ളവർ തുടക്കം മുതൽ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷവും നിയമരംഗത്തെ പ്രമുഖരും ഇൗ നിയമത്തിൻെറ ഭവിഷ്യത്തുകൾ നിരന്തരം ചൂണ്ടിക്കാട്ടി. എന്നാൽ, അതൊന്നും ആഭ്യന്തരമ​ന്ത്രിയായ പിണറായി വകവെച്ചില്ല. ഭേദഗതി പുഷ്​പം പോലെ പ്രാബല്യത്തിൽ വരുത്തി. ഒടുവിൽ സി.പി.എം ദേശീയ നേതൃത്വം മുഖം കറുപ്പിക്കുകയും നിയമജ്​ഞർ അടക്കം എതിർപ്പുയർത്തുകയും ചെയ്​ത​തോടെയാണ്​​ പിൻവലിക്കുമെന്ന്​ പ്രസ്​താവനയിറക്കിയത്. അങ്ങനെ വിജ്​ഞാപനമിറക്കി മൂന്നാം ദിവസം അകാലചരമമടയാനുള്ള അപൂർവ ഭാഗ്യവും ഈ നിയമത്തിനുണ്ടായി.

ഏറ്റുമുട്ടൽ കൊല; മോദിക്ക്​ പഠിക്കുന്ന ആഭ്യന്തരം

യു.പിയിലും ഗുജറാത്തിലും നടക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കേരളത്തിനും​ ചിരപരിചിതമാക്കിയ വർഷങ്ങളാണ്​ കടന്നുപോകുന്നത്​. പിണറായി ആഭ്യന്തരമേറ്റെടുത്ത​ ശേഷം എട്ടു​പേരെയാണ്​ പൊലീസ് ഏറ്റുമുട്ടലിൽ ​ കൊലപ്പെടുത്തിയത്​.


തുടക്കം കരുളായിയിൽ

2016 നവംബർ 24ന്​ മലപ്പുറം ജില്ലയിലെ കരുളായി വനത്തില്‍ മാവോയിസ്റ്റ് നേതാവായ കുപ്പുദേവരാജ്, അജിത എന്ന കാവേരി എന്നിവരാണ്​ പിണറായി സർക്കാറിന്​ കീഴിൽ ആദ്യമായി​ കൊല്ലപ്പെട്ടത്​. വെടിയേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. 20-60 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നാണ് ഫോറന്‍സിക് നിഗമനം. സംസ്​കാര ചടങ്ങിനിടെ ഇവരുടെ കുടുംബ​ത്തോട്​ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർ അപമര്യാദയായി പെരുമാറിയത്​ ഏ​െറ വിവാദമായിരുന്നു.

വയനാട്ടിൽ ജലീലും വേൽമുരുകനും

2019 മാര്‍ച്ച് ആറിന്​ ലക്കിടിയിലെ റിസോര്‍ട്ടില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദി സി.പി. ജലീല്‍ കൊല്ലപ്പെട്ടു. പിറകില്‍നിന്നാണ്​ ഇദ്ദേഹത്തിന്​ വെടിയേറ്റത്​.


റിസോര്‍ട്ടിനുപുറത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വെടിയുണ്ട കണ്ണിനുസമീപത്തുകൂടെ തുളച്ചുപോയ നിലയിലായിരുന്നു.

ഈമാസം മൂന്നിന്​ രാവി​െലയാണ്​ പടിഞ്ഞാറത്തറയിലെ ബാണാസുര വനമേഖലയിൽ മധുര തേനി സ്വദേശി വേൽമുരുകൻ (32) കൊല്ലപ്പെട്ടത്​. മീൻമുട്ടി വെള്ളച്ചാട്ടത്തോട് ചേർന്നുള്ള വാളാരംകുന്നിലായിരുന്നു ഏറ്റുമുട്ടൽ. മാനന്തവാടി എസ്.ഐ ബിജു ആന്‍റണിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ട് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ആദ്യം മാവോയിസ്റ്റു സംഘം വെടിവച്ചു എന്നാണ് എഫ്​.ഐ.ആർ.

മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ടത്​ നാലുപേര്‍

ഏറ്റവുംവലിയ ഏറ്റുമുട്ടൽ കൊലയാണ്​ പാലക്കാട്​ മഞ്ചക്കണ്ടിയിൽ നടന്നത്​. 2019 ഒക്ടോബര്‍ 28ന് അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളാണ്​ കൊല്ലപ്പെട്ടത്. മണിവാസകം, രമ, അരവിന്ദ്, കാര്‍ത്തി എന്നിവരാണ് മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ടത്.

