Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപത്രികകളിൽ നിറയുന്ന...

പത്രികകളിൽ നിറയുന്ന പ്രകടനപരത

text_fields
bookmark_border
പത്രികകളിൽ നിറയുന്ന പ്രകടനപരത
cancel

ഫെബ്രുവരി 14ന്​ ബൂത്തിലേക്കു​ പോകാനൊരുങ്ങുന്ന ഉത്തരാഖണ്ഡിൽ പാർട്ടിക​ളുടെ പ്രകടനപത്രികകൾ ഒന്നൊന്നായി പുറത്തുവന്നു. ബി.ജെ.പിയുടെ 'ദർശനരേഖ 2022' കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിയാണ്​ ഡറാഡൂണിൽ പ്രകാശനം ചെയ്​തത്; 'സ്വാഭിമാൻ പ്രതിജ്ഞാപത്രിക' എന്നു പേരിട്ട കോൺ​ഗ്രസ്​ മാനി​ഫെസ്​റ്റോ ഒരാഴ്​ച മുമ്പ് പ്രിയങ്ക ഗാന്ധിയും. ഓൺലൈൻ വഴി നടത്തിയ കോൺ​ഗ്രസ്​ പരിപാടിയുടെ തത്സമയ സംപ്രേഷണം സംസ്​ഥാനത്തെ 70 മണ്ഡലങ്ങളിലുമുണ്ടായിരുന്നു. സംസ്​ഥാനത്തെ ഏറ്റവും വലിയ പ്രശ്​നമെന്ന്​ കഴിഞ്ഞ 'ഉത്തരകാണ്ഡം' കോളത്തിൽ എഴുതിയിരുന്ന അതേ വിഷയങ്ങൾ തൊഴിലില്ലായ്​മയും തൊഴിൽതേടിയുള്ള പ്രവാസവും എത്രമാത്രം ഗുരുതരമാണെന്ന്​ ഈ പ്രകടനപത്രികകളിലെ പരാമർശങ്ങൾ അടിവരയിടുന്നു.

ദരിദ്രകർഷകർക്ക്​ ഓരോ വർഷവും 6000 രൂപ വീതം നൽകുമെന്ന്​ ബി.ജെ.പി വാഗ്​ദാനം ചെയ്യുന്നു. ദാരിദ്ര്യരേഖക്കു​ താഴെയുള്ള കുടുംബങ്ങളിലെ സ്​ത്രീകൾക്ക്​ 2000 രൂപ വീതവും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന്​ 1000 രൂപ വീതവും നൽകാനും അവർ പദ്ധതി മുന്നോട്ടുവെക്കുന്നു.

അധികാരം നൽകിയാൽ നാലു ലക്ഷം പേർക്ക്​ തൊഴിൽ നൽകുമെന്നാണ്​ പ്രിയങ്ക ഗാന്ധിയുടെ വാഗ്​ദാനം, പൊലീസ്​ സേനയിൽ സ്​ത്രീകൾക്ക്​ 40 ശതമാനം തൊഴിൽ സംവരണം ഏർപ്പെടുത്തുമെന്നും അവർ പ്രഖ്യാപിക്കുന്നു. അംഗൻവാടി ജീവനക്കാരുടെ വേതനം 150 ശതമാനം കണ്ട്​ വർധിപ്പിക്കും, സർക്കാർ ബസുകളിൽ സ്​ത്രീകൾക്ക്​ സൗജന്യ യാത്രാസൗകര്യമൊരുക്കും എന്നീ വാഗ്​ദാനങ്ങളും കോൺഗ്രസിനുണ്ട്​.

പ്രക്ഷോഭകാലത്ത്​ കർഷകർക്കെതിരെ ചുമത്തിയ കേസുകളെല്ലാം പിൻവലിക്കും എന്ന ഉറപ്പുവഴി കർഷകരെ തലോടാനും ബി.ജെ.പി സർക്കാറിന്റെ വിവാദ നയങ്ങളെ ഓർ​മപ്പെടുത്താനും അവർ ശ്രമിക്കുന്നു. എന്നാൽ, പ്രകടന ​പത്രികയി​ലെ സവിശേഷ പ്രഖ്യാപനം ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില 500 രൂപയാക്കി നിലനിർത്തുമെന്നതാണ്​. നിലവിൽ 915 രൂപ കൊടുത്ത്​ സിലിണ്ടർ വാങ്ങുന്ന വീട്ടമ്മമാർ ഈ വാഗ്​ദാനം​ വിശ്വസിക്കാൻ കൂട്ടാക്കുമെങ്കിൽ കോൺഗ്രസിന്​ ഒരുപക്ഷേ അധികാരത്തിൽ തിരിച്ചുവരാൻ കഴിഞ്ഞേക്കും. എന്നാൽ, ഉത്തരാഖണ്ഡിൽ 500 രൂപക്ക്​ നൽകുമെന്നു​ പറയുന്ന സിലിണ്ടറുകൾ

കോൺഗ്രസ്​ ഭരിക്കുന്ന മറ്റു സംസ്​ഥാനങ്ങളിൽ കൂടിയ വിലക്ക്​ വിൽക്കുന്നതെന്തുകൊണ്ട്​ എന്ന ചോദ്യവുമായാണ്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ മദൻ കൗഷിക്​ അതിനെ നേരിടുന്നത്​.

സാധാരണക്കാരുടെ പ്രയാസങ്ങൾക്ക്​ പരിഹാരം കാണാനാണ്​ ശ്രമിക്കുന്നതെന്നും ഗ്രാമങ്ങളിൽ അത്യാധുനിക സാ​ങ്കേതികസഹായത്തോടെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളൊരുക്കുമെന്നും ​മുതിർന്ന കോൺഗ്രസ്​ നേതാവും പ്രചാരണ സമിതി അധ്യക്ഷനുമായ ഹരീഷ്​ റാവത്ത്​ പറയുന്നു.

പറയാൻ നേട്ടമില്ല, വർഗീയത മാത്രം

എണ്ണിപ്പറയാൻ കാര്യമായ ഭരണകാല നേട്ടങ്ങളൊന്നുമില്ലാത്ത ബി.ജെ.പിക്ക്​ വർഗീയ ധ്രുവീകരണത്തിലാണ്​ ഇവിടെയും പ്രതീക്ഷ. ലവ് ജിഹാദ്​ കേസുകളിൽ കടുത്ത ശിക്ഷ ഉറപ്പാക്കും, സംസ്​ഥാനത്തെ ജനസംഖ്യാരീതിയിൽ മാറ്റം വരാതിരിക്കാൻ കർശന നടപടി കൈക്കൊള്ളും തുടങ്ങിയ വാഗ്​ദാനങ്ങളിലൂന്നിയാണ്​ പ്രചാരണം കൊഴുപ്പിക്കുന്നത്​. പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷൻകൂടിയായ കേന്ദ്രമന്ത്രി ഡോ. രമേഷ്​ പൊഖ്റിയാൽ നിഷാങ്ക്​ ഈ വിഷയങ്ങളെക്കുറിച്ച്​ മാധ്യമങ്ങൾക്കു​ മുന്നിൽ വാചാലനായി. 10 വർഷം നീളുന്ന കഠിന തടവ്​ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്നും ഭൂമി കൈയേറ്റം മൂലം ജനസംഖ്യയിൽ മാറ്റം വരുന്നത്​ പരിശോധിക്കാനും തടയാനും ജില്ലതല കമ്മിറ്റികൾക്ക്​ രൂപംനൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മതപരിവർത്തന നിയമം നിലവിലുള്ള സംസ്​ഥാനമാണ്​ ഉത്തരാഖണ്ഡ്​. നിർബന്ധിതമായോ കബളിപ്പിച്ചോ മതം മാറ്റുന്നത്​ അഞ്ചു വർഷം ജാമ്യമില്ലാതെ തടവ്​ ലഭിക്കുന്ന കുറ്റമാണിവിടെ. സമാനമായ വാഗ്​ദാനം യു.പിയിലെ ബി.ജെ.പി പ്രകടനപത്രികയിലുമുണ്ട്​.

സുപ്രധാനമായ ചില പശ്ചാത്തല വികസനപദ്ധതികൾ വാഗ്​ദാനം ചെയ്യുന്നു ഇരു പാർട്ടികളും. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്​, ബദ്രിനാഥ്​ എന്നീ നാല്​ ഹിന്ദു തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ചാർധാം ഹൈവേ പദ്ധതി ഡിസംബറോടെ പൂർത്തീകരിക്കാനാകുമെന്നാണ്​ ഗഡ്​കരി പ്രഖ്യാപിച്ചത്​. കേദാർനാഥിലും ഹേംകുണ്ഡ്​ സാഹിബിലുമുൾപ്പെടെ ഏഴ്​ റോപ്​വേ പദ്ധതികളും ബി.ജെ.പി വാഗ്​ദാനം ചെയ്യുന്നു. വയോധിക ജനങ്ങളെ തീർഥാടനത്തിന്​ കൊണ്ടുപോകുന്ന മേരേ ബുസുർഗ്​-മേരേ തീർഥ്​ പദ്ധതിയും മുതിർന്ന പൗരന്മാർക്ക്​ പെൻഷനും തുടരുമെന്നും പത്രികയിലുണ്ട്​.

ഇരുപാർട്ടികളും കണ്ടമാനം വാഗ്​ദാനങ്ങൾ വാരിച്ചൊരിയു​മ്പോഴും സുപ്രധാന വിഷയങ്ങളിൽ ചിലതിനെക്കുറിച്ച്​ നിശ്ശബ്​ദമാണ്​. ഈ സാമ്പത്തികവർഷം കഴിയുന്നതോടെ സംസ്​ഥാനത്തെ കാത്തിരിക്കുന്ന സാമ്പത്തികനഷ്​ടമാണ്​ അതിലൊന്ന്. ജി.എസ്​.ടി തിരിച്ചടവ്​ മുടങ്ങുന്നതുമൂലം പ്രതിവർഷം 6000 കോടി രൂപയാണ്​ നഷ്​ടപ്പെടാനിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Election 2022
News Summary - Election manifesto issue
Next Story