തലങ്ങും വിലങ്ങും യു.എ.പി.എ

സി.പി.എം ഏറെ എതിർത്ത കരിനിയമമായ യു.എ.പി.എ പിണറായിയുടെ കാലത്ത്​ യഥേഷ്​ടം ഉപയോഗിച്ചു. പുസ്​തകങ്ങൾ കൈവശം വെച്ചതിന്​ സ്വന്തം പാർട്ടി അംഗങ്ങളായ ചെറുപ്പക്കാർ വരെ ഇതിൻെറ ബലിയാടായി. ​പോസ്​റ്റർ പതിച്ചവരും പ്രസംഗിച്ചവരും മതപ്രഭാഷകരും പുസ്​തകമെഴുതിയവരുമടക്കം 100ഓളം പേർക്കെതിരെയാണ്​ ഇക്കാലയളവിൽ യു.എ.പി.എ ചുമത്തിയത്​.

ഇതിൽ ഏറെ വിവാദമായത്​ കോഴിക്കോട്​ പന്തീരങ്കാവിൽ രണ്ട്​ വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​ത സംഭവമാണ്​.


സി.പി.എം അംഗങ്ങളായ അലൻ ഷുഹൈബ്​, താഹാ ഫസൽ എന്നീ ചെറുപ്പക്കാരാണ്​ മാസങ്ങളോളം ജാമ്യം ലഭിക്കാതെ തടവറയിൽ കഴിഞ്ഞത്​. കേസ്​ എൻ.​െഎ.എ ഏറ്റെടുത്തിട്ടും പാർട്ടിയെപ്പോലും വിരട്ടി ​ പിണറായി പൊലീസിനൊപ്പം നിലകൊണ്ടു. ദേശീയഗാനത്തെ അപമാനിച്ചു എന്ന യുവമോര്‍ച്ച പ്രവര്‍ത്തകൻെറ പരാതിയില്‍ എഴുത്തുകാരനായ കമല്‍ സി. ചവറ‌ക്കെതിരെയും യു.എ.പി.എ ചുമത്തിയിരുന്നു.

ലോക്കപ്പ്​ കൊലപാതകങ്ങളുടെ പരമ്പര

2017 ജൂലൈയിൽ വിനായകൻ എന്ന ദലിതവി​െൻറ ജീവനാണ്​ ഈ സർക്കാറിൻെറ കാലത്ത്​ ലോക്കപ്പിൽ ആദ്യമായി ഹോമിക്കപ്പെടുന്നത്​. ഒടുവിൽ, തൃശൂർ വിയ്യൂർ ജയിലിന് കീഴിലുള്ള അമ്പിളിക്കല കോവിഡ്​ സെൻററിൽ കഴിഞ്ഞ ഷമീർ എന്ന യുവാവും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. 20 ലേറെ പേരാണ്​ കസ്​റ്റഡിയിൽ കൊല്ലപ്പെട്ടത്​. ഇതിൽ ഉത്തരവാദികളെ സസ്​പെൻഡ്​ ചെയ്യുന്നതും സ്​ഥലംമാറ്റുന്നതും മാത്രമാണ്​ ശിക്ഷാ നടപടിയായി സ്വീകരിക്കുന്നത്​.

നടുറോഡിൽ വലിച്ചിഴക്കപ്പെട്ട്​ ജിഷ്​ണു പ്രണോയിയുടെ അമ്മ

പാമ്പാടി നെഹ്‌റു കോളജ്​ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിൽ പാർട്ടി കുടുംബമായിട്ടുപോലും നീതി ലഭിച്ചില്ല. അന്വേഷണവും നടപടിയും ആവശ്യപ്പെട്ട്​ ഡി.ജി.പി ഓഫിസിലെത്തിയ ജിഷ്ണുവിൻെറ അമ്മ മഹിജയെ പൊലീസ് നടുറോഡിലൂടെ വലിച്ചിഴച്ചു.


അന്നുണ്ടാക്കിയ പത്തിന ഒത്തുതീര്‍പ്പുകരാര്‍ നടപ്പാക്കാതെ ആ കുടുംബത്തെ വീണ്ടും വഞ്ചിക്കുകയായിരുന്നു സർക്കാർ.

ജനകീയ സമരങ്ങൾക്ക്​ നേരെയും പൊലീസ്​ മുറ

ജനകീയ സമരങ്ങളിലൂടെ വളർന്നുവന്ന സി.പി.എം, അത്തരം സമരങ്ങളോട്​ സ്വീകരിക്കുന്ന ക്രൂരമായ നിലപാടും ഏറെ വിവാദമായി. പുതുവൈപ്പിനിലെ സമരസമിതിക്കാർ, ഗെയിൽ ​പൈപ്പ്​ ലൈൻ വിരുദ്ധ സമരക്കാർ, ദേശീയപാത വികസനത്തെ എതിർത്ത്​ സമരം ചെയ്​തവർ തുടങ്ങി സംസ്​ഥാനത്ത്​ ജനകീയ പിന്തുണയോ​െട സമരത്തിനിറങ്ങിയവരെല്ലാം പൊലീസ്​ ക്രൂരതയുടെ ചൂടറിഞ്ഞു.

സംഘ്​ പരിവാർ ബന്ധം വ്യക്​തമാക്കി പാലത്തായി; പ്രതികളെ സംരക്ഷിച്ച്​ വാളയാർ

കേരളത്തെ ഞെട്ടിച്ച കേസായിരുന്നു ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന കുരുന്നുപീഡനം. ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജൻ തൻെറ വിദ്യാർഥിയെ സ്​കൂളിൽവെച്ച്​ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ്​ കേസ്​. എന്നാൽ, ഇതിൽ തുടക്കം മുതൽ പ്രതിയുടെ കൂടെയായിരുന്നു പൊലീസ്​ സംവിധാനം. പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ മെല്ലെപ്പോക്ക് നയമാണ് പൊലീസും സർക്കാറും സ്വീകരിച്ചത്. ജനകീയ സമരങ്ങൾക്ക്​ ശേഷമാണ്​ ബി.ജെ.പി നേതാവിനെ പിടികൂടാൻ പോലും പൊലീസ്​ തുനിഞ്ഞത്​. കുറ്റപത്രം സമർപ്പിക്കാൻ അവസാന ദിവസം വരെ കാത്തിരുന്നു. എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന തരത്തിൽ പോക്സോ പോലും ഒഴിവാക്കിയായിരുന്നു കുറ്റപത്രം. മൊഴിയിൽ വൈരുധ്യമുണ്ടെന്ന്​ പറഞ്ഞ്​ കുട്ടിയെ സംശയനിലയിൽ നിർത്തുകയാണ്​ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരും സി.പി.എം നേതാക്കളും ചെയ്​തത്​.

വാളയാറിൽ സഹോദരിമാർ പീഡനത്തിന്​ ഇരയായി കൊല്ലപ്പെട്ട കേസിലും പ്രതികൾക്ക് വേണ്ടിയാണ്​ പൊലീസും ഭരണകൂടവും ഇടപെട്ടത്. വാളയാർ കേസിൽ കുറ്റാരോപിതരുടെ അഭിഭാഷകനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനാക്കിയും പാർട്ടിയുടെ അടുപ്പക്കാരനെ പ്രോസിക്യൂട്ടറായി നിയമിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിച്ചു.

ജയിലിലുള്ള അടുപ്പക്കാർക്കെല്ലാം പരോൾ

വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പാർട്ടി ബന്ധുക്കൾക്കും പണക്കാർക്കും വഴിവിട്ട്​ പരോൾ അനുവദിച്ചതും ഏറെ വിവാദമായി. ആർ.എം.പി നേതാവ്​ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഈ ആനുകൂല്യം യഥേഷ്​ടം അനുഭവിച്ചു.

വിവേചനപരമായ ഇടപെടൽ

സംഘ്​ പരിവാർ അജണ്ടയാണ്​ പൊലീസ്​ നടപ്പാക്കുന്നതെന്ന രൂക്ഷവിമർശനവു​ം പിണറായിയുടെ ​നേതൃത്വത്തിലുള്ള ആഭ്യന്തരം നേരിട്ടു. ശബരിമലയി​ലെ പൊലീസ് ഇടപെടലും​ മറ്റും ഇതിന്​ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ആര്‍.എസ്.എസ്, സംഘ്​പരിവാർ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ മൃദുസമീപനമാണ് സര്‍ക്കാർ സ്വീകരിക്കുന്നതെന്നാണ്​ പൊതുവിലുള്ള ആരോപണം. അതേസമയം, സമാന കേസുകളിൽ പ്രതികളാകുന്ന ആർ.എസ്​.എസ്​ ഇതര ആളുകൾക്കെതിരെ കർശന സമീപനമാണ്​ പൊലീസ്​ സ്വീകരിച്ചത്​. പ്രതീഷ്​ വിശ്വനാഥ്​, ശശികല ടീച്ചർ, റിയാസ് മൗലവി​ വധം, പാലത്തായി കേസ്​, കൊടിഞ്ഞി ഫൈസൽ വധം തുടങ്ങിയവ ഉദാഹരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicePolice Amendment ActPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